Monday, November 05, 2018 Last Updated 6 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jul 2018 03.29 PM

എന്താണ് ഭക്തി ?

uploads/news/2018/07/231530/joythi070718.jpg

ഭക്തിയെന്നത് ഈശ്വര സാക്ഷാത്ക്കാരണത്തിനുവേണ്ടി മനസ്സുകൊണ്ട് നിരന്തരം ചെയ്യുന്ന യത്‌നമാണ്. സാധാരണ ഉപാസനകൊണ്ടാരംഭിച്ച് ശ്രീ പരമേശ്വരനോടുള്ള പരാനുരക്തയില്‍ പര്യവസാനിക്കുന്നതും; ഗുരുക്കന്മാരോടും ഈശ്വരനോടും തോന്നുന്ന ഒരു പ്രത്യേക സ്‌നേഹവിശേഷവുമാണ് ഭക്തിയെന്നും പറയാം.

വ്യക്തിജീവന് പ്രപഞ്ചജീവനുമായുള്ള ഹൃദയബന്ധത്തെയാണ് ഗീതയില്‍ ഭക്തിയായി അവതരിപ്പിച്ചിരിക്കുന്നത്. അനുഭൂതിയുടെ തലത്തില്‍ ഭക്തനും പരംപൊരുളും വെവ്വേറെയല്ല. ഭക്തന്റെ പ്രിയം പരംപൊരുളിന്റെ പ്രിയം തന്നെയാണ്.

ഈശ്വരനെക്കുറിച്ച് പരമമായ പ്രേമോന്മാദം ഒരു നിമിഷനേരം ഉണ്ടായാല്‍ അതു നമുക്ക് നിത്യമുക്തിയെ പ്രദാനം ചെയ്യും. ഭക്തിയുടെ സ്വരൂപം പരമപ്രേമം തന്നെയാണ്. അതു ലഭിച്ച മനുഷ്യന്‍ എല്ലാത്തിനേയും സ്‌നേഹിക്കുന്നു.

യാതൊന്നിനേയും വെറുക്കുന്നില്ല. നിത്യ സംതൃപ്തനായിത്തീരുകയും ചെയ്യുന്നു. ഭക്തി കര്‍മ്മത്തെക്കാളും യോഗത്തെക്കാളും ശ്രേഷ്ഠവുമാണ്. കാരണം ഇവ രണ്ടും ഭാവിതമായ ഒരു ഫലത്തിനുവേണ്ടിയുള്ളതാണ്. ഭക്തി അതിന്റെ തന്നെ ഫലവുമാണ്. സാധനം ഭക്തിയാണ്, സാധ്യവും ഭക്തിതന്നെയാണ്.

ഭക്തിയും ജ്ഞാനവും വൈരാഗ്യവും യോഗവും ഒന്നിച്ചു മാത്രമേ കാണുന്നുള്ളൂ. പരമമായ പ്രേമം കര്‍മ്മയോഗത്തെയും ജ്ഞാനയോഗത്തേയുംകാള്‍ ഉയരത്തിലാണ്. കാരണം അവയുടെ കൂടെ ഫലമാണ്, സാധ്യമാണ് ഭക്തി.

ഭക്തിമാര്‍ഗ്ഗത്തില്‍ എല്ലാവരും ദ്വൈതികളായിത്തുടരുന്നു. ഈശ്വരന്‍ വേറെ, ഞാന്‍ വേറെ എന്നു നമുക്ക് തോന്നുന്നു. ഇതിനിടയില്‍ പ്രേമം വന്നുചേരുമ്പോള്‍ മനുഷ്യന്‍ ഈശ്വരനോട് അ
ടുക്കുവാന്‍ തുടങ്ങുന്നു. ഈശ്വരന്‍ മനുഷ്യനോടും കൂടുതല്‍ അടുക്കുന്നു.

സാധന ചെയ്ത ഭക്തന് താന്‍ ഉപാസ്യനായ ഭഗവാനില്‍ നിശ്ശേഷം ലയിച്ചിരിക്കുന്നുവെന്നനുഭപ്പെടുമ്പോള്‍ അയാള്‍ സാധനാ പുരോഗതിയുടെ ആദ്യഘട്ടത്തിലെത്തിക്കഴിഞ്ഞിരിക്കും. അന്ത്യത്തില്‍ ജ്യോതിഷ് പൂര്‍ണമായി ജ്വലിച്ചുനില്‍ക്കുന്നു.

ആ പ്രകാശത്തില്‍ 'അഹം' എന്ന ഭാവം ബ്രഹ്മത്തോടു ചേര്‍ന്നതായിക്കാണാം. പ്രേമസ്വരൂപമായ ഭക്തിയും ഭജിച്ചിരുന്ന ഭക്തനും ഭജിക്കപ്പെട്ടിരുന്ന ഭഗവാനും 'ഒന്ന്' എന്ന സുന്ദരവും ദിവ്യജ്ഞാനപ്രദവുമായ തത്വം ഭക്തന്‍ സാക്ഷാല്‍ക്കരിക്കുകയും ചെയ്യും. ഈശ്വരനെ ഉപാസിക്കുന്നതു മാത്രമാണ് 'ഭക്തി'യാകുക.

ഭക്തിയെ ഒരു ദേവിയായി പത്മപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. ദ്രാവിഡ ദേശത്തു ജനിച്ച ഈ ദേവിക്ക് ജ്ഞാനമെന്നും വൈരാഗ്യമെന്നും പേരുള്ള രണ്ടു പുത്രന്മാരുണ്ടായിരുന്നു. ഒരിക്കല്‍ ഭക്തി ദേവി തന്റെ പുത്രന്മാരുമൊത്ത് കാല്‍നടയായി ഭാരതത്തിലെ പല സ്ഥലങ്ങളിലും സഞ്ചരിച്ചു.

കര്‍ണ്ണാടകം, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സ്ഥലങ്ങളില്‍ക്കൂടി നടന്ന് ഗോകുലത്തിലേക്കും വൃന്ദാവനത്തിലേക്കും യാത്രയായി. ദീര്‍ഘനാളത്തെ യാത്രയില്‍ ഭക്തിക്കും പുത്രന്മാര്‍ക്കും വാര്‍ദ്ധക്യം സംഭവിച്ചു. എന്നാല്‍ ഗോകുലത്തിലും വൃന്ദാവനത്തിലും പ്രവേശിച്ച മാത്രയില്‍ ഭക്തിയുടെ വാര്‍ദ്ധക്യം അപ്രത്യക്ഷമാകുകയും യൗവ്വനയുക്തയായിത്തീരുകയും ചെയ്തു.

എന്നാല്‍ തന്റെ മക്കള്‍ രണ്ടുപേരും വൃദ്ധരായിത്തന്നെയിരുന്നു. ഭക്തി, തന്റെ പുത്രന്മാര്‍ക്ക് യൗവ്വനം നല്‍കുന്നതിനായി നാരദ മഹര്‍ഷിയോടപേക്ഷിച്ചു. അതിന്‍പ്രകാരം നാരദമഹര്‍ഹി, വേദങ്ങളും വേദാന്തങ്ങളും ഭഗവദ്ഗീതയും അവരെ വായിച്ചുകേള്‍പ്പിച്ചു. എന്നിട്ടും യാതൊരു ഫലവും ഉണ്ടായില്ല. അനന്തരം സനകന്‍, സനന്ദനന്‍, സനല്‍കുമാരന്‍, സനല്‍സുജാതന്‍ എന്നിവര്‍ ഭക്തിയുടെ പുത്രന്മാരെ ഭാഗവതം വായിച്ചു കേള്‍പ്പിക്കുവാന്‍ നാരദമഹര്‍ഷിയോട് പറഞ്ഞു.

മഹര്‍ഷി അപ്രകാരം ശ്രീമഹാഭാഗവതം വായിക്കുകയും വായിച്ചുതീരുമ്പോഴേക്കും ഭക്തിയുടെ പുത്രന്മാര്‍ക്ക് തങ്ങളുടെ യൗവ്വനം ലഭിക്കുകയും ചെയ്തു. ഭാഗവതം പാരായണം ചെയ്യുകയോ ശ്രദ്ധയോടും ഭക്തിയോടുംകൂടി ശ്രവിക്കുകയോ ചെയ്‌തെന്നാല്‍ നാം ഭക്തരായിത്തീരുന്നു. ഭക്തിയെന്നത് ഈശ്വരനില്‍ തോന്നുന്ന ഒരു വികാരവും കര്‍മ്മാനുരൂപ ഗുണവും ചേര്‍ന്നുള്ള ഒരാത്മ സംതൃപ്തിയാണ്.

അമ്പാടിയില്‍ ഗോപാലകൃഷ്ണന്‍
മെ: 9495087391

Ads by Google
Saturday 07 Jul 2018 03.29 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW