Tuesday, July 16, 2019 Last Updated 12 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jul 2018 02.54 AM

നയം മാത്രം പോരാ, നന്മ നടപ്പാകണം

uploads/news/2018/07/231469/editorial.jpg

കേരള സമൂഹത്തില്‍ പൊതുധാരയില്‍ നിന്ന്‌ അകറ്റി നിര്‍ത്തപ്പെട്ടിരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുടെ ഉയര്‍ത്തെഴുന്നേല്‍പിന്റെ കഥയായിരുന്നു കഴിഞ്ഞ ഏഴു ദിവസങ്ങളിലായി മംഗളം പ്രസിദ്ധീകരിച്ച "വ്യത്യസ്‌തരല്ല, ഇവര്‍ വ്യക്‌തിത്വമുള്ളവര്‍" എന്ന ലേഖന പരമ്പര. ഭയത്തോടെയോ പരിഹാസത്തോടെയോ പിന്നാമ്പുറങ്ങളിലേക്ക്‌ മാറ്റി നിര്‍ത്തപ്പെട്ട വിഭാഗമാണിവര്‍. ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും ട്രാന്‍സ്‌ജെന്‍ഡറുകളില്‍ നിന്നുണ്ടായ പലതരം തിക്‌താനുഭവങ്ങള്‍ മൂലം കേരളത്തിലും ഇവരെ അതേ കണ്ണോടു കൂടി തന്നെയാണ്‌ മിക്കവരും കണ്ടിരുന്നത്‌. ട്രാന്‍സ്‌ജെന്‍ഡറുകളെ പലപ്പോഴും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുത്തിയാണ്‌ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്‌. എന്നാല്‍, അവരില്‍ വിജയം വരിച്ച, ജീവിതത്തില്‍ പുതിയപാത വെട്ടിത്തുറന്ന അനേകരുണ്ട്‌. ട്രാന്‍സ്‌ജെന്‍ഡറുകളുടെ ജീവിതത്തിന്റെ പൊതു സാഹചര്യം വിവരിക്കുന്നതിനൊപ്പം അവര്‍ക്കിടയിലെ വിജയതാരകങ്ങളെ അവതരിപ്പിച്ച്‌ മറ്റുള്ളവര്‍ക്ക്‌ പ്രചോദനമേകാനും സമൂഹത്തിന്‌ അവരെ മനസിലാക്കി കൊടുക്കാനും കൂടി ഉദ്ദേശിച്ചുള്ളതായിരുന്നു ഈ പരമ്പര.

കുറച്ചുകാലം മുന്‍പ്‌ ചിന്തിക്കാന്‍ പോലും കഴിയാതിരുന്ന ഉന്നതങ്ങളിലാണ്‌ കേരളത്തില്‍ പല ട്രാന്‍സ്‌ജെന്‍ഡറുകളും എത്തിയിരിക്കുന്നത്‌. സൂപ്പര്‍ താരത്തിന്റെ നായിക മുതല്‍ ടെലിവിഷന്‍ അവതാരകയും റേഡിയോ ജോക്കിയും വരെ ഇവരില്‍ നിന്നുണ്ടായി. മോഡലും സീരിയല്‍ താരവും ഇവര്‍ക്കിടയിലുണ്ട്‌. ഒന്നിലധികം സിനിമകളിലഭിനയിച്ചയാള്‍ വരെയുണ്ട്‌. ഇവരുടെയെല്ലാം ജീവിതം മറ്റുള്ള ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക്‌ പ്രചോദനമാകുമെന്നാണ്‌ ഞങ്ങളുടെ പ്രതീക്ഷ. തങ്ങളില്‍ അപരവ്യക്‌തിത്വമുണ്ടെന്ന്‌ തിരിച്ചറിഞ്ഞ്‌ പുതിയ വ്യക്‌തിത്വത്തിലേക്ക്‌ മാറാന്‍ ആഗ്രഹിച്ച മിക്കവര്‍ക്കും സ്വന്തം കുടുംബമാണ്‌ വിലങ്ങു തടിയായി നിന്നിട്ടുള്ളത്‌. അവരെ കുടുംബാംഗങ്ങള്‍ ശത്രുക്കളെ പോലെ കണ്ടു. മിക്കവര്‍ക്കും വീടുവിട്ട്‌ പോകേണ്ടിവന്നു. ഇങ്ങനെ ഭാവിയെന്തെന്ന്‌ അറിയാതെ തെരുവിലേക്കിറങ്ങിയവരോട്‌ സമൂഹവും മുഖം തിരിച്ചു നിന്നു. ഇത്തരം പ്രതികൂല സാഹചര്യങ്ങളെയൊക്കെ നേരിട്ടാണ്‌ ഇവര്‍ പുതിയ തീരങ്ങളില്‍ വിജയക്കൊടി പാറിച്ചതെന്നത്‌ ഏറെ അംഗീകാരം അര്‍ഹിക്കുന്നു.

കൊച്ചി മെട്രോ തുടങ്ങിയപ്പോള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക്‌ ജോലി നല്‍കിയത്‌ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍, അവരില്‍ പലര്‍ക്കും പിന്നീട്‌ ജോലി വിടേണ്ടിവന്നു. ട്രാന്‍സ്‌ജെന്‍ഡറുകളെ സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കാന്‍ കേരളം ഇനിയും ഏറെ മാറേണ്ടതുണ്ട്‌ എന്നതാണ്‌ ഈ പരമ്പരയ്‌ക്കു വേണ്ടി നടത്തിയ പഠനത്തില്‍ നിന്നു തെളിഞ്ഞത്‌. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന്‌ പറയാന്‍ അവരുടെ കുടുംബം തയാറാകുന്നില്ല എന്നതാണ്‌ ഇതില്‍ പ്രധാനം. ഇതുമൂലം ട്രാന്‍സ്‌ജെന്‍ഡറുകള്‍ പലവിധ ദുരിതത്തിനിരയാകുന്നു. പലര്‍ക്കും അടിസ്‌ഥാന രേഖയായ റേഷന്‍ കാര്‍ഡ്‌ പോലുമില്ല. ട്രാന്‍സ്‌ജെന്‍ഡറുകളില്‍ നിരക്ഷരര്‍ വളരെ കുറവാണെങ്കിലും അധികം പഠിക്കാന്‍ സാധിച്ചവരുടെ എണ്ണവും കുറവാണ്‌. സഹപാഠികളുടെ പരിഹാസം ഭയന്ന്‌ പഠനം നിറുത്തിയവരാണ്‌ കൂടുതലും. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക്‌ വിവേചനം കൂടാതെ പഠിക്കാനും ജീവിക്കാനുമൊക്കെ അവസരമുണ്ടാക്കുക എന്നതാണ്‌ കേരള സമൂഹം അത്യാവശ്യമായി ചെയ്യേണ്ടത്‌.

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക്‌ സമൂഹത്തില്‍ അഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കാനായിചില നിര്‍ദേശങ്ങള്‍ പരമ്പരയുടെ ഭാഗമായി മുന്നോട്ടു വച്ചിരുന്നു. വിദ്യാഭ്യാസം, കൗണ്‍സലിങ്‌ മേഖലകളില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുക, തിരിച്ചറിയല്‍ രേഖകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വ്യക്‌തിത്വം ഉറപ്പുവരുത്തുക, വിദ്യാഭ്യാസത്തിനു സഹായം നല്‍കുക, സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ മുന്‍ഗണന നല്‍കുക, കുടുംബസ്വത്തില്‍ അവകാശം നല്‍കുക എന്നിവ അതില്‍ ചിലതുമാത്രം. ട്രാന്‍സ്‌ജെന്‍ഡര്‍ നയം നടപ്പാക്കിയ ആദ്യ സംസ്‌ഥാനമാണ്‌ കേരളം. ഈ ചുവടുവയ്‌പിന്റെ മാതൃകയില്‍ ട്രാന്‍സ്‌ജെന്‍ഡറുകളുടെ ജീവിതത്തില്‍ പ്രകാശം പരത്താനും സര്‍ക്കാര്‍ മുന്നോട്ടു വരണം.

Ads by Google
Saturday 07 Jul 2018 02.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW