Tuesday, July 03, 2018 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jul 2018 03.04 PM

ഷീല വധക്കേസ്

ക്രൈം സ്റ്റോറി /എം.കെ പുഷ്‌ക്കരന്‍ (റൂറല്‍ എസ്.പി)
Puthur Sheela murder case

"" അവിശ്വസനീയമായ ആ രംഗം കണ്ട് ജയകൃഷ്ണന്‍ തളര്‍ന്നുവീണു. ""

"" എട്ടരപ്പവന്‍ സ്വര്‍ണവും മുപ്പതിനായിരം രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്. സ്വന്തമായ പെട്രോള്‍പമ്പും മൊബൈല്‍ഫോണ്‍ ഷോപ്പും മറ്റു ബിസിനസുകളുമൊക്കെയുള്ള ജയകൃഷ്ണന്റെ ആസ്തി വച്ചുനോക്കുമ്പോള്‍ മോഷണവസ്തുക്കളുടെ മൂല്യം തുലോം തുഛം. ഇത്ര ചെറിയ തുക മോഷ്ടിക്കാന്‍ ഷീലയുടെ കഴുത്തറുത്തതെന്തിന്...?""

കോളിളക്കം സൃഷ്ടിച്ച ഷീല വധക്കേസ് നടക്കുമ്പോള്‍ പാലക്കാട് അഡ്മിനിസ്‌ട്രേഷന്‍ ഡി.വൈ.എസ്.പിയാണ് ഞാന്‍. പാലക്കാട്ടെ പൊതുകാര്യപ്രസക്തനും ബിസിനസുകാരനുമായ ജയകൃഷ്ണന്റെ സുന്ദരിയും കുലീനയുമായ സഹധര്‍മിണി ഷീലയെ കഴുത്തറുത്ത് ദാരുണമായി കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്.വിദ്യാസമ്പന്നയും എല്ലാവരുടെയും സ്‌നേഹാദരങ്ങള്‍ പിടിച്ചുപറ്റിയ കുടുംബിനിയുമായ ഷീലയ്ക്ക് വയസ് നാല്പത്തിയാറ്. പാലക്കാട് ടൗണില്‍നിന്ന് അല്പംമാറി പുത്തൂരിലെ 'സായൂജ്യം' എന്ന വീട്ടിലാണ് ഈ അരുംകൊല നടന്നിരിക്കുന്നത്.

പാലക്കാട് ടൗണ്‍ ഡി.വൈ.എസ്.പിയായിരുന്ന സി.കെ രാമചന്ദ്രന്റെ മേല്‍നോട്ടത്തില്‍ ടൗണ്‍നോര്‍ത്ത് സി.ഐ വിപിന്‍ദാസ്, സൗത്ത് സി.ഐ മുഹമ്മദ്, ഒറ്റപ്പാലം സി.ഐ മുരളീധരന്‍, വടക്കാഞ്ചേരി സി.ഐ ബിജുകുമാര്‍, മണ്ണാര്‍ക്കാട് സി.ഐ സുരേഷ്ബാബു എന്നിവരും മറ്റുദ്യോഗസ്ഥരും അടങ്ങിയ പത്തംഗ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

പാലക്കാട് ജില്ലാകളക്ടര്‍ കെ.വി. മോഹന്‍കുമാറിന്റെ സുഹൃത്തും സതീര്‍ഥ്യനും, ടൂറിസം അഡീഷണല്‍ ഡയറക്ടറുമായ സതീഷിന്റെ (ഐ.എ.എസ്) സഹോദരിയാണ് ഷീല എന്ന വസ്തുത കേസിന്റെ ഗൗരവം വര്‍ധിപ്പിച്ചു.

ജയകൃഷ്ണന്‍ ബിസിനസ് ആവശ്യത്തിന് പുറത്തുപോയ സമയത്താണ് വീട്ടില്‍ കൊലനടന്നത്. അയാള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയുടെ അമ്മ ബോധംകെട്ട് നിലത്തുകിടക്കുന്നു. ഭാര്യ ഷീല കഴുത്തറക്കപ്പെട്ട നിലയില്‍ തൊട്ടപ്പുറത്തു കിടപ്പുണ്ട്. ഷീലയുടെ കഴുത്തിനുചുറ്റും തറയില്‍ രക്തം തളംകെട്ടിക്കിടപ്പുണ്ടായിരുന്നു.

അവിശ്വസനീയമായ ആ രംഗം കണ്ട് ജയകൃഷ്ണന്‍ തളര്‍ന്നുവീണു. ജയകൃഷ്ണന്‍- ഷീല ദമ്പതികളുടെ മക്കള്‍ രണ്ടുപേരും സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല.

കേസ് രജിസ്റ്റര്‍ ചെയ്ത ത് 2010 ഒക്‌ടോബര്‍ 23 നാണ്. പോലീസ് സംഭവസ്ഥല ത്തെത്തിയ പ്പോള്‍ ഷീല കഴുത്തറുത്ത നിലയില്‍ കിടക്കുകയാണ്. അവരുടെ അമ്മ കാര്‍ത്യായനി പരിക്കുകളോടെ തൊട്ടപ്പുറത്ത് ബോധരഹിതയായി കിടക്കുന്നു.
പോലീസ് ഉടന്‍തന്നെ ഷീലയെയും കാര്‍ത്യായനിയെയും ഹോസ്പിറ്റലിലേക്കു മാറ്റി. ഷീല സംഭവസ്ഥലത്തുവച്ചേ മരിച്ചിരുന്നു. കാര്‍ത്യായനിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് റഫര്‍ ചെയ്തു.

സംസ്ഥാനത്ത് ഏറ്റവുമധികം പോസ്റ്റുമോര്‍ട്ടം നടത്തിയ ചരിത്രമുള്ള, സീനിയര്‍ പോലീസ് സര്‍ജന്‍ ഡോ. പി.ബി. ഗുജ്‌റാള്‍ ആണ് ഷീലയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത്. അക്കാലത്ത് അദ്ദേഹം പാലക്കാട് പോലീസ് സര്‍ജനാണ്.

കഴുത്തില്‍ മുന്‍വശത്ത് 10 സെ.മീ നീളത്തിലും മൂന്നരസെന്റീമീറ്റര്‍ വീതിയിലും രണ്ടരസെന്റീമീറ്റര്‍ ആഴത്തിലുമുള്ള ഒരു മുറിവുണ്ടായിരുന്നു. മൂര്‍ച്ചയേറിയ ഒരായുധംകൊണ്ട് അറുത്തുമുറിച്ചിരിക്കുകയാണ്. ഒന്നല്ല, മൂന്നുപ്രാവശ്യമായിട്ടാണ് മുറിച്ചിരിക്കുന്നത്. ആരോഗ്യവതിയായ ഷീലയെ കീഴ്‌പ്പെടുത്തി കഴുത്ത് ഇങ്ങനെ മുറിക്കണമെങ്കില്‍ ഒറ്റയ്ക്ക് ഒരാള്‍ക്കു സാധിക്കുമോ? സാധ്യത കുറവാണ്.

കൃത്യം നിര്‍വഹിക്കാന്‍ ഒന്നിലേറെ പേരുണ്ടായിരിക്കും എന്ന നിഗമനത്തിലേക്കാണ് ഷീലയുടെ കഴുത്തിലെ മുറിവ് സൂചന നല്‍കിയത്.
പോലീസ്‌സംഘം സംഭവസ്ഥലം അരിച്ചുപെറുക്കി. യാതൊരു തെളിവും അവശേഷിപ്പിച്ചിട്ടില്ല. ആരായിരിക്കും പ്രതികള്‍? നീചമായ തേര്‍വാഴ്ചയുടെ പിന്നിലെ ചേതോവികാരമെന്ത്...?

അക്രമത്തില്‍നിന്നു ജീവന്‍പോകാതെ കഷ്ടിച്ചു രക്ഷപ്പെട്ട കാര്‍ത്യായനിയുടെ മൊഴിയെടുത്താല്‍ പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചേക്കും.
പാലക്കാട് ടൗണിനോടു ചേര്‍ന്ന് പോലീസ് ഫോഴ്‌സിന്റെ മൂക്കിനുതാഴെയാണ് ഈ സംഭവം നടന്നത്. നിമിഷങ്ങള്‍ കഴിയുംതോറും പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്. സംസ്ഥാനം വിട്ടാല്‍ പിന്നെ പ്രതികളെ പിടികൂടുക ദുഷ്‌ക്കരമാവും.
ഇപ്പോഴത്തെ കൊച്ചി ഐ.ജി വിജയ് സാഖറെയാണ് അന്നത്തെ പാലക്കാട് എസ്.പി. പ്രതികള്‍ ഒരു കാരണവശാലും രക്ഷപ്പെടരുതെന്നും, പഴുതടച്ച അന്വേഷണം വേണമെന്നും ജില്ലാ പോലീസ് മേധാവിയില്‍നിന്നു നിര്‍ദ്ദേശം വന്നു.
മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന വിവരം സബ്ഇന്‍സ്‌പെക്ടര്‍ പി.വി. രമേഷ് അന്വേഷണസംഘത്തിനു കൈമാറി. കൊല്ലപ്പെട്ട ഷീലയുടെയും ബോധരഹിതയായി കിടന്ന കാര്‍ത്യായനിയുടെയും കാതിലെയും കഴുത്തിലെയും കൈകളിലെയും സ്വര്‍ണാഭരണങ്ങള്‍ അപ്രത്യക്ഷമായിട്ടുണ്ട് പിന്നെ കുറെ പണവും.

എട്ടരപ്പവന്‍ സ്വര്‍ണവും മുപ്പതിനായിരം രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്. സ്വന്തമായ പെട്രോള്‍പമ്പും മൊബൈല്‍ഫോണ്‍ ഷോപ്പും മറ്റു ബിസിനസുകളുമൊക്കെയുള്ള ജയകൃഷ്ണന്റെ ആസ്തി വച്ചുനോക്കുമ്പോള്‍ മോഷണവസ്തുക്കളുടെ മൂല്യം തുലോം തുഛം.
ഇത്ര ചെറിയ തുക മോഷ്ടിക്കാന്‍ ഷീലയുടെ കഴുത്തറുത്തതെന്തിന്...?
ദുരൂഹസമസ്യകളും ചോദ്യങ്ങളും ബാക്കി നില്‍ക്കുന്നു.

പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കുമ്പോഴും ഷീലയുടെ കഴുത്തറുത്ത നീചമായ സംഭവവും മോഷണശ്രമവും തമ്മില്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍ എവിടെയൊക്കെയോ പൊരുത്തക്കേടുകളുള്ളതുപോലെ. മോഷണശ്രമത്തെ ഷീല ചെറുത്തുതോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ത്തന്നെ ഇത്രയും ക്രൂരമായ നരഹത്യ വേണമായിരുന്നോ...? പ്രതികള്‍ക്ക് ഷീലയോട് ഇത്രയും പകതോന്നാന്‍ എന്താണു കാരണം? ഇനി ഒരുപക്ഷേ ഷീലയെ ശാരീരികമായി പീഡിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുകയും അതിനു വഴങ്ങാതിരുന്നപ്പോള്‍ വൈരാഗ്യം മൂത്ത് കഴുത്തറുത്ത് കൊന്നതാണെങ്കിലോ..?
എങ്കില്‍പ്പിന്നെ സ്വര്‍ണവും പണവും മറ്റും മോഷ്ടിച്ചതെന്തിന്..? ബലാത്സംഗമാണോ അതോ മോഷണമാണോ ലക്ഷ്യം..? അതോ, രണ്ടും ഉണ്ടായിരുന്നോ...?

ബലാത്സംഗശ്രമം നടത്തിയപ്പോള്‍ ഷീല എതിര്‍ത്തു. ഒരിക്കലും വഴങ്ങില്ലെന്നു വന്നപ്പോള്‍ പകമൂത്ത്, കഴുത്തറുത്ത് കൊന്നു. പെട്ടെന്നുണ്ടായ ക്ഷോഭത്തിനു ചെയ്തതാവാം. ലക്ഷ്യം ബാലത്സംഗമായിരുന്നില്ല മോഷണശ്രമമാണ് എന്നു വരുത്താനും വേണ്ടി പിന്നീട് മോഷ്ടിച്ചു. ഇങ്ങനെയായിക്കൂടേ? ചിന്തകള്‍ പലവഴിക്കുപാഞ്ഞു.

ജയകൃഷ്ണനു ശത്രുക്കളുണ്ടാവുക സ്വാഭാവികം. അയാളെയും ഭാര്യയെയും ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ വന്ന ക്വട്ടേഷന്‍ സംഘമായിക്കൂടേ? ഇതിനു പിന്നാലെ ജയകൃഷ്ണനെക്കൂടി ഉന്നംവച്ചിട്ടുണ്ടാവുമോ?

സംഭവം നടക്കുമ്പോള്‍ ജയകൃഷ്ണന്‍- ഷീല ദമ്പതികളുടെ വിവാഹിതയായ മൂത്തമകള്‍ ഭര്‍തൃഗൃഹത്തിലും ഇളയമകള്‍ കോളജിലുമായിരുന്നു. സംഭവസ്ഥലത്ത് ആദ്യമെത്തിയ സബ്ഇന്‍സ്‌പെക്ടര്‍ വി.പി രമേഷ് പ്രാഥമിക നിഗമനങ്ങളില്‍നിന്നു പറഞ്ഞ വാചകത്തില്‍ തന്നെയാണ് അന്വേഷണസംഘം ഒടുവില്‍ എത്തിച്ചേര്‍ന്നത്: ''മര്‍ഡര്‍ ഫോര്‍ ഗെയിന്‍.''

നേട്ടത്തിനുവേണ്ടിയുള്ള കൊലപാ തകം. അതേ, സാമ്പത്തികനേട്ടത്തിനുവേണ്ടിയുള്ള കൊലപാതകം. മോഷണത്തിനിടയിലെ അരുംകൊല.
ഡോ. പി.ബി.ഗുജ്‌റാളിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വീണ്ടും പരിശോധിച്ചു. ബലാത്സംഗശ്രമം നടന്നിട്ടില്ല. പിടിവലിയോ വസ്ത്രാക്ഷേപമോ നടന്നിട്ടില്ല.
മോഷണത്തിനുവേണ്ടി തന്നെയായിരുന്നു കൊല നടത്തിയത്. അപ്പോള്‍ ഒരു ചോദ്യം ബാക്കിയാവുന്നു. എട്ടരപ്പവന്‍ സ്വര്‍ണത്തിനും മുപ്പതിനായിരം രൂപയ്ക്കുംവേണ്ടി കഴുത്തറുക്കുമോ..?

ഈ ഘട്ടത്തിലാണ് ഒരു പുതിയ വിവരം ലഭിക്കുന്നത്. സ്വര്‍ണവും പണവും മാത്രമല്ല മൂന്നു മൊബൈല്‍ ഫോണുകളും പ്രതികള്‍ കൊണ്ടുപോയിട്ടുണ്ട് .
പ്രതികള്‍ മൊബൈല്‍ ഫോണുകളും മോഷ്ടിച്ചിട്ടുണ്ട് എന്ന വസ്തുത അന്വേഷണസംഘത്തിന് ആശ്വാസത്തിനു കാരണമായി.

സൈബര്‍സെല്ലിന്റെ സഹായത്തോടെ പ്രതികളിലേക്ക് എത്താം എന്ന ചെറിയ ഒരു പ്രത്യാശ പോലീസിനു ലഭിച്ചു. ഇരുട്ടില്‍ തപ്പുന്നതിനിടയില്‍ ഒരു മെഴുകുതിരി നാളം.

(തുടരും......)

തയ്യാറാക്കിയത്:
സലിം ഇന്ത്യ

Ads by Google
Ads by Google
Loading...
TRENDING NOW