Tuesday, November 20, 2018 Last Updated 35 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 06 Jul 2018 02.33 AM

ഭരണപരിഷ്‌കാരം കമ്മിഷന്റെ പേരില്‍ മാത്രം ഒതുങ്ങരുത്‌

uploads/news/2018/07/231208/bft1.jpg

നിയോജകമണ്ഡലത്തില്‍ ഒരു സ്‌കൂളിനു ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട്‌ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ എല്ലാ സ്‌കൂളുകള്‍ക്കും ഇ-മെയില്‍ അയച്ചിരുന്നു. സമയപരിധി കഴിഞ്ഞിട്ടും എസ്‌റ്റിമേറ്റ്‌ ലഭിക്കാത്തതിന്റെ കാരണം തിരക്കിയപ്പോഴാണ്‌ വിദ്യാഭ്യാസവകുപ്പ്‌ അമ്പരന്നത്‌: സ്‌കൂള്‍ അധികൃതര്‍ അങ്ങനെയൊരു ഇ-മെയില്‍ ശ്രദ്ധിച്ചതേയില്ല. യാഥാര്‍ഥ്യം ഇങ്ങനെയായിരിക്കേയാണ്‌ എം.എല്‍.എയും മറ്റു ജനപ്രതിനിധികളും സ്‌കൂളിനെ അവഗണിക്കുന്നുവെന്ന ഫെയ്‌സ്ബുക്‌ പൊങ്കാലകള്‍.
എസ്‌റ്റിമേറ്റ്‌ തയാറാക്കുന്നതിലും മറ്റും സ്‌കൂള്‍ അധികൃതരുടെ വീഴ്‌ച തിരിച്ചറിയാത്തതുകൊണ്ടാവാം പഴി മുഴുവന്‍ ജനപ്രതിനിധികള്‍ക്കാണ്‌. ജനപ്രതിനിധികള്‍ എത്ര ശ്രമിച്ചാലും വികസനപ്രവര്‍ത്തനങ്ങള്‍ക്കു നമ്മുടെ സംസ്‌ഥാനത്തു ചില മാമൂല്‍ നടപടികളുണ്ട്‌. നടപടിക്രമങ്ങളും തുടര്‍പ്രവര്‍ത്തനങ്ങളും നടപ്പാക്കേണ്ടത്‌ ഉദ്യോഗസ്‌ഥരുടെ ചുമതലയാണ്‌. ജനപ്രതിനിധികള്‍ക്കു പദ്ധതികള്‍ നിര്‍ദേശിക്കാനും സര്‍ക്കാര്‍ ഫണ്ട്‌ അനുവദിക്കാനുമേ കഴിയൂ. ഉദ്യോഗസ്‌ഥര്‍ സമയബന്ധിതമായി പ്രവര്‍ത്തിച്ചാലേ വികസനലക്ഷ്യം നേടാനാകൂ.
കേരളപ്പിറവിക്കുശേഷം നമ്മുടെ സിവില്‍ സര്‍വീസ്‌ പരിഷ്‌കരിക്കാന്‍ നാലു കമ്മിഷനുകള്‍ രൂപീകരിച്ചു. 1957-ല്‍ ഇ.എം.എസ്‌, 1965-ല്‍ ഇ.കെ. വെള്ളോടി, 1997-ല്‍ ഇ.കെ. നായനാര്‍, 2016-ല്‍ വി.എസ്‌. അച്യുതാനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലാണു ഭരണപരിഷ്‌കാര കമ്മിഷനുകള്‍ രൂപീകരിച്ചത്‌. നാലു കമ്മിഷനും ഒട്ടേറെ നിര്‍ദേശങ്ങള്‍ കാലാകാലങ്ങളില്‍ സമര്‍പ്പിച്ചു. എന്നാല്‍ അവയിലേറെയും ജലരേഖകളായി. കേരളത്തില്‍ ഏകദേശം 100 വകുപ്പുകളും വിവിധ പൊതുമേഖലാസ്‌ഥാപനങ്ങളും സര്‍ക്കാര്‍ ഏജന്‍സികളുമുണ്ട്‌. 5.5 ലക്ഷത്തോളം ജീവനക്കാരും അധ്യാപകരുമാണു 3.25 കോടി ജനങ്ങളുടെ ആവശ്യങ്ങളും ആവലാതികളും പരിഹരിക്കാനുള്ളത്‌. അന്ധന്‍ ആനയെ കണ്ടതുപോലെയും ആന കരിമ്പിന്‍കാട്ടില്‍ കയറിയതുപോലെയുമാണു നമ്മുടെ സര്‍ക്കാര്‍ സേവനങ്ങളുടെ അവസ്‌ഥ.
എം.എല്‍.എമാരും ഉദ്യോഗസ്‌ഥരും പങ്കെടുക്കുന്നതാണു ജില്ലാ വികസനസമിതികള്‍. ജില്ലാ കലക്‌ടറുടെ അധ്യക്ഷതയില്‍ എല്ലാ നാലാം ശനിയാഴ്‌ചയും ചേരുന്ന യോഗത്തില്‍ വികസനപ്രവര്‍ത്തനങ്ങളുടെ അവലോകനവും വിവിധവകുപ്പുകളുടെ പ്രവര്‍ത്തനവുമാണു ചര്‍ച്ചയാകുന്നത്‌. എന്നാല്‍, ഈ യോഗങ്ങളില്‍ പലപ്പോഴും ലഭിക്കുന്ന ഉത്തരങ്ങള്‍ കേവലം ഔപചാരികമാണ്‌. നിയമസഭയിലെ അനുഭവവും വേറിട്ടതല്ല. സര്‍ക്കാര്‍ പുറമ്പോക്കിന്റെ അളവ്‌ തിട്ടപ്പെടുത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിനു നിയമസഭയില്‍ ലഭിച്ച ഉത്തരം രസകരമാണ്‌-റീസര്‍വേ പൂര്‍ത്തിയായി, എന്നാല്‍ പുറമ്പോക്ക്‌ അളന്നു തിട്ടപ്പെടുത്തിയിട്ടില്ല! റീസര്‍വേ നടത്തിയിട്ടും ഭൂമി അളന്നില്ലെന്ന റവന്യൂ വകുപ്പിന്റെ ഉത്തരം പുറമ്പോക്കിലെ പാഴ്‌മരം പോലെയാണ്‌. നിയമസഭാസമിതികള്‍ പല വകുപ്പുകളോടും ആവശ്യപ്പെടുന്ന വിശദീകരണം ലഭിക്കുമ്പോഴേക്കു സഭയുടെ കാലാവധിതന്നെ കഴിഞ്ഞിരിക്കും. ഈ അലംഭാവം സര്‍ക്കാര്‍ സേവനത്തിന്റെ പൊതുസ്വഭാവമാണ്‌. മറിച്ചുള്ള അനുഭവങ്ങളുമുണ്ട്‌. കാര്‍ഷികമേഖലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സഹകരണത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ തിരക്കിച്ചെന്നപ്പോള്‍ എം.ഡി. ഉള്‍പ്പെടെ കാര്യങ്ങള്‍ വിശദീകരിക്കുകയും സഹകരണം ഉറപ്പാക്കുകയും ചെയ്‌തു. സ്‌മോള്‍ ഫാര്‍മേഴ്‌സ്‌ അഗ്രികള്‍ചര്‍ ബിസിനസ്‌ കണ്‍സോര്‍ഷ്യം ഓഫീസില്‍നിന്നു കാര്‍ഷികധനസഹായത്തിന്റെ സാധ്യതകള്‍ വിശദീകരിച്ചതും ഉദ്യോഗസ്‌ഥരുടെ നല്ല സമീപനത്തിനു മാതൃകയാണ്‌.
ജീവനക്കാരുടെ കര്‍മശേഷി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളാണു നിലവിലെ ഭരണപരിഷ്‌കാര കമ്മിഷന്റെ രണ്ടാം റിപ്പോര്‍ട്ടിലുള്ളത്‌. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ച്‌ കമ്മിഷന്റെ 21 കണ്ടെത്തലുകള്‍ സുപ്രധാനമാണ്‌. സേവന-വേതനങ്ങള്‍ സംബന്ധിച്ച നിരന്തര അസ്വസ്‌ഥത, വരുമാനവും സ്‌ഥാനവും നിലനിര്‍ത്താനും വര്‍ധിപ്പിക്കാനും ഏതുമാര്‍ഗവും തേടാനുള്ള പ്രവണത, ജനസേവനത്തിനുള്ള താത്‌പര്യക്കുറവ്‌, സ്വയംബഹുമാനക്കുറവ്‌, സ്വന്തം താത്‌പര്യസംരക്ഷണം, നന്നായി ജോലിചെയ്യുന്ന സഹപ്രവര്‍ത്തകരോട്‌ അസൂയ കലര്‍ന്നതും അനാരോഗ്യകരവുമായ സമീപനം, ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനുള്ള വൈമുഖ്യം, അധികാരകേന്ദ്രീകരണത്തിനുള്ള പ്രവണത, സഹപ്രവര്‍ത്തകരെ ഇടിച്ചുതാഴ്‌ത്തല്‍/കള്ളക്കഥ മെനയല്‍, അര്‍ഹരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുക, സേവനം ഔദാര്യമായി കണക്കാക്കുകയും കൃതജ്‌ഞത പ്രതീക്ഷിക്കുകയും ചെയ്യുക, സേവനം നല്‍കാതിരിക്കുന്നതിലും തടസപ്പെടുത്തുന്നതിലും സംതൃപ്‌തി കണ്ടെത്തുക, സേവനങ്ങള്‍ക്കു സമയക്ലിപ്‌തത പാലിക്കാതിരിക്കുക, ഇടനിലക്കാരുമായുള്ള അവിശുദ്ധകൂട്ടുകെട്ട്‌, സ്വാഭിമാനക്കുറവ്‌, സ്‌ഥാപനത്തിനുള്ളില്‍ വ്യക്‌തിബന്ധങ്ങള്‍ സൂക്ഷിക്കാതിരിക്കുക, ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ വൈദഗ്‌ധ്യക്കുറവ്‌, അച്ചടക്കനടപടികളോടുള്ള നിഷേധാത്മകനിലപാട്‌, രാഷ്‌ട്രീയനേതൃത്വം സംരക്ഷിക്കുമെന്ന അമിതവിശ്വാസം...ഇതെല്ലാമാണു കമ്മിഷന്‍ കണ്ടെത്തിയത്‌. ഇവയെല്ലാം ഏറിയും കുറഞ്ഞും ജനം അനുഭവിച്ചിട്ടുള്ളതാണ്‌.
സര്‍ക്കാര്‍ ജീവനക്കാരില്‍ സേവനതത്‌പരരായ ന്യൂനപക്ഷത്തെ വിശ്വാസത്തിലെടുക്കാനും ആദരിക്കാനും കഴിയുന്നില്ലെന്നതും മറ്റൊരു സത്യം. ധനകാര്യസ്‌ഥാപനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും സ്വകാര്യസ്‌ഥാപനങ്ങള്‍ക്കും വിവിധതലത്തില്‍ അംഗീകാരമാനദണ്ഡങ്ങളുണ്ട്‌. അതില്ലാത്തതു സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മാത്രമാണ്‌. വല്ലപ്പോഴും ലഭിക്കുന്ന ഗുഡ്‌ സര്‍വീസ്‌ എന്‍ട്രി ഒഴികെ, മികച്ച ജീവനക്കാരെ പ്രോത്സാഹിപ്പിക്കാനും നടപടിയില്ല. സര്‍ക്കാരുകള്‍ മാറിവരുമ്പോള്‍ താക്കോല്‍സ്‌ഥാന നിയമനങ്ങള്‍ കഴിവിന്റെ അടിസ്‌ഥാനത്തിലല്ല. പകരം രാഷ്‌ട്രീയവിശ്വാസത്തിന്റെ അടിസ്‌ഥാനത്തിലാണ്‌. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക്‌ എങ്ങനെ മികച്ച സേവനം ലഭ്യമാകും? കുതിരയെ എങ്ങനെയും കുളത്തിലിറക്കാം. എന്നാല്‍, വെള്ളം കുടിക്കണമെങ്കില്‍ കുതിര വിചാരിക്കണം. മികച്ച സേവനമേഖല സൃഷ്‌ടിച്ചെടുക്കാന്‍ മൂന്നാം ഭരണപരിഷ്‌കാര കമ്മിഷന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പരിശീലന നയമാണ്‌ അതില്‍ പ്രധാനം. നിലവിലുള്ള 100 പരിശീലനകേന്ദ്രങ്ങള്‍ വിവിധ വകുപ്പുകള്‍ക്കു കീഴില്‍ ചിതറിക്കിടക്കുന്നു. ഇവയുടെ പ്രവര്‍ത്തനരീതികളും വ്യത്യസ്‌തമാണ്‌. അതിനാല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ ഇന്‍ ഗവണ്‍മെന്റിനെ നോഡല്‍ ഏജന്‍സിയായി നിലനിര്‍ത്തി, സംസ്‌ഥാനമാകെ പരിശീലനശൃംഖല രൂപീകരിക്കണം. അതിനായി പദ്ധതിത്തുകയുടെ 2% മാറ്റിവയ്‌ക്കണമെന്നുമായിരുന്നു നിര്‍ദേശം. ഇതിന്റെ അടിസ്‌ഥാനത്തില്‍ നാലാം ഭരണപരിഷ്‌കാര കമ്മിഷന്റെ രണ്ടാം റിപ്പോര്‍ട്ടില്‍ വിശദമായ നിര്‍ദേശങ്ങളാണുള്ളത്‌.
ഓരോ സ്‌ഥാപനത്തിനും പ്രവര്‍ത്തനാടിസ്‌ഥാനത്തില്‍ അക്രഡിറ്റേഷന്‍ നല്‍കണം. ജീവനക്കാരുടെ പ്രവര്‍ത്തനമികവ്‌ തിരിച്ചറിയാനും അംഗീകരിക്കാനും നടപടിയുണ്ടാകണം. വകുപ്പുതലപരീക്ഷകള്‍ പാസായാല്‍ ഉദ്യോഗക്കയറ്റം ലഭിക്കുമെന്നതിനപ്പുറം, ഇടവേളകളില്‍ സ്വയം വിലയിരുത്തല്‍ നിര്‍ബന്ധമാക്കണം. സെക്രട്ടേറിയറ്റിലുള്ള ഈ സംവിധാനം എല്ലാ ഓഫീസുകള്‍ക്കും ബാധകമാക്കണം. സഹവര്‍ത്തിത്വം, പരസ്‌പരധാരണ, ഉത്തരവാദിത്വം, സുതാര്യത, പ്രതികരണാത്മകത, നിയമവിധേയത്വം എന്നിവയെല്ലാം ഒത്തുചേരുമ്പോഴാണു നല്ല ഭരണസംവിധാനമുണ്ടാകുന്നത്‌. ഇത്തരമൊരു സമഗ്ര വീക്ഷണത്തിനു ഭരണപരിഷ്‌കാര കമ്മിഷന്റെ രണ്ടാം റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പര്യാപ്‌തമാണ്‌. അവ എങ്ങനെ നടപ്പാക്കുമെന്നാണു കണ്ടറിയേണ്ടത്‌.

Ads by Google
Friday 06 Jul 2018 02.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW