ബംഗുളൂരു : വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി വായ്പയെടുത്ത് തിരിച്ചടയ്ക്കാനാകാതെ ലണ്ടനിലേയ്ക്ക് കടന്ന മദ്യരാജാവ് വിജയ് മല്യയുടെയും യുണൈറ്റഡ് ബ്രെവറീസിന്റെയും 159 സ്വത്തുവകകള്‍ തിരിച്ചറിഞ്ഞതായി ബെംഗുളൂരു പോലീസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുഖേന ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പിടികിട്ടാപ്പുള്ളിയായി മല്യയെ പ്രഖ്യാപിച്ച് സ്വത്തുവകകള്‍ കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടററേറ്റ് ജൂണ്‍ 22 ന് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് ഫയലില്‍ സ്വീകരിച്ച കോടതി മല്യയോട് ആഗസ്റ്റ് 27 ന് ഹാജരാകണമെന്ന് കാട്ടി ജൂണ്‍ 30 ന് സമന്‍സ് അയച്ചിരുന്നു. ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍, രാഷ്ട്രീയ പ്രേരിതമായ ഇടപെടലുകള്‍ നടന്നാല്‍ തനിക്കൊന്നും ചെയ്യാനാകില്ലെന്നും മല്യ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലുടെ വ്യക്തമാക്കിയിരുന്നു.