Friday, June 21, 2019 Last Updated 12 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jul 2018 02.37 PM

ഫിഷറിന് ശാശ്വത പരിഹാരം ഉണ്ടോ?

ജനറല്‍ മെഡിസിന്‍
uploads/news/2018/07/230757/askdrgenmedicn040718.jpg

'''സ്ത്രീകളില്‍ പ്രസവത്തിനു ശേഷം മലബന്ധം ഉണ്ടാകുന്നവരിലും ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നു. അപൂര്‍വമായി ക്രോണ്‍സ് ഡിസീസ്, വിവിധതരം ലൈംഗിക രോഗങ്ങള്‍, ടി.ബി, മലദ്വാരത്തിലെ കാന്‍സര്‍ എന്നിവയുടെ ഭാഗമായും ഫിഷര്‍ ഉണ്ടാകാറുണ്ട്.''

ഫിഷര്‍ രോഗം സര്‍ജറി അവസാനമാര്‍ഗം


എനിക്ക് 35 വയസ്. സര്‍ക്കാര്‍ ജീവനക്കാരനാണ്. അഞ്ചു വര്‍ഷമായി എനിക്ക് അനല്‍ ഫിഷര്‍ രോഗമുണ്ട്. രക്തസ്രാവമുള്ളതിനാല്‍ പലപ്പോഴും ഓഫീസില്‍ പോകാന്‍ പോലും കഴിയാറി
ല്ല. പല ഡോക്ടര്‍മാരെ കണ്ടു. ചിലര്‍ സര്‍ജറി വേണമെന്ന് പറഞ്ഞു. എന്നാല്‍ മറ്റു ചിലര്‍ മരുന്നുകൊണ്ടു മാറുമെന്ന് പറഞ്ഞു. ഭക്ഷണത്തില്‍ നിയന്ത്രണം ആവശ്യമാണെന്ന് ചിലര്‍. ഭ
ക്ഷണത്തില്‍ നിയന്ത്രണവും മരുന്നും ഒക്കെ പരീക്ഷിച്ചിട്ടും മാറ്റമൊന്നുമില്ല. ഫിഷറിന് ശാശ്വത പരിഹാരം ഉണ്ടോ?
----- സന്തോഷ്‌കുമാര്‍ , ഇരിങ്ങാലക്കുട

വളരെ സാധാരണമായി കാണുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് അനല്‍ ഫിഷര്‍. കക്കൂസില്‍ പോകുമ്പോള്‍ മലദ്വാരത്തില്‍ വേദന, രക്തസ്രാവം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. മലബന്ധമാണ് ഇത്തരത്തില്‍ മലദ്വാരത്തിലെ ചര്‍മ്മത്തില്‍ മുറിവ് ഉണ്ടാകുവാനുള്ള പ്രധാന കാരണം.

ഭക്ഷണക്രമത്തിലും ദിനചര്യകളിലും ക്രമമില്ലാത്ത സ്വഭാവം, കൂടുതല്‍ ഉപ്പും മുളകും ചേര്‍ന്ന ഭക്ഷണം തുടങ്ങിയവയെല്ലാം പ്രശ്‌നത്തിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണമാകുന്നു. അനല്‍ ഫിഷര്‍ കാരണമുള്ള അസഹ്യമായ വേദനമൂലം പലപ്പോഴും കക്കൂസില്‍ പോകുന്നത് രോഗബാധിതര്‍ ഒഴിവാക്കുന്നു. സ്ത്രീകളില്‍ പ്രസവത്തിനു ശേഷം മലബന്ധം ഉണ്ടാകുന്നവരിലും ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നു.

അപൂര്‍വമായി ക്രോണ്‍സ് ഡിസീസ്, വിവിധതരം ലൈംഗിക രോഗങ്ങള്‍, ടി.ബി, മലദ്വാരത്തിലെ കാന്‍സര്‍ എന്നിവയുടെ ഭാഗമായും ഫിഷര്‍ ഉണ്ടാകാറുണ്ട്. ഭക്ഷണത്തില്‍ കൂടുതല്‍ ഇലക്കറികളും പച്ചക്കറികളും ചേര്‍ക്കുക വഴി മലബന്ധം കുറയ്ക്കാനും ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും സഹായിക്കുന്നു. മലബന്ധം തടയാന്‍ ഉപയോഗിക്കുന്ന വിവിധതരം മരുന്നുകളും മലം അയഞ്ഞു പോകുന്നതിന് സഹായിക്കുന്ന സ്റ്റൂള്‍ സോഫ്ട്‌നറുകളും ഫിഷറിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്.

വാം സിറ്റ്‌സ് ബാത്ത് ഫിഷര്‍ ഭേദമാകാന്‍ വളരെയധികം സഹായിക്കുന്നു. അനല്‍ ഫിഷര്‍ മൂലമുള്ള വേദനകുറയ്ക്കാനും മലദ്വാരത്തിലെ പേശികളുടെ വലിഞ്ഞുമുറുക്കം കുറയ്ക്കാനും അതുവഴി മലബന്ധം തടയാനും സഹായിക്കുന്ന നൈട്രേറ്റ്, കാത്സ്യം, ചാനല്‍ ബ്ലോക്കേഴ്‌സ്, ലിഗ്‌നോകെയ്ന്‍ തുടങ്ങിയവ മലദ്വാരത്തില്‍ പുരട്ടുക വഴി ഫിഷര്‍ നിയന്ത്രണവിധേയമാക്കാന്‍ കഴിയാറുണ്ട്.

ബോട്ടുലിനം ഇന്‍ജക്ഷന്‍ ഫിഷറിന്റെ ചികിത്സയ്ക്ക് ഉപയോഗിച്ചുവരുന്നു. എന്നാല്‍ ഇത്തരം ചികിത്സകള്‍ വേണ്ടത്ര ഫലപ്രദമായില്ലെങ്കില്‍ സര്‍ജറി ആവശ്യമായി വന്നേക്കാം. കത്തില്‍ സൂചിപ്പിച്ചിരിക്കുന്ന പ്രകാരം ഭക്ഷണ നിയന്ത്രണവും മരുന്നുംകൊണ്ട് കാര്യമായ വ്യത്യാസം കാണുന്നില്ലെങ്കില്‍ സര്‍ജറിയെക്കുറിച്ച് ചിന്തിക്കുന്നതാവും ഉചിതം. അതുകൊണ്ട് സര്‍ജനെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തി തുടര്‍ ചികിത്സ നടത്തുക.

വെരിക്കോസ് വെയിന്‍ തിരിച്ചറിയാം


എനിക്ക് 37 വയസ്. ഓട്ടോ ഡ്രൈവറാണ്. എന്റെ ഇരു കാലുകളുടെയും മുട്ടിന് താഴെ ഞരമ്പ് ചെറുതായി തടിച്ചിട്ടുണ്ട്. ഏകദേശം രണ്ടു വര്‍ഷമായി ഇതു കണ്ടു തുടങ്ങിയിട്ട്. പ്രത്യേകിച്ച് അസ്വസ്ഥതകള്‍ ഒന്നുമില്ലാത്തതുകൊണ്ട് ഇതുവരെ ഡോക്ടറെ കാണിച്ചില്ല. ഇപ്പോള്‍ കുറച്ചു ദിവസമായി ഞരമ്പു തടിച്ച ഭാഗത്ത് ചൊറിച്ചില്‍ ഉണ്ട്. വെരിക്കോസ് വെയിനാണെന്ന് കൂട്ടുകാര്‍ പറയുന്നു. ഈ പ്രശ്‌നം മരുന്നുകൊണ്ടു മാറുമോ? ഇതു മാറാന്‍ എന്താണ് പ്രതിവിധി?
------ മിഥുന്‍ , കോഴിക്കോട്

കാലുകളിലെ ഞരമ്പ് തടിച്ചുവരുന്ന അവസ്ഥ (വെരിക്കോസ് വെയിന്‍) ഇന്ന് സാധാരണ കാണുന്ന ആരോഗ്യപ്രശ്‌നമാണ്. കാഴ്ചയിലുള്ള അഭംഗിയൊഴികെ വെരിക്കോസ് വെയിന്‍ കാര്യമായ ബുദ്ധിമുട്ടുകളൊന്നും സൃഷ്ടിക്കാറില്ല. കൂടുതല്‍ സമയം നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുന്നവരില്‍, പ്രായമായവരില്‍, അമിത ശരീരഭാരമുള്ളവരില്‍, ഗര്‍ഭിണികളില്‍, കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും വെരിക്കോസ് വെയിന്‍ ഉള്ളവരില്‍ എല്ലാം തന്നെ വെരിക്കോസ് വെയിന്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

വെരിക്കോസ് വെയിന്‍ ചിലരില്‍ കാലില്‍ വേദന, പുകച്ചലില്‍, കടച്ചില്‍, നിറവിത്യാസം, നീര്‍ക്കെട്ട്, ചൊറിച്ചില്‍, വ്രണം എന്നിവയ്ക്ക് കാരണമാകുന്നു. വെരിക്കോസ് വെയിന്‍ ഉള്ള ഭാഗങ്ങളില്‍ വ്രണം ഉണ്ടായാല്‍ അമിതമായ രക്തസ്രാവത്തിന് കാരണമാവാം. അമിതഭാരം കുറയ്ക്കുക, വ്യായാമം വഴി കാലിലെ പേശികളെ ബലപ്പെടുത്തുക, കാല് തൂക്കിയിട്ട് ഏറെനേരം ഇരിക്കുന്നതോ അധിക സമയം നില്‍ക്കുന്നതോ ഒഴിവാക്കുക എന്നിവയെല്ലാം വെരിക്കോസ് വെയിന്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്നു.

വെരിക്കോസ് വെയിനുള്ള പ്രധാനം ചികിത്സ എന്നത് ശസ്ത്രക്രിയയാണ്. എന്നാല്‍ സ്‌ക്ലീറോതെറാപ്പി, എന്‍ഡോ വസ്‌കുലാര്‍ ലേസര്‍ അബ്‌ളേഷന്‍ എന്‍ഡോവെയിനസ് റേഡിയോഫ്രീക്വന്‍സി, അബ്‌ളേഷന്‍ തുടങ്ങിയ ആധുനിക ചികിത്സകള്‍ വെരിക്കോസ് വെയിന്‍ ചികിത്സയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇത്തരം ചികിത്സകളും നമ്മുടെ നാട്ടിലും ലഭ്യമാണ്.

കത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വെരിക്കോസ് സംബന്ധമായ ഗൗരവമുള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് മനസിലാക്കുവാന്‍ സാധിക്കുന്നത്. വെരിക്കോസ് വെയിനിന്റെ തീവ്രത, സ്ഥാനം, കാരണം, അതുമൂലമുള്ള പ്രശ്‌നങ്ങള്‍ എന്നിവ കണക്കിലെടുത്തു വേണം ചികിത്സയെക്കുറിച്ച് തീരുമാനങ്ങള്‍ എടുക്കേണ്ടത്. അതുകൊണ്ടുതന്നെ ഒരു സര്‍ജനെ കാണിച്ച് ഉചിതമായ തീരുമാനമെടുക്കുന്നതാണ് നല്ലത്.

ഇടുപ്പിലെ വേദന നിസാരമാക്കരുത്


എനിക്ക് 47 വയസ്. എന്റെ ഇടുപ്പില്‍ ഇടയ്ക്കിടെ ശക്തമായ വേദന അനുഭവപ്പെടുന്നു. ചില ദിവസങ്ങളില്‍ മാത്രമേ ഇങ്ങനെ വേദന അനുഭവപ്പെടുന്നുള്ളൂ. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ല. എന്തുകൊണ്ടാണ് ഇടുപ്പിന് വേദനയുണ്ടാകുന്നത്. പരിശോധന വേണ്ടിവരുന്ന ആരോഗ്യപ്രശ്‌നമാണോ എന്റേത്?
------ ജോമോള്‍ , കോലഞ്ചേരി

അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും ആന്തരികാവയവങ്ങളുടെ പ്രശ്‌നം കൊണ്ടും ഇടുപ്പെല്ലിന്റെ ഭാഗത്ത് വേദനയുണ്ടാവാം. ഇടയ്ക്കിടെ മാത്രമുള്ള ശക്തമായവേദന ആന്തരികാവയവങ്ങളുമായി ബന്ധപ്പെട്ടതാകാനാണ് സാധ്യത.

മൂത്രത്തില്‍ കല്ലിന്റെ അസുഖമുള്ളവരില്‍ സാധാരണയായി ഇത്തരത്തിലുള്ള വേദനയും മൂത്രസംബന്ധമായ പ്രശ്‌നവും കാണാറുണ്ട്. എന്തുതന്നെയായാലും ഡോക്ടറെ കണ്ട് രോഗകാരണം കണ്ടെത്തി ചികിത്സിക്കുകയാവും ഉചിതം.

രക്തസമ്മര്‍ദവും മരുന്നിന്റെ ഉപയോഗവുമായി ഈ വേദനയ്ക്കു ബന്ധമുണ്ടാവാന്‍ സാധ്യതയില്ല. ശരീരത്തില്‍ ഒരു പ്രത്യേക ഭാഗത്ത് ആവര്‍ത്തിച്ച് വേദനയുണ്ടാകുന്നുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് പരിശോധന നടത്താന്‍ വൈകരുത്.

ഡോ. രവീന്ദ്രന്‍ ഏ. വി
അസിസ്റ്റന്റ് പ്രൊഫസര്‍
മെഡിസിന്‍ വിഭാഗം
ഗവ. മെഡിക്കല്‍ കോളജ്, മഞ്ചേരി

Ads by Google
Ads by Google
Loading...
TRENDING NOW