Wednesday, April 24, 2019 Last Updated 6 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jul 2018 12.45 AM

വായനക്കാരെ നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച പ്രസാധകന്‍

uploads/news/2018/07/230871/4.jpg

പത്രപ്രവര്‍ത്തനത്തില്‍നിന്ന്‌ ആര്‍ജിച്ച അനുഭവസമ്പത്തിന്റെയും പൊതുബന്ധത്തിന്റെയും കരുത്തില്‍ പുത്തന്‍പരീക്ഷണങ്ങളുമായി വായനക്കാരെ ഒപ്പംനിര്‍ത്തിയ പ്രസാധകനായിരുന്നു പെന്‍ ബുക്‌സ്‌ ഉടമ പോളി കെ. അയ്യമ്പിള്ളി. കേരളത്തെ ഇളക്കിമറിച്ച പ്രസിദ്ധീകരണ ശൈലിയുടെ ഉപജ്‌ഞാതാവായിരുന്ന അദ്ദേഹം "യൂട്ടിലിറ്റി" പുസ്‌തകമെന്ന ആശയം മുറുകെപ്പിടിച്ചായിരുന്നു മുന്നോട്ടുവന്നത്‌. വളരെ ചുരുങ്ങിയ കാലം കൊണ്ട്‌ അനിഷേധ്യമായ മേല്‍ക്കോയ്‌മയാണു പെന്‍ ബുക്‌സും പോളിയും നേടിയത്‌.
വായനക്കാര്‍ വായിച്ചു തീര്‍ന്ന പുസ്‌തകങ്ങള്‍ ന്യായമായ വില നല്‍കി വാങ്ങിയശേഷം വില്‌പനമേളകള്‍ നടത്തി വിറ്റഴിക്കുന്ന തന്ത്രം അദ്ദേഹം പരീക്ഷിച്ചു. അമിതമായ വില നല്‍ക്കാതെ വിവിധ ശ്രേണികളില്‍പ്പെട്ട പുസ്‌തകങ്ങള്‍ വായനക്കാരുടെ കൈകളില്‍ എത്തിച്ച തന്ത്രത്തിന്‌ നിറഞ്ഞ കൈയടിയാണ്‌ കിട്ടിയത്‌.
1994 മുതല്‍ സെക്കന്‍ഡ്‌ പുസ്‌തക വില്‌പനരംഗത്തേക്ക്‌ കടന്നുന്ന പോളി കെ. അയ്യമ്പിള്ളിയുടെ ദീര്‍ഘവീക്ഷണവും അര്‍പ്പണ മനോഭാവവും സ്‌ഥിരോത്സാഹവും അദ്ദേഹത്തെ വളരെ പെട്ടെന്ന്‌ ശ്രദ്ധേയനാക്കി. മലയാളത്തില്‍ വളരെ ചര്‍ച്ച ചെയ്യപ്പെട്ട ആയിരത്തോളം പുസ്‌തകങ്ങള്‍ പെന്‍ ബുക്‌സ്‌ വിപണിയിലിറക്കി. "ഇംഗ്ലീഷ്‌ സംസാരിക്കാനുള്ള ഒരു ഫോര്‍മുല" ലക്ഷക്കണക്കിന്‌ കോപ്പികളാണ്‌ വിറ്റഴിഞ്ഞത്‌. ഒരു ഗ്രാമര്‍ പുസ്‌തകത്തിനും കിട്ടാത്ത ആവേശകരമായ സ്വീകരണമാണ്‌ വായനക്കാരില്‍ നിന്നു കിട്ടിയത്‌. അതിനൊപ്പം റിവേഴ്‌സ്‌ ഡിക്‌ഷനറി, ഇംഗ്ലീഷ്‌ കത്തെഴുത്ത്‌ എന്ന കല, ഷുവര്‍ ഇംഗ്ലീഷ്‌, കോര്‍ ഓഫ്‌ കര്‍ണാട്ടിക്‌ മ്യൂസിക്‌, മാതാ അമൃതാനന്ദമയിയുടെ ജീവചരിത്രം, നവാബ്‌ രാജേന്ദ്രന്റെ ആത്മകഥ, വി.എസ്‌. അച്യുതാനന്ദന്റെ ജീവചരിത്രം, മദര്‍ തെരേസ, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആത്മകഥപരമായ ഓര്‍മകള്‍ നിറഞ്ഞ ചിദംബര സ്‌മരണകള്‍, ചന്ദ്രകാന്ത തുടങ്ങി നിരവധി പുസ്‌തകങ്ങള്‍ വായനലോകത്തെ ഇളക്കിമറിച്ചു.
പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട്‌ നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി.
സണ്‍ ടിവി മില്ലനേനിയം ലീഡേഴ്‌സ്‌ അവാര്‍ഡ്‌, ഗാന്ധിയന്‍ അക്ഷര പുരസ്‌കാരം, ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ പബ്ലിക്കേഷന്‍സ്‌ ന്യൂഡല്‍ഹിയുടെ എക്‌സലന്‍സ്‌ ഇന്‍ ബുക്ക്‌ പബ്ലിക്കേഷന്‍ അവാര്‍ഡ്‌, നെഹ്‌റു പീസ്‌ ഫൗണ്ടേഷന്‍ അവാര്‍ഡ്‌, ഗാന്ധി പീസ്‌ ഫൗണ്ടേഷന്‍ അവാര്‍ഡ്‌, വൈസ്‌ മെന്‍ അവാര്‍ഡ്‌ തുടങ്ങിയവ. കേരളത്തിലുടനീളം ബ്രാഞ്ചുകളും ഏജന്‍സികളും പെന്‍ ബുക്‌സിനുണ്ടായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ അനുഭവമുള്ള അദ്ദേഹം മറ്റു ചില ബിസിനസിനും തയാറായി. എറണാകുളത്ത്‌ എം.ജി റോഡില്‍ ആരംഭിച്ച രാത്രി ഒരുമണിവരെ തുറന്നുപ്രവര്‍ത്തിക്കുന്ന "ട്രഷര്‍ ഹണ്ട്‌" എന്ന ഗിഫ്‌റ്റ്‌ ഷോപ്പ്‌ സ്‌ഥാപനം ഏറെ പുതുമകള്‍ സമ്മാനിച്ചു. റിയല്‍ എസ്‌റ്റേറ്റ്‌ രംഗത്തും അദ്ദേഹം ചുവടുവച്ചു. ഇതിനിടെ, അപ്രതീക്ഷിതമായി ചില തിരിച്ചടിയും അദ്ദേഹം നേരിട്ടു. തളരാത്ത മനസിനുടമയായിരുന്നു പോളിയെ ഹൃദയസംബന്ധമായ രോഗം പാതിവഴിയില്‍വച്ചു തളര്‍ത്തി. ഇതോടെ, വലിയൊരു പ്രസ്‌ഥാനത്തെ തനിച്ചാക്കി അദ്ദേഹം സുഷുപ്‌തിയില്‍ മറഞ്ഞു.

ടി.പി. ചാക്കോച്ചന്‍

Ads by Google
Thursday 05 Jul 2018 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW