Saturday, April 20, 2019 Last Updated 16 Min 35 Sec ago English Edition
Todays E paper
Tuesday 03 Jul 2018 06.22 PM

വിവാഹദിനത്തില്‍ വധുവിന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേ റോഡില്‍ പിടഞ്ഞ ജീവന് രക്ഷകനായി നവവരന്‍

uploads/news/2018/07/230509/varan.jpg

വിവാഹദിനം വധുവിന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേ മുന്നില്‍ സംഭവിച്ച ഒരു അപകടത്തില്‍ വരന്റെയും മറ്റുള്ളവരുടെയും ഇടപെടലുകള്‍ കൊണ്ട് ജീവന്‍ രക്ഷിക്കാനായി. കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ സ്വദേശിയായ അയാസെന്ന വരന്റെ ജീവിതത്തില്‍ സംഭവിച്ച അനുഭവം സഹോദരന്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് നാട്ടുകാരും ബന്ധുക്കളുമടക്കം സംഭവം അറിയുന്നത്. ബൈക്കില്‍ നിന്ന് തെറിച്ചുവീണ യുവതിക്കും കുടുംബത്തിനുമാണ് കല്ല്യാണവേഷത്തില്‍ അയാസ് അശ്വാസമായത്.

മുഷ്താഖ് റഷീദ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം :

അനിയന്‍ അയാസിന്റെ കല്യാണമായിരുന്നു കഴിഞ്ഞ ഞായറാഴ്ച. ദൈവാനുഗ്രഹത്താല്‍ എല്ലാം ഭംഗിയായി നടന്നു. എല്ലാ സുഹൃത്തുക്കളെയും ക്ഷണിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്, വിട്ടുപോയവര്‍ ദയവായി ക്ഷമിക്കുക. സമയപരിമിതി കാരണം വിട്ടുപോയതാണ്. പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തുക.

കുറ്റിപ്പുറത്തു നിന്നാണ് വധു. കുറ്റിപ്പുറവും ചേന്ദമംഗല്ലൂരും തമ്മില്‍ വലിയ ദൂരം ഉള്ളതിനാല്‍ പെണ്ണിനെ കൂട്ടിക്കൊണ്ടു വരുന്ന ചടങ്ങ് ശനിയാഴ്ച തന്നെ കഴിക്കാന്‍ തീരുമാനിച്ചു (നല്ല സ്വഭാവം ഉണ്ടെങ്കില്‍ സ്വന്തം ജില്ലയില്‍ നിന്നു തന്നെ പെണ്ണ് കിട്ടും എന്നാണ് വാപ്പയോടും മനുവിനോടും അയാസിനോടും ഈ അവസരത്തില്‍ എനിക്ക് പറയാനുള്ളത്) ശനിയാഴ്ച കുറ്റിപ്പുറത്തേക്ക് മൂന്ന് വണ്ടികള്‍ പോകാന്‍ തീരുമാനമായി. ഒരു വണ്ടിയില്‍ ഞാനും ഭാര്യയും മറ്റൊരു വണ്ടിയില്‍ അനിയന്‍ സാഹിലും പെങ്ങന്മാരും അടുത്ത വണ്ടിയില്‍ അയാസ് ഒറ്റക്കും. നിക്കാഹ് നേരത്തെ കഴിഞ്ഞിരുന്നതിനാല്‍ അയാസ് ഒരുപാട് തവണ അവിടെ പോയിരിക്കാന്‍ സാധ്യത ഉള്ളത് കൊണ്ട് വഴികാട്ടിയായി അവനോട് മുന്‍പില്‍ വണ്ടി വിടാന്‍ പറഞ്ഞു. മറ്റു രണ്ടു വണ്ടികളും അതിനെ പിന്തുടര്‍ന്നു.

ഇറങ്ങാന്‍ ഒരല്പം താമസിച്ചതുകൊണ്ട് ഉച്ചഭക്ഷണത്തിന് കുറ്റിപ്പുറത്ത് എത്താന്‍ താമസിക്കും എന്നതിനാല്‍ ഒരല്പം ധൃതിയില്‍ ആയിരുന്നു പോക്ക്. അവിടെ ഒരുപാട് പേര്‍ ഞങ്ങളുടെ വരവും കാത്ത് നില്‍പ്പുണ്ടായിരുന്നു. വണ്ടി വേങ്ങര കൂരിയാട് പാടത്തിന്റെ കുറുകെ പോവുമ്പോള്‍ തൊട്ടുമുന്നില്‍ ഒരു ബൈക്കപകടം നടന്നതായി കണ്ടു. ബൈക്കില്‍ നിന്നും തെറിച്ചു വീണ ഒരു യുവതി റോഡരികില്‍ കിടക്കുന്നു. പെട്ടെന്ന് തന്നെ ഒരാള്‍ ആ യുവതിയെ താങ്ങിയെടുത്ത് പുയാപ്ലയുടെ വണ്ടിക്ക് കൈ കാണിച്ചു. ഒട്ടും മടികൂടാതെ അവന്‍ വണ്ടിയിലേക്ക് കയറിക്കോളാന്‍ അവരോട് പറയുന്നത് പിറകിലെ കാറിലിരുന്ന് ഞങ്ങള്‍ നോക്കിക്കണ്ടു. ഞങ്ങളോട് കുറ്റിപ്പുറത്തേക്ക് വിട്ടോളാന്‍ പറഞ്ഞു അവന്‍ അടുത്തുള്ള ആശുപത്രിയിലേക്ക് വണ്ടി പെട്ടെന്ന് ഓടിച്ചുപോയി. കുറ്റിപ്പുറത്ത് ഒരുഭാഗത്ത് വണ്ടിയൊതുക്കി അവനെ ഞങ്ങള്‍ കാത്തിരുന്നു. ചുരുങ്ങിയ സമയം കൊണ്ടുതന്നെ അവന്‍ ഞങ്ങളുടെ കൂടെയെത്തി. സമയബന്ധിതമായി തന്നെ ലക്ഷ്യസ്ഥാനത്ത് എത്താനും സാധിച്ചു.

ഒരു ജീവിതം ആരംഭിക്കാനുള്ള യാത്രയില്‍ മറ്റൊരു ജീവിതം പാതിവഴിയില്‍ പിടയുന്നത് കാണുമ്പോള്‍ മടികൂടാതെ അവരെ സഹായിക്കാന്‍ കാണിച്ച സന്മനസ്സിന് നൂറ് അഭിനന്ദനപ്പൂക്കള്‍. നമ്മള്‍ നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും ഒരുപക്ഷേ ദൈവത്തിന്റെ പരീക്ഷണങ്ങള്‍ ആയിരിക്കാം. ആദാമിന്റെ മകന്‍ അബു എന്ന സിനിമയില്‍ സലീം കുമാര്‍ പറഞ്ഞ ഡയലോഗ് ഓര്‍മ്മ വരുന്നു. 'ആ പ്ലാവ് മുറിക്കേണ്ടിയിരുന്നില്ല, അതും ഒരു ജീവനല്ലേ'.

Tuesday 03 Jul 2018 06.22 PM
YOU MAY BE INTERESTED
Loading...
LATEST NEWS
TRENDING NOW