Friday, February 15, 2019 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
വ്യത്യസ്തരല്ല; ഇവര്‍ വ്യക്തിത്വമുള്ളവര്‍ / വി.പി. നിസാര്‍
Tuesday 03 Jul 2018 02.06 AM

മാരിവില്‍ പോലെ ഈ മനസിജര്‍

uploads/news/2018/07/230409/opinion030718e.jpg

ഉള്ളിലുറങ്ങിക്കിടന്ന അപരവ്യക്‌തിത്വം മാത്രമല്ല ലിംഗമാറ്റശസ്‌ത്രക്രിയയിലൂടെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ തിരിച്ചുപിടിക്കുന്നത്‌. വ്യക്‌തിത്വത്തിലും നിശ്‌ചയദാര്‍ഢ്യത്തിലും എന്നപോലെ സൗന്ദര്യത്തിലും അവരെ എഴുതിത്തള്ളാനാവില്ലെന്നു ട്രാന്‍സ്‌ വിമെന്‍ തെളിയിക്കുന്നു. കൊച്ചിക്കാരിയായ ഹരണി ചന്ദനയെന്ന ട്രാന്‍സ്‌ സുന്ദരി ഇതിനകം രണ്ടു സിനിമകളിലും രണ്ട്‌ ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചുകഴിഞ്ഞു. രണ്ടു സൗന്ദര്യമത്സരങ്ങളില്‍ സമ്മാനവും നേടി. മോഡലിങ്ങിലും സജീവം. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന രണ്ടു സിനിമകളിലും ഹരണി ചന്ദനയുണ്ട്‌.

ലിംഗമാറ്റത്തിലൂടെ സ്‌ത്രീയായി മാറാന്‍ തനിക്കു പ്രചോദനമായതു സ്വന്തം നാട്ടുകാരാണെന്നു ഹരണി പറയുന്നു. ആ പ്രചോദനം പക്ഷേ, കുറ്റപ്പെടുത്തലിന്റെ കൂരമ്പുകളായിരുന്നെന്നു മാത്രം! ട്രാന്‍സ്‌ജെന്‍ഡറുകളെ അവഹേളിക്കുന്നവരോടുള്ള മധുരപ്രതികാരംകൂടിയാണു ഹരണിയുടെ ആര്‍ജിതസ്‌ത്രീത്വം.

സ്‌കൂളില്‍ പഠിക്കവേ നാട്ടുകാര്‍ വിളിച്ചിരുന്നതു പെണ്ണാച്ചി എന്നായിരുന്നു. അതു കേട്ട്‌ ഏറെ വേദനിച്ചിരുന്നു.
ക്ലാസിലും പെണ്‍കുട്ടികളായിരുന്നു കൂട്ടുകാര്‍. എന്നാല്‍, അധ്യാപകര്‍ ഹരണിയെ ഒരുരംഗത്തും മാറ്റിനിര്‍ത്തിയില്ല. മുമ്പു പരിഹസിച്ച നാട്ടുകാരൊക്കെ ഇന്നു ഹരണിയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ുയന്നു.

എറണാകുളം കുമ്പളങ്ങി മഠത്തിന്‍പറമ്പില്‍ ജോയിയുടെയും കുഞ്ഞുമോളുടെയും രണ്ടു മക്കളില്‍ മൂത്തവനായി ജനിച്ച ഹരണി 14-ാം വയസിലാണു തന്റെ പെണ്‍വ്യക്‌തിത്വം സ്വയം ഉള്‍ക്കൊണ്ടത്‌. പത്താംക്ലാസ്‌ കഴിഞ്ഞതോടെ, 16-ാം വയസില്‍ ശസ്‌ത്രക്രിയയിലൂടെ പെണ്ണായി മാറി. തുടര്‍ന്നു വിവാഹവും നടന്നു. ഭര്‍ത്താവിനൊപ്പം ബംഗളുരുവിലും ഊട്ടിയിലുമായിരുന്നു താമസം. പരസ്‌പരം പൊരുത്തപ്പെടാന്‍ കഴിയാതായതോടെ ഏഴുവര്‍ഷത്തെ ദാമ്പത്യം 2012-ല്‍ പിരിഞ്ഞു.

പിറ്റേവര്‍ഷം എറണാകുളത്തു തിരിച്ചെത്തി. ഒരു ചാനല്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്തതു ജീവിതത്തില്‍ വഴിത്തിരിവായി. തുടര്‍ന്ന്‌ 'മൂധേവി' എന്ന ഹ്രസ്വചിത്രത്തില്‍ അഭിനയിച്ച ഹരണിക്ക്‌ തൃശൂര്‍ വിബ്‌ജ്യോര്‍ ചലച്ചിത്രമേളയില്‍ ജൂറിയുടെ പ്രത്യേകപ്രശംസ ലഭിച്ചു. ഒരു കുഞ്ഞിനു ജന്മം നല്‍കി, തന്നിലെ സ്‌ത്രീക്കു പൂര്‍ണത കൈവരുത്തണം എന്നതാണു ഹരണിയുടെ സ്വപ്‌നം.

uploads/news/2018/07/230409/opinion030718a.jpg

***** ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ ദമ്പതികള്‍
ഇന്ത്യയില്‍ നിയമപരമായി വിവാഹിതരായ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളാണു സൂര്യയും ഇഷാനും. ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്‌റ്റിസ്‌ ബോര്‍ഡ്‌ അംഗങ്ങളായ ഇവര്‍ കഴിഞ്ഞ മേയ്‌ 10-നാണ്‌ തിരുവനന്തപുരത്തെ മന്നം നാഷണല്‍ ക്ലബ്ബില്‍ വിവാഹിതരായത്‌. ഇരുമതസ്‌ഥരായതിനാല്‍ സ്‌പെഷല്‍ മാര്യേജ്‌ ആക്‌ട്‌ പ്രകാരമായിരുന്നു വിവാഹം. ആറുവര്‍ഷത്തെ സൗഹൃദമാണു കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആഘോഷപൂര്‍വം വിവാഹത്തില്‍ കലാശിച്ചത്‌.

ലിംഗമാറ്റശസ്‌ത്രക്രിയയ്‌ക്കുശേഷം തിരിച്ചറിയല്‍ കാര്‍ഡുകളില്‍ സൂര്യ സ്‌ത്രീയും ഇഷാന്‍ പുരുഷനുമാണ്‌. അതുകൊണ്ടുതന്നെ, നിയമവിധേയമായി വിവാഹം നടത്താന്‍ തടസമുണ്ടായില്ല. ഇരുസമുദായങ്ങളില്‍പ്പെട്ടവര്‍ തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ കേരളത്തിലും ദുരഭിമാനക്കൊലപാതകങ്ങള്‍ക്കു കാരണമാകുമ്പോള്‍, ലിംഗപദവിതന്നെ സ്വയം തെരഞ്ഞെടുത്ത സൂര്യയ്‌ക്കും ഇഷാനുമിടയില്‍ മതമൊരു മതില്‍ക്കെട്ടായില്ല. ഇരുകുടുംബങ്ങളുടെയും പൂര്‍ണസമ്മതത്തോടെയായിരുന്നു ഇസ്ലാമികാചാരപ്രകാരമുള്ള വിവാഹം. സി.പി.എം. നേതാവ്‌ ടി.എന്‍. സീമ ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയനേതാക്കളും വധൂവരന്‍മാര്‍ക്ക്‌ ആശംസ നേരാനെത്തി.

ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ പ്രശസ്‌തയായ സൂര്യ, പ്രശസ്‌ത മേക്കപ്പ്‌ കലാകാരി രഞ്‌ജു രഞ്‌ജിമാരുടെ വളര്‍ത്തുപുത്രിയുമാണ്‌. ശ്രീക്കുട്ടിയാണ്‌ ഇഷാന്റെ വളര്‍ത്തമ്മ. സൂര്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്‌റ്റിസ്‌ ബോര്‍ഡ്‌ സംസ്‌ഥാനസമിതി അംഗവും ഇഷാന്‍ തിരുവനന്തപുരം ജില്ലാസമിതി അംഗവുമാണ്‌. കേരളത്തിലെ ആദ്യ ട്രാന്‍സ്‌ വുമണ്‍ വോട്ടറും സൂര്യയാണ്‌.

സ്‌റ്റേജ്‌-ടെലിവിഷന്‍ പരിപാടികളിലും സാമൂഹികപ്രവര്‍ത്തനങ്ങളിലും സജീവസാന്നിധ്യം. ചില സിനിമകളിലും വേഷമിട്ടു. 2015-ലാണ്‌ സൂര്യ ശസ്‌ത്രക്രിയയിലൂടെ സ്‌ത്രീയായത്‌. കോഴിക്കോട്ടുനിന്നു തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ്‌ ഇഷാന്‍ സൂര്യയെ കണ്ടുമുട്ടിയത്‌. പാറ്റൂര്‍ മടത്തുവിളാകത്തു വീട്ടില്‍ വിജയകുമാരന്‍ നായരുടേയും ഉഷയുടെയും മകളാണു സൂര്യ. തിരുവനന്തപുരം വള്ളക്കടവ്‌ മുഹമ്മദ്‌ കബീറിന്റെയും ഷാനിഫയുടെയും മകനാണ്‌ ഇഷാന്‍.

uploads/news/2018/07/230409/opinion030718f.jpg

**** ട്രാന്‍സ്‌ 'വനിത'കളുടെ അഭിമാനദീപ്‌തി

അഭിനേത്രിയെന്ന നിലയില്‍ മൂന്നാമത്തെ സിനിമ ചെയ്യുകയാണിപ്പോള്‍ ദീപ്‌തി കല്യാണി എന്ന ട്രാന്‍സ്‌ വുമണ്‍. 'സുവര്‍ണപുരുഷന്‍', 'ചാര്‍മിനാര്‍' എന്നിവയായിരുന്നു ആദ്യചിത്രങ്ങള്‍. നൃത്തം, മോഡലിങ്‌, ഫാഷന്‍ കൊറിയോഗ്രാഫര്‍, സ്‌റ്റേജ്‌ ഷോകള്‍, നാടകം എന്നീ മേഖലകളിലും സജീവമാണ്‌. ഗുരുവായൂരില്‍ മാതാപിതാക്കളും അഞ്ചു സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തിലായിരുന്നു ജനനം. 16 വയസുവരെ ഷിനോജ്‌ എന്ന ആണ്‍കുട്ടി.

പെണ്‍മനം തിരിച്ചറിഞ്ഞതോടെ പത്താംക്ലാസിനുശേഷം ബംഗളുരുവിലേക്കു വണ്ടികയറി. മൂന്നുപേരെ പ്രണയിച്ചെങ്കിലും മൂവരും ഒടുവില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന്‌ ജീവിക്കാനായി ഭിക്ഷാടനത്തിനുവരെ ഇറങ്ങി. ബംഗളുരുവിലെ ഹിജിഡകള്‍ക്കൊപ്പം കഴിഞ്ഞ്‌ നൃത്തമഭ്യസിച്ചു. ജോലിചെയ്‌തു പണമുണ്ടാക്കിയശേഷം ശസ്‌ത്രക്രിയ നടത്തി സ്‌ത്രീയായി. ഇതോടെ 10 വര്‍ഷത്തെ ബംഗളുരു ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലെത്തി. ഒരു വനിതാ പ്രസിദ്ധീകരണത്തിന്റെ മുഖചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടശേഷം തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

താന്‍ നാടുവിടുമ്പോഴുള്ള അവസ്‌ഥയല്ല ഇന്നു കേരളത്തിലെന്നും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു കാര്യമായ വിവേചനം നേരിടേണ്ടിവരുന്നില്ലെന്നും ദീപ്‌തി പറയുന്നു. മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലാണിന്നു ദീപ്‌തി താമസിക്കുന്നത്‌. നാലു സഹോദരിമാരുടെ വിവാഹം കഴിഞ്ഞു. സഹോദരന്‍ വീടുവച്ചു മാറിത്താമസിക്കുന്നു. ഇടയ്‌ക്ക്‌ സഹോദരങ്ങളെല്ലാം ഒത്തുകൂടും. വിവാഹത്തിനു താത്‌പര്യമില്ലെങ്കിലും ഒരു കുഞ്ഞിനെ ദത്തെടുത്തു വളര്‍ത്താന്‍ ദീപ്‌തിക്കു മോഹമുണ്ട്‌. സിനിമയില്‍ അഭിനയത്തേക്കാള്‍ ഇഷ്‌ടം ഐറ്റം ഡാന്‍സ്‌ ചെയ്യാനാണ്‌.

uploads/news/2018/07/230409/opinion030718g.jpg

****** മിന്നിത്തിളങ്ങും മിനിസ്‌ക്രീനിലും
മംഗളം ടെലിവിഷനില്‍ 'മാരിവില്‍ പോലെ മനസിജര്‍' എന്ന പരിപാടിയുടെ അവതാരകയായി തിളങ്ങിയ ശ്യാമ എസ്‌. പ്രഭ സംസ്‌ഥാനസര്‍ക്കാരിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍ പ്രോജക്‌ട്‌ ഓഫീസറാണ്‌. രണ്ടു വിഷയത്തില്‍ പി.ജിയുള്ള ശ്യാമ, 14-ാം വയസുവരെ ശ്യാം എന്ന ആണ്‍കുട്ടിയായിരുന്നു. ലൈംഗികന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ക്വീര്‍ റിഥം എന്ന സംഘടനയുടെ സെക്രട്ടറിയും ഡി.വൈ.എഫ്‌.ഐ. നേതൃത്വത്തിലെത്തിയ ആദ്യ ട്രാന്‍സ്‌ജെന്‍ഡറുമാണ്‌.

കേരളസര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പിന്‌ അര്‍ഹയായ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍, സംസ്‌ഥാന സാക്ഷരതാ മിഷന്റെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അധ്യാപിക എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. നേട്ടങ്ങളെല്ലാം കൈയെത്തിപ്പിടിക്കുന്നതുവരെയുള്ള കാലയളവില്‍ ഈ ഇരുപത്താറുകാരി അനുഭവിച്ച യാതനകള്‍ക്കു കണക്കില്ല. എതിര്‍ലിംഗസ്വത്വം തിരിച്ചറിഞ്ഞ ഭൂരിഭാഗവും വീടുവിട്ടിറങ്ങിയവരാണെങ്കിലും ശ്യാമ അതിനു തയാറായില്ല. മാമൂലുകളോടും വ്യവസ്‌ഥിതികളോടും പോരാടിയതു വീട്ടില്‍ താമസിച്ചുകൊണ്ടുതന്നെയാണ്‌. ബന്ധുക്കളില്‍ പലരും വീടുവിട്ടുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും ശ്യാമയുടെ ഉറച്ചമനസിനു മുന്നില്‍ വിലപ്പോയില്ല. 14-ാം വയസില്‍ സ്‌ത്രീത്വത്തിന്റെ വാതില്‍ ശ്യാമിനു മുന്നില്‍ തുറന്നപ്പോള്‍ വീട്ടുകാരും നാട്ടുകാരും അദ്‌ഭുതംകൂറി.

സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടിയ ശ്യാമയുടെ ബാല്യം തിരുവനന്തപുരം നഗരത്തിന്റെ ഒരു കോണില്‍ മാതാപിതാക്കള്‍ക്കും അനുജനുമൊപ്പമായിരുന്നു. കൂലിപ്പണിക്കാരനായ അച്‌ഛന്‍ ശ്യാമയുടെ 17-ാം വയസില്‍ മരിച്ചു. ശ്യാമില്‍നിന്നു ശ്യാമയിലേക്കുള്ള പരിണാമത്തില്‍ കൂട്ടായുള്ളതു വിദ്യാഭ്യാസം മാത്രമായിരുന്നു. രണ്ടു വിഷയത്തില്‍ പി.ജി. നേടി. മൂന്നാം റാങ്കോടെയാണു പഠനം പൂര്‍ത്തിയാക്കിയത്‌. ബോയ്‌സ്‌ സ്‌കൂളിലായിരുന്നു പഠനം. ആണ്‍കുട്ടികള്‍ക്കുണ്ടാകുന്ന ശാരീരികമാറ്റങ്ങളൊന്നും തന്നില്‍ സംഭവിക്കാത്തത്‌ അന്നേ ശ്രദ്ധയില്‍പ്പെട്ടു.

പെണ്‍കുട്ടികളോടില്ലാത്ത ആകര്‍ഷണം ആണ്‍കുട്ടികളോടു തോന്നുകയും ചെയ്‌തു. മുതിര്‍ന്നതോടെ മറ്റുള്ളവരുടെ പരിഹാസത്തിനു പാത്രമായി. പിന്നീട്‌ സ്വയം ഒരു കൗണ്‍സലറെ സമീപിച്ചു. ഇതു മാനസികപ്രശ്‌നമല്ലെന്നും ഹോര്‍മോണ്‍ മാറ്റമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
പിന്നീട്‌ വായനയിലൂടെയും ഏറെ അനുഭവങ്ങളിലൂടെയും കടന്നുപോയതോടെ സ്‌ത്രീസ്വത്വം സ്വയമുള്‍ക്കൊണ്ടു. ഇന്നു കുടുംബത്തിന്റെ മനോഭാവവും മെല്ലെ മാറിവരുന്നു. അമ്മയും സഹോദരനും സംസാരിക്കാറുണ്ട്‌. അമ്മയുടെ കഷ്‌ടപ്പാട്‌ കണ്ടുവളര്‍ന്നതുകൊണ്ടാണു പഠനത്തിനു പ്രാധാന്യം നല്‍കിയത്‌.

ജോലിക്കായി പലയിടത്തും അഭിമുഖത്തിനു പോയെങ്കിലും ട്രാന്‍സ്‌ വുമണ്‍ എന്ന ഒറ്റകാരണത്താല്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു.
സ്‌ത്രീയായെങ്കിലും പുരുഷന്‍മാര്‍ ആഗ്രഹിക്കുന്നതുപോലെ ഒരു ലൈംഗികജീവിതം നല്‍കാന്‍ തനിക്കു കഴിയില്ലെന്നു ശ്യാമ തുറന്നുപറയുന്നു. ആ ബോധ്യമുള്ളതിനാല്‍ ആരുടെയും ജീവിതം നശിപ്പിക്കാനുമില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒരാളെ പ്രണയിച്ചിരുന്നു. തന്നെ അദ്ദേഹം നന്നായി മനസിലാക്കിയിരുന്നെങ്കിലും മറ്റു ചില കാരണങ്ങളാല്‍ ബന്ധം മുന്നോട്ടുപോയില്ല. ഇപ്പോള്‍ വിവാഹസ്വപ്‌നങ്ങളില്ല. സ്വന്തം വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ടാണ്‌ ഇന്നു ശ്യാമയുടെ ജീവിതം.

(തുടരും.....)

Ads by Google
Ads by Google
Loading...
TRENDING NOW