Thursday, September 13, 2018 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jul 2018 02.52 AM

പ്രതിച്‌ഛായ വീണ്ടെടുത്ത്‌ കെജ്‌രിവാള്‍

uploads/news/2018/07/231467/bft2.jpg

പ്രതീക്ഷിച്ചതു പോലെ വളരാന്‍ കഴിയാത്ത ആം ആദ്‌മി പാര്‍ട്ടിക്ക്‌ ഊര്‍ജം നല്‍കുന്നതാണു സുപ്രീംകോടതിയുടെ അനുകൂല വിധി.കേന്ദ്രസര്‍ക്കാരുമായുള്ള അധികാരത്തര്‍ക്കത്തില്‍ പാര്‍ട്ടിക്ക്‌ ഇതു വലിയ ആശ്വാസമായി. പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രാദേശികപാര്‍ട്ടികളുടെ കൂട്ടായ്‌മയിലൂടെ കോണ്‍ഗ്രസ്‌ ഇതര മൂന്നാംമുന്നണിക്ക്‌ കരുക്കള്‍ നീക്കുന്ന സാഹചര്യത്തില്‍ വിധിക്ക്‌ രാഷ്‌ട്രീയപ്രാധാന്യവും ഏറെ.
നിര്‍ഭയ സംഭവത്തെത്തുടര്‍ന്ന്‌ രൂപപ്പെട്ട ജനകീയ പ്രതിഷേധവും അണ്ണാ ഹസാരയുടെ അഴിമതിവിരുദ്ധ പോരാട്ടവും ഒത്തുചേര്‍ന്നപ്പോള്‍ പിറന്ന ആം ആ്‌ദമി പാര്‍ട്ടി ഡല്‍ഹിയില്‍ ഭരണം പിടിച്ചെങ്കിലും ഇതര സംസ്‌ഥാനങ്ങളില്‍ കാര്യമായി സാന്നിധ്യമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
വൈദ്യുതി- കുടിവെള്ള നിരക്ക്‌ കുറച്ചതടക്കം സാധാരണക്കാരന്‌ അനുകൂല തീരുമാനങ്ങള്‍ കൈക്കൊണ്ടെങ്കിലും അധികാര വടംവലിയില്‍ മാത്രം ശ്രദ്ധയൂന്നിയതിലൂടെ സര്‍ക്കാരിന്റെ പ്രതിഛായ മങ്ങി. ഭരണത്തിലായിട്ടും പ്രതിപക്ഷ ശൈലി അവലംബിച്ച കെജ്‌രിവാള്‍ കേന്ദ്രത്തെ പഴിചാരി ചുമതലകളില്‍നിന്ന്‌ ഒളിച്ചോടുകയാണെന്ന പ്രതീതിയുണ്ടായി.

സംസ്‌ഥാനപദവി

ജനോപകാരപ്രദമായ പദ്ധതികള്‍ ഏറെ തീരുമാനിച്ചെങ്കിലും ലഫ്‌. ഗവര്‍ണര്‍ ഇടപെട്ട്‌ തടസപ്പെടുത്തുന്നതാണ്‌ പ്രധാന കാരണമെന്ന ആം ആദ്‌മി പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും വാദങ്ങള്‍ക്ക്‌ ശക്‌തിപകരുന്നതാണ്‌ വിധി. ഡല്‍ഹിക്ക്‌ പൂര്‍ണ സംസ്‌ഥാനപദവി വേണമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രധാനആവശ്യം. എന്നാല്‍, തന്ത്രപ്രധാനമേഖലകള്‍ ഏറെയുള്ള ഡല്‍ഹി സംസ്‌ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലേക്ക്‌ മാറ്റുന്നത്‌ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന്‌ ബി.ജെ.പി. വാദിച്ചു. പ്രധാന പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസും ഈ വാദത്തെയാണ്‌ പിന്തുണച്ചത്‌.
ആപ്പിന്റെ ആവശ്യം നിരാകരിച്ച കോടതി, ലഫ്‌. ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ഒത്തുതീര്‍പ്പ്‌ ഫോര്‍മുലയാണ്‌ ഫലത്തില്‍ മുന്നോട്ടുവച്ചത്‌. ഗവര്‍ണറെ നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരേയായിരുന്നു അദ്ദേഹം പോര്‍മുഖം തുറന്നത്‌. അതിനാല്‍, തന്നെ ലഫ്‌. ഗവര്‍ണറുടെ പ്രവൃത്തിയെ ന്യായീകരിച്ച്‌ കരുതലോടെയായിരുന്നു അറ്റോര്‍ണി ജനറലും നിലപാട്‌ സ്വീകരിച്ചിരുന്നത്‌.
ഒഴിഞ്ഞത്‌ ആശങ്ക

ഫെഡറല്‍ സംവിധാനത്തില്‍ സംസ്‌ഥാനവും കേന്ദ്രവും സൗഹൃദസമീപനത്തില്‍ മുന്നോട്ടുപോകണമെന്ന്‌ നിര്‍ദേശിച്ച കോടതി, സംസ്‌ഥാനങ്ങള്‍ക്കുമേല്‍ കേന്ദ്രം ആധിപത്യം സ്‌ഥാപിക്കരുതെന്നും പ്രത്യേക ഓര്‍മിപ്പിച്ചിട്ടുണ്ട്‌. കുതിരക്കച്ചവടത്തിലൂടെയും ഗവര്‍ണര്‍മാരെ ഉപയോഗിച്ചും സംസ്‌ഥാന സര്‍ക്കാരുകളെ അസ്‌ഥിരപ്പെടുത്തി തങ്ങളുടെ അധികാരസ്‌ഥാനങ്ങള്‍ പകരം കണ്ടെത്തുകയാണ്‌ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും ചെയ്യുന്നതെന്ന ആരോപണത്തിന്‌ ശക്‌തിപകരുന്നതാണ്‌ കോടതി പരാമര്‍ശമെന്ന്‌ പ്രതിപക്ഷത്തിനു വാദിക്കാം. ജമ്മു കശ്‌മീരിലെ സഖ്യസര്‍ക്കാരിന്‌ ബി.ജെ.പി. പിന്തുണ പിന്‍വലിക്കുകയും തുടര്‍ന്ന്‌ ഗവര്‍ണര്‍ഭരണം ഏര്‍പ്പെടുത്തുകയും ചെയ്‌ത സാഹചര്യം ആപ്പിനെയും ആശങ്കപ്പെടുത്തിയിരുന്നു.
ഐ.എ.എസ്‌. ഉദ്യോഗസ്‌ഥരുടെ നിസഹകരണസമരവും ഭരണസ്‌തംഭനവും വിഷയമാക്കി ലഫ്‌. ഗവര്‍ണറില്‍നിന്ന്‌ റിപ്പോര്‍ട്ട്‌ തേടി രാഷ്‌ട്രപതി ഭരണത്തിനുള്ള സാധ്യത കേന്ദ്രസര്‍ക്കാര്‍ ആരായുകയാണെന്ന ആശങ്കയാണ്‌ ആപ്പിനുണ്ടായിരുന്നത്‌.
ലോക്‌പാല്‍, വിട്ടുപടിക്കല്‍റേഷന്‍ പദ്ധതി തുടങ്ങി സര്‍ക്കാരിന്റെ സുപ്രധാന തീരുമാനങ്ങള്‍ക്ക്‌ ലഫ്‌.ഗവര്‍ണര്‍ തുരങ്കംവയ്‌ക്കുകയാണെന്നായിരുന്നു പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രധാന ആരോപണം. മന്ത്രിസഭ പാസാക്കുന്ന തീരുമാനങ്ങള്‍ അദ്ദേഹം രാഷ്‌ട്രപതിക്ക്‌ അയച്ചുകൊടുക്കുന്നതായിരുന്നു പതിവ്‌. ഇക്കാര്യത്തില്‍ വ്യക്‌തത ആവശ്യപ്പെട്ട്‌ രാഷ്‌ട്രപതിഭവന്‍, ആഭ്യന്തരമന്ത്രാലയത്തിന്‌ അയച്ചുകൊടുക്കും. അതിനാല്‍, തീരുമാനം ഫയലില്‍ കുടുങ്ങുകയും പദ്ധതി നീളുകയും ചെയ്യുന്ന രീതിയെയാണു സര്‍ക്കാര്‍ ചോദ്യം ചെയ്‌തത്‌.

മൂന്നാംമുന്നണി

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ആസന്നമായിരിക്കെയുണ്ടായ സുപ്രധാനവിധി ആം ആദ്‌മി പാര്‍ട്ടിക്ക്‌ ഏറെ നിര്‍ണായകമാണ്‌. ജനപ്രിയ തീരുമാനങ്ങളും പദ്ധതികളും നടപ്പാക്കി നഷ്‌ടപ്പെട്ട പ്രതിച്‌ഛായ വീണ്ടെടുക്കാനുള്ള അവസരമാണ്‌ കൈവന്നിരിക്കുന്നത്‌. ഡല്‍ഹിയില്‍ ഏഴ്‌ ലോക്‌സഭാ സീറ്റാണുള്ളത്‌. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മോഡി തരംഗത്തിലൂടെ എല്ലാ സീറ്റും ബി.ജെ.പി. നേടി. എന്നാല്‍, കോടതിവിധിയിലൂടെ ആധിപത്യം വീണ്ടെടുത്ത സാഹചര്യം മുതലെടുക്കാന്‍ ആപ്പ്‌ ശ്രമിക്കും.
തങ്ങളുടെ വോട്ട്‌ ആപ്പ്‌ തട്ടിയെടുത്തതെന്നു വിലയിരുത്തുന്ന കോണ്‍ഗ്രസ്‌ ഒരുതരത്തിലും കെജ്‌രിവാളുമായി സഖ്യത്തിനില്ലെന്ന നിലപാടിലാണ്‌.അതിനാല്‍, കോണ്‍ഗ്രസ്‌ ഇതരപ്രതിപക്ഷ കൂട്ടായ്‌മയോടാണ്‌ കെജ്‌രിവാളിനും താല്‍പ്പര്യം. ലഫ്‌.ഗവര്‍ണറുടെ വസതിയില്‍ ധര്‍ണ നടത്തിയ അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ച്‌ മമത ബാനര്‍ജി, പിണറായി വിജയന്‍, ചന്ദ്രബാബു നായിഡു, കുമാരസ്വാമി എന്നീ മുഖ്യമന്ത്രിമാര്‍ കെജ്‌രിവാളിന്റെ വസതി സന്ദര്‍ശിച്ചിരുന്നു. മൂന്നാം മുന്നണിയുടെ ആദ്യപടിയായി ഇതു വിലയിരുത്തപ്പെട്ടതിനാല്‍ വിധിയോടെ മുന്നണിനീക്കം കൂടുതല്‍ ശക്‌തിപ്പെടും.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Saturday 07 Jul 2018 02.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW