Wednesday, June 26, 2019 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jul 2018 02.36 AM

തുര്‍ക്കിയില്‍ കൂടുതല്‍ കരുത്തനായി എര്‍ദോഗന്‍

uploads/news/2018/07/230688/bft2.jpg

ലോകകപ്പിന്റെ ഹര്‍ഷാരവത്തില്‍ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ആഹ്ലാദഭരിതരായിരിക്കുബോള്‍ ഒരു മുന്‍ ഫുട്‌ബോള്‍ താരം രാഷ്‌ട്രീയക്കളിയില്‍ എതിരാളികളെ തറപറ്റിച്ചുകൊണ്ട്‌ തുര്‍ക്കി പ്രസിഡന്റിന്റെ കസേരയില്‍ ശക്‌തമായ സാന്നിധ്യമായി മാറുകയാണ്‌-തയ്യിപ്‌ എര്‍ദോഗന്‍. 2014-ലെ തെരഞ്ഞെടുപ്പിലാണ്‌ എര്‍ദോഗന്‍ ആദ്യമായി പ്രസിഡന്റ്‌ സ്‌ഥാനത്തെത്തിയത്‌. ഈ വര്‍ഷം ജൂണ്‍ 24 നു നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എര്‍ദോഗന്‍ ഇപ്പോള്‍ കൂടുതല്‍ അധികാരങ്ങളുള്ള എക്‌സിക്യൂട്ടീവ്‌ പ്രസിഡന്റാണ്‌. ഹിതപരിശോധനയ്‌ക്കു ശേഷം ഭരണഘടന ഭേദഗതി ചെയ്‌താണ്‌ അദ്ദേഹം എക്‌സിക്യുട്ടിവ്‌ പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ എത്തിയത്‌. പ്രധാനമന്ത്രിയേയും മന്ത്രിമാരെയും മാത്രമല്ല, ഉന്നത നീതിപീഠത്തിലെ ജഡ്‌ജിമാരും പട്ടാളമേധാവികളും ഉള്‍പ്പെടെ ഉര്‍ന്ന സ്‌ഥാനങ്ങളിലുമെല്ലാം നിയമനം നടത്തുന്നത്‌ എക്‌സിക്യൂട്ടിവ്‌ പ്രസിഡന്റ്‌ ആയിരിക്കും. തുര്‍ക്കി ജനതയുടെ ആരാധനാപാത്രമായിരുന്ന കമാല്‍ അതാതുര്‍ക്കിന്‌ പോലും ഇല്ലാതിരുന്ന അധികാരങ്ങളാണ്‌ എക്‌സിക്യുട്ടിവ്‌ പ്രസിഡന്റ്‌ എന്ന നിലയില്‍ എര്‍ദോഗന്‌ ലഭിച്ചിരിക്കുന്നത്‌.
പ്രസിഡന്റ്‌ സ്‌ഥാനത്തേക്കും പാര്‍ലെമന്റിലേക്കും ഒന്നിച്ചാണു തുര്‍ക്കിയില്‍ തെരഞ്ഞെടുപ്പ്‌ നടന്നത്‌്. പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ വോട്ട്‌ ചെയ്‌ത 87 ശതമാനം പേരില്‍ 53 ശതമാനം പേരും എര്‍ദോഗനാണ്‌ വോട്ട്‌ ചെയ്‌തത്‌. തൊട്ടടുത്ത റിപ്പബ്ലിക്കന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി നേതാവ്‌ മുഹറം ഇന്‍സിയ്‌ക്ക്‌ 31 ശതമാനവും പീപ്പിള്‍സ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ ഡെമിര്‍ടാസിന്‌ 8.4 ശതമാനവും ഇയിപാര്‍ട്ടിയിലെ അക്‌സനര്‍ക്ക്‌ 7.3 ശതമാനവും വോട്ട്‌ മാത്രമേ ലഭിച്ചുള്ളു. അതേ സമയം 600 അംഗ പാര്‍ലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ എര്‍ദോഗന്റെ ജസ്‌റ്റീസ്‌ പാര്‍ട്ടിക്കു തനിച്ചു ഭൂരിപക്ഷം ലഭിച്ചില്ല. ജസ്‌റ്റീസ്‌ പാര്‍ട്ടിക്ക്‌ 42 ശതമാനത്തോടെ 293 സീറ്റും സഖ്യ കക്ഷിയായ നാഷണല്‍ ലിസറ്റ്‌ മൂവമെന്റെ പാര്‍ട്ടിക്ക്‌ 11 ശതമാനം വോട്ടേടെ 50 സീറ്റമാണ്‌ ലഭിച്ചത്‌.
വിമര്‍ശനങ്ങളോട്‌ അസഹിഷ്‌ണത പുലര്‍ത്തുന്ന എര്‍ദോഗന്‍, രാഷ്‌ട്രീയ എതിരാളികളെയും ബുദ്ധിജീവികളും പത്രപ്രവര്‍ത്തകരുമുള്‍പ്പെടെ ഒന്നേ മുക്കാല്‍ ലക്ഷത്തോളംപേരെ ഇപ്പോഴും തടങ്കലില്‍ പാര്‍പ്പിച്ചിട്ടാണ്‌ തെരഞ്ഞെടുപ്പു നടത്തിയെതെന്നും പ്രചാരണരംഗത്ത്‌ പ്രതിപക്ഷത്തിനു തുല്യ അവസരം നല്‍കിയില്ലെന്നുമാണു പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്‌. ആരോപണങ്ങളെല്ലാം തളളുകയാണ്‌ അദ്ദേഹം ചെയ്‌തത്‌.

അലസിപ്പോയ പട്ടാളവിപ്ലവം

വികസന രംഗത്ത്‌ ഒരു കുതിച്ചുച്ചാട്ടം ഉണ്ടായെങ്കിലും വിമര്‍ശനങ്ങളെയും വിമതശബദ്‌ത്തെയും അടിച്ചമര്‍ത്തിയാണ്‌ എര്‍ദോഗന്‍ ഭരണത്തില്‍ തുടരുന്നത്‌. ഇതില്‍ എതിര്‍പ്പുണ്ടായിരുന്ന ഒരു വിഭാഗം സൈനികര്‍ 2016 ജൂലൈ 15-ന്‌ അര്‍ധരാത്രിയില്‍ ഒരു സായുധ അട്ടിമറി ശ്രമം നടത്തി.
ഭരണഘടനയ്‌ക്കൊപ്പം ജനാധിപത്യവും മനുഷ്യാവാകാശങ്ങളും പുനഃസ്‌ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണു പട്ടാള വിപ്ലവം നടത്തിയതെങ്കിലും എര്‍ദോഗന്റെ വ്യക്‌തി പ്രഭാവത്താല്‍ ജനങ്ങളും പോലീസും അദ്ദേഹത്തോട്‌ കുറു പുലര്‍ത്തുന്ന സൈനിക വിഭാഗങ്ങളും കൂടി പട്ടാള വിപ്ലവത്തെ അടിച്ചമര്‍ത്തി. തുടര്‍ന്ന്‌ പട്ടാള വിപ്ലവത്തെ പിന്തുണച്ചവരെന്ന്‌ ആരോപിച്ച്‌ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരും സൈനികരും ഉള്‍പ്പെടെ 1,07,000 പേരെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. പട്ടാളത്തിന്‌ പിന്തുണ നല്‍കിയ 50,000 പൗരന്മാരെയും അറസറ്റ്‌ ചെയ്‌ത്‌ ലോക്കപ്പിലിട്ടു.
എര്‍ദോഗനെ സംബംന്ധിച്ചിടത്തോളം സൈനിക അട്ടിമിറ നീക്കം വലിയ അനുഗ്രഹവും ഒപ്പം അവസരവുമായി മാറി. അദ്ദേഹത്തിനു താല്‍പര്യമില്ലാതിരുന്ന സൈനിക നേതൃത്വത്തേയും ഉദ്യോഗസ്‌ഥ പ്രമുഖരെയും ഇല്ലായ്‌മ ചെയ്യാന്‍ ഈ അവസരം ഉപയോഗിച്ചു.
സൈന്യത്തെ ചെറുത്തുതോല്‍പ്പിക്കണമെന്ന്‌ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള അദ്ദേഹത്തിന്റെ ആഹ്വാനം ജനങ്ങള്‍ എറ്റെടുത്തു. സൈന്യത്തിന്റെ വെടിയേറ്റും അക്രമങ്ങളിലും 240 പേര്‍ കൊല്ലപ്പെട്ടു. സൈനികരുടെ വെടിയുണ്ടകളേയും ടാങ്കുകളേയും എതിര്‍ത്തു പതിനായിരങ്ങള്‍ തെരുവുകളിലിറങ്ങിയതോടെ അട്ടിമറി ശ്രമം വിഫലമായി. അതോടെ എര്‍ദോഗന്‍ ശക്‌തനുമായി. ജനങ്ങള്‍ നല്‍കിയ പിന്തുണയുടെ ബലത്തിലാണ്‌ ഭരണഘടന ഭേദഗതി ചെയ്‌ത്‌ പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്കു മാറാനായി അദ്ദേഹം കഴിഞ്ഞ വര്‍ഷം റഫറണ്ടം നടത്തിയത്‌. സര്‍ക്കാരിന്റെ എല്ലാ അധികാരവും ശക്‌തിയും ഉപയോഗിച്ച്‌ റഫറണ്ടം വിജയിപ്പിക്കാനും സാധിച്ചു.

ശതാബ്‌ദി ആഘോഷത്തിനുള്ള തയാറെടുപ്പ്‌

ഏഷ്യയുടെയും യൂറോപ്പിന്റെയും സംഗമസ്‌ഥാനത്ത്‌ ഒരു വിജാഗിരി പോലെ സ്‌ഥിതി ചെയ്യുന്ന തുര്‍ക്കിയെ ലോകത്തെ ഏറ്റവും മികച്ച അഞ്ച്‌ സമ്പദ്‌ഘടനയില്‍ ഒന്നാക്കി മാറ്റുമെന്നാണ്‌ എര്‍ദോഗന്‍ അവകാശപ്പെടുന്നത്‌. ഇതു സാധ്യമാക്കാന്‍ സമ്പദ്‌ഘടനയ്‌ക്ക്‌ താങ്ങാവുന്നതിലും ഉപരിയായി കിട്ടാവുന്നിടത്തുനിന്നൊക്കെ കടം വാങ്ങി ഒട്ടേറെ പശ്‌ചാത്തല വികസന പദ്ധതികള്‍ നടപ്പാക്കുകയാണ്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹൈവേകളും കൂറ്റന്‍ പാലങ്ങളും അശുപത്രികള്‍ ഉള്‍പ്പെടെയുള്ള കെട്ടിടസമുച്ചയങ്ങളും നിര്‍മിച്ചു കൊണ്ട്‌ വികസന നായകനെന്ന പ്രതീതിയുളവാക്കിയിട്ടുണ്ട്‌. ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമായി ഇസ്‌താംബുള്‍ വിമാനത്താവളം മാറുകയാണ്‌. ലോകത്തിലെ ഏറ്റവും വലുതും ആധുനികവുമായ വിമാനത്താവളം എന്ന നിലയില്‍ നിര്‍മിക്കുന്ന പുതിയ ഇസ്‌താംബുള്‍ എയര്‍പ്പോര്‍ട്ട്‌ ഈ വര്‍ഷം ഒക്‌ടോബറില്‍ തുറക്കും.
മനോഹാരിതയും ആധുനികതയും കൊണ്ടു വിനോദ സഞ്ചാരികളെ തുര്‍ക്കിയിലേയക്ക്‌ ആകര്‍ഷിക്കുന്ന പ്രധാനകേന്ദ്രമായി അതു മാറുമെന്നാണു കരുതപ്പെടുന്നത്‌. 2023 തുര്‍ക്കിയുടെ ശതാബ്‌ദി വര്‍ഷമാണ്‌. പ്രസിഡന്റെന്ന നിലയിലും ആധുനിക തുര്‍ക്കിയുടെ ശില്‍പ്പിയെന്ന്‌ സ്വയം അഭിമാനിച്ചും ശതാബ്‌ദി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്‌ എര്‍ദോഗന്‍. തെരഞ്ഞെടുപ്പ്‌ വിജയത്തില്‍ അഹ്ലാദഭരിതരായ അനുയായികളോട്‌ അദ്ദേഹം പറഞ്ഞത്‌ ദൈവത്തിന്റെ അനഗ്രഹമുണ്ടെങ്കില്‍ 2023-നു മുമ്പ്‌ തുര്‍ക്കിയുടെ മോഹങ്ങള്‍ സഫലീകരിക്കുമെന്നാണ്‌. അതിനുള്ള ശ്രമമാണ്‌ താന്‍ ഏറ്റെടുക്കുന്നതെന്നും ജനങ്ങള്‍ ഒപ്പം ഉണ്ടാകണമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ പ്രചരിപ്പിക്കുന്നതുപോലെ അത്ര നല്ല നിലയിലല്ല സമ്പദ്‌ഘടനയെന്നാണു സാമ്പത്തിക വിദ്‌ഗധര്‍ വിലയിരുത്തുന്നത്‌. ഊതി വീര്‍പ്പിച്ച സമ്പദ്‌ഘടനയുടെ യഥാര്‍ഥ ചിത്രം വരും വര്‍ഷങ്ങളില്‍ കാണാനാവുമെന്നാണ്‌ തുര്‍ക്കിയിലെ രാഷ്‌ട്രീയ നിരീക്ഷകരും സാമ്പത്തിക ശാസ്‌ത്രജ്‌ഞരും കരുതുന്നത്‌.

പി.എസ്‌. ശ്രീകുമാര്‍

(പബ്ലിക്‌ പോളിസി റിസേര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ (തിരുവനന്തപുരം) രജിസ്‌ട്രാറാണു ലേഖകന്‍. ഫോണ്‍: 9847173177)

Ads by Google
Wednesday 04 Jul 2018 02.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW