Tuesday, July 16, 2019 Last Updated 10 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jul 2018 12.44 AM

മലയാളിയുടെ ലീഡര്‍

uploads/news/2018/07/230870/3.jpg

ആധുനിക കേരളം സൃഷ്‌ടിച്ചവരില്‍ പ്രമുഖ സ്‌ഥാനമാണു ലീഡര്‍ കെ. കരുണാകരനുള്ളത്‌. ചരിത്രം സൃഷ്‌ടിക്കാനും സ്വയം ചരിത്രമാകാനും അപൂര്‍വം ചിലര്‍ക്കേ സാധിക്കൂ. അതിലൊരാളായിരുന്നു അദ്ദേഹം. 1930 കളുടെ മധ്യത്തിലാണു കണ്ണൂരിലെ ചിറക്കലില്‍നിന്നും കണ്ണോത്ത്‌ കരുണാകരന്‍ എന്ന യുവാവ്‌ തൃശൂരിലെത്തുന്നത്‌. ആ വരവ്‌ കേരളത്തിന്റെ രാഷ്‌ട്രീയ, സാമൂഹിക ചരിത്രത്തെത്തന്നെ മാറ്റിമറിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകം വരെയുള്ള കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം ലീഡര്‍ കെ. കരുണാകരനെ ഭ്രമണം ചെയ്‌താണു നില്‍ക്കുന്നത്‌. നെഹ്‌റു കുടുംബത്തിലെ മൂന്നു തലമുറകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച നേതാവ്‌, കേരളത്തിലെ മുന്നണി രാഷ്‌്രടീയത്തിന്റെ മാര്‍ഗവും ഗതിയും നിര്‍ണയിച്ച ഐക്യ ജനാധിപത്യ മുന്നണിക്ക്‌ അടിത്തറയിട്ട കരുത്തന്‍, ചടുലമായ രാഷ്‌ട്രീയ നീക്കങ്ങളിലൂടെ ആരാധകരെയും എതിരാളികളെയും ഒരു പോലെ വിസ്‌മയിപ്പിച്ച രാഷ്‌ട്രീയ ചാണക്യന്‍... നിശ്‌ചയദാര്‍ഢ്യം മനുഷ്യരൂപമെടുത്താല്‍ കെ. കരുണാകരനാകും.
രാഷ്‌ട്രീയത്തിലെ അതിസാഹസികന്‍. ആ സാഹസികതയാണ്‌ 1980 ലെ നായനാര്‍ മന്ത്രിസഭയെ പൊളിച്ചടുക്കി അതിലെ ഘടകകക്ഷികളെചേര്‍ത്ത്‌ തന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി മന്ത്രിസഭയുണ്ടാക്കാന്‍ അദ്ദേഹത്തിനു തുണ നല്‍കിയത്‌. 1982 ലെ ആ നിയമസഭയിലേക്കാണ്‌ ഞാനുള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ യുവനിര കാലെടുത്തുവയ്‌ക്കുന്നത്‌. ചെറുപ്പക്കാരെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ചയാളായിരുന്നു ലീഡര്‍.
എന്റെ മാര്‍ഗദര്‍ശിയും കരുത്തും എന്നും അദ്ദേഹമായിരുന്നു. 1986ല്‍ എന്റെ 28-ാമത്തെ വയസിലാണ്‌ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ എന്നെ ഉള്‍പ്പെടുത്തുന്നത്‌. ഭരണനിര്‍വഹണ രംഗത്ത്‌ ഒരു സര്‍വകലാശാലയായിരുന്നു ലീഡര്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതി നേരിട്ടു കണ്ടു മനസിലാക്കിയത്‌ എന്റെ പില്‍ക്കാല രാഷ്‌ടീയ ജീവിതത്തില്‍ മുതല്‍ക്കൂട്ടായി മാറി.
മുന്നണി രാഷ്‌്രടീയത്തിന്റെ തലതൊട്ടപ്പനെന്ന്‌ അദ്ദേഹത്തെ പലരും വിശേഷിപ്പിക്കാറുണ്ട്‌. അദ്ദേഹത്തിന്റെ രാഷ്‌്രടീയ പരീക്ഷണങ്ങള്‍ പില്‍ക്കാലത്ത്‌ രാജ്യത്തിനു തന്നെ മാതൃകയായി. ആ അര്‍ത്ഥത്തില്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്‌ പുത്തന്‍ ദിശാബോധം നല്‍കിയ നേതാവെന്ന്‌ അദ്ദേഹത്തെക്കുറിച്ചു പറയാം. ഒരു ഭരണകര്‍ത്താവ്‌ എങ്ങിനെ ആയിരിക്കണം എന്ന ചോദ്യത്തിന്‌ ഉത്തരമായി ചൂണ്ടിക്കാണിക്കാന്‍ മലയാളിക്കു മുമ്പില്‍ ഒരാളേയുള്ളൂ അത്‌ ലീഡര്‍ കെ. കരുണാകരനാണ്‌. അടിസ്‌ഥാന ജനവിഭാഗങ്ങള്‍ക്കു നന്‍മയുണ്ടാക്കുകയെന്ന ഗാന്ധിയന്‍ ദര്‍ശന പദ്ധതിയാണ്‌ ലീഡര്‍ പിന്തുടര്‍ന്നിരുന്നത്‌. അതിന്റെ ഏറ്റവും തെളിവാര്‍ന്ന ഉദാഹരണമാണ്‌ അദ്ദേഹത്തിന്റെ കാലത്ത്‌ സംസ്‌ഥാന സര്‍വീസിലേക്കു നടത്തിയ പട്ടിക ജാതി- പട്ടിക വര്‍ഗക്കാരുടെ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്‌.
ഇന്ത്യ കണ്ട ഏറ്റവും കരുത്തനായ ആഭ്യന്തര മന്ത്രിയായിരുന്നു ലീഡര്‍. 1970 കളില്‍ അദ്ദേഹം ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലത്താണ്‌ രാജ്യമെങ്ങും നക്‌സല്‍ ആക്രമണങ്ങള്‍ ഭീഷണിയുയര്‍ത്തിയത്‌.
കേരളത്തില്‍ അവയ്‌ക്കെതിരേ ശക്‌തമായ നിലപാട്‌ എടുക്കുകയും സംസ്‌ഥാനത്തെ ആ ഭീഷണിയില്‍നിന്നു രക്ഷപ്പെടുത്തുകയും ചെയ്‌തത്‌ അദ്ദേഹത്തിന്റെ ശക്‌തമായ നടപടികളായിരുന്നു. കേരളം മറ്റൊരു ഝാര്‍ഖണ്ഡോ ഛത്തീസ്‌ഗഡോ ആയി മാറാതിരുന്നത്‌ ലീഡറുടെ നിലപാടുകള്‍ കൊണ്ടു തന്നെ ആയിരുന്നു.
ഉദ്യേഗസ്‌ഥ തലത്തിലും രാഷ്‌ട്രീയ തലത്തിലും ഏറ്റവും മികച്ച ആളുകളെ കണ്ടെത്തി അവരുടെ കഴിവുകള്‍ സമൂഹത്തിനായി ഉപയോഗിക്കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണു കേരളത്തിന്റെ മുഖച്‌ഛായ തന്നെ മാറ്റിയ വലിയ പദ്ധതികളെല്ലാം വരുന്നത്‌.
ദക്ഷിണ വ്യോമസേനാ കമാന്‍ഡ്‌ ചെന്നൈയിലേക്കു കൊണ്ടുപോകാന്‍ അന്നത്തെ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം.ജി.ആര്‍. പഠിച്ച പണി പതിനെട്ടും പയറ്റുന്ന കാലം. ചെന്നൈയില്‍ 5000 ഏക്കറോളം ഇതിനായി കണ്ടെത്തുകയും ചെയ്‌തു.
എന്നാല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയില്‍ ലീഡര്‍ക്കുണ്ടായ സ്വാധീനം കൊണ്ടുമാത്രമാണ്‌ വ്യോമസേനാ കമാന്‍ഡ്‌ തിരുവനന്തപുരത്തെ ആക്കുളത്ത്‌ സ്‌ഥാപിക്കപ്പെട്ടത്‌. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം, കൊച്ചിയിലെ ഇന്നത്തെ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌േറ്റഡിയം തുടങ്ങി കേരളത്തില്‍ ഇന്ന്‌ തലയുയര്‍ത്തി നില്‍ക്കുന്ന വികസനത്തിന്റെ കുംഭഗോപുരങ്ങളിലെല്ലാം കെ. കരുണാകരനെന്ന നേതാവിന്റെ പേര്‍ തെളിഞ്ഞു കാണാം.
ഇന്ന്‌ ലീഡറുടെ നൂറാം ജന്‍മദിനമാണ്‌. അവസാന കാലം അദ്ദേഹം പാര്‍ട്ടിവിട്ടു പോകുന്ന ദൗര്‍ഭാഗ്യകരമായ സ്‌ഥിതിവിശേഷമുണ്ടായി. അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരുന്നതില്‍ കെ.പി.സി.സി. പ്രസിഡന്റായിരുന്ന എനിക്കു ചെറുതല്ലാത്ത പങ്കു വഹിക്കാന്‍ കഴിഞ്ഞുവെന്നതു വലിയ ചാരിതാര്‍ഥ്യത്തിന്‌ ഇട നല്‍കുന്നതാണ്‌. ഒരു നാടിനെയും ജനങ്ങളെയും ദശാബ്‌ദങ്ങളോളം നയിച്ച അതുല്യ നേതാവെന്ന നിലയില്‍ ലീഡര്‍ കെ. കരുണാകരന്‍ കേരളവും മലയാളിയുമുള്ള കാലത്തോളം ഓര്‍മിക്കപ്പെടും.

രമേശ്‌ ചെന്നിത്തല

Ads by Google
Thursday 05 Jul 2018 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW