Monday, April 22, 2019 Last Updated 1 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 02 Jul 2018 02.09 AM

തെറ്റുചെയ്‌തത്‌ സിനിമാക്കാരല്ല; നമ്മുടെ രാഷ്‌ട്രീയകക്ഷികളാണ്‌

uploads/news/2018/07/230126/editorial.jpg

രാഷ്‌ട്രീയപ്രവര്‍ത്തനം സേവനമാണ്‌. രാഷ്‌ട്രത്തിനുവേണ്ടി പ്രതിഫലേച്‌ഛ കൂടാതെ പൗരന്‍ അനുഷ്‌ഠിക്കുന്ന മഹദ്‌കൃത്യം. ആത്മാര്‍ഥതയോടെ എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമല്ല അത്‌. രാഷ്‌ട്രീയപ്രവര്‍ത്തനം അതിന്റെ എല്ലാ അന്തസോടെയും പുലരുമ്പോള്‍മാത്രമേ ഒരു രാജ്യത്ത്‌ യഥാര്‍ഥ ജനാധിപത്യം അതിന്റെ പൂര്‍ണതയില്‍ പുലരൂ.

പഞ്ചായത്ത്‌ മെമ്പര്‍മുതല്‍ പ്രധാനമന്ത്രി വരെയായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ മുഴുവന്‍സമയ രാഷ്‌ട്രീയപ്രവര്‍ത്തകരായിരിക്കുമ്പോള്‍മാത്രമേ അവര്‍ക്ക്‌ രാജ്യത്തിനുവേണ്ടി പൂര്‍ണമായി പ്രവര്‍ത്തിക്കാന്‍ സമയം കിട്ടൂ. മറ്റേതെങ്കിലും രംഗത്തു തിളങ്ങിനില്‍ക്കുന്നവര്‍ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലേക്ക്‌ ഉപജോലി എന്ന നിലയില്‍ ആലങ്കാരിക പദവി അലങ്കരിച്ചെത്തുമ്പോള്‍ അത്‌ ജനാധിപത്യത്തിന്‌ ഒന്നും നല്‍കുന്നില്ല. മാത്രമല്ല രാഷ്‌ട്രീയത്തെ സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ക്കും തന്‍കാര്യനേട്ടത്തിനും ഉള്ള ഉപകരണമാക്കി മാറ്റുകയും ചെയ്യുന്നു.

വന്‍കിട വ്യവസായികള്‍ രാഷ്‌ട്രീയത്തിലേക്കു കടന്നുകയറുന്നതിന്റെ തിക്‌തഫലങ്ങള്‍ കാലങ്ങളായി ഇന്ത്യ അനുഭവിച്ചുകൊണ്ടും കണ്ടുകൊണ്ടും ഇരിക്കുന്നതാണ്‌. രാഷ്‌ട്രീയം അവരില്‍ ഭൂരിപക്ഷത്തിനും തന്‍കാര്യനേട്ടത്തിനുള്ള ഉപജോലിമാത്രമാണ്‌. വ്യവസായങ്ങള്‍ പടുത്തുയര്‍ത്താനും ഇളവുകള്‍ നേടാനും തങ്ങളുടെ സാമ്രാജ്യങ്ങള്‍ വികസിപ്പിക്കാനുമാണ്‌ സ്‌ഥാനലബ്‌ധികൊണ്ട്‌ അവര്‍ ശ്രമിക്കുന്നത്‌. അതുകൊണ്ട്‌ ഇക്കൂട്ടരെ തെരഞ്ഞെടുക്കുന്നതുകൊണ്ട്‌ നേട്ടമുണ്ടാകുന്നത്‌ രാഷ്‌ട്രത്തിനോ പൗരന്മാര്‍ക്കോ അല്ല.

ജനങ്ങളുടെ വോട്ട്‌ നേടി അധികാരത്തിലെത്താനാവില്ലെന്ന്‌ ഉറപ്പുള്ള അധികാരമോഹികള്‍ കാശെറിഞ്ഞ്‌ രാഷ്‌ട്രീയപാര്‍ട്ടികളുടെ ഒത്താശയോടെ എം.പി. സ്‌ഥാനം വരെ സ്വന്തമാക്കുന്നതായി ആരോപണങ്ങള്‍ നാം കേട്ടിട്ടുള്ളതാണ്‌. അവയില്‍ പലതും ശരിയാണെന്ന്‌ കാലം സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്‌. ഇക്കൂട്ടര്‍ രാജ്യത്തെ വഞ്ചിച്ച്‌ കടല്‍ കടക്കുന്നതിനും രാജ്യം സാക്ഷിയായിട്ടുണ്ട്‌. ഇതിന്റെയൊക്കെ ധാര്‍മിക ബാധ്യതയില്‍നിന്നു നമ്മുടെ രാഷ്‌ട്രീയകക്ഷികള്‍ക്ക്‌ ഒഴിഞ്ഞുമാറാനാവില്ല.

അതുപോലെതന്നെ ആപത്‌കരമാണ്‌ കേവലം ഒരു സീറ്റ്‌ പിടിച്ചെടുക്കാന്‍ വേണ്ടി രാഷ്‌ട്രീയപാര്‍ട്ടികള്‍ സെലിബ്രിറ്റികള്‍ക്കു പിന്നാലെ പോകുന്നത്‌. സാംസ്‌കാരികരംഗത്തും സിനിമാരംഗത്തുനിന്നും വരുന്ന ഒരു സെലിബ്രിറ്റിക്കു മണ്ഡലത്തില്‍ മുഴുവന്‍ സമയം നിറഞ്ഞുനിന്ന്‌ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്‌ട്രയപ്രവര്‍ത്തകനേക്കാള്‍ വോട്ട്‌ നേടാന്‍ കഴിഞ്ഞെന്നു വരും. എന്നാല്‍, ഇക്കൂട്ടര്‍ പിന്നീട്‌ മണ്ഡലത്തിനും പാര്‍ട്ടിക്കും ഭാരവും തലവേദനയുമാകുന്ന കാഴ്‌ചയാണ്‌ പലപ്പോഴും ഉണ്ടാകുന്നത്‌.

തങ്ങളുടെ പിടിയില്‍ കിട്ടാത്തതിനെയെടുത്തു മടിയില്‍ വയ്‌ക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക്‌ ഇവരെടുക്കുന്ന തീരുമാനങ്ങളും മറ്റിടപാടുകളും ന്യായീകരിക്കാനാണ്‌ കൂടുതല്‍ സമയവും ചെലവഴിക്കേണ്ടിവരുന്നത്‌. അതുകൊണ്ട്‌ രാഷ്‌ട്രീയംതന്നെ മലീമസമാകുകയും ചെയ്യുന്നു.
ഇക്കൂട്ടര്‍ക്കാകട്ടെ കാശും അന്നവും രാഷ്‌ട്രീയത്തിലുപരി അവര്‍ ഏര്‍പ്പെടുന്ന മണ്ഡലത്തില്‍നിന്നുള്ളതാണ്‌. അതുകൊണ്ടുതന്നെ പ്രതിബദ്ധതയും അങ്ങോട്ടുതന്നെയായിരിക്കും. സെലിബ്രിറ്റികളായ പല ജനപ്രതിനിധികളെയും മണ്ഡലത്തില്‍ കാണാന്‍ പോലും കിട്ടാറില്ലെന്ന പരിദേവനങ്ങള്‍ നാം സ്‌ഥിരം കേട്ടുകൊണ്ടിരിക്കുന്നതാണ്‌. രാഷ്‌ട്രീയപാര്‍ട്ടികളുടെ തത്വസംഹിതകളും ആദര്‍ശങ്ങളും വിലപ്പോകാത്ത തീരുമാനങ്ങളില്‍ ഇടപെടേണ്ടിവരുന്ന സെലിബ്രിറ്റികളെ ഇക്കാര്യത്തില്‍ കുറ്റംപറയാനാകില്ല. കുറ്റം താല്‍ക്കാലിക ലാഭത്തിനുവേണ്ടി എന്തിനെയും കൂടെക്കൂട്ടുന്ന രാഷ്‌ട്രീയപാര്‍ട്ടികളുടേതുതന്നെയാണ്‌. അറിവുവച്ച കാലം മുതല്‍ കൊടികെട്ടിയും മുദ്രാവാക്യം വിളിച്ചും നടന്ന പ്രവര്‍ത്തകരെ വെള്ളം കോരികളും വിറകുവെട്ടികളുമാക്കിക്കൊണ്ടാണ്‌ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ സെലിബ്രൈറ്റികള്‍ക്കു പിന്നാലെ പോകുന്നത്‌.

താരസംഘടനയായ അമ്മയില്‍ അംഗങ്ങളായ ചില ജനപ്രതിനിധികള്‍ സിനിമാസംഘടനാതലത്തിലെടുത്ത തീരുമാനങ്ങള്‍ ജനപ്രതിനിധിക്കു ചേര്‍ന്നതല്ലെന്ന്‌ വ്യാപക ആക്ഷേപമാണുണ്ടായത്‌. അവരെ മുന്നില്‍ നിര്‍ത്തുന്ന രാഷ്‌ട്രീയകക്ഷികളും പ്രതിരോധത്തിലായിരുന്നു. എന്നാല്‍, ഈ നടന്മാരെ ന്യായീകരിക്കാനല്ലാതെ താക്കീതു ചെയ്യാനോ നിയന്ത്രിക്കാനോ ഈ രാഷ്‌ട്രീയകക്ഷികള്‍ക്കു സാധിക്കില്ലെന്നതാണ്‌ സത്യം. കാരണം ഈ ജനപ്രതിനിധികള്‍ അടിസ്‌ഥാനപരമായ നടന്മാരാണ്‌; രാഷ്‌ട്രീയപ്രവര്‍ത്തനം അവര്‍ക്ക്‌ ആലങ്കാരികംമാത്രമാണ്‌. രാഷ്‌ട്രീയം വേണോ അഭിനയം വേണോയെന്നു ചോദിച്ചാല്‍ ഇക്കൂട്ടരില്‍നിന്നുണ്ടാകുന്ന മറുപടി അഭിനയം മതിയെന്നാവും-അവസരങ്ങള്‍ ഇനിയുമെന്തെങ്കിലുമൊക്കെ അവശേഷിക്കുന്ന താരങ്ങളാണെങ്കില്‍. ഇവിടെയാണ്‌ ചെറിയ വിജയങ്ങള്‍ക്കുവേണ്ടി ആദര്‍ശം പണയപ്പെടുത്തി രാഷ്‌ട്രീയ കക്ഷികള്‍ വെള്ളിവെളിച്ചത്തിനു പിന്നാലെ പോകുന്നതിന്റെ അപകടം. രാഷ്‌ട്രീയകക്ഷികള്‍ക്ക്‌ ജനപക്ഷത്തുനിന്ന്‌ അകന്നുനിന്ന്‌ ഇക്കൂട്ടരെ ന്യായീകരിക്കുവാനേ സമയം കാണൂ. അത്‌ ജനങ്ങള്‍ വിലകൊടുക്കാത്ത അധരവ്യായാമമായി അധഃപതിക്കുകയും ചെയ്യും.

Ads by Google
Monday 02 Jul 2018 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW