Sunday, June 16, 2019 Last Updated 1 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jul 2018 01.36 AM

അനശ്വര പ്രണയം

uploads/news/2018/07/231623/sun4.jpg

'അര്‍ലീന്‍, കരിനീലകണ്ണുകളുള്ള എന്റെ സുന്ദരീ.. നീ വരുമെന്ന്‌ എനിക്കറിയാമായിരുന്നു... മഞ്ഞുമലകളും കാടും കടലും കടന്ന്‌, ഈ വരണ്ട മരുഭൂമിയുടെ നടുക്കുള്ള എന്റെ ബംഗ്‌ളാവില്‍ നീ എത്തി ചേര്‍ന്നിരിക്കുന്നു..സ്വാഗതം അര്‍ലീന്‍. പതിനഞ്ചു വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ്‌... ഇന്ന്‌ മരുഭൂവില്‍ വര്‍ഷമായ്‌ പെയ്‌തിറങ്ങി..'
അര്‍ലീന്‍ പ്രതിമ കണക്കെ നിശ്‌ചലമായി നില്‍ക്കുകയാണ്‌.ഒരിക്കല്‍ പോലും തന്നെ കാണാത്ത ഒരാള്‍. കണ്ടയുടനെ തന്റെ പേര്‌ ചൊല്ലി സ്വാഗതം ചെയ്യുന്നു..'നിങ്ങള്‍ മുസാഫിര്‍ ആണോ.' അവള്‍ പതുക്കെ ചോദിച്ചു. അവളുടെ ചോദ്യം കേട്ടപ്പോള്‍ അവന്റെ മുഖം ഒന്ന്‌ മങ്ങി. പെട്ടെന്ന്‌ അവന്‍ പൊട്ടിച്ചിരിച്ചു.. 'ഹാ ഹാ... അര്‍ലീന്‍..നീ ആരെയാണ്‌ അന്വേഷിച്ചു വന്നത്‌.. ഇത്രയും ദൂരം താണ്ടി, ഒരിക്കല്‍ പോലും നേരില്‍ കാണാത്ത ഒരാളെ തേടിയാണ്‌ നീ വന്നത്‌.. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നിന്റെ പപ്പ നിനക്കയച്ച കുറിപ്പില്‍നിന്നും നിനക്ക്‌ കിട്ടിയ വിലാസം. ഒടുക്കം അയാളുടെ മുന്‍പില്‍ എത്തിയപ്പോള്‍ നിന്റെ ഉള്ളം പറഞ്ഞില്ലേ ഇത്‌ അവനാണ്‌ എന്ന്‌,അതേ, ഇത്‌ നിന്റെ മുസാഫിര്‍ ആണെന്ന്‌..
കാതങ്ങള്‍ക്കും കാലത്തിനും തടുത്തു നിര്‍ത്താന്‍ കഴിയാതെ പോയ പ്രണയം... ഒരുപക്ഷെ സൃഷ്‌ടാവിന്റെ സൃഷ്‌ടികള്‍ക്കിടയില്‍ ഇതുവരെ രചിക്കപ്പെടാത്ത പ്രണയകാവ്യത്തിന്റെ കവികളായി നാം ഇന്ന്‌ മാറുകയാണ്‌..'
'മുസാഫിര്‍..' അര്‍ലീനിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.. അവന്‍ അവളെ തന്നിലേക്കു വലിച്ചടുപ്പിച്ച്‌ നെറുകയില്‍ ചുംബിച്ചു. അവളുടെ കരിനീലകൃഷ്‌ണമണികള്‍ നാണം കൊണ്ടു കണ്‍പോളകള്‍ക്കുള്ളില്‍ ഒളിച്ചിരുന്നു.

** ** ** **
'മുസാഫിര്‍, നിങ്ങള്‍ ഒരു അമാനുഷികകഴിവുള്ള ചിത്രകാരന്‍ ആണെന്ന്‌ പപ്പയുടെ കുറിപ്പില്‍ എഴുതിയിരുന്നു. പരസ്‌പരം സ്‌നേഹിക്കുന്നവരുടെ ആത്മാക്കളെ ഒന്നിച്ചു ചേര്‍ക്കുന്നവനെന്നും കണ്ടു.' തന്റെ മടിയില്‍ തലവച്ച്‌ കിടക്കുന്ന മുസാഫിറിന്റെ മുടിയിഴകളില്‍ തലോടി അര്‍ലീന്‍ പറഞ്ഞു. മുസാഫിര്‍ പുഞ്ചിരിച്ചു.
'നീ സന്തോഷവതി ആണോ അര്‍ലീന്‍. അവന്‍ ചോദിച്ചു. അവള്‍ പരിഭവത്തോടെ അവന്റെ കവിളില്‍ തട്ടി. 'ഇതെന്തൊരു ചോദ്യമാണ്‌..ഒരുരാത്രി മാത്രമേ നിങ്ങളുടെ കൂടെ കഴിഞ്ഞുള്ളുവെങ്കിലും വര്‍ഷങ്ങള്‍ ജീവിച്ചു തീര്‍ത്ത തൃപ്‌തിയും സന്തോഷവും ഉണ്ട്‌ ഇപ്പോള്‍ എനിക്ക്‌. നമ്മുടെ ലോകം. നമ്മുടെ മാത്രം ലോകം. കേട്ടോ മുസാഫിര്‍, എനിക്കൊരു പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളു. മരുഭൂമിയില്‍ ഒരിറ്റു വെള്ളമില്ലാതെ തളര്‍ന്നു വീഴുമെന്നായപ്പോഴും, നിന്റെ അരികില്‍ എത്തണമെന്ന്‌ ഞാന്‍ ആഗ്രഹിച്ചു.മരണത്തെ ഞാനതു കൊണ്ടു മാത്രം ഭയന്നു.പിന്നെ എല്ലാം ഒരു സ്വപ്‌നം പോലെ തോന്നുന്നു.'
'യാത്രക്കാരന്‍ എന്ന്‌ അര്‍ത്ഥമുള്ള പേരിന്നുടമ ! ഞാനായിരുന്നു നിന്നെ തേടി വരേണ്ടിയിരുന്നത്‌ എന്ന്‌ നിനക്ക്‌ തോന്നിയിട്ടില്ലേ അര്‍ലീന്‍.അവന്‍ വീണ്ടും ചോദിച്ചു. ഒരിക്കലും ഇല്ല മുസാഫിര്‍.നീ എനിക്ക്‌ വേണ്ടി കാത്തിരിക്കുന്നുവെന്ന്‌ എന്റെ മനസ്സില്‍ ആരോ എപ്പോഴും പറയുന്നത്‌ പോലെ. ഒരുപക്ഷെ അത്‌ എന്റെ പപ്പ ആയിരിക്കാം. നമ്മള്‍ ഒന്നാകണമെന്ന്‌ അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്ന്‌ എനിക്ക്‌ തോന്നിയിട്ടുണ്ട്‌.'
'മുസാഫിര്‍, നിന്റെ അപൂര്‍വസിദ്ധിയെക്കുറിച്ചു പറഞ്ഞില്ലല്ലോ.' അര്‍ലീന്‍ വീണ്ടും അതേ വിഷയത്തില്‍ എത്തിയത്‌ മനസ്സിലാക്കി മുസാഫിര്‍ ദീര്‍ഘമായി ഒന്ന്‌ നിശ്വസിച്ചു.
'അമ്പത്തൊന്നു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന തയ്യാറെടുപ്പുകള്‍ക്കു ശേഷം ഞാന്‍ വരയ്‌ക്കുന്ന പ്രണയജോടികളാരോ,അവരുടെ ആത്മാക്കള്‍ ഒന്ന്‌ ചേരുകയും അവര്‍ അനശ്വരപ്രണയിതാക്കളായി മാറുകയും ചെയ്യുന്നു.' മുസാഫിര്‍ പറഞ്ഞതു കേട്ട്‌ അര്‍ലീന്‍ പൊട്ടിച്ചിരിച്ചു.
'ഓഹോ. അവര്‍ ഒന്ന്‌ ചേര്‍ന്നെന്ന്‌ നിങ്ങള്‍ക്കെങ്ങനെ മനസിലാകും മുസാഫിര്‍.'അവള്‍ ചിരിച്ചുകൊണ്ടു ചോദിച്ചു.
'അവര്‍ എന്നേക്കുമായി ഒന്ന്‌ ചേരുമ്പോള്‍ എന്റെ കാന്‍വാസ്‌ സ്വയം കത്തി ചാമ്പലാകും.അവരുടെ ചിത്രം അഗ്നി മായ്‌ച്ചു കളയുന്നതുകണ്ട്‌ ഞാന്‍ സന്തോഷിക്കും. അവര്‍ പരസ്‌പരം കൈകള്‍കോര്‍ത്തു സ്വര്‍ഗത്തിലേക്ക്‌ യാത്രയായി എന്നോര്‍ത്തു കൊണ്ട്‌.'
'ഇതെല്ലാം എന്റെ പപ്പ വിശ്വസിച്ചുവോ.. കഷ്‌ടം തന്നെ.. 'അര്‍ലീന്‍ വീണ്ടും പൊട്ടിച്ചിരിച്ചു.
മുസാഫിര്‍ അവളുടെ കണ്ണുകളിലേക്കു നോക്കി. അവന്റെ മുഖത്തെ പ്രത്യേക ഭാവം കണ്ട്‌ അര്‍ലീന്‍ അസ്വസ്‌ഥയായി.
'ഭയപ്പെടേണ്ട അര്‍ലീന്‍, നമ്മള്‍ക്ക്‌ ഇവിടെ അനുവദിച്ചു കിട്ടിയ സമയം അവസാനിക്കുകയാണ്‌. ഇപ്പോള്‍ ഒരു യാത്ര പോകേണ്ടിയിരിക്കുന്നു.നാമൊന്നിച്ച്‌.' അവള്‍ മറുപടി പറയുന്നതിന്‌ കാത്തു നില്‍ക്കാതെ അവളുടെ കയ്യില്‍ പിടിച്ചുകൊണ്ട്‌ മുസാഫിര്‍ വേഗം പുറത്തേയ്‌ക്കിറങ്ങി. താന്‍ വായുവില്‍ സഞ്ചരിക്കുന്ന പോലെ തോന്നി അര്‍ലീന്‌. ഒഴുകി നീങ്ങുന്ന പോലെ. അവര്‍ ഇരുവരും കൈകള്‍ കോര്‍ത്തു നീങ്ങുന്നത്‌ കണ്ട്‌ മേഘങ്ങള്‍ പരസ്‌പരം നോക്കി സന്തോഷിച്ചു.

** ** ** **
മരുഭൂമിയുടെ നടുവിലുള്ള മുസാഫിറിന്റെ ബംഗ്ലാവിലെ മുകളിലെ നിലയിലുള്ള, അകത്തു നിന്നും പൂട്ടിയിരിക്കുന്ന മുറി പെട്ടെന്ന്‌ പ്രകാശമാനമായി. മുസാഫിറിന്റെ ക്യാന്‍വാസ്‌ കത്തി ജ്വലിക്കാന്‍ തുടങ്ങി.ആ കാന്‍വാസില്‍ പ്രണയജോഡി.. മുസാഫിര്‍.. പിന്നെ അവന്റെ അരികില്‍ താന്‍ ഒരിക്കലും കാണാത്ത തന്റെ പ്രണയിനിയെ മനസ്സില്‍ സങ്കല്‌പിച്ച്‌ അവന്‍ വരച്ച അര്‍ലീനിന്റെ ചിത്രവും..അഗ്നി ആളിപ്പടര്‍ന്നു കൊണ്ടിരിന്നു.. അഗ്നി ആര്‍ത്തിയോടെ തന്റെ അടുത്ത ലക്ഷ്യത്തെ നോക്കി... നിലത്തു വീണു കിടക്കുന്ന മുസാഫിറിന്റെ ചേതനയറ്റ ശരീരം..അവന്റെ കയ്‌ക്കുള്ളിലെ പെയിന്റിംഗ്‌ ബ്രഷില്‍ കരിനീല ചായം പുരണ്ടിരുന്നു. അവന്റെ ചുണ്ടുകളില്‍ പാതി വിരിഞ്ഞ പുഞ്ചിരി കാണാം.
കുറച്ച്‌ ദൂരെ മരുഭൂമിയില്‍ അതേ സമയം കഴുകന്മാരും ശവംതീനി ഉറുമ്പുകളും നാളുകള്‍ പഴകിയ ഇരയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. ഇരയ്‌ക്കടുത്തു ആദ്യമെത്തിയ കഴുകന്‍ പ്രകാശമില്ലാത്ത നിര്‍ജീവമായ കരിനീലകണ്ണുകളെ ലക്ഷ്യമാക്കി തന്റെ കൊക്കുകള്‍ താഴ്‌ത്തി...

ഐഷ ജെയ്‌സ്

Ads by Google
Sunday 08 Jul 2018 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW