Tuesday, January 22, 2019 Last Updated 9 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jul 2018 02.37 AM

കാമ്പസുകളെ കൊലക്കളങ്ങളാക്കരുത്‌

uploads/news/2018/07/230690/editorial.jpg

കാമ്പസില്‍ കാപാലികര്‍ താവളമടിക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ എറണാകുളം മഹാരാജാസ്‌ കോളജിലെ അഭിമന്യു എന്ന വിദ്യാര്‍ഥിയുടെ കൊലപാതകം തെളിയിക്കുന്നത്‌. കോളജില്‍ നവാഗതരെ സ്വാഗതം ചെയ്യുന്ന പോസ്‌റ്റര്‍ പതിപ്പിക്കുന്നതിന്റെ പേരിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ്‌ അഭിമന്യുവിനും സുഹൃത്ത്‌ അര്‍ജുനും കുത്തേറ്റത്‌. ക്രൂരമായ ആക്രമണം എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകനായ അഭിമന്യുവിന്റെ ജീവനെടുത്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി സംഘടനയായ കാമ്പസ്‌ ഫ്രണ്ടിന്റെ പ്രവര്‍ത്തകരാണ്‌ പ്രതിപ്പട്ടികയിലുള്ളത്‌. കാമ്പസുകളില്‍ സംഘര്‍ഷം പതിവാണെങ്കിലും ചോരവീഴുന്നത്‌ കുറേ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌. ഏറെ സ്വപ്‌നങ്ങളോടെ കോളജില്‍ പഠനത്തിനെത്തിയ ഒരു യുവാവിന്റെ ജീവന്‍ പറിച്ചെടുത്ത കാപാലികര്‍ ഏറ്റവും കഠിനമായ ശിക്ഷ അര്‍ഹിക്കുന്നു.

ആസൂത്രിതമായ അരുംകൊലയാണു മഹാരാജാസ്‌ കോളജില്‍ നടന്നതെന്നതാണ്‌ പ്രാഥമിക വിവരങ്ങളില്‍ നിന്നു മനസ്സിലാക്കുന്നത്‌. പെട്ടെന്നുണ്ടായ സംഘര്‍ഷമല്ല അവിടെ നടന്നതെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഈ കാമ്പസില്‍ ഏറെനാളായി എസ്‌.എഫ്‌.ഐയും കാമ്പസ്‌ ഫ്രണ്ടും സംഘര്‍ഷത്തിലാണ്‌. ഈ സാഹചര്യത്തില്‍ ആക്രമിക്കാന്‍ കിട്ടിയ അവസരം കൃത്യമായി ഉപയോഗിക്കപ്പെട്ടു എന്നു സംശയിക്കണം. മൂര്‍ച്ചയുള്ള ആയുധം കൊണ്ട്‌ ശരീരത്തിലേക്ക്‌ കുത്തിയിറക്കിയതു കൂടാതെ കൂടുതല്‍ മുറിവുണ്ടാക്കാന്‍ ആയുധം കറക്കി എന്നാണു പ്രാഥമിക വിവരം. ക്വട്ടേഷന്‍ സംഘങ്ങളുടെ മാതൃകയിലുള്ള ഈ ആക്രമണം വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നു മാത്രമല്ലെന്നു കരുതേണ്ടിയിരിക്കുന്നു. വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ പുറത്തുനിന്നുള്ളവര്‍ക്ക്‌ പങ്കുണ്ട്‌ എന്നത്‌ നല്‍കുന്ന സൂചന വളരെ ഗുരുതരമാണ്‌.

തീവ്രവാദ സ്വഭാവമുള്ളവരാണ്‌ ആക്രമണം നടത്തിയതെന്നാണ്‌ സംഭവത്തെക്കുറിച്ച്‌ മുഖ്യമന്ത്രി പ്രതികരിച്ചത്‌. കാമ്പസുകളിലേക്ക്‌ തീവ്രവാദ ആശയങ്ങള്‍ കടന്നുവരുന്നത്‌ മുളയിലേ നുള്ളേണ്ടതാണ്‌. വിദ്യാര്‍ഥികള്‍ക്കിടയില്‍ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്‌ ആരൊക്കെയെന്നും ഇവരുടെ സംഘടനകളും അവയ്‌ക്ക്‌ പിന്നിലുള്ള ശക്‌തികളും ആരെന്നും അതീവഗൗരവമായി അന്വേഷിക്കണം. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനകളെ കണ്ടെത്തിയാല്‍ ഒരവസരം പോലും നല്‍കാതെ അവയെ നിരോധിക്കുകയാണ്‌ ചെയ്യേണ്ടത്‌. വിദ്യാലയങ്ങള്‍ അറിവിന്റെ ആലയങ്ങളാണ്‌. അവയെ മനുഷ്യരെ തമ്മില്‍ അകറ്റാനുള്ള ആശയങ്ങളുടെ ആസ്‌ഥാനമാക്കാന്‍ അനുവദിക്കരുത്‌. ഏതുവിധേനയും സംഘടനയെ വളര്‍ത്താന്‍ ഇത്തരം കുത്സിതബുദ്ധികള്‍ ശ്രമിക്കും അവരെ തകര്‍ത്തു വിടേണ്ടത്‌ സമൂഹത്തിന്റെ ആവശ്യമാണ്‌.

ആരോഗ്യകരമായ സംഘടനാ പ്രവര്‍ത്തനം കാമ്പസ്സുകളില്‍ അത്യാവശ്യമെങ്കിലും അവ വിദ്യാര്‍ഥികളെ വിഭജിക്കാനും സംഘര്‍ഷമുണ്ടാക്കാനുമുള്ളതാവാന്‍ പാടില്ല. വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കുന്നതിനു പകരം സംഘടന വളര്‍ത്താനാണ്‌ ഓരോ പ്രസ്‌ഥാനവും ശ്രമിക്കുക. മാതൃരാഷ്‌ട്രീയ പാര്‍ട്ടിയിലേക്ക്‌ റിക്രൂട്ട്‌മെന്റ്‌ നടത്താനുള്ള വാതിലായാണു മിക്ക പാര്‍ട്ടികളും വിദ്യാര്‍ഥിസംഘടനകളെ കാണുന്നത്‌. വിദ്യാഭ്യാസം നേടാനാഗ്രഹിച്ച്‌ വിദ്യാലയങ്ങളിലെത്തുന്നവരും അവരുടെ മാതാപിതാക്കളുമാണ്‌ നഷ്‌ടം സഹിക്കേണ്ടിവരിക. വിദ്യാര്‍ഥി രാഷ്‌ട്രീയത്തിന്റെ ലക്ഷ്യങ്ങളും കാഴ്‌ചപാടുകളും മാറ്റേണ്ടതുണ്ട്‌. ഒരു വിലപ്പെട്ട ജീവന്‍ പൊലിഞ്ഞതിന്റെ സാഹചര്യത്തിലെങ്കിലും ഈ രീതില്‍ ഒരു മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു.

Ads by Google
Wednesday 04 Jul 2018 02.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW