Thursday, September 13, 2018 Last Updated 3 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jul 2018 12.43 AM

ചോര ചിതറുന്ന പാതകള്‍

uploads/news/2018/07/230868/1.jpg

കേരളത്തിലെ റോഡുകള്‍ ചോരക്കളങ്ങളാകുന്നതു സംബന്ധിച്ച്‌ ഞങ്ങള്‍ ഈ പംക്‌തിയില്‍ നിരവധിതവണ എഴുതിയിട്ടുള്ളതാണ്‌. കേരളത്തില്‍ ഒരു വര്‍ഷം ശരാശരി നാല്‍പതിനായിരത്തോളം അപകടങ്ങള്‍ ഉണ്ടാകുന്നു. ഇതില്‍ നാലായിരത്തോളം പേര്‍ക്ക്‌ ജീവന്‍ നഷ്‌ടമാവുമ്പോള്‍ നാല്‍പതിനായിരത്തിലേറെ പേര്‍ക്ക്‌ പരിക്കേല്‍കുന്നു. കഴിഞ്ഞ വര്‍ഷത്തെ മാത്രം കണക്കെടുത്താല്‍ 38470 അപകടങ്ങളാണുണ്ടായത്‌. 4131 പേര്‍ മരണമടഞ്ഞപ്പോള്‍ 42671 പേര്‍ക്കു പരിക്കേറ്റു. ഈ വര്‍ഷം മേയ്‌ 31 വരെ മാത്രം 17487 അപകടങ്ങളുണ്ടായി. 1917 പേര്‍ മരണമടഞ്ഞപ്പോള്‍ 19768 പേര്‍ക്കാണ്‌ പരിക്കേറ്റത്‌. അപകടങ്ങള്‍ കൂടിവരുന്നതല്ലാതെ കുറയുന്നതായി കാണുന്നതേയില്ല.
അശ്രദ്ധമായുള്ള ൈഡ്രവിങ്ങാണ്‌ കേരളത്തിലുണ്ടാകുന്ന അപകടങ്ങളില്‍ ഭൂരിപക്ഷത്തിനും കാരണമാകുന്നത്‌. കേരളത്തിലെ നിരത്തില്‍ വാഹനമോടിക്കുന്നവരില്‍ ഭൂരിപക്ഷവും യാത്ര തുടങ്ങുമ്പോള്‍ വാഹനം സ്‌റ്റാര്‍ട്ട്‌ ചെയ്യുന്നതും യാത്ര അവസാനിക്കുമ്പോള്‍ അത്‌ നിറുത്തുന്നതും മാത്രമാണ്‌ നിയമപരമായി ചെയ്യുന്ന രണ്ടു കാര്യങ്ങള്‍. ഈ രണ്ടിനുമിടയില്‍ ചെയ്യുന്നതത്രയും നിയമത്തിനു നിരക്കാത്തതാവും. അമിത വേഗം, ഇന്‍ഡിക്കേറ്ററുകള്‍ ഇടാതെ വാഹനം തിരിക്കുക, രാത്രിയില്‍ ഹെഡ്‌ലൈറ്റ്‌ ഡിം ചെയ്യാതെ എതിരേ വരുന്ന വാഹനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുക, റോഡ്‌ നിയമങ്ങള്‍ ഒന്നും പാലിക്കാതെയുള്ള യാത്ര എന്നിവയൊക്കെ ഇതില്‍ പെടും. ഇതിനൊക്കെ അപ്പുറമാണ്‌ ഒരു തരത്തിലുമുള്ള മര്യാദ പാലിക്കാതെയുള്ള ൈഡ്രവിങ്‌. റോഡില്‍ താനല്ലാതെ മറ്റാരും വണ്ടിയോടിക്കാനില്ല എന്ന രീതിയില്‍ വാഹനമോടിക്കുന്നവര്‍ അപകടങ്ങള്‍ വിതറിയാണ്‌ കടന്നു പോകുന്നത്‌. ഇങ്ങനെ വാഹനമോടിക്കുന്നവര്‍ വളരെ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ സാമൂഹ്യദ്രോഹികളാണ്‌. ഇക്കൂട്ടര്‍ മൂലം നിരപരാധികളുടെ ജീവനാണ്‌ തുലാസിലാകുന്നത്‌. തങ്ങളുടേതല്ലാത്ത കുറ്റത്തിന്‌ അപകടത്തിന്‌ ഇരയാകുന്നവര്‍ അനേകമാണ്‌. റോഡുകളില്‍ അപകടം വിതച്ചു പായുന്നവരെ അതികഠിന ശിക്ഷ കൊടുത്ത്‌ സമൂഹത്തെ രക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്‌.
ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച പുലര്‍ച്ചെ കോട്ടയത്ത്‌ ഒരു പോലീസുകാരന്റെ മരണത്തിനിടയാക്കിയത്‌ ഇത്തരത്തിലുള്ള അമിതവേഗ യാത്രയായിരുന്നു. പുലര്‍ച്ചെ ഒന്നരയ്‌ക്ക്‌ കോട്ടയം നഗരത്തില്‍ കൃത്യനിര്‍വഹണത്തിലായിരിക്കെയാണ്‌ കോട്ടയം ഈസ്‌റ്റ്‌ സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ കെ.വി. അജേഷ്‌ കൊല്ലപ്പെട്ടത്‌. അമിത വേഗത്തില്‍ വന്ന ആഡംബര ബൈക്ക്‌ തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കവെ അതേ ബൈക്ക്‌ ഇടിച്ചായിരുന്നു അജേഷിന്റെ മരണം. ഇരുപത്തൊന്നു വയസ്സുകാരനായിരുന്നു അജേഷിന്റെ ജീവനെടുത്ത കൊലയാളി. മദ്യലഹരിയില്‍ ഇയാള്‍ വാഹനമോടിച്ചത്‌ ഒരു ജീവനെടുത്തു. ഇനി ഇങ്ങനെ പൊതുജനത്തിന്റെ ജീവനു ഭീഷണിയാകുംവിധം വാഹനമോടിക്കാതിരിക്കാന്‍ തക്കവണ്ണം ഉചിതമായ അതികഠിനമായ ശിക്ഷ തന്നെ ഈ കൊലപാതകിക്ക്‌ കിട്ടുന്നുവെന്ന്‌ നിയമസംവിധാനം ഉറപ്പുവരുത്തണം. എങ്കില്‍ മാത്രമേ ഇത്തരക്കാരെ ഒരു പരിധി വരെയെങ്കിലും തടഞ്ഞ്‌ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ സാധിക്കൂ.

Ads by Google
Thursday 05 Jul 2018 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW