Thursday, February 21, 2019 Last Updated 8 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 06 Jul 2018 11.08 AM

ഫുട്‌ബോളില്‍ കേരളത്തിന്റെ ആദ്യ വിദേശസൂപ്പര്‍താരം പാകിസ്താന്‍കാരന്‍ ; സെവന്‍സ് താരമായ ഇസ്‌ളാമിന് ജയിക്കാന്‍ ക്ഷേത്രത്തില്‍ പൂജിച്ച ഏത്തപ്പഴം തീറ്റിക്കുമായിരുന്ന ഹിന്ദു ആരാധകന്‍...!!!

uploads/news/2018/07/231233/khayyam.jpg

റഷ്യന്‍ ലോകകപ്പ് മൂന്നാം ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോള്‍ ഇന്ത്യയില്‍ ടെലിവിഷനിലൂടെയും അല്ലാതെയും ഏറ്റവും കൂടുതല്‍ പേര്‍ കളി കണ്ടത് കേരളത്തില്‍ നിന്നുമാണ്. തുടങ്ങും മുമ്പ് തന്നെ ഫുട്‌ബോള്‍ ആവേശം ജ്വലിച്ചു തുടങ്ങിയ കേരളത്തില്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും മെസ്സിയും ക്രിസ്ത്യാനോ റൊണാള്‍ഡോയും എഴുന്നേറ്റു നിന്നു. എന്നാല്‍ കേരളത്തില്‍ ഫുട്‌ബോള്‍ കമ്പം തുടങ്ങിയ കാലത്ത് ആരാധനാപാത്രങ്ങളായി മാറിയ ആദ്യ വിദേശ ഫുട്‌ബോള്‍ താരങ്ങള്‍ പാകിസ്താനില്‍ നിന്നുള്ളവരായിരുന്നു.

കറാച്ചി കിക്കേഴ്‌സിന്റെ സ്‌റ്റോപ്പര്‍ ബാക്കായ ഖയ്യാം അലി ചാങ്ങേസിയാണ് കേരളത്തിന്റെ ആദ്യ താരാരാധനയ്ക്ക് പാത്രമായ വിദേശ ഫുട്‌ബോള്‍ താരം. 1955 ല്‍ സേഠ് നാഗ്ജി ഫുട്‌ബോള്‍ കളിക്കാനെത്തിയ ടീം അന്ന് കണ്ണൂര്‍ ജിംഖാനയെ യാണ് പരാജയപ്പെടുത്തുമ്പോള്‍ നിറഞ്ഞു നിന്നത് ഖയ്യാം അലിയാണ്. കളി കഴിഞ്ഞപ്പോള്‍ ആരാധകര്‍ തോളത്തിരുത്തിയാണ് ഖയ്യാം അലിയെയും ഹിന്ദുക്കളും മുസ്‌ളീങ്ങളും ക്രിസ്ത്യാനികളും പാഴ്‌സികളും ഗുജറാത്തികളും തമിഴരും അടങ്ങിയ പാക് ടീമിലെ മറ്റംഗങ്ങളെയും മാനാഞ്ചിറ മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയത്. തന്റെ ജീവിതത്തിലെ ഏറ്റവും വൈകാരികമായ നിമിഷം എന്നായിരുന്നു ചാങ്ങേസി പിന്നീട് ഇക്കാര്യം പറഞ്ഞത്.

ദക്ഷിണേഷ്യന്‍ ഫുട്‌ബോളിലെ കിടയറ്റ താരമായിരുന്നു ക്വെറ്റയില്‍ ജനിച്ച ഖയ്യാം അലി ചാങ്ങേസി. 1950 നും 60 നും ഇടയില്‍ മിന്നി നിന്ന താരം മികച്ച ഡിഫന്റര്‍ എന്നതിനേക്കാള്‍ ഡെഡ്‌ബോള്‍ സ്‌പെഷ്യലിസ്റ്റ് എന്ന നിലയിലായിരുന്നു അറിയപ്പെട്ടത്. ഫ്രീകിക്കില്‍ നിന്നും അസാധാരണ ഗോളുകള്‍ കണ്ടെത്താന്‍ ഒരു പ്രത്യേക വൈഭവം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു.

പാകിസ്താന്റെ മൂന്‍ നായകന്‍ ബലൂചിസ്ഥാന്‍, കറാച്ചി, ക്വെറ്റ എന്നിവിടങ്ങളിലെ അനേകം ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. ജര്‍മ്മന്‍ ബുണ്ടാസ് ലീഗിലെ ക്‌ളബ്ബായ ഫോര്‍ച്യൂണാ ഡുസ്സെല്‍ഡോര്‍ഫ് പോലും 1963 ലെ ഒരു സൗഹൃദ മത്സരത്തില്‍ അദ്ദേഹത്തിന്റെ ഫ്രീ കിക്ക് ചൂടറിഞ്ഞതാണ്. അന്ന് ചാങേ്ങസിയെ മാത്രമല്ല, ചൈനീസ് വന്‍മതിലെന്ന് അറിയപ്പെട്ടിരുന്ന സെന്റര്‍ഫോര്‍വേഡ് ഉമര്‍, ഹാഫ്ബാക്ക് ഹുസൈന്‍ ഖില്ലാര്‍, സ്‌കീമര്‍ ഗാനി, മൂസ എന്നിവരും അന്ന് ഫുട്‌ബോള്‍ ആരാധകരുടെ സ്‌നേഹം കണ്ടു.

പിന്നീടും അനേകം പാക് കളിക്കാരും ടീമും മലബാറില്‍ കളിക്കാനെത്തി.ക്‌ളബ്ബുകളായ ഫ്രണ്ടിയര്‍ ഹിലാല്‍, കറാച്ചി മക്രാന്‍സ്, കറാച്ചി ഫ്രണ്ട്‌സ് യൂണിയന്‍ തുടങ്ങി പാക് വേരുകളുളള കളിക്കാര്‍ക്കും ക്‌ളബ്ബുകള്‍ക്കുമെല്ലാം മലബാറില്‍ വലിയ ആരാധകവൃന്ദം ഉണ്ടായിരുന്നു. ബിക്കനീര്‍ ആര്‍എസി സ്‌ട്രൈക്കറായ മഖന്‍സിംഗ് രാജ്‌വിയും ഇത്തരം ഒരു മലബാറിന്റെ ഫുട്‌ബോള്‍ പ്രണയം പങ്കുവെച്ചിട്ടുണ്ട്. കളിയില്‍ ഹാട്രിക് നേടിയ താരത്തെ ഒരു കൂട്ടം ആരാധകര്‍ തോളത്തെടുത്തുകൊണ്ട് ബിരിയാണിക്ക് പേരുകേട്ട ബോംബെ ഹോട്ടലിലേക്ക് കൊണ്ടുപോകുകയും പണത്തെക്കുറിച്ച് ഓര്‍ക്കേണ്ട ആവശ്യത്തിന് ബിരിയാണി വാങ്ങി തിന്നുകൊള്ളാനും ആവശ്യപ്പെട്ടത്രേ.

കേരളത്തില്‍ സെവന്‍സ് കളിക്കാനെത്തിയ ആദ്യ മലയാളിയല്ലാത്ത കളിക്കാരന്‍ ഒളിമ്പ്യന്‍ അഹമ്മദ് ഖാനും ഇത്തരം ഒരനുഭവം പങ്കുവെയ്ക്കാനുണ്ട്. ഇസ്‌ളാമിയായ ഖാനെ എല്ലാ ദിവസവും കുളിച്ച ശേഷം തൊട്ടടുത്ത അമ്പലത്തിലേക്ക് ഒരു ഫുട്‌ബോള്‍ ആരാധകന്‍ കൊണ്ടുപോയ ശേഷം അവിടെ നിന്നും നിവേദിച്ച ഒരു എത്തപ്പഴം നിര്‍ബ്ബന്ധിച്ച് തീറ്റിക്കുമായിരുന്നു. അതേസമയം ആരാധകരുടെ ഫുട്‌ബോളിനോടുള്ള ഭ്രാന്താണ് തന്നോടുള്ളതല്ലെന്ന് ഖാന് തിരിച്ചറിയാമായിരുന്നു.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

Ads by Google
Ads by Google
Loading...
TRENDING NOW