Tuesday, April 23, 2019 Last Updated 9 Min 34 Sec ago English Edition
Todays E paper
Ads by Google
സജിത്ത്‌ പരമേശ്വരന്‍
Saturday 07 Jul 2018 02.51 AM

ബഹ്റ ആവശ്യപ്പെട്ടിട്ടും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാത്തത് എന്തുകൊണ്ട്? ആദ്യം ആര്‍.എസ്‌.എസിനെ നിരോധിക്കണമെന്ന് പിണറായി, രൂപം മാറിവരുമെന്ന് കോടിയേരി, സാംസ്‌കാരികപ്രവര്‍ത്തര്‍ മൗനത്തില്‍

സി.പി.എമ്മിലും മറ്റ്‌ ഇടതു സംഘടനകളിലും കോണ്‍ഗ്രസിലും പോപ്പുലര്‍ ഫ്രണ്ട്‌, ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടാണു സര്‍ക്കാരിനെ കുഴക്കുന്നത്‌. ഇത്തരത്തില്‍ കയറിക്കൂടിയവര്‍ക്കു പോപ്പുലര്‍ ഫ്രണ്ടിലോ ക്യാമ്പസ്‌ ഫ്രണ്ടിലോ സ്വന്തം പേരില്‍ അംഗത്വമുണ്ടാകില്ല. എന്നാല്‍, ഈ സംഘടനകളുടെ യോഗത്തിലും ഇവര്‍ പങ്കെടുക്കാറുണ്ടെന്നാണ്‌ സൂചന.
Popular front

പോപ്പുലര്‍ ഫ്രണ്ടിനെ സംസ്‌ഥാനത്തു നിരോധിക്കുന്ന കാര്യത്തില്‍ സംസ്‌ഥാന സര്‍ക്കാരും പോലീസും രണ്ടുതട്ടില്‍. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാണ്‌ കേരളാ പോലീസിന്റെ നിലപാട്‌. എന്നാല്‍, നിരോധനം അജന്‍ഡയിലില്ലെന്ന്‌ ഇടതു സര്‍ക്കാര്‍ വ്യക്‌തമാക്കുന്നു. ദേശീയ അന്വേഷണ ഏജന്‍സിയും ഇന്റലിജന്‍സ്‌ ബ്യൂറോയും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെയും സമീപകാലത്തു സംസ്‌ഥാനത്തുണ്ടായ നാലു സംഭവങ്ങളുടെയും അടിസ്‌ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നു കേരളാ പോലീസ്‌ മേധാവി ലോകനാഥ്‌ ബെഹ്‌റ ഫെബ്രുവരിയില്‍ മധ്യപ്രദേശില്‍ നടന്ന ഡി.ജി.പിമാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനത്തെപ്പറ്റി വിശദമായ റിപ്പോര്‍ട്ടും ബെഹ്‌റ യോഗത്തില്‍ അവതരിപ്പിച്ചിരുന്നു. ആവശ്യം ഗൗരവമായി പരിഗണിക്കുമെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്‌ജുവും അറിയിച്ചു. എന്നാല്‍, കേരളം ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ചിട്ടില്ലെന്നും നിരോധിക്കുകയാണെങ്കില്‍ ആദ്യം ആര്‍.എസ്‌.എസിനെ നിരോധിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവന.

ജനുവരി 18നു നടന്ന പോലീസ്‌ ഉദ്യോഗസ്‌ഥരുടെയും വിവിധ അന്വേഷണ ഏജന്‍സി തലവന്മാരുടെയും യോഗത്തിലും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം ലോക്‌നാഥ്‌ ബെഹ്‌റ മുന്നോട്ടുവച്ചിരുന്നു. സംഘടനയുടെ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി 20 മിനിറ്റ്‌ നീണ്ട പവര്‍ പോയിന്റ്‌ പ്രസന്റേഷന്‍തന്നെ ഡി.ജി.പി. നടത്തി. പോപ്പുലര്‍ ഫ്രണ്ടിനു തീവ്രവാദ സ്വഭാവമുണ്ടെന്ന്‌ അംഗീകരിക്കാന്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഇനിയും തയാറായിട്ടില്ല. നിരോധിച്ചാല്‍ മറ്റൊരു പേരില്‍ അതു തിരികെയെത്തുമെന്നായിരുന്നു കോടിയേരിയുടെ ഭാഷ്യം.


കഴിഞ്ഞ ജനുവരിയില്‍ പോപ്പുലര്‍ ഫ്രണ്ടിനെ ഝാര്‍ഖണ്ഡില്‍ നിരോധിച്ചപ്പോള്‍ ഇടത്‌ നേതാക്കളും സാംസ്‌കാരികനായകരും ശക്‌തമായി പ്രതിഷേധിച്ചിരുന്നു. ജനാധിപത്യ അവകാശങ്ങള്‍ക്കുമേലുള്ള ബി.ജെ.പി. സര്‍ക്കാരിന്റെ വ്യക്‌തമായ കടന്നുകയറ്റമാണിതെന്നായിരുന്നു സാംസ്‌കാരിക നായകരുടെ പ്രസ്‌താവന. കെ. സച്ചിദാനന്ദന്‍, കെ.ഇ.എന്‍., ഒ. അബ്‌ദുള്ള, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌, എന്‍.പി. ചെക്കുട്ടി, ഡോ.ജെ.ദേവിക, കെ.കെ. കൊച്ച്‌, ജമാല്‍ കൊച്ചങ്ങാടി, എ. വാസു തുടങ്ങിയവരാണ്‌ പ്രസ്‌താവനയില്‍ ഒപ്പിട്ടത്‌. എന്നാല്‍, എറണാകുളം മഹാരാജാസ്‌ കോളജില്‍ അഭിമന്യൂ എന്ന വിദ്യാര്‍ഥി കൊല്ലപ്പെട്ടപ്പോള്‍ സാംസ്‌കാരികപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും മൗനംഭജിച്ചു എന്നതാണ്‌ ശ്രദ്ധേയം. പ്രസിദ്ധ സാഹിത്യകാരന്‍ ടി. പത്മനാഭന്‍ മാത്രമാണ്‌ പ്രതികരണവുമായി രംഗത്തെത്തിയത്‌.

സി.പി.എമ്മിലും മറ്റ്‌ ഇടതു സംഘടനകളിലും കോണ്‍ഗ്രസിലും പോപ്പുലര്‍ ഫ്രണ്ട്‌, ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടാണു സര്‍ക്കാരിനെ കുഴക്കുന്നത്‌. ഇത്തരത്തില്‍ കയറിക്കൂടിയവര്‍ക്കു പോപ്പുലര്‍ ഫ്രണ്ടിലോ ക്യാമ്പസ്‌ ഫ്രണ്ടിലോ സ്വന്തം പേരില്‍ അംഗത്വമുണ്ടാകില്ല. എന്നാല്‍, ഈ സംഘടനകളുടെ യോഗത്തിലും ഇവര്‍ പങ്കെടുക്കാറുണ്ടെന്നാണ്‌ സൂചന. പിതാവിന്റെയോ ബന്ധുക്കളുടെയോ പേരിലായിരിക്കും ഇവരുടെ അംഗത്വം. അതിനിടെ, പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയ്‌ക്കും അനുബന്ധ സംഘടനകള്‍ക്കും നിരോധനമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്‌. ഒരു വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ ഇതിനുള്ള നീക്കം ആരംഭിച്ചിട്ട്‌. കേരളം ഉള്‍പ്പെടെയുള്ള ചില സംസ്‌ഥാനങ്ങളുടെ എതിര്‍പ്പാണു തടസം.

Ads by Google
സജിത്ത്‌ പരമേശ്വരന്‍
Saturday 07 Jul 2018 02.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW