Monday, April 22, 2019 Last Updated 7 Min 45 Sec ago English Edition
Todays E paper
Ads by Google
ബീനാ സെബാസ്റ്റ്യന്‍
Tuesday 03 Jul 2018 11.04 AM

ഈ രാജ്യത്തിന്റെ നിയമവും നാം പാലിക്കേണ്ടത്, ഏതാനും പേരെ സംരക്ഷിക്കാന്‍ വേണ്ടി സഭയേയും നീതിപീഠത്തെയും ചവിട്ടിത്തരിപ്പണമാക്കുന്നു: മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് മറുപടിയുമായി ഫാ. ബെന്നി മാരാംപറമ്പില്‍

uploads/news/2018/07/230439/fr.-Benny.jpg

ചേര്‍ത്തല: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് മറുപടിയുമായി എറണാകുളം-അങ്കമാലി അതിരൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ.ബെന്നി മാരാംപറമ്പില്‍. ഈ നാടിന്റെ നിയമവ്യവസ്ഥെയ പോലും വെല്ലുവിളിച്ച് ഇതേ അള്‍ത്താരയില്‍ നിന്നുകൊണ്ട് പിതാവ് പറഞ്ഞുവെന്ന പറയപ്പെടുന്ന പ്രസംഗത്തെ കുറിച്ച് താന്‍ കേട്ടു. രാജ്യത്തിന്റെ നിയമത്തേക്കാള്‍ ദൈവത്തിന്റെ നിയമമാണ് പ്രധാനപ്പെട്ടതെന്ന് പറയുമ്പോള്‍ ഈ രാജ്യത്തിന്റെ നിയമവും നാം പാലിക്കേണ്ടതല്ലേ? എന്ന് ഫാ.ബെന്നി അടിവരയിട്ട് ചോദിക്കുന്നു. ഒരാളെ അല്ലെങ്കില്‍ ഏതാനും പേരെ നിലനിര്‍ത്താന്‍ വേണ്ടി ഇവിടെ സഭയാകെ, നീതിപീഠത്തെയാകെ ചവിട്ടിത്തരിപ്പണമാക്കപ്പെടുന്ന ഒരു സംസ്‌കാരത്തിന്റെ നടുവില്‍ നമ്മളൊക്കെ ഇടര്‍ച്ചയുടെ മനുഷ്യരായി മാറുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം സഭാ നേതൃത്വത്തെ വിമര്‍ശിച്ചു. കോക്കമംഗലം മാര്‍തോമാ ദേവാലയത്തില്‍ ദുക്‌റാന തിരുനാളിനോട് അനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് വൈദികന്റെ വിമര്‍ശനം.

രണ്ടായിരത്തിലേറെ വര്‍ഷത്തെ വിശ്വാസത്തിന്റെ പാരമ്പര്യം അവകാശപ്പെടുമ്പോഴും കഴിഞ്ഞ അഞ്ചാറു മാസങ്ങളായി സഭാനേരിടുന്ന പ്രശ്‌നങ്ങള്‍ വിശ്വാസത്തിന്റെ കണികപോലുമില്ലാതെ, ക്രൈസ്തവ സാക്ഷ്യം നല്‍കാന്‍ പരാജയപ്പെടുന്നതിന്റെ സൂചനയാണ്. കര്‍ത്താവിന്റെ നാമത്തില്‍ അഭിഷിക്തരായവര്‍ പോലും പരാജയപ്പെടുന്നു. എതിര്‍ സാക്ഷ്യം നല്‍കുന്ന കാഴ്ചകളാണ്. തെറ്റുപറ്റിയാല്‍ അത് തെറ്റാണെന്ന് അംഗീകരിക്കാനുള്ള ആര്‍ജ്ജവ ബോധം പോലും നമ്മുക്ക് നഷ്ടപ്പെടുന്ന അവസ്ഥയാണ്. അതിനെ ന്യായീകരിക്കാന്‍ ഏതുവിധേനയും ഒരു രാഷ്ട്രീയക്കാരന്റെ ചടുലതയോടെ കാര്യങ്ങളെ നേരിടാന്‍ തക്കമുള്ള ഒരു മനസ്സുമായി യുദ്ധത്തിന് പുറപ്പെടുന്ന നേതാക്കന്മാരും നമ്മുക്കുണ്ട് എന്നത് നമ്മുക്ക് വേദനയുളവാക്കും.

മെത്രാന്മാര്‍ പോലും അപവാദത്തിന് വിധേയരാകുമ്പോള്‍ വാഗ്‌വാദത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടുമ്പോള്‍ നമ്മുടെ വിശ്വാസത്തെ നാം കുറേ കൂടി ഗൗരവമായി എടുക്കണം. സഭയുടെ ജീവിതത്തില്‍ ഈ അപവാദങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ നമ്മള്‍ ആരെയാണ് ഗൗരവമായി എടുക്കേണ്ടത്. സ്വന്തം സല്‍പേര്, പ്രശസ്തി, സ്ഥാനം എന്നതിനപ്പുറം ദൈവത്തിന്റെ മഹത്വവും സഭയുടെ നിലനില്‍പ്പും സമൂഹത്തിന്റെ സാക്ഷ്യവുമല്ലേ നിലനില്‍ക്കേണ്ടതെന്നും സഭാ നേതൃത്വത്തിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നു.

തോമാശ്ലീഹായുടെ ഭാരത സന്ദര്‍ശനം, സുറിയാനി ക്രൈസ്തവരുടെ ബ്രാഹ്മണ്യ പാരമ്പര്യ അവകാശവാദം, ദളിതേരാടുള്ള അവഗണന, തദ്ദേശീയ സംസ്‌കാരവും പാരമ്പര്യവും ഉള്‍പ്പെടെ സഭയില്‍ ഇന്ന് ചര്‍ച്ചയാകുന്ന വിവാദ വിഷയങ്ങളിലെല്ലാം ചരിത്രത്തെയും വിശ്വാസത്തേയും കൂട്ടുപിടിച്ച് വ്യക്തമായ മറുപടി നല്‍കുകയാണ് ഫാ.ബെന്നി മാരാംപറമ്പില്‍. നമ്മള്‍ വിദേശത്തുനിന്നും കെട്ടിയിറക്കപ്പെട്ട ഒരു ഗ്രൂപ്പ് ആണെന്ന് ആരു പറഞ്ഞാലും അതിനൊന്നും തലവച്ച് കൊടുക്കരുത്. ഈ നാടിന്റെ അഭിമാനബോധം നമ്മുക്കുണ്ടാക്കണം. പക്ഷേ മേല്‍ക്കോയ്മ ഭാവം ഉണ്ടെങ്കില്‍ അത് നാശത്തില്‍ എത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

(അതിരൂപതയെ വിവാദത്തിലാക്കിയ ഭൂമി കുംഭകോണം അന്വേഷിക്കുന്നതിന് സഭ നിയോഗിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു ഫാ.ബെന്നി മാരാംപറമ്പില്‍. നിലവില്‍ കളമശേരി എന്‍.എ.ഡി പുരം സെന്റ് മേരീസ് പള്ളി വികാരിയാണ്.)

പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:-

തോമാശ്ലീഹ ഇവിടെ വന്നിട്ടുണ്ടോ ഇല്ലയോ എന്ന് ഗൗരവമായ ചര്‍ച്ച നടക്കുന്ന കാലത്താണ് തോമാശ്ലീഹായുടെ ഓര്‍മ്മ തിരുന്നാള്‍ ആഘോഷിക്കുന്നത്. തോമാശ്ലീഹാ വന്നോ ഇല്ലയോ ചോദ്യത്തിന് 'ഞാനിവിടെ വന്നു എന്ന് പേരെഴുതി ഒപ്പിട്ടിട്ടല്ല' അദ്ദേഹം പോയത്. അങ്ങനെ ഒരു ചരിത്രപുസ്തകം കാണാനില്ലെങ്കിലും ഇവിടെ വന്നു എന്നതിന് ശക്തമായ തെളിവാണ് നമ്മുടെ വിശാസം. നമ്മുടെ ഈ ദേവാലയവും തിരുനാള്‍ ആചരണവും.

തോമാശ്ലീഹാ ഇവിടെ വന്ന് നമ്പൂതിരിമാരെ മാമോദീസ മുക്കിയെന്ന പാരമ്പര്യ വാദത്തേയും ഫാ.മാരാംപറമ്പില്‍ ചരിത്രം ഉദ്ധരിച്ച് തിരുത്തി. ഇപ്പോള്‍ ചര്‍ച്ച വിഷയമായ മറ്റൊരു കാര്യം അതാണ്. കേരള ചരിത്രം പറയുന്നത് ദക്ഷിണേന്ത്യയിലേക്ക് ബ്രഹ്മണര്‍ കുടിയേറിയത് ആറു മുതല്‍ എട്ടുവരെയുള്ള നൂറ്റാണ്ടുകളിലാണ് എന്നാണ്. എട്ടാം നൂറ്റാണ്ടില്‍ കേരളത്തിലേക്ക് നമ്പൂതിരിമാര്‍ കുടിയേറി എന്നു പറയുമ്പോള്‍ എങ്ങനെ തോമാശ്ലീഹാ നമ്പൂതിരിമാരേ മാമോദീസ മുക്കിയെന്ന് പറയാന്‍ പറ്റും. എണ്ണപെട്ട ചില കുടുംബങ്ങളെ തോമാശ്ലീഹാ മാമോദീസാ മുക്കി. അവര്‍ വരേണ്യരാണ്. ഉന്നത കുലജാതരാണ് എന്നൊക്കെപറയുന്നത് വ്യര്‍ത്ഥമായ, പൊള്ളയായ ഒരു അഭിമാന ബോധേത്തക്കാള്‍ കാര്യമാത്ര പ്രസക്തമായ വിശ്വാസത്തിന്റെ ദീപ്തിയില്‍ സ്‌നേഹചൈതന്യം പകര്‍ത്താനാണ് നമ്മുടെ പിതാവ് നമ്മേ പഠിപ്പിച്ചത്. എ.ഡി 52 മുതല്‍ 72 വരെ നീണ്ടുനിന്ന രണ്ടു പതിറ്റാണ്ടിന്റെ സുവിശേഷ പ്രേഷിത ദൗത്യം പൂര്‍ത്തിയാക്കിയിട്ടാണ് അദ്ദേഹം തന്റെ സ്വര്‍ഗീയ ദൈവത്തിന്റെ ഭവനത്തിലേക്ക് മടങ്ങിയത്.

ക്രൈസ്തവര്‍ യൂറോപ്പിലേക്ക് പോകണമെന്ന ചില രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ദളിത് ക്രൈസ്തവര്‍ക്കു നേരെയുള്ള അവഗണനയ്‌ക്കെതിരെയും ഫ.മാരാംപറമ്പില്‍ ശബ്ദമുയര്‍ത്തി. ഇവിടുത്തെ ക്രൈസ്തവര്‍ വൈദേശികര്‍ ആണെന്നും നിങ്ങളൊക്കെ ഇറ്റലിയിലേക്ക് മടങ്ങണമെന്നും പറയുന്ന രാഷ്ട്രീയ നേതാക്കള്‍ ഇന്നും ഇവിടെ ജീവിച്ചിരിപ്പുണ്ട്. ഇറ്റലിയിലെ റോമില്‍ സുവിശേഷ പ്രേഘാഷത്തിന് പത്രോസും പൗലോസും എത്തുന്നത് ഏ.ഡി 64ല്‍ ആണെങ്കില്‍ അതിന് 12 കൊല്ലം മുന്‍പ് നമ്മുടെ നാട്ടില്‍ തോമാശ്ലീഹാ വന്ന് നമ്മുടെ പൂര്‍വ്വികരോട് സുവിശേഷം പറഞ്ഞു. അതായത്, യൂറോപ്പ് ക്രൈസ്തവമാകുന്നതിന് ഒരു ഡസന്‍ വര്‍ഷം മുന്‍പ് നമ്മുടെ നാട് സുവിശേഷം കേട്ടു. യൂേറാപ്പിലെ സഭയേക്കാള്‍ വിശ്വാസ പാരമ്പര്യമുളള ഒരു കൂട്ടായ്മയാണ് നമ്മുടേതെന്ന് അഭിമാനം നമ്മുക്ക് വേണം. ഇത് അഭിമാനമാണ്. അഹങ്കാരമല്ല എന്ന് തിരിച്ചറിയണം. ദളിത് ൈക്രസ്തവര്‍ക്ക് പ്രത്യേക പളളിയും പ്രത്യേകം വൈദികനേയും വച്ചുകൊടുത്ത പാരമ്പര്യം നമ്മുക്കുണ്ട്. ദളിത് ക്രൈസ്തവര്‍ പള്ളിയില്‍ കയറാതിരിക്കാന്‍ ജനാലയിലുടെ കുര്‍ബാന നല്‍കിയ പാരമ്പര്യവും നമ്മുക്കുണ്ട്. ഇതൊന്നും തോമാശ്ലീഹാ പകര്‍ന്നുനല്‍കിയ പാരമ്പര്യമല്ല. സ്‌നേഹത്തിന്റെ സുവിശേഷമാണ് തോമാശ്ലീഹാ പറഞ്ഞുതന്നത്.

'നമ്മുക്കും അവനോട് കൂടി പോയി മരിക്കാം' എന്ന് പറഞ്ഞ തോമാശ്ലീഹാ ധൈര്യശാലിയായ പിതാവാണ്. അദ്ദേഹത്തിന്റെ മക്കള്‍ എന്ന നിലയില്‍ വിശ്വാസത്തോട് അഭിമാനത്തോടെ അന്തസ്സോടെ ആരുടെ മുന്നിലും ഒരു ക്രിസ്ത്യാനിയാണെന്ന് ഏറ്റുപറയാനുള്ള അഭിമാനബോധം നമ്മുക്കുണ്ടാകണം. മഹാനായ പിതാവിന്റെ മക്കളാണ് നാം. സ്‌നേഹത്തിന്റെ ത്യാഗത്തിന്റ ധൈര്യത്തിന്റെ ഭാവം പേറുന്ന ശക്തമായ നീതിബോധത്തിന്റെ മനുഷ്യരായി തോമാശ്ലീഹായുടെ മക്കള്‍ മാറണം. ഒരുവിശുദ്ധന്റെ ഏറ്റവും പ്രധാന ലക്ഷണം നിര്‍ഭയത്വം ആണെന്ന് മഹാത്മാഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. നിര്‍ഭയത്വം-പേടി കൂടാതെ ജീവിക്കാന്‍ കഴിയണം. ഇത് ഒരു അസുരകാലമാണ്. സംഘപരിവാറിന്റെ വെല്ലുവിളികള്‍ ഒരുവശത്ത്. എല്ലാതരത്തിലുമുള്ള അടിയന്തരാവസ്ഥയുടെ അനുഭവം തോന്നുന്ന മാതിരി ചുറ്റും വലിഞ്ഞുമുറുകി കെട്ടപ്പെടുന്ന അവസ്ഥ മറുഭാഗത്ത്. നമ്മുടെ നീതിബോധം ഉയര്‍ത്തെഴുന്നേറ്റ് ഇതിനെതിരെ ചോദ്യചിഹ്നവുമായി ഉയരുമ്പോള്‍ നമ്മുടെ ഉള്ളില്‍ തന്നെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നു.

കഴിഞ്ഞ അഞ്ചാറുമാസമായി വാര്‍ത്തകളില്‍ നിറയുന്ന, സഭാ വേദികളില്‍ നിറയുന്ന പ്രശ്‌നം നമ്മുക്കറിയാം. രണ്ടായിരത്തിലേറെ വര്‍ഷത്തെ പാരമ്പര്യമുണ്ടെന്ന് പറയുമ്പോള്‍ വിശ്വാസം ആഴത്തില്‍ വേരോടി എന്നു അഭിമാനിക്കുമ്പോള്‍, വിശ്വാസത്തിന്റെ കണികപോലുമില്ലാതെ ക്രൈസ്തവ സാക്ഷ്യം നല്‍കാന്‍ നമ്മള്‍ പരാജയപ്പെടുന്നതിന്റെ സൂചനകളാണിവ. കര്‍ത്താവിന്റെ നാമത്തില്‍ അഭിഷിക്തരായവര്‍ പോലും പരാജയപ്പെടുന്നു. എതിര്‍ സാക്ഷ്യം നല്‍കുന്ന കാഴ്ചകള്‍. ആരെയും കുറ്റപ്പെടുത്താനല്ല ഇതൊക്കെ പറയുന്നത്. നെഞ്ചത്ത് കൈവച്ച് നമ്മളൊക്കെ പറയും ഇത് നമ്മുടെ വീഴ്ചയാണ്. നമ്മുടെ പരാജയമാണ്. പക്ഷേ ആത്മാര്‍ത്ഥതയോടെ നമ്മള്‍ ചെയ്യേണ്ട കാര്യം, തെറ്റുപറ്റിയാല്‍ അത് തെറ്റാണെന്ന് അംഗീകരിക്കാനുള്ള ആര്‍ജ്ജവ ബോധം പോലും നമ്മുക്ക് നഷ്ടപ്പെടുന്ന അവസ്ഥയാണ്. അതിനെ ന്യായീകരിക്കാന്‍ ഏതുവിധേനയും ഒരു രാഷ്ട്രീയക്കാരന്റെ ചടുലതയോടെ കാര്യങ്ങളെ നേരിടാന്‍ തക്കമുള്ള ഒരു മനസ്സുമായി യുദ്ധത്തിന് പുറപ്പെടുന്ന നേതാക്കന്മാരും നമ്മുക്കുണ്ട് എന്നത് നമ്മുക്ക് വേദനയുളവാക്കും.

സത്യത്തിന് വേണ്ടി മരിക്കാന്‍, അവന്റെ രാജ്യത്തിന് വേണ്ടി അവസാനതുള്ളി വരെ കൊടുക്കാന്‍ തോമാശ്ലീഹാ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. നമ്മള്‍ സത്യത്തിന്‍െ മക്കളാണ്. നീതിയുടെ മക്കളാണ്. സ്‌നേഹത്തിലും സാേഹാദര്യത്തിലും കഴിയാന്‍ വിളിക്കപ്പെട്ടവരാണ്. ഈ നാടിന്റെ പാരമ്പര്യവുമായി ഇഴചേര്‍ന്നുള്ള ജീവിതമാണ് നമ്മുടെത്. യൂറോപ്യന്‍ മിഷനറിമാര്‍ കേരളത്തില്‍ വരുന്നതിനു മുന്‍പ് ഈ നാട്ടിലെ ക്രൈസ്തവര്‍ ഈ നാടിന്റെ പാരമ്പര്യവുമായി ഇഴചേര്‍ന്ന് ജീവിച്ചിരുന്നവരാണ്. ഒരു കൊല്ലത്തിന്റെ പകുതിയും സുറിയാനി ക്രൈസ്തവര്‍ക്ക് നോമ്പുകാലമാണ്. ഇത്രയും നാള്‍ നോമ്പ് അനുഷ്ഠിച്ച് പ്രാര്‍ത്ഥിക്കുന്ന മക്കള്‍. ഈ അടുത്തനാള്‍ വരെ ക്രിസ്ത്യാനികളോ ഹിന്ദുക്കളോ തമ്മില്‍ ഒരു വര്‍ഗീയ സംഘര്‍ഷം പോലും ഉണ്ടായിട്ടില്ല. ഇവിടെയുള്ള ക്രൈസ്തവ ദേവാലയങ്ങളൊക്കെ ഹിന്ദു രാജാക്കന്മാരോ ഭൂ ഉടമകള്‍ തന്നതോ അവരുമായി സഹകരിച്ച് ഉണ്ടാക്കിയതോ ആണ്. ഇവിടുത്തെ ആചാരാനുഷ്ഠാനങ്ങളിലൊക്കെ എല്ലാ മതസ്ഥരുടേയും സഹകരണവും പ്രോത്സാഹനമുണ്ടായിരുന്നു. മതമൈത്രിയും സാഹോദര്യവും അന്നും ഇന്നുമുണ്ട്. നമ്മുടെ എല്ലാ ആഘോഷങ്ങളും ആചാരങ്ങളും വേഷവും ഭക്ഷണ രീതിയും എല്ലാം ഈ നാടിന്റെ പാരമ്പര്യത്തില്‍ നിന്ന് ഉള്‍ക്കൊണ്ട സംസ്‌കാരമാണ്. ഈ നാടിന്റെ പൈതൃകവും പാരമ്പര്യവും എല്ലാം ഉള്‍ക്കൊണ്ട് സ്വന്തമാക്കിയ തനത് സമൂഹമാണ് ക്രൈസ്തവ സമൂഹം. നമ്മള്‍ ആരും വിദേശത്തുനിന്നും കെട്ടിയിറക്കപ്പെട്ട ഒരു ഗ്രൂപ്പ് ആണെന്ന് ആരു പറഞ്ഞാലും അതിനൊന്നും തലവച്ച് കൊടുക്കരുത്. ഈ അഭിമാനബോധം നമ്മുക്കുണ്ടാക്കണം. പക്ഷേ മേല്‍ക്കോയ്മ ഭാവം ഉണ്ടെങ്കില്‍ അത് നാശത്തില്‍ എത്തിക്കും.

ബ്രഹ്മണ മനോഭാവം, മറ്റുള്ളവെരല്ലാം ചെറിയവരാണെന്ന് കരുതി മാറ്റിനിര്‍ത്തുന്ന, ഞാന്‍ മാത്രം ഉയര്‍ന്നവന്‍ എന്ന ചിന്ത അഹങ്കാരമാണ്. ക്രിസ്തുവിരുദ്ധമാണ്. ബൈബിളിലെ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണ്. ഇതെല്ലാമാണ് തോമാശ്ലീഹാ നമ്മെ പഠിപ്പിച്ചത്. തോമാശ്ലീഹാ പുലര്‍ത്തിയ സാര്‍വലൗകിക മനോഭാവം, കിഴക്കിനേയും തെക്കിനേയും എല്ലാം ഒന്നിപ്പിക്കുന്ന സാഹോദര്യ മനോഭാവം ആണ് മനസ്സുകളിലേക്കും ജീവിതത്തിലേക്കും പകരേണ്ടത്.

ഒരുപാട് നല്ല മനുഷ്യര്‍ തീര്‍ക്കുന്ന പച്ചതുരുത്തുകള്‍ ഉള്ളതിനാലാണ് ഈ നാട് ഇങ്ങനെ പോകുന്നത്. ഈ നല്ല മനുഷ്യരുള്ള നാട്ടിലാണ് ഒരുപാട് അപവാദക്കഥകള്‍ നാം കേള്‍ക്കുന്നത്. മെത്രാന്മാര്‍ പോലും അപവാദത്തിന് വിധേയരാകുമ്പോള്‍ വാഗ്‌വാദത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടുമ്പോള്‍ നമ്മുടെ വിശ്വാസത്തെ നാം കുറേ കൂടി ഗൗരമായി എടുക്കണം. സഭയുടെ ജീവിതത്തില്‍ ഈ അപവാദങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ നമ്മള്‍ ആരെയാണ് ഗൗരമായി എടുക്കേണ്ടത്. എന്റെ സല്‍പേര്, പ്രശസ്തി, സ്ഥാനം എന്നതിനപ്പുറം ദൈവത്തിന്റെ മഹത്വവും സഭയുടെ നിലനില്‍പ്പും സമൂഹത്തിന്റെ സാക്ഷ്യവുമല്ലേ നിലനില്‍ക്കേണ്ടത്. ഒരാളെ അല്ലെങ്കില്‍ ഏതാനും പേരെ നിലനിര്‍ത്താന്‍ വേണ്ടി ഇവിടെ സഭയാകെ, നീതിപീഠത്തെയാകെ ചവിട്ടിത്തരിപ്പണമാക്കപ്പെടുന്ന ഒരു സംസ്‌കാരത്തിന്റെ നടുവില്‍ നമ്മളൊക്കെ ഇടര്‍ച്ചയുടെ മനുഷ്യരായി മാറുകയാണ് ചെയ്യുന്നത്. ഈ നാടിന്റെ നിയമവ്യവസ്ഥെയ പോലും വെല്ലുവിളിച്ച് ഇതേ അള്‍ത്താരയില്‍ നിന്ന് പിതാവ് പറഞ്ഞുവെന്ന പറയപ്പെടുന്ന പ്രസംഗത്തെ കുറിച്ച് ഞാന്‍ കേട്ടു. രാജ്യത്തിന്റെ നിയമത്തേക്കാള്‍ ൈദവത്തിന്റെ നിയമമാണ് പ്രധാനപ്പെട്ടതെന്ന് പറയുമ്പോള്‍ ഈ രാജ്യത്തിന്റെ നിയമവും നാം പാലിക്കേണ്ടതല്ലേ? എല്ലാവരേയും ആദരിക്കുന്ന അംഗീകരിക്കുന്ന അനര്‍ഹമായതൊന്നും കൈപ്പിടിയില്‍ ഒതുക്കാതിരിക്കുന്ന അര്‍ഹമായവര്‍ക്ക് എല്ലാം നല്‍കുന്ന ഒരു നീതിയുടെ, സ്‌നേഹത്തിന്റെ, കാരുണ്യത്തിന്റെ സംസ്‌കാരം രൂപപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ക്രൈസ്തവര്‍ പരാജിതരാണ്. സത്യത്തിന് വേണ്ടി നീതിക്കു വേണ്ടി നിലകൊള്ളാനുള്ള ഒരു വിളിയാണ് നമ്മുക്ക് കിട്ടിയിരിക്കുന്നതെന്ന് മറക്കരുത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW