Tuesday, May 21, 2019 Last Updated 3 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 02 Jul 2018 02.47 PM

കീര്‍ത്തി മാന്‍ ആയ അച്ഛന്‍

''കീര്‍ത്തിയെ മഹാനടിയായി സിനിമാ ലോകം വാഴ്ത്തുമ്പോള്‍ അച്ഛന്റെ സ്വന്തം കിറ്റിയെ ഓര്‍ത്ത് അഭിമാനം കൊള്ളുകയാണ് നിര്‍മ്മാതാവും ഇപ്പോള്‍ നടനുമായ സുരേഷ് കുമാര്‍.''
uploads/news/2018/07/230197/keerthisuresh020718a.jpg

സിനിമാ ലോകത്ത് ഏറ്റവുമധികം സന്തോഷിക്കുന്ന ഒരച്ഛനുണ്ട്. നിര്‍മ്മാതാവും ഇപ്പോള്‍ നടനുമായ സുരേഷ് കുമാര്‍. മകള്‍ കീര്‍ത്തിയെ മഹാനടിയായി സിനിമാ ലോകം വാഴ്ത്തുമ്പോള്‍ അച്ഛന്റെ സ്വന്തം കിറ്റിയെ ഓര്‍ത്ത് അദ്ദേഹം അഭിമാനം കൊള്ളുന്നു. നേട്ടങ്ങളുടെ നെറുകയിലെത്തിയ കിറ്റിയെകുറിച്ച് ഈ അച്ഛനും, പിന്തുണയൊരുക്കിയ അച്ഛനെ കുറിച്ച് കീര്‍ത്തിക്കും ഒരുപാട് കാര്യങ്ങള്‍ പറയാറുണ്ട്...

അച്ഛന്‍ എന്ന നിലയില്‍ തീര്‍ച്ചയായും സന്തോഷമുണ്ട്. പക്ഷേ അമിത ആഹ്ലാദമില്ല. കഴിവുണ്ടെങ്കില്‍ കിറ്റി സിനിമയിലേക്ക് കയറി വരുമെന്നുറപ്പായിരുന്നു. സിനിമാനടി ആയെന്ന് കരുതി പിന്നാലെ നടന്ന് തലയിലെടുത്ത് നടക്കുന്ന പരിപാടിയൊന്നുമില്ല. മകള്‍ നല്ല നിലയിലാകുന്നത് കാണുമ്പോള്‍ ഏതൊരച്ഛനും ഉണ്ടാകുന്നത് പോലെ സന്തോഷവും അഭിമാനവും എനിക്കുമുണ്ട്.

മകളെ കുറിച്ചോര്‍ത്ത് അച്ഛന്‍ അഭിമാനം കൊള്ളുമ്പോള്‍ നേട്ടങ്ങളുടെ ക്രഡിറ്റ് കീര്‍ത്തി അച്ഛനാണ് നല്‍കുന്നത്.

നടി എന്നിതിനേക്കാളുപരി വ്യക്തി എന്ന നിലയിലാണ് അച്ഛന്‍ എന്നെ സ്വാധീനിച്ചിട്ടുള്ളത്. എന്റെ സ്വഭാവത്തിന്റെ 60 ശതമാനവും അച്ഛന്റെ പകര്‍പ്പാണ്. പെരുമാറ്റത്തിലായാലും സിംപ്ലിസിറ്റിയിലായാലും അച്ഛനാണ് മാതൃക. ജീവിതത്തില്‍ '4 അ' ഉണ്ടാകാന്‍ പാടില്ല എന്ന് അച്ഛന്‍ എപ്പോഴും പറയും.

അഹങ്കാരം, അത്യാഗ്രഹം, ആര്‍ഭാടം, അസൂയ. അതെന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് വിശ്വാസം. എന്റെ സ്വഭാവം കൊണ്ട് മറ്റുള്ളവര്‍ എന്നെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ പ്രധാന ക്രഡിറ്റ് അച്ഛന് തന്നെയാണ്.ഇരുവരും സംഭാഷണം തുടരുകയാണ്.

സുരേഷ് : - അഭിനയിക്കണം എന്നത് കീര്‍ത്തിയുടെ കുട്ടിക്കാലം മുതലേയുള്ള മോഹമാണ്. അക്കാലത്ത് നമ്മുടെ സിനിമയില്‍ കുഞ്ഞുവേഷങ്ങളൊക്കെ ചെയ്തത് ആ ആഗ്രഹത്തിന്റെ പുറത്താണ്. പൈലറ്റ്‌സ്, അച്ഛനെയാണെനിക്കിഷ്ടം, കുബേരന്‍ തുടങ്ങിയ ചിത്രങ്ങളിലായിരുന്നു ബാലതാരമായഭിനയിച്ചത്. കുബേരനില്‍ ദിലീപിനൊപ്പമുള്ള കുട്ടികളില്‍ ഒരാളായിരുന്നു. ഊട്ടിയിലായിരുന്നു ഷൂട്ടിംഗ്. ഭയങ്കര തണുപ്പായിരുന്നവിടെ. കൊച്ചുകുട്ടിയാണെങ്കിലും കീര്‍ത്തി രാവിലെ ഉറക്കമെഴുന്നേറ്റ് ഐസ് പോലെ തണുത്ത വെള്ളത്തില്‍ കുളിച്ച് അവളുടെ മേക്കപ്പ് ബോക്‌സുമായി റെഡിയായി നില്‍ക്കും. അന്ന് മുതല്‍ തന്നെ അഭിനയിക്കാനുള്ള അവളുടെ താല്പര്യവും സെഡിക്കേഷനും എനിക്ക് മനസിലായിരുന്നു..

കീര്‍ത്തി : - അച്ഛന്‍ പറഞ്ഞപ്പോള്‍ ഞാനും അതോര്‍ക്കുന്നു. കുബേരന്റെ ഷൂട്ടിംഗ് സമയത്ത് ഊട്ടിയിലെ തണുപ്പിലും ഞാന്‍ നാലു മണിക്ക് എണീറ്റ് കുളിച്ച് ഡ്രസ് ചെയ്ത് അഞ്ചര ആകുമ്പോള്‍ തന്നെ റെഡിയായി നില്‍ക്കുമായിരുന്നു.
പച്ച വെള്ളത്തില്‍ കുളിച്ചാല്‍ സ്‌കിന്നിന് നല്ലതാണെന്ന് ചെറുപ്പത്തിലെപ്പോഴോ അമ്മ പറഞ്ഞിട്ടുണ്ട്. അതു കേട്ടാണ് തണുപ്പാണെങ്കിലും പച്ച വെള്ളത്തില്‍ തന്നെ കളിച്ചത്. പിന്നെ താല്പര്യമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് ഡെഡിക്കേഷന്‍ കൂടുതലാണ്. അതൊക്കെ അമ്മയും അച്ഛനും ശ്രദ്ധിച്ചിട്ടുണ്ടാകണം.

uploads/news/2018/07/230197/keerthisuresh020718.jpg

സുരേഷ് : - കിറ്റിയുടെ മനസ് നിറയെ സിനിമയായിരുന്നു. അഭിനയിക്കണം എന്ന ആഗ്രഹവും ഞാന്‍ സമ്മതിക്കുന്നിലെന്ന പരാതിയും അമ്മയോടും ചേച്ചിയോടും എപ്പോഴും പറയുമായിരുന്നു. പക്ഷേ പഠനം കഴിഞ്ഞ് മതി മറ്റെന്തും എന്നത് എന്റെ തീരുമാനമായിരുന്നു. ഒരു മാഗസിനില്‍ ഒരിക്കല്‍ അമ്മയ്‌ക്കൊപ്പമുള്ള ചിത്രം കവര്‍ പേജായി വന്നു. അത് കണ്ട് ജയരാജ്, ഗീതു മോഹന്‍ദാസ് തുടങ്ങിയവരൊക്കെ എന്നെ വിളിച്ച് കീര്‍ത്തിയെ അഭിനയിപ്പിക്കുന്ന കാര്യം പറഞ്ഞിരുന്നു. നമ്മുടെ തന്നെ പ്രൊഡക്ഷനായ നീലത്താമരയില്‍ അഭിനയിപ്പിക്കാന്‍ ലാല്‍ജോസും പറഞ്ഞു. പക്ഷേ, വേണ്ട അവള്‍ പഠിക്കട്ടെട്ട എന്ന് പറഞ്ഞ് ഞാന്‍ തന്നെ അതെല്ലാം ഒഴിവാക്കുകയായിരുന്നു.സുരേഷ് പറയുന്നു.

കീര്‍ത്തി : - മാഗസിനില്‍ കവര്‍ വന്ന കാര്യം പറഞ്ഞില്ലേ? അപ്പോള്‍ ഞാന്‍ ടെന്‍തില്‍ പഠിക്കുകയാണ്. ഓഫറുകള്‍ വന്നപ്പോഴൊക്കെ പഠിത്തം കഴിയട്ടെ എന്ന ഒറ്റ ഉത്തരമേ അച്ഛന് ഉണ്ടായിരുന്നുള്ളൂ. പ്ലസ് ടു കഴിഞ്ഞപ്പോള്‍ എന്റെ പഠിത്തം കഴിഞ്ഞു, ഇനി അഭിനയിക്കാമല്ലോ? എന്ന് പറഞ്ഞപ്പോഴും സമ്മതിച്ചില്ല. നടിയാകാന്‍ വിധിയുണ്ടെങ്കില്‍ അതിന്റെ സമയത്ത് അത് നടക്കുമെന്ന ചിന്തയായിരുന്നു. ഞാനധികം നിര്‍ബന്ധിക്കാനും പോയിട്ടില്ല.മകളുടെ സത്യവാങ്മൂലം.

സുരേഷ് : - ഒരിക്കല്‍ പ്രിയനും ഞാനും ഒന്നിച്ചിരിക്കുന്ന സമയം. പുതിയ സിനിമയില്‍ നായികയെ കിട്ടുന്നില്ലെന്ന് പ്രിയന് വിഷമം. ഹിന്ദിയില്‍ നിന്ന് ആരെയെങ്കിലും കൊണ്ടുവരാന്‍ ഞാന്‍ പറഞ്ഞു. ശരിയാകില്ലെന്ന് പ്രിയനും. ഞാന്‍ ഒരു കുട്ടിയെ കണ്ടു വച്ചിട്ടുണ്ട്. പക്ഷേ അവളുടെ തന്ത സമ്മതിക്കില്ല എന്ന് പ്രിയന്‍ പറഞ്ഞു. അതാരായാലും പറഞ്ഞ് റെഡിയാക്കി കൊടുക്കാമെന് ഞാനും. നീ തന്നെ നിന്നോടു പറയേണ്ടിവരും, കീര്‍ത്തിയുടെ കാര്യമാണ്. എന്ന് പ്രിയന്‍ പറയുമ്പോഴാണ് ആദ്യമായി അവളെ അഭിനയിപ്പിക്കുന്ന കാര്യം ഞാന്‍ സീരിയസായി ആലോചിക്കുന്നത്. ഇനിയും മോളുടെ ആഗ്രഹം നിഷേധിക്കുന്നത് ശരിയല്ലെന്ന് തോന്നി. പ്രിയന്‍ പ്രതീക്ഷിക്കുന്ന പോലെ കിറ്റി അഭിനയിക്കുമോ എന്നൊന്നും എനിക്കറിയില്ല, പ്രിയന്‍ തന്നെ ചോദിച്ചു നോക്ക് എന്ന് പറഞ്ഞു. കിറ്റിക്ക് അപ്പോള്‍ ക്ലാസ് കഴിയാറായിരുന്നെങ്കിലും ലണ്ടനിലായിരുന്നു. അങ്ങനെ പ്രിയന്‍ തന്നെയാണ് കിറ്റിയെ വിളിക്കുന്നത്.

കീര്‍ത്തി : - പ്രിയന്‍ അങ്കിള്‍ എന്ന ഏറ്റവും അടുത്ത സുഹൃത്ത് വിളിച്ചതുകൊണ്ട് മാത്രമാകും ഒരു പക്ഷേ എന്നെ സിനിമയിലേക്ക് വിട്ടത്. മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ അപ്പോഴും ഒരു പക്ഷേ സമ്മതിക്കില്ലായിരുന്നു. ഗീതാഞ്ജലിയിലേക്ക് പ്രിയനങ്കിളിന്റെ കോള്‍ വരുമ്പോള്‍ സത്യത്തില്‍ എക്സൈറ്റ്‌മെന്റി നേക്കാള്‍ പേടിയാണ് തോന്നിയത്. എത്രയോ കാലമായി ആഗ്രഹിച്ച കാര്യം പെട്ടെന്ന് സാധ്യമാവുമ്പോള്‍ ഉണ്ടാകുന്ന ടെന്‍ഷന്‍. ആദ്യ വേഷം തന്നെ ഡബിള്‍ റോള്‍. എന്നെക്കൊണ്ട് അഭിനയിക്കാന്‍ പറ്റുമോ എന്നൊക്കെയുള്ള വെപ്രാളമായിരുന്നു. അച്ഛനും അമ്മയും സിനിമയില്‍ ഉള്ളവരായതുകൊണ്ട് ആ പെരുമ കളയാന്‍ പാടില്ല എന്ന ഉത്തരവാദിത്തം ഉണ്ട്. അതൊക്കെ ഓര്‍ത്ത് ആദ്യം ടെന്‍ഷനടിച്ചെങ്കിലും പതിയെ പതിയെ അത് സന്തോഷമായി മാറുകയായിരുന്നു.കീര്‍ത്തിയുടെ ശബ്ദത്തില്‍ ആ ത്രില്ല് ഇപ്പോഴും കേള്‍ക്കാം.

uploads/news/2018/07/230197/keerthisuresh020718c.jpg
കീര്‍ത്തി അമ്മ മേനകയ്ക്കും അച്ഛന്‍ സുരേഷ്‌കുമാറിനും ചേച്ചി രേവതിക്കുമൊപ്പം

സുരേഷ് : - ഞാന്‍ ഒരു സിനിമ നിര്‍മ്മിച്ച് കിറ്റിയെ സിനിമയിലേക്ക് പ്രമോട്ട് ചെയ്യില്ല എന്നു റപ്പിച്ചിരുന്നു. സിനിമയിലേക്ക് വരുന്നു ണ്ടെങ്കില്‍ അത് മറ്റൊരു പ്രൊഡക്ഷനി ലൂടെയായിരിക്കണം എന്നെനിക്കുണ്ടായിരുന്നു. പഠിത്തം കഴിഞ്ഞ് നേരേ കിറ്റി സിനിമയിലേക്ക് വന്നു. അതും പ്രിയനും ലാലും സുരേഷും ഒക്കെ ഒന്നിക്കുന്ന ചിത്രത്തില്‍. അവര്‍ക്കെല്ലാം കിറ്റിയും മകളെ പോലെ തന്നെയാണ്. എല്ലാ പേരെയും കിറ്റി ചെറുപ്പം മുതലേ കാണുന്നവര്‍. അങ്ങനെയാണ് ഗീതാഞ്ജലിയില്‍ അവള്‍ നായികയാകുന്നത്. അവളെ സംബന്ധിച്ച് അതൊരു പെര്‍ഫക്റ്റ് ലോഞ്ചിങ്് തന്നെയായിരുന്നു. അത് കാലം തെളിയിച്ചതാണ്. അന്നത്തെ ആ തീരുമാനങ്ങളില്‍ ഒരച്ഛനെന്ന നിലയില്‍ എനിക്ക് തീര്‍ച്ചയായും അഭിമാനമുണ്ട്.

കീര്‍ത്തി : - ഒരു നടി എന്ന നിലയില്‍ ഞാന്‍ ആദ്യ ചുവടുകള്‍ വയ്ക്കുന്നത് അച്ഛന്റെ സിനിമകളിലൂടെ ബാലതാരമായാണ്. നായിക എന്ന നിലയില്‍ എന്നെ ഇന്‍ട്രൊഡ്യൂസ് ചെയ്യാന്‍ താല്പര്യമില്ലായിരുന്നു എന്ന് അച്ഛനിപ്പോള്‍ പറഞ്ഞതിന് പല കാരണങ്ങുണ്ടാകാം. അച്ഛന്റെ സിനിമയിലൂടെ തുടക്കം കുറിച്ചിട്ട് കരിയര്‍ നന്നായി വന്നില്ലെങ്കിലോ എന്ന ഭയം ഉണ്ടായിരിക്കാം. പിന്നെ എനിക്കഭിനയിക്കാന്‍ അറിയുമോ എന്ന തോന്നലുണ്ടായിരിക്കാം. പക്ഷേ നടക്കേണ്ട കാര്യങ്ങളാണെങ്കില്‍ നടക്കുക തന്നെ ചെയ്യുമെന്നാണ് ഞാന്‍ ചിന്തിച്ചത്. എങ്കിലും ഒരിക്കലും സമ്മതിച്ചില്ലെങ്കില്‍ പിന്നെ എങ്ങനെ ആഗ്രഹം നടക്കും എന്നൊക്കെ ആലോചിച്ച് ടെന്‍ഷനടിച്ചിട്ടുമുണ്ട്. ഇടയ്‌ക്കൊക്കെ പോയി പരാതി പറയുന്നത് എനിക്കപ്പോഴും അഭിനയ താല്പര്യം ഉണ്ടെന്ന സൂചന കൊടുക്കാന്‍ വേണ്ടിയായിരുന്നു. എന്നെ ക്കൊണ്ടൊന്നും വയ്യ നിന്നെ വച്ച് പടമെടുക്കാന്‍ എന്ന് തമാശ രൂപേണ അച്ഛന്‍ പറയുമായിരുന്നു. എങ്ങാനും കരിയറില്‍ ഒരു വീഴ്ച പറ്റിയാല്‍ അത് അച്ഛനും എനിക്കും പിന്നീടൊരു വിഷമം ഉണ്ടാകുമെന്ന തോന്നലായിരുന്നു കാരണം. ഇന്നിപ്പോള്‍ ആ വിഷമമേ ഇല്ല. അപ്പോള്‍ ആ തീരുമാനം ശരിയായിരുന്നു.

സുരേഷ് :- മലയാളത്തില്‍ രണ്ട് സിനിമ ചെയ്ത ശേഷം തമിഴില്‍ പോയപ്പോള്‍ കിറ്റി കുറച്ചു കൂടി മെച്ചപ്പെട്ടു. അവിടെ വിജയ്, സൂര്യ, വിക്രം, ധനുഷ്, ശിവ കാര്‍ത്തികേയന്‍ തുടങ്ങി മുന്‍നിര താരങ്ങളുടെ കൂടെയെല്ലാം അഭിനയിച്ചു. തെലുങ്കില്‍ കുറേ ചിത്രങ്ങള്‍ ചെയ്‌തെങ്കിലും മഹാനടിയിലെ സാവിത്രി എന്ന കഥാപാത്രം നിര്‍മ്മാതാവെന്ന നിലയിലും ഒരചെ്ഛനെന്ന നിലയിലും എന്നെ അദ്ഭുതപ്പെടുത്തുകയും അഭിമാനം തോന്നിപ്പിക്കുകയും ചെയ്തു. സാവിത്രി കിറ്റിയുടെ അഭിനയ ജീവിതത്തിലെ ടേണിംഗ് പോയിന്റാണ്. ഒരു പക്ഷേ ഈ നേട്ടത്തിന് എന്നെക്കാള്‍ സ്വാധീനിച്ചത് കിറ്റിയുടെ അമ്മയായിരിക്കും. പഴയ സിനിമകള്‍ മക്കളെ കുട്ടിക്കാലം മുതല്‍ തന്നെ മേനക കണിച്ചു കൊടുക്കുമായിരുന്നു. അഭിനയിക്കുന്നവരെ പറ്റിയും അവരുടെ മാനറിസങ്ങളും എല്ലാം പറഞ്ഞ് മനസിലാക്കി കൊടുത്തിരുന്നു. അതൊക്കെ സാവിത്രിയായപ്പോള്‍ കിറ്റിക്ക് ഗുണം ചെയ്തിട്ടുണ്ട്. ഈ കഥാപാത്രത്തിന് വേണ്ടി ഇവള്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിന്റെ ഫലമാണ് ലഭിച്ചത്.

കീര്‍ത്തി : - മഹാനടി എന്ന സിനിമ വല്ലാത്തൊരു അനുഭവം തന്നെയാണ്. അടിമുടി മറ്റൊരാളായി മാറി, 17 മാസത്തോളം ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണത്. ഇത്രയും കാലം മറ്റൊരാളായി ജീവിക്കുക എന്നത് അത്ര ഈസിയല്ല. അഭിനയിക്കുന്ന സമയത്ത് മാത്രമല്ല അല്ലാത്ത സമയത്തും എനിക്ക് ആ കഥാപാത്രത്തില്‍ നിന്ന് മോചനമുണ്ടായിരുന്നില്ല. നടി എന്നതിനപ്പുറം വ്യക്തി എന്ന നിലയിലും അവരെ കുറിച്ച് പഠിക്കുകയായിരുന്നു. അവരുടെ മാനറിസങ്ങളും പെരുമാറ്റവും ഒക്കെ ഓരോരുത്തരില്‍ നിന്ന് ചോദിച്ച് മനസിലാക്കി, കണ്ട് പഠിച്ച് സാവിത്രി മാറുകയായിരുന്നു. അവരുടെ കുടുംബാംഗങ്ങളുമായും ഇടയ്ക്കിടെ സംസാരിച്ച് ഓരോ കാര്യങ്ങള്‍ പഠിക്കുമായിരുന്നു. മേക്കപ്പിന്റെ കാര്യത്തിലും കോസ്റ്റിയൂമിന്റെ കാര്യത്തിലും ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്. നല്ല സിനിമയാണെന്ന് അറിയാമായിരുന്നെങ്കിലും ഇത്രത്തോളം ശ്രദ്ധിക്കപ്പെടുമെന്ന് വിചാരിച്ചിരുന്നില്ല. ഈ സിനിമയ്ക്ക് മുന്നിലും പിന്നിലുമുള്ളവരുടെ വലിയ പ്രയത്‌നത്തിന്റെ ഫലമാണ് മഹാനടി എന്ന സിനിമ. അതിന്റെ നേട്ടത്തില്‍ നടി എന്ന നിലയിലും വ്യക്തിപരമായും അതിയായ സന്തോഷമുണ്ട്. നടി എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തങ്ങള്‍ കൂടുകയാണ് ആ തിരിച്ചറിവുമുണ്ട്.

സുരേഷ് : - മഹാനടി കണ്ടിട്ട് പലരും എന്നെ വിളിച്ചു. അവരുടെ അഭിപ്രായം കേള്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നി. പക്ഷേ കിറ്റിയെ സംബന്ധിച്ച് തുടക്കം മാത്രമാണ്. ഈ ഗ്രാഫ് മെയിന്റയിന്‍ ചെയ്യണം.സുരേഷിന്റെ നിരീക്ഷണത്തില്‍ അച്ഛന്റെ കാര്‍ക്കശ്യം.

uploads/news/2018/07/230197/keerthisuresh020718b.jpg

കീര്‍ത്തി : - ശരിയാണ്. അച്ഛന്‍ ഉണ്ടായിരുന്നത് കൊണ്ടും, അച്ഛന്റെ ബന്ധങ്ങള്‍ കൊണ്ടും സിനിമയിലേക്ക് എത്തിപ്പെടാന്‍ സത്യത്തില്‍ എനിക്ക് ഈസിയായിരുന്നു. പക്ഷേ പിടിച്ചു നില്‍ക്കുക അത്ര എളുപ്പമല്ല. അതിന് സ്വന്തമായി അദ്ധ്വാനിച്ചേ മതിയാകൂ. എന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം അപ്രതീക്ഷിതമായിട്ടാണ്. സിനിമയില്‍ അഭിനയിക്കാന്‍ പറ്റുമോ എന്ന് പോലും സംശയിച്ച കാലമുണ്ടായിരുന്നു. ഒരു കോസ്റ്റിയൂം ഡിസൈനറായിട്ടെങ്കിലും സിനിമയില്‍ നില്‍ക്കാനാണ് ഞാനന്ന് ആഗ്രഹിച്ചത്. അവിടെ നിന്ന് ഇവിടെ വരെ എത്തി. എന്തെങ്കിലും ഒരു കാര്യം പറ്റില്ല എന്ന് പറയാന്‍ എനിക്ക് മടിയാണ്. അത് എങ്ങനെയും ചെയ്ത് കാണിക്കാനുള്ള ഒരു വാശി പണ്ടേയുണ്ട്. വെല്ലുവിളികള്‍ വരുമ്പോള്‍ അത് ഏറ്റെടുക്കാന്‍ ഇന്ന് എന്നെ പ്രേരിപ്പിക്കുനത് ആ മനോഭാവമാണ്.

സുരേഷ് : - എത്ര വലിയ താരമായാലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഞാനും മേനകയും കിറ്റിയോട് പറഞ്ഞിട്ടുണ്ട്. കീര്‍ത്തി എന്ന താരത്തെയല്ല, കീര്‍ത്തി എന്ന വ്യക്തിയെ മറ്റുള്ളവര്‍ ബഹുമാനിക്കണം. അതിന് ആദ്യം നമ്മള്‍ സീനിയേഴ്‌സിനെ ബഹുമാനിക്കണം. ഒരു ലൊക്കേഷനില്‍ ചെന്നാല്‍ പൊഡ്യൂസര്‍ മുതല്‍ പ്രൊഡക്ഷന്‍ ബോയ് വരെയുള്ളവരോട് ബഹുമാന ത്തോടെയും സൗഹൃദത്തോടെയും പെരുമാറണം. അവരെല്ലാം ചേര്‍ന്നാലേ കീര്‍ത്തി എന്ന അഭിനേതാവ് ഉണ്ടാകൂ. നടി എന്ന നിലയില്‍ ഉയര്‍ച്ചയുണ്ടാകൂ എന്ന കാര്യം മാത്രമാണ് ഉപദേശിച്ചിട്ടുള്ളത്.

കീര്‍ത്തി: - അച്ഛനും അമ്മയും പറഞ്ഞു തന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അതു കൊണ്ട് നേട്ടങ്ങള്‍ മാത്രമേയുണ്ടായിട്ടുള്ളൂ. എന്റെ കരിയറി നെയും ജീവിതത്തെയും ഇത്രയും ശ്രമിക്കുന്ന പ്രാധാന്യം തരുന്ന മാതാപിതാക്കളെ കിട്ടിയത് ഭാഗ്യമായി കരുതുന്നു. ഫാദേഴ്‌സ് ഡേയില്‍ മാത്രമല്ല എന്നും അവര്‍ സന്തോഷത്തോടെ കൂടെ ഉണ്ടാകുമെന്നാണ് പ്രാര്‍ത്ഥന.. ദക്ഷിണേന്ത്യയുടെ പുതിയ യുവതാരം പറഞ്ഞുനിര്‍ത്തുന്നു.

ദീപു ചന്ദ്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW