Friday, June 21, 2019 Last Updated 8 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jul 2018 03.24 PM

മഴക്കാലം പനിക്കാലം

'''മഴക്കാലത്ത് കുട്ടികളുടെ ആരോഗ്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അതെന്തെല്ലാമെന്നറിയാം...''
uploads/news/2018/07/230494/parenting030718a3.jpg

കുട്ടികള്‍ക്ക് ഏറ്റവുമധികം പരിചരണവും ശ്രദ്ധയും കൊടുക്കേണ്ട സമയമാണ് മഴക്കാലം. ശരീരത്തിലേല്‍ക്കുന്ന അമിതമായ തണുപ്പും ഈര്‍പ്പവുമെല്ലാം അവരുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാക്കും. ഈ മഴക്കാലത്ത് കുട്ടികളുടെ ചര്‍മ്മസംരക്ഷണത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും കൂടുതലറിയാം.

മഴക്കാലം പനിക്കാലം


കാലാവസ്ഥയിലുണ്ടായ മാറ്റവും ജീവിതശൈലിയിലുണ്ടായ മാറ്റവും മൂലം ഇക്കാലത്ത് ചെറിയൊരു മഴ നനഞ്ഞാല്‍ പോലും പനി പിടിക്കും. പനിയോ ജലദോഷമോ ഉണ്ടായാല്‍ അധികം താമസിക്കാതെ കുട്ടിയെ ആശുപത്രിയെലെത്തിക്കണം.

പനിക്കാലത്ത് ആഹാരശീലങ്ങളില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. തണുപ്പുള്ളതും അല്പം പഴകിയതുമായ ആഹാരം ഒഴിവാക്കുക. ചൂടോടു കൂടിയ ആഹാരം കഴിപ്പിക്കുക. മഴക്കാലത്ത് വിശപ്പ് കുറവായതിനാല്‍ ലഘുവായി മാത്രം ആഹാരം നല്‍കിയാല്‍ മതിയാകും.

കൊതുകുശല്യം കൂടുതലാകുന്ന മഴക്കാലത്ത് കുട്ടികള്‍ കിടന്നുറങ്ങുന്ന കട്ടിലിന് ചുറ്റും കൊതുകുവല ഇടാന്‍ മറക്കരുത്. കൊതുകുശല്യം അമിതമായതിനാല്‍ രാവിലെയും വൈകിട്ടും മുറിക്കുള്ളില്‍ സാമ്പ്രാണിത്തിരിയോ കുന്തിരിക്കമോ കത്തിച്ചു വയ്ക്കാം. പലരും കൊതുകുതിരി പതിവായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ കൊതുകുതിരിയില്‍ നിന്നും പുറത്തേക്കെത്തുന്ന പുക ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കാനിടയുണ്ട്.

വ്യക്തിശുചിത്വം


ചെറിയ കുട്ടികള്‍ക്ക് വ്യക്തിശുചിത്വത്തെക്കുറിച്ച് വലിയ അറിവുണ്ടാകണമെന്നില്ല. ഇതെല്ലാം പറഞ്ഞു കൊടുക്കേണ്ടത് മാതാപിതാക്കളാണ്. പല കുട്ടികളും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറച്ചു പിടിച്ചില്ലെങ്കില്‍ ചുറ്റുമുള്ളവര്‍ക്ക് അസുഖം പകരുമെന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം. ഭക്ഷണത്തിന് മുമ്പും ശേഷവും കൈകഴുകാന്‍ കുട്ടികള്‍ക്കു മടിയാണ്. ഭക്ഷണത്തിന് മുമ്പും പിമ്പും കൈ നിര്‍ബന്ധമായും കഴുകിയിരിക്കണം.

മഴക്കാലമായതിനാല്‍ വീടിനടുത്തും വഴിയോരത്തുമെല്ലാം വെള്ളം കെട്ടിക്കിടക്കും. കുട്ടികള്‍ക്ക് വെള്ളത്തില്‍ കളിക്കാനുള്ള പ്രേരണയുണ്ടാകും. കഴിവതും അതനുവദിക്കാതിരിക്കുക. മഴക്കാലമായതിനാല്‍ പനിയും ജലദോഷവുമൊക്കെയുണ്ടാകും. അസുഖമുളള കുട്ടികളെ സ്‌കൂളില്‍ വിടാതിരിക്കുക. അവര്‍ വിശ്രമിക്കട്ടെ.

സ്‌കൂള്‍ പരിസരത്തു നിന്ന് ഭക്ഷണപദാര്‍ത്ഥങ്ങളും മറ്റും സുഹൃത്തുക്കളോടൊപ്പം കഴിക്കുന്ന കുട്ടികളുണ്ട്. പുറത്തു നിന്നുള്ള ശീതളപാനീയങ്ങളും ഭക്ഷണവും കഴിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുക്കളെക്കുറിച്ച് പറഞ്ഞു കൊടുക്കുക.

കുളി ശീലമാക്കാം


വീടിന് പുറത്തുപോയ ശേഷവും വളര്‍ത്തുമൃഗങ്ങളെ ഓമനിച്ച ശേഷവുമെല്ലാം കുളിക്കണമെന്ന് കുട്ടികളോട് പറയാം. കുളിക്കാന്‍ ആന്റിസെപ്റ്റിക് സോപ്പുകളാണ് ഏറ്റവും നല്ലത്. മഴയത്തും ചെളിയിലുമെല്ലാം നടക്കുമ്പോള്‍ രോഗാണുക്കള്‍ ശരീരത്തില്‍ കടക്കുമെന്നും അത് വലിയ രോഗാവസ്ഥയിലേക്ക് നയിക്കുമെന്നും കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്താം.

മഴക്കാലത്ത് ചെറുചൂടുവെള്ളത്തില്‍ കുളിപ്പിക്കുന്നതാണ് കൂടുതല്‍ ഉത്തമം. മഴ നനഞ്ഞ് വീട്ടിലെത്തുന്ന കുട്ടിയെ വീണ്ടും തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുന്നത് ഏറെ അപകടമാണ്. അതിനാല്‍ ഇളം ചൂടുവെള്ളമാണ് അനുയോജ്യം.

uploads/news/2018/07/230494/parenting030718a.jpg

മഴക്കാലത്ത് ഇറുകിയതും അയഞ്ഞതുമായ വസ്ത്രം ധരിപ്പിക്കരുത്. സോക്‌സ്, ഷൂസ് എന്നിവ എപ്പോഴും വൃത്തിയാക്കി വയ്ക്കണം. ചെരിപ്പിടാതെ ഒരിക്കലും പുറത്തിറങ്ങരുത്.

പകര്‍ച്ചവ്യാധികളെ അകറ്റാം


മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ കുട്ടികളിലുണ്ടാകാന്‍ സാധ്യതയേറെയാണ്. അതില്‍ പ്രധാനപ്പെട്ടത് ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, നിപ്പ എന്നിവയാണ്.
പെട്ടെന്നുണ്ടാകുന്ന പനി, ശക്തമായ ശരീരവേദന, കണ്ണിനു പിന്നില്‍ വേദന, നടുവേദന, ശരീരവേദന, വിശപ്പില്ലായ്മ, ഛര്‍ദ്ദില്‍, കണ്ണുകള്‍ക്ക് താഴെ വേദന എന്നിവയാണ് ഡങ്കിപ്പനിയുടെ രോഗലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍ തന്നെ ഡോക്ടറെ കാണിക്കണം.

ഹെപ്പറ്റൈറ്റിസ് എ വൈറസാണ് മഞ്ഞപ്പിത്തത്തിനുള്ള കാരണം. രോഗിയുടെ വിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയും രോഗം പകരാനുള്ള സാധ്യതയുണ്ട്.

വവ്വാലുകളില്‍ നിന്നും പകരുന്നുവെന്ന് സംശയിക്കുന്ന നിപ്പ വൈറസും കുട്ടികളില്‍ പകരാനുള്ള സാധ്യതയുണ്ട്. രോഗിയുമായുള്ള സമ്പര്‍ക്കം കുറയ്ക്കണം. അതുണ്ടായാല്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയ ശേഷം മാത്രം ആഹാരം കഴിക്കുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വിദഗ്ധ ചികിത്സ തേടുക.

രോഗങ്ങളെ ചെറുക്കാന്‍


വെള്ളത്തിലൂടെയാണ് രോഗങ്ങള്‍ പകരാനുള്ള സാധ്യതയേറെ. തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക. പല കുട്ടികള്‍ക്കും മഴക്കാലത്ത് വെള്ളം കുടിക്കാന്‍ മടിയാണ്. ദാഹമില്ലെങ്കിലും ദിവസവും ആവശ്യത്തിന് വെള്ളം കൊടുക്കണം.

ഭക്ഷണം കഴിക്കുമ്പോള്‍


അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തണുത്ത വെള്ളം കുടിക്കാന്‍ കൊടുക്കരുത്. തണുത്ത ഭക്ഷണസാധനങ്ങള്‍ തൊണ്ടവേദനയും ജലദോഷവുമൊക്കെയുണ്ടാക്കും. ഇളംചൂടുവെള്ളവും സൂപ്പും സ്‌കൂള്‍ വിട്ട് വരുമ്പോള്‍ കൊടുക്കുന്നത് നല്ലതാ ണ്. എത്ര തിരക്കുണ്ടെങ്കിലും കൈകഴുകിയ ശേഷം മാത്രം ഭക്ഷണം കഴിക്കാന്‍ അനുവദിക്കുക. മഴക്കാലത്ത് കുട്ടികളിലെ പ്രതിരോധശേഷി കുറയും. അതിനാല്‍ പോഷകങ്ങളടങ്ങിയ ഭക്ഷണം നല്‍കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

പ്രതിരോധമാര്‍ഗ്ഗങ്ങള്‍


1. തിളപ്പിച്ചാറിയ വെള്ളം മാത്രമുപയോഗിക്കുക.
2. തുറസായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം പാടില്ല.
3. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.
4. വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ചിരട്ട, ചട്ടി, പൊട്ടിയ പാത്രങ്ങള്‍, ഉപയോഗിക്കാത്ത ടാങ്കുകള്‍ എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് തടയുക.
5. കൊതുകുനിവാരണം നടത്തുക. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ കൊതുകുവലയോ, ശരീരം മുഴുവന്‍ മറഞ്ഞുകിടക്കുന്ന വസ്ത്രങ്ങളോ ധരിക്കുക.
6. പകര്‍ച്ചവ്യാധികളുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിച്ച് ചികിത്സ തുടങ്ങാം.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Tuesday 03 Jul 2018 03.24 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW