Monday, July 22, 2019 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jul 2018 01.36 AM

വിഷമയമില്ലാതെ 'ധര്‍മ്മൂസ്‌ ഫിഷ്‌ ഹബ്ബ്‌'

uploads/news/2018/07/231622/sun3.jpg

ബിസിനസ്സ്‌ തുടങ്ങാം എന്ന ചിന്ത തുടങ്ങിയപ്പോള്‍ തന്നെ 'ഫിഷ്‌ ഹബ്ബ്‌' എന്ന ആശയം മനസ്സില്‍ വന്നിരുന്നോ?
ഞങ്ങള്‍ പന്ത്രണ്ടുപേര്‍ ചേര്‍ന്നാണ്‌ ഈ സംരംഭം തുടങ്ങിയിരിക്കുന്നത്‌. ജയപ്രിയദര്‍ശന്‍, കിഷോര്‍ കുമാര്‍, ടാജ്‌ ജോര്‍ജ്‌, ജോസഫ്‌ ഗ്രാന്‍ഡി, ഷിജില്‍.എം. കെ , ജോസ്‌ ജോയ്‌, നിബിന്‍, ലിജീഷ്‌ റഷീദ്‌, ഫിജോള്‍ വി.ജെ, ഫെബിന്‍ അരൂജ എന്നീ സുഹൃത്തുക്കളും ഇതിന്റെ ഭാഗമാണ്‌. കായലോരപ്രദേശങ്ങളായ മുളകുപാടം,ബോള്‍ഗാട്ടി, അരൂക്കുറ്റി എന്നിവിടങ്ങളില്‍ ജനിച്ചുവളര്‍ന്ന ഞങ്ങള്‍ക്ക്‌ മത്സ്യം ഒരുസംസാരവിഷയം തന്നെയാണ്‌. ഷാപ്പില്‍ നിന്നായാലും വീട്ടില്‍വെച്ചായാലും നല്ലൊരു മീന്‍കറികൂട്ടിയാല്‍ അതിനെക്കുറിച്ച്‌ വാതോരാതെ സംസാരിക്കും. സമയം കിട്ടുമ്പോള്‍ ഇപ്പോഴും ഒന്നിച്ച്‌ ചൂണ്ടയിടാന്‍ പോകാറുണ്ട്‌. പണ്ട്‌ കഴിച്ചിരുന്ന ഫ്രഷ്‌ മീനിനെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ചചെയ്യും. ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയ മാരക വിഷം ചേര്‍ത്ത മത്സ്യങ്ങള്‍ ഇതരസംസ്‌ഥാനത്തുനിന്ന്‌ നമുക്ക്‌ വാങ്ങേണ്ടിവരുന്നതിലെ രോഷവും വളരെമുന്‍പേ പങ്കുവച്ചിരുന്നു. കച്ചവടം തുടങ്ങുമ്പോള്‍ പണം ഉണ്ടാക്കുക മാത്രം ആയിരിക്കരുത്‌ ലക്ഷ്യം എന്ന കൂട്ടായ തീരുമാനമാണ്‌ വിഷവിമുക്‌തമായ മത്സ്യം ആളുകളിലേക്ക്‌ എത്തിക്കാം എന്ന ആശയത്തിലെത്തിച്ചത്‌.

എത്രനാളുകൊണ്ടാണ്‌ ആശയത്തിന്‌ പൂര്‍ണരൂപം കൈവന്നത്‌?
ബിസിനസ്‌ എന്നുപറയുമ്പോള്‍ നമുക്കറിയാവുന്ന മേഖല ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്‌. നല്ല മീന്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നവരാണ്‌ ഞങ്ങള്‍ ഓരോരുത്തരും. വേലിയേറ്റവും ഇറക്കവും നോക്കി വലവീശാന്‍ അറിയാവുന്നവര്‍.കായലോളങ്ങളുടെയും കടലലകളുടെയും താരാട്ടുകേട്ടുറങ്ങുമ്പോള്‍ അറിയാതെതന്നെ സ്വപ്‌നങ്ങള്‍ക്ക്‌ മത്സ്യത്തിന്റെ രുചിയും മണവും കലര്‍ന്നതുകൊണ്ട്‌ ആര്‍ക്കും കൂടുതല്‍ ഒന്നും ചിന്തിക്കാന്‍ ഉണ്ടായിരുന്നില്ല.
നാലര വര്‍ഷംകൊണ്ട്‌ വളരെ സാവധാനം ഘട്ടംഘട്ടമായി നല്ല സാധനം എത്തിക്കാമെന്ന ഉറപ്പ്‌ കിട്ടിയിട്ടാണ്‌ ഉദ്‌ഘാടനം ഫിക്‌സ് ചെയ്‌തതുതന്നെ. ഒരുനടന്റെ പേരില്‍ ബ്രാന്‍ഡ്‌ ചെയ്യപ്പെടുക എന്നതിന്‌ റീച്ച്‌ ഉള്ള അത്രയും തന്നെ ടെന്‍ഷനുമുണ്ട്‌. വിശ്വാസ്യത നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ആളുകളുടെ സ്‌നേഹം തന്നെ നഷ്‌ടപ്പെടാം. ഉറപ്പു നല്‌കുന്നതുപോലെ ഫ്രഷ്‌ മീന്‍ എത്തിക്കുന്നതിനുവേണ്ടി ആദ്യം തന്നെ ചെമ്മീന്‍കെട്ടുകള്‍ ഏറ്റെടുത്തു, കൂടുകൃഷിയും തുടങ്ങി. പരിചയത്തിലുള്ള പരമ്പരാഗത മീന്‍പിടുത്തക്കാര്‍ , ഉടക്കുവലക്കാര്‍, ചൂണ്ടക്കാര്‍, വീശുവലയും ചീനവലയും ഉപയോഗിക്കുന്നവര്‍ തുടങ്ങി മത്സ്യബന്ധനവുമായി ബന്ധപ്പെട്ടവരില്‍നിന്നൊക്കെ വിവരങ്ങള്‍ ശേഖരിക്കുകയും ഇടനിലക്കാരില്ലാതെ സപ്ലൈ ഉറപ്പാക്കുകയും ചെയ്‌തു.

എന്തുകൊണ്ടാണ്‌ ഉദ്‌ഘാടനം കുഞ്ചാക്കോ ബോബനെക്കൊണ്ട്‌ ചെയ്യിക്കാമെന്ന്‌ തീരുമാനിച്ചത്‌?
ചാക്കോച്ചന്‍ എന്റെ വളരെ അടുത്ത സുഹൃത്തും സര്‍വോപരി ഒരു മീന്‍കൊതിയനുമാണ്‌. ചാക്കോച്ചന്റെ ഭാര്യ പ്രിയ നല്ല ഒന്നാന്തരമായി പാചകം ചെയ്യും, പ്രത്യേകിച്ച്‌ മീന്‍വിഭവങ്ങള്‍. ഷൂട്ടിങ്‌ സെറ്റിലായിരിക്കുമ്പോള്‍ പലതവണ അത്‌ രുചിച്ചറിഞ്ഞിട്ടുള്ളതുകൊണ്ടാകാം ഫിഷ്‌ ഹബ്ബ്‌ ആരെക്കൊണ്ട്‌ ഉദ്‌ഘാടനം ചെയ്യിക്കാമെന്ന്‌ ചിന്തിച്ചതും, ചാക്കോച്ചന്റെ മുഖമാണ്‌ മനസ്സില്‍ വന്നത്‌. കൊച്ചിയില്‍ അയ്യപ്പന്‍കാവിലെ ഓപ്പണ്‍ മാര്‍ക്കറ്റാണ്‌ ജൂലൈ അഞ്ചിന്‌ ഉദ്‌ഘാടനം ചെയ്‌തത്‌. വിപുലമായ ചടങ്ങുകളും അതേത്തുടര്‍ന്നുള്ള പരിപാടികളും വിജയിച്ചതില്‍ ആ താരപരിവേഷവും ഒരുഘടകമായിട്ടുണ്ട്‌.

ഹെല്‍ത്തി മത്സ്യം കൊച്ചിക്കാര്‍ക്ക്‌ മാത്രം മതിയോ?
തുടക്കത്തില്‍ അത്രയും മാത്രമേ നമ്മളെപ്പോലുള്ളവര്‍ക്ക്‌ സാധിക്കൂ. ജനങ്ങള്‍ ഇത്‌ ഏറ്റെടുത്ത്‌ വിജയിപ്പിക്കുന്നതോടൊപ്പം ഫ്രാഞ്ചൈസി നല്‍കി വിപുലമാക്കാനാണ്‌ ആഗ്രഹം.

എല്ലാത്തരം മീനുകളും ഫിഷ്‌ ഹബ്ബിലുണ്ടോ?
പൊടിമീനുകള്‍ മുതല്‍ കരിമീന്‍, കൂന്തല്‍,വരാല്‍,കാളാഞ്ചി, ചെമ്മീന്‍, കക്ക, ആവോലി, നെയ്‌മീന്‍, കൊഞ്ച്‌ എല്ലാം ഇവിടെയുണ്ട്‌. കൂടാതെ പഴകാത്ത ഉണക്കമീനുകളുടെ വൈവിധ്യവും ഒരുക്കിയിട്ടുണ്ട്‌.

ഓണ്‍ലൈന്‍ ബുക്കിങ്‌ സൗകര്യവും ഹോം ഡെലിവെറിയുമൊക്കെ മീനുമായി ബന്ധപ്പെട്ട്‌ അധികമാരും കൈവച്ചിട്ടില്ലല്ലോ?
ഇന്ന്‌ എല്ലാവര്‍ക്കും തിരക്കാണ്‌. ഓഫീസില്‍ പോകുന്നതിനിടയില്‍ മീന്‍വെട്ടുന്നതടക്കം പലജോലികളും ചെയ്യാന്‍ സ്‌ത്രീകള്‍ക്ക്‌ മടിയാണ്‌. കുഞ്ഞുമീനുകളുടെ രുചി ആസ്വദിച്ച കാലം മറന്നെന്ന്‌ പലരും വിഷമം പറഞ്ഞുകേട്ടിട്ടുണ്ട്‌. നന്ദന്‍, പള്ളത്തി, കൊഴുവ തുടങ്ങിയവ ഒരുകിലോ വാങ്ങിയാല്‍പോലും വെട്ടിവൃത്തിയാക്കുന്നത്‌ മെനക്കേടാണ്‌. പണ്ടത്തെ അമ്മമാര്‍ പലകയിലോ സ്‌റ്റൂളിലോ കാലുനീട്ടി ഇരുന്ന്‌ തോളിലൊരു തോര്‍ത്തൊക്കെയിട്ട്‌ പറഞ്ഞനേരംകൊണ്ട്‌ മീന്‍വെട്ടി അടുപ്പത്ത്‌ വെക്കുമായിരുന്നു. ഫ്‌ളാറ്റിലുള്ള പെണ്ണുങ്ങള്‍ക്ക്‌ ഇതിനൊന്നും കഴിയാറില്ല, സെര്‍വന്റായാലും ദിവസം മൂന്ന്‌ വീട്ടില്‍ രണ്ടുമണിക്കൂര്‍ ജോലിക്ക്‌ ചെല്ലുന്നതിനിടയില്‍ വലിയ പണിക്കൊന്നും കൈകൊടുക്കില്ല. അങ്ങനെ ആഗ്രഹമുള്ളത്‌ കഴിക്കാന്‍ സാധിക്കാത്തവര്‍ക്ക്‌ വേണ്ടിയാണ്‌ ഓണ്‍ലൈന്‍ ബുക്കിങ്ങും ഹോം ഡെലിവറിയും. ആവശ്യപ്പെടുന്ന മീന്‍ കഴുകിവൃത്തിയാക്കി പാക്ക്‌ ചെയ്‌ത് ഫ്‌ളാറ്റിലോ വീട്ടിലോ എത്തിച്ചുകൊടുക്കും. ബുക്ക്‌ ചെയ്‌താല്‍ ഇഷ്‌ടമുള്ള മത്സ്യവിഭവങ്ങളും അച്ചാറും തീന്മേശയില്‍ എത്തിക്കുന്നതിനും സൗകര്യമുണ്ട്‌.

പൊയ്‌പ്പോയ രുചി വരുംതലമുറയ്‌ക്ക് പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യംകൂടിയുണ്ടോ?
എനിക്കെന്റെ അമ്മ വെളിച്ചെണ്ണയും ഉപ്പുമിട്ട ചോറ്‌ ഉരുട്ടിത്തരുമായിരുന്നു. അസാധ്യരുചിയാണതിന്‌. പാക്കറ്റിലെ എണ്ണയൊഴിച്ചാല്‍ അതുകിട്ടില്ല. ചക്കിലാട്ടിയ വെളിച്ചെണ്ണയും പഴകാത്ത ഉണക്കമീനും മായംചേര്‍ക്കാതെ ഞങ്ങളുടെ മില്ലില്‍ പൊടിപ്പിച്ച മുളകും മല്ലിയും ഫിഷ്‌ മസാലയുമെല്ലാം ഹബ്ബിലൂടെ ആളുകളിലേക്ക്‌ എത്തിക്കാമെന്ന്‌ തീരുമാനിച്ചത്‌ നമ്മുടെ സംസ്‌കാരവും രുചികളും മടക്കിക്കൊണ്ടുവരാന്‍ വേണ്ടിത്തന്നെയാണ്‌.

മീട്ടു റഹ്‌മത്ത്‌ കലാം

Ads by Google
Sunday 08 Jul 2018 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW