Monday, July 22, 2019 Last Updated 1 Min 33 Sec ago English Edition
Todays E paper
Ads by Google
വ്യത്യസ്തരല്ല; ഇവര്‍ വ്യക്തിത്വമുള്ളവര്‍ / വി.പി. നിസാര്‍
Friday 06 Jul 2018 02.32 AM

അഭിമാനതാരകങ്ങള്‍ ഏറെ; അപമാനഭാരം പേറുന്നവരും

uploads/news/2018/07/231207/opinion060718a1.jpg
ഹണി എന്ന ഐന്‍ ഹണി ആരോഹി

ഒരു ബിസിനസ്‌ സ്‌ഥാപനത്തിന്റെ ആദ്യ ട്രാന്‍സ്‌വുമണ്‍ ബ്രാന്‍ഡ്‌ അംബാസഡറാണു ഫോര്‍ട്ട്‌ കൊച്ചി സ്വദേശി ഹണി എന്ന ഐന്‍ ഹണി ആരോഹി. 2016-ല്‍ തിരുവനന്തപുരത്തു നടന്ന മിസ്‌ മാനവീയം മത്സരത്തില്‍ ഹണിയായിരുന്നു ജേതാവ്‌. ആ ഷോ കാണാനെത്തിയ വീവേഴ്‌സ്‌ വില്ലേജ്‌ ഉടമ ശോഭയാണു സ്‌ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചത്‌.

തുടര്‍ന്ന്‌ അവരുടെ ബ്രാന്‍ഡ്‌ അംബാസഡറായി. മട്ടാഞ്ചേരി സ്വദേശി വര്‍ഗീസിന്റെയും എറണാകുളം ചെല്ലാനം സ്വദേശി റജീനയുടെയും അഞ്ചുമക്കളില്‍ ഇളയവനായാണു ജനനം. സഹോദരിമാര്‍ക്കൊപ്പം തന്നെയും പെണ്ണായി കാണാനായിരുന്നു ഹണിക്കു താത്‌പര്യം.

അച്‌ഛന്റെ മരണശേഷം അമ്മ ഏറെ കഷ്‌ടപ്പെട്ടാണു വളര്‍ത്തിയത്‌. ഏഴാംവയസില്‍ തന്നിലെ സ്‌ത്രീയെ ആദ്യം മനസിലാക്കിയതു കോണ്‍വെന്റിലെ സിസ്‌റ്റര്‍മാര്‍ ആയിരുന്നെന്നു ഹണി പറയുന്നു. ചെറുപ്പത്തില്‍ കന്യാസ്‌ത്രീ ആകാനായിരുന്നു ഇഷ്‌ടം.

ഇക്കാര്യം വീട്ടുകാരോടു പറഞ്ഞെങ്കിലും അവര്‍ തമാശയായേ എടുത്തുള്ളൂ. 2013-ലെ ട്രാന്‍സ്‌ ഫാഷന്‍ ഷോകളില്‍ മലപ്പുറത്തും കോഴിക്കോട്ടും കൊല്ലത്തും തൃശൂരും കാസര്‍ഗോഡും സൗന്ദര്യറാണിയായി. എറണാകുളത്തു സെക്കന്‍ഡ്‌ റണ്ണര്‍അപ്പായി. തുടര്‍ന്ന്‌ എറണാകുളത്തെ ഒരു ബിസിനസുകാരന്‍ സഹായിക്കാമെന്നേറ്റു.

ആദ്യമതു കാര്യമാക്കിയില്ല. എന്നാല്‍, 2015 ജൂലൈ 29-നു ശസ്‌ത്രക്രിയയിലൂടെ സ്‌ത്രീയായശേഷം അദ്ദേഹവുമൊത്താണു ജീവിതം. 2017 ക്വീന്‍ ഓഫ്‌ ദ്വയയില്‍ ബ്യൂട്ടി ഐക്കണായും ബ്യൂട്ടിഫുള്‍ ഹെയറായും തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ സിനിമയില്‍ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും അറിയപ്പെടുന്ന മോഡലാകാനാണ്‌ ആഗ്രഹം.

ശീമാട്ടിയുടെ ഉടമ ബീനാ കണ്ണനെ ജീവിതവിജയത്തിന്റെ മാതൃകയായാണു കാണുന്നത്‌. അവരുടെ പരസ്യത്തില്‍ അഭിനയിക്കണം. ട്രാന്‍സ്‌ജെന്‍ഡറായല്ല, പെണ്ണായിത്തന്നെ അറിയപ്പെടാനാണു ഹണിക്കിഷ്‌ടം.

**** ഐ.എ.എസ്‌. നേടാന്‍ ശ്രുതി സിത്താര

ക്വീന്‍ ഓഫ്‌ ദ്വയ സൗന്ദര്യമത്സരത്തിന്റെ രണ്ടാംപതിപ്പില്‍ വിജയകിരീടം ചൂടിയ ശ്രുതി സിത്താര രാജ്യത്തെ ആദ്യ ട്രാന്‍സ്‌വുമണ്‍ കലക്‌ടറാകാനുള്ള പരിശ്രമത്തിലാണ്‌. കഴിഞ്ഞ ജൂണ്‍ മൂന്നിനു സിവില്‍ സര്‍വീസ്‌ പ്രിലിമിനറി പരീക്ഷയെഴുതി. എം.കോമിനു പഠിക്കുന്ന ശ്രുതി നിലവില്‍ സാമൂഹികനീതി വകുപ്പിന്റെ പ്രോജക്‌ട്‌ അസിസ്‌റ്റന്റാണ്‌. എറണാകുളം സെന്റ് ആല്‍ബര്‍ട്ട് കോളജിലാണു ബിരുദപഠനം പൂര്‍ത്തിയാക്കിയത്‌. കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയാണ്‌.

****അനന്യം ഈ ആര്‍.ജെ.
കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയായ അനന്യ, അവതാരകയായും ചമയകലാകാരിയായും ശോഭിക്കുന്നു. ഏറെ തിരക്കേറിയ ബ്രൈഡല്‍ സ്‌പെഷലിസ്‌റ്റ്‌ മേക്കപ്പ്‌ കലാകാരിയുമാണ്‌. അതിനൊപ്പം കൊച്ചി സെന്റ്‌ തെരേസാസ്‌ കോളജില്‍ കമ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌ ഡിപ്ലോമയ്‌ക്കു പഠിക്കുന്നു. കഴിഞ്ഞവര്‍ഷം ക്വീന്‍ ഓഫ്‌ ദ്വയ മത്സരത്തില്‍ ബെസ്‌റ്റ്‌ പബ്ലിക്‌ ബിഹേവിയര്‍ പുരസ്‌കാരം സ്വന്തമാക്കി.

ഈവര്‍ഷം ക്വീന്‍ ഓഫ്‌ ദ്വയ മെഗാഷോയുടെ അവതാരകയായിരുന്നു. സ്‌കൂള്‍ പഠനത്തിനുശേഷം മിക്ക ട്രാന്‍സ്‌ജെന്‍ഡറുകളെയും പോലെ നാടുവിട്ട അനന്യയുടെ വീട്‌ കൊല്ലം പെരുമണിലാണ്‌. പിതാവും സഹോദരങ്ങളും ബസ്‌ കണ്ടക്‌ടര്‍മാര്‍. മാസങ്ങള്‍ക്കു മുമ്പു നടന്ന സഹോദരന്റെ വിവാഹത്തിനു ക്ഷണിച്ചില്ല.

വിവാഹാശംസയ്‌ക്കു മറുപടിയായെത്തിയതു വധഭീഷണിയായിരുന്നെന്ന്‌ അനന്യ പറയുന്നു. 2011-ല്‍ വീടു വിട്ടതാണെങ്കിലും തന്നോടു വീട്ടുകാര്‍ക്കുള്ള ദേഷ്യം മാറിയിട്ടില്ല. തന്നെ മാത്രമല്ല, അമ്മയേയും വെട്ടിക്കൊന്നു റെയില്‍വേ ട്രാക്കിലെറിയുമെന്നായിരുന്നു ഭീഷണി.

uploads/news/2018/07/231207/opinion060718a2.jpg
ശ്രുതി സിത്താര

***** കാല്‍ലക്ഷം ട്രാന്‍സില്‍ 81.30% സ്‌ത്രീകള്‍
സംസ്‌ഥാനത്തു കാല്‍ലക്ഷത്തോളം ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഉണ്ടെന്നാണു സാമൂഹ്യനീതിവകുപ്പിന്റെ സര്‍വേ റിപ്പോര്‍ട്ട്‌. (കൗമാരക്കാര്‍-2.76%, 21-30 വയസുള്ളവര്‍-33.73%, 31-40 വയസുള്ളവര്‍-39.60, 70 വയസിനുമേല്‍-0.99%). സര്‍വേയില്‍ പങ്കെടുത്ത 0.44% പേര്‍ ഇന്റര്‍സെക്‌സ്‌ (ആണ്‍-പെണ്‍ ലൈംഗികാവയവങ്ങള്‍ ഉള്ളവര്‍) വിഭാഗക്കാരാണ്‌. ട്രാന്‍സ്‌മെന്‍ (സ്‌ത്രീയുടെ ശരീരവും പുരുഷമനസും)-18.25%, ട്രാന്‍സ്‌വുമണ്‍ (പുരുഷശരീരവും സ്‌ത്രീമനസും)-81.30%. ലിംഗമാറ്റശസ്‌ത്രക്രിയ നടത്തിയവരെയും സര്‍വേയില്‍ ഉള്‍പ്പെടുത്തി.

**** കേരളം ഇനിയും മാറണം
കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡറുകളില്‍ 73% പേര്‍ റേഷന്‍ കാര്‍ഡില്‍ പേരുള്ളവരാണ്‌. എന്നാല്‍ കുടുംബത്തില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഉണ്ടെന്നു പറയാന്‍ സമൂഹം ഇപ്പോഴും മടിക്കുന്നു. ഇത്തരം സാഹചര്യങ്ങളാല്‍ സ്‌കൂളുകളില്‍നിന്നു കൊഴിഞ്ഞുപോകുന്ന ട്രാന്‍സ്‌ജെന്‍ഡറുകളുടെ എണ്ണം വളരെക്കൂടുതലാണ്‌. 2014 ഏപ്രില്‍ 14-ലെ സുപ്രീം കോടതി വിധിപ്രകാരമാണു കേരളം ട്രാന്‍സ്‌ജെന്‍ഡര്‍ നയം നടപ്പാക്കുന്ന ആദ്യസംസ്‌ഥാനമായത്‌.

**** പഠനം മുടക്കുന്ന പരിഹാസം
സാക്ഷരതാ മിഷന്‍ വിവിധ ജില്ലകളില്‍ നടത്തിയ സര്‍വേയില്‍ 918 ട്രാന്‍സ്‌ജെന്‍ഡറുകളാണു തുടര്‍പഠനത്തിനു താത്‌പര്യം പ്രകടിപ്പിച്ചത്‌. ഏഴാംക്ലാസിനും 10-ാം ക്ലാസിനുമിടയിലാണ്‌ ഇവരില്‍ മിക്കവരും പഠനമുപേക്ഷിച്ചത്‌. വിദ്യാലയങ്ങളിലെ കളിയാക്കലും സൗഹൃദാന്തരീക്ഷം ഇല്ലാത്തതുമാണ്‌ പ്രധാനകാരണം.

തുടര്‍വിദ്യാഭ്യാസത്തിനു താത്‌പര്യം പ്രകടിപ്പിച്ച മുഴുവന്‍പേരെയും അതിനു സഹായിക്കുമെന്നു സാക്ഷരതാ മിഷന്‍ ഡയറക്‌ടര്‍ ഡോ. പി.എസ്‌. ശ്രീകല പറഞ്ഞു. സാക്ഷരതാ മിഷന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ തുടര്‍വിദ്യാഭ്യാസപദ്ധതി (സമന്വയ) കഴിഞ്ഞ ജനുവരി 28-നാണ്‌ ആരംഭിച്ചത്‌. ആദ്യഘട്ടത്തില്‍ 45 അധ്യാപകരെ തെരഞ്ഞെടുത്തു. ഇവരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുമുണ്ട്‌.

***** ജനിച്ചതിനുപോലും തെളിവില്ലാത്തവര്‍
ട്രാന്‍സ്‌ജെന്‍ഡറുകളില്‍ സ്വന്തം ലിംഗപദവി തുറന്നുപറഞ്ഞ്‌ ജീവിക്കുന്നവരുടെ എണ്ണം വളരെക്കുറവാണ്‌. രക്ഷിതാക്കളോടൊപ്പം താമസിക്കുന്നവര്‍-41.92%, സ്വന്തം വീടുള്ളവര്‍-27.54%, വാടകയ്‌ക്കു താമസിക്കുന്നവര്‍-27.76%, അഭയകേന്ദ്രങ്ങളിലുള്ളവര്‍-2.76%. സര്‍വേയില്‍ പങ്കെടുത്ത 37.5% പേര്‍ക്കു യാതൊരു ജനനരേഖയുമില്ല. 20.35% തൊഴില്‍രഹിതരാണ്‌. 16.70% പേര്‍ സ്വകാര്യതൊഴില്‍മേഖലയില്‍.

സര്‍ക്കാര്‍ജോലിക്കാര്‍-1.65%, അര്‍ധസര്‍ക്കാര്‍ സ്‌ഥാപനങ്ങളില്‍-5.86%, സ്വയംതൊഴിലുകാര്‍-30.86%, ഭിക്ഷാടകര്‍-6.85%, ലൈംഗികത്തൊഴിലാളികള്‍-8.51%. 1000 രൂപയില്‍ താഴെ പ്രതിമാസവരുമാനമുള്ളവര്‍-49.77. 1000-5000 രൂപവരെ-28.53%, 10,000 രൂപവരെ- 19.46%. ഹിന്ദു-65.15%, ക്രിസ്‌ത്യന്‍-18.91%, മുസ്ലിം-14.38%, ഒരു മതത്തിലും പെടാത്തവര്‍-1.54%.

***** നിരക്ഷരര്‍ 1.2% മാത്രം
നിരക്ഷരരായ ട്രാന്‍സ്‌ജെന്‍ഡറുകള്‍ 1.2 ശതമാനമേയുള്ളൂ. നാലാം ക്ലാസില്‍ പഠനം നിര്‍ത്തിയവര്‍-1.76%, 4-7 വരെ പഠിച്ചവര്‍-10.61%, 7-10 വരെ പഠിച്ചവര്‍-39.15%, ഹയര്‍ സെക്കന്‍ഡറി-26.65%, ബിരുദധാരികള്‍-13.60%, പി.ജിക്കാര്‍-2.10%, പ്രഫഷണല്‍ യോഗ്യതയുള്ളവര്‍-1.1%, സാങ്കേതികവിദ്യാഭ്യാസമുള്ളവര്‍-1.54%, പ്രഫഷണല്‍ ബിരുദക്കാര്‍-0.55%. സര്‍വേയില്‍ പങ്കെടുത്ത 67.14% പേരും തുടര്‍വിദ്യാഭ്യാസത്തിനു തല്‍പ്പരരാണ്‌. 32.85% പേര്‍ പലവിധ ആശങ്കകളാല്‍ അതേക്കുറിച്ചു ചിന്തിക്കുന്നില്ല. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു പാന്‍കാര്‍ഡിന്‌ അപേക്ഷിക്കാമെന്ന ഉത്തരവ്‌ കഴിഞ്ഞ മേയ്‌ ഒമ്പതിനാണു കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്‌.

uploads/news/2018/07/231207/opinion060718a.jpg
റേഡിയോ ജോക്കിയായ അനന്യ

***** സാമൂഹികനീതി വകുപ്പിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ പദ്ധതികള്‍
കഴിഞ്ഞമാസം മുതല്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കിത്തുടങ്ങി. മാര്‍ച്ച്‌ വരെ അപേക്ഷിച്ചവരെയാണു പരിഗണിച്ചത്‌. പദ്ധതിക്കായി സര്‍ക്കാര്‍ 2.8 ലക്ഷം രൂപ വകയിരുത്തി. ഭരണഘടനപ്രകാരമുള്ള മൗലികാവകാശങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ഉറപ്പുവരുത്താന്‍ പോലീസിനെയും സ്‌കൂള്‍ അധ്യാപകരെയും ഉള്‍പ്പെടുത്തി ബോധവത്‌കരണ ക്ലാസുകള്‍.

സാക്ഷരതാ മിഷന്‍ സര്‍വേയില്‍ സന്നദ്ധത പ്രകടിപ്പിച്ച 914 പേര്‍ക്ക്‌ തുടര്‍വിദ്യാഭ്യാസപദ്ധതി. ഒരു ജില്ലയില്‍ അഞ്ചുവീതം ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു ഡ്രൈവിങ്‌ പരിശീലനം. വിദ്യാഭ്യാസത്തിനും അഭിരുചിക്കും അനുയോജ്യമായ തൊഴില്‍ നൈപുണ്യപരിശീലനത്തിന്‌ കേരളാ അക്കാഡമി ഫോര്‍ സ്‌കില്‍സ്‌ എക്‌സലന്‍സിന്റെ സഹകരണത്തോടെ പദ്ധതി. കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്‌, കോഴിക്കോട്‌, കാസര്‍ഗോഡ്‌ ജില്ലകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സുരക്ഷാഭവനങ്ങള്‍.

നാലുജില്ലകളില്‍ കെട്ടിടം കണ്ടെത്തി. സ്‌കൂള്‍ മുതല്‍ ബിരുദതലം വരെ പ്രതിമാസ സ്‌കോഷര്‍ഷിപ്‌. (7-10 വരെ 1000 രൂപ, പ്ലസ്‌ടു വരെ 1500 രൂപ, കോളജില്‍ 2000 രൂപ). ഇതിനായി സാമൂഹികനീതി ഓഫീസില്‍ അപേക്ഷ നല്‍കണം. ലിംഗമാറ്റശസ്‌ത്രക്രിയയ്‌ക്കു വിധേയരാകുന്നവര്‍ക്കു തിരുവനന്തപുരത്തു കെയര്‍ ഹോം. രാജ്യത്ത്‌ ആദ്യത്തെ ട്രാന്‍സ്‌ സംസ്‌ഥാന സ്‌കൂള്‍ കലോത്സവം ഈമാസം എറണാകുളത്ത്‌. സാമൂഹികനീതിവകുപ്പില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍. പ്രോജക്‌ട്‌ ഓഫീസര്‍, അസിസ്‌റ്റന്റ്‌, അറ്റന്‍ഡന്റ്‌ തസ്‌തികകളില്‍ നാലു ട്രാന്‍സ്‌ജെന്‍ഡറുകളെ നിയമിച്ചു.

തിരുവനന്തപുരം, കോഴിക്കോട്‌ മെഡിക്കല്‍ കോളജുകളില്‍ ലിംഗമാറ്റശസ്‌ത്രക്രിയാ യൂണിറ്റുകളും ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ ക്ലിനിക്കുകളും സ്‌ഥാപിക്കും. ട്രാന്‍സ്‌ജെന്‍ഡര്‍ ഇന്‍ഷുറന്‍സ്‌ പരിരക്ഷയ്‌ക്കു നടപടി സ്വീകരിച്ചുവരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ലൈന്‍ നമ്പര്‍: 1800 425 2147. ഹെല്‍പ്‌ലൈന്‍ ഡെസ്‌ക്കില്‍ മൂന്നു ട്രാന്‍സ്‌ജെന്‍ഡര്‍ ജീവനക്കാരെ നിയമിക്കും. പി.എസ്‌.സി. അപേക്ഷാഫോമുകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കോളവും ഉള്‍പ്പെടുത്തും. പൊതുസമൂഹത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെക്കുറിച്ച്‌ അവബോധം സൃഷ്‌ടിക്കും.

****** സര്‍വേ ശിപാര്‍ശകള്‍
വിദ്യാഭ്യാസം, കൗണ്‍സലിങ്‌ മേഖലകളില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുക. തിരിച്ചറിയല്‍ രേഖകള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വ്യക്‌തിത്വത്തോടെ ലഭ്യമാക്കുക. ട്രാന്‍സ്‌ജെന്‍ഡര്‍, ട്രാന്‍സ്‌സെക്‌ഷ്വല്‍, ഇന്റര്‍സെക്‌ഷ്വല്‍ വ്യക്‌തികള്‍ക്കു പെന്‍ഷന്‍ പദ്ധതി, എല്‍.ജി.ബി.ടി. ബില്‍/നിയമം പാസാക്കുക. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു നേരേയുള്ള അതിക്രമങ്ങളില്‍ ഉടന്‍ നടപടി. പൊതുവിടങ്ങളില്‍ തുല്യപങ്കാളിത്തം.

ലിംഗമാറ്റ ശസ്‌ത്രക്രിയ സൗജന്യമാക്കണം. എല്ലാ ജില്ലയിലും ട്രാന്‍സ്‌ജെന്‍ഡര്‍ നിയമസഹായവേദി. ട്രാന്‍സ്‌ജെന്‍ഡര്‍ നയത്തിന്റെ മലയാളപരിഭാഷ ലഭ്യമാക്കുക. തുടര്‍വിദ്യാഭ്യാസപദ്ധതിയില്‍ താമസം, ഭക്ഷണം, സ്‌കോളര്‍ഷിപ്‌. സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു മുന്‍ഗണന. സുപ്രീംകോടതി ഉത്തരവുപ്രകാരം ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക്‌ ഒ.ബി.സി. സംവരണം. കുടുംബസ്വത്തില്‍ അവകാശം ഉറപ്പാക്കുക.

-------- ( അവസാനിച്ചു )

Ads by Google
വ്യത്യസ്തരല്ല; ഇവര്‍ വ്യക്തിത്വമുള്ളവര്‍ / വി.പി. നിസാര്‍
Friday 06 Jul 2018 02.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW