Wednesday, February 20, 2019 Last Updated 31 Min 25 Sec ago English Edition
Todays E paper
Ads by Google
വ്യത്യസ്തരല്ല; ഇവര്‍ വ്യക്തിത്വമുള്ളവര്‍ / വി.പി. നിസാര്‍
Monday 02 Jul 2018 02.08 AM

അഭ്രപാളിയില്‍ 'അവള്‍ക്കൊപ്പം' മെഗാസ്‌റ്റാര്‍ ആദ്യനായകന്‍

uploads/news/2018/07/230125/opinion020718a.jpg

ഇന്ത്യന്‍ സിനിമയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നായികയായ അഞ്‌ജലി അമീറിന്റെ അരങ്ങേറ്റം മമ്മൂട്ടിക്കൊപ്പമായിരുന്നു. ഇപ്പോള്‍ തമിഴിലും കന്നഡയിലും കൈനിറയെ ചിത്രങ്ങളുള്ള ഈ സുന്ദരിക്ക്‌ മലയാളത്തില്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയാകണം എന്നതാണാഗ്രഹം.മലയാളത്തില്‍ ആദ്യമായി ഒരു ട്രാന്‍സ്‌ വുമണിന്റെ യഥാര്‍ത്ഥജീവിതവും അഭ്രപാളിയിലെത്തുകയാണ്‌.

സിനിമയില്‍ തൃപ്‌തി ഷെട്ടിയെന്ന കരകൗശല കലാകാരിയുടെ വേഷമണിയുന്നതു മലയാളത്തിലെ ഒരു പ്രമുഖനടിയാണ്‌.
മലയാള സിനിമയില്‍ ഉള്‍പ്പെടെ ട്രാന്‍സ്‌ജെന്‍ഡറുകളായി വേഷമിടുന്നതു പൊതുവേ പുരുഷതാരങ്ങളാണ്‌ (ചാന്തുപൊട്ട്‌, ഞാന്‍ മേരിക്കുട്ടി). പലപ്പോഴും വ്യത്യസ്‌തവേഷങ്ങള്‍ ചെയ്യാനുള്ള നടന്‍മാരുടെ കൗതുകം മാത്രമാണ്‌ ഈ ഉദ്യമങ്ങള്‍ക്കു പിന്നില്‍. നടിമാര്‍ പുരുഷവേഷം കെട്ടുന്നതാകട്ടെ തിരക്കഥയിലെ ആള്‍മാറാട്ടത്തിന്റെ ഭാഗമായി മാത്രവും (അമ്മയാണെ സത്യം, രസതന്ത്രം). എന്നാല്‍, ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ നായികയാണ്‌ അഞ്‌ജലി അമീര്‍.

രണ്ടു സിനിമകളില്‍ നായികയായ അഞ്‌ജലിയുടെ അരങ്ങേറ്റം മെഗാസ്‌റ്റാര്‍ മമ്മൂട്ടിക്കൊപ്പം തമിഴ്‌ചിത്രമായ 'പേരന്‍പു'വിലായിരുന്നു. റാം സംവിധാനം ചെയ്‌ത ഈ ചിത്രം നിരവധി രാജ്യാന്തരമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.

കോഴിക്കോട്‌ താമരശേരി കാരാടിലെ അമീറിന്റെയും ജമീലയുടെയും 'മകനാ'യാണ്‌ അഞ്‌ജലിയുടെ ജനനം. രണ്ടാംക്ലാസില്‍ പഠിക്കുമ്പോള്‍തന്നെ തന്റെയുള്ളിലെ സ്‌ത്രീത്വം തിരിച്ചറിഞ്ഞതായി അവകാശപ്പെടുന്ന അഞ്‌ജലിക്കു പഴയ 'ആണ്‍പേര്‌' ഓര്‍മിക്കാനോ വെളിപ്പെടുത്താനോ ഇഷ്‌ടമില്ല. അഞ്‌ജലിക്ക്‌ ഒരുവയസുള്ളപ്പോള്‍ മാതാവ്‌ മരിച്ചു. എന്നാല്‍, അമ്മവീട്ടില്‍തന്നെ താമസം തുടര്‍ന്നു. പിതാവ്‌ മറ്റൊരു വിവാഹം കഴിച്ചു. ചെറുപ്രായത്തിലേ അനുഭവിച്ച കഠിനവേദനകള്‍ ജീവിതത്തില്‍ മുന്നേറാന്‍ കരുത്തേകി.

10-ാം ക്ലാസ്‌ കഴിഞ്ഞപ്പോള്‍തന്നെ കോയമ്പത്തൂരിലും ചെന്നൈയിലും ബംഗളുരുവിലും ജോലി തേടി അലഞ്ഞു. കോയമ്പത്തൂരില്‍ ബ്യൂട്ടീഷ്യന്‍ കോഴ്‌സിനൊപ്പം പ്ലസ്‌ടു പഠനവും തുടര്‍ന്നു. ഭൂതകാലത്തെക്കുറിച്ചോ ഭാവിയെക്കുറിച്ചോ ചിന്തിക്കാന്‍ ഇഷ്‌ടമില്ലാത്ത ഈ കലാകാരിക്ക്‌ ഇപ്പോഴത്തെ ജീവിതം ആസ്വദിക്കാനാണിഷ്‌ടം.20-ാംവയസില്‍ ശസ്‌ത്രക്രിയയിലൂടെ സ്‌ത്രീയായി മാറി.

മോഡലിങ്ങിലും ടി.വി. ഷോകളിലും സജീവമായിരുന്നെങ്കിലും സിനിമയില്‍ അഭിനയിക്കണമെന്നതു ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. സാക്ഷാല്‍ മമ്മൂട്ടിക്കൊപ്പം സ്വപ്‌നസദൃശമായ തുടക്കം ലഭിച്ചതില്‍ ഈ കലാകാരി ഏറെ അഭിമാനിക്കുന്നു. ചിത്രത്തില്‍ അഞ്‌ജലിയെ നായികയാക്കാന്‍ സംവിധായകന്‍ റാമിനോട്‌ ആവശ്യപ്പെട്ടതും മമ്മൂട്ടിയാണ്‌. ഒരു ടി.വി. സീരിയലില്‍ അഞ്‌ജലി മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ട്രാന്‍സ്‌ വുമണ്‍ എന്നു വെളിപ്പെടുത്തിത്തന്നെയാണ്‌ അഭിനയരംഗത്തെത്തിയത്‌.

എന്നാല്‍, സീരിയലിന്റെ അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം മറച്ചുവച്ചു. ഇതേച്ചൊല്ലി ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ഇക്കാര്യം താന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയതു മമ്മൂട്ടി ശ്രദ്ധിച്ചിരുന്നു. ഇതോടെയാണു സിനിമയിലേക്കു വാതില്‍ തുറന്നത്‌. ഇപ്പോള്‍ കൈനിറയെ അവസരങ്ങളുണ്ട്‌. തമിഴിനു പുറമേ കന്നഡ സിനിമകളിലും അഭിനയിച്ചു.

പേരന്‍പുവിന്റെ ചിത്രീകരണം ചെന്നൈയിലായിരുന്നു. തുടക്കത്തില്‍ ക്യാമറാ ഭയമുണ്ടായിരുന്നെങ്കിലും മമ്മൂട്ടിയടക്കമുള്ളവരുടെ പ്രോത്സാഹനം ആത്മവിശ്വാസമേകി. തുടക്കക്കാരിയാണെങ്കിലും എല്ലാവരും തന്റെ അഭിപ്രായങ്ങള്‍ ഗൗരവത്തോടെ ഉള്‍ക്കൊണ്ടു. മലയാള സിനിമയില്‍ നല്ലൊരു കഥാപാത്രം അവതരിപ്പിക്കണമെന്ന്‌ ആഗ്രഹമുണ്ട്‌. അതു മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ കൂടെയായാല്‍ ഏറെ സന്തോഷമെന്നും അഞ്‌ജലി പറയുന്നു.

**** കിരണ്‍ തൃപ്‌തിയായ കഥ

അഞ്‌ജലിയെന്ന ട്രാന്‍സ്‌ വുമണിനു സിനിമ ജീവിതം നല്‍കിയെങ്കില്‍, കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകയായ തൃപ്‌തി ഷെട്ടിയുടെ ജീവിതംതന്നെ സിനിമയാകാന്‍ പോകുകയാണ്‌. കഴിഞ്ഞ ഡിസംബര്‍ ഏഴിനു കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ്‌ മന്ത്രാലയത്തിന്റെ ആര്‍ട്ടിസാന്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ നേടിയ കിരണ്‍ എന്ന തൃപ്‌തിയുടെ ആണ്‍ജീവിതം അസംതൃപ്‌തികള്‍ മാത്രം നിറഞ്ഞതായിരുന്നു. 17 വര്‍ഷം പ്രയത്‌നിച്ചാണു കരകൗശലനിര്‍മാണത്തില്‍ വൈദഗ്‌ധ്യം നേടിയത്‌.

തൃപ്‌തിയുടെ ജീവിതവിജയം അവിടെ തുടങ്ങുകയായിരുന്നു. കാസര്‍ഗോഡ്‌, മഞ്ചേശ്വരം സ്വദേശിയായ തൃപ്‌തി മുംബൈയിലെയും ചെന്നൈയിലെയും ജീവിതം അവസാനിപ്പിച്ചു കൊച്ചിയില്‍ താമസമുറപ്പിച്ചതു സിനിമയോടുള്ള അഭിനിവേശം മൂലമാണ്‌. സ്വന്തം കഥതന്നെ സിനിമയാകുമ്പോള്‍ അത്‌ ഇരട്ടിമധുരമാകുന്നു. തിരുവന്തപുരത്തു ഫെഡറല്‍ ബാങ്ക്‌ ഉദ്യോഗസ്‌ഥനായ ആറ്റിങ്ങല്‍ സ്വദേശി അനുശീലന്‍ കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്ുന്ന ചിത്രത്തില്‍ യമലയാളത്തിലെ പ്രമുഖനടിയാകും തൃപ്‌തിയുടെ വേഷമണിയുക. ഒരു ട്രാന്‍സ്‌ജെന്‍ഡറിന്റെ യഥാര്‍ത്ഥജീവിതം വെള്ളിത്തിരയിലെത്തുന്നത്‌ ആദ്യമായാണെന്നു സംവിധായകന്‍ അവകാശപ്പെടുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ആര്‍ട്ടിസാന്‍ കാര്‍ഡ്‌ ലഭിച്ചതോടെ തൃപ്‌തിക്കു കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചുതുടങ്ങി. സര്‍ക്കാര്‍ പ്രദര്‍ശനങ്ങളില്‍ സൗജന്യമായി പങ്കെടുക്കാം. സ്‌റ്റാള്‍ വാടക വേണ്ടെന്നുമാത്രമല്ല, ഉത്‌പന്നങ്ങള്‍ എത്തിക്കാനുള്ള ചെലവും സര്‍ക്കാര്‍ വഹിക്കും. പട്ടുനൂല്‍, മുത്തുകള്‍ വിത്തുകള്‍/പൂക്കള്‍ എന്നിവ ഉപയോഗിച്ചാണ്‌ കരകൗശലവസ്‌തുക്കളുടെയും ആഭരണങ്ങളുടെയും നിര്‍മാണം. ഒഴിഞ്ഞ മദ്യക്കുപ്പികള്‍ തൃപ്‌തിയുടെ കരവിരുതില്‍ അലങ്കാരവസ്‌തുക്കളും സ്‌പെഷല്‍ വീഞ്ഞുകുപ്പികളുമായി മാറും. ഓണ്‍ലൈന്‍ വ്യാപാരവും നടത്തുന്നുണ്ട്‌.

നാലാം ക്ലാസ്‌ മുതല്‍ നാടകാഭിനയത്തില്‍ താല്‍പര്യമുണ്ടായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കളിക്കളത്തില്‍ വീണ്‌ ഗുരുതരപരുക്കേറ്റു. മാസങ്ങള്‍ കഴിഞ്ഞ്‌ സ്‌കൂളില്‍ ചെന്നപ്പോള്‍ ടി.സി. നല്‍കി മടക്കി. തുടര്‍ന്ന്‌ നാടുവിട്ട്‌ മംഗലാപുരത്തെത്തി. 2004-ല്‍ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞ്‌ ഒരാള്‍ തൃപ്‌തിയെ ബംഗളുരുവിലേക്കു കൂട്ടിക്കൊണ്ടുപോയി. ആറുമാസം അയാള്‍ പറഞ്ഞയിടങ്ങളില്‍ ജോലി ചെയ്‌തെങ്കിലും ഒരുരൂപ പോലും പ്രതിഫലം കിട്ടിയില്ല. അവധിയും ലഭിച്ചിരുന്നില്ല. അവിടെനിന്നു രക്ഷപ്പെട്ട്‌ ഒരു പടക്കക്കടയില്‍ മൂന്നുദിവസം ജോലി ചെയ്‌തു.

പ്രതിഫലമായി ലഭിച്ച 1500 രൂപയുമായി നാട്ടില്‍ തിരിച്ചെത്തി. അപ്പോഴേക്ക്‌ അമ്മ ജീവിതം അവസാനിപ്പിച്ചിരുന്നു. അമ്മയുടെ തണലില്ലാതെ നാട്ടില്‍ നില്‍ക്കാനാകുമായിരുന്നില്ല. പെണ്ണാകണമെന്ന ആഗ്രഹവുമായി 2006-ല്‍ ചെന്നൈയിലെത്തി. അവിടെ ഹിജഡകള്‍ക്കിടയിലാണ്‌ എത്തിപ്പെട്ടതെങ്കിലും ജീവിതം സന്തുഷ്‌ടമായിരുന്നു. പെണ്‍വേഷത്തില്‍ കഴിയാമെന്നതായിരുന്നു പ്രധാനകാരണം. അതിനിടെ ഹിജഡകളുടെ ജീവിതലൈിയും നിയമങ്ങളും പഠിക്കാന്‍ പുനെയിലേക്ക്‌ അയച്ചു.

എന്നാല്‍, ലിംഗമാറ്റശസ്‌ത്രക്രിയയ്‌ക്കു പണം കണ്ടെത്താനുള്ള വഴികള്‍ ഭിക്ഷാടനവും ലൈഗികവൃത്തിയുംമാത്രമായിരുന്നു. ലൈംഗികത്തൊഴില്‍ ഇഷ്‌ടമല്ലാത്തതിനാല്‍ ഭിക്ഷാടനം തെരഞ്ഞെടുത്തു. പലയിടത്തുനിന്നും ആട്ടിയോടിക്കപ്പെട്ടു. പിച്ചപ്പണം മുഴുവന്‍ സംഘത്തലവനു കൊടുക്കണം. കൂട്ടത്തില്‍ ഏകമലയാളി തൃപ്‌തി മാത്രമായിരുന്നു. ആ ജീവിതം അസഹനീയമായതോടെ നാട്ടിലേക്കു മടങ്ങി.

തുടര്‍ന്നു കോഴിക്കോട്ടും മുംബൈയിലും കാറ്ററിങ്‌ ജോലി ചെയ്‌തെങ്കിലും 2012-ല്‍ വീണ്ടും ചെന്നൈയിലേക്ക്‌. ഇതിനിടെ പണം തവണവ്യവസ്‌ഥയില്‍ അടയ്‌ക്കണമെന്ന വ്യവസ്‌ഥയില്‍ ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായി. ശസ്‌ത്രക്രിയ പ്രാകൃതമായിരുന്നു. 'ഓപ്പറേഷന്‍ തീയറ്ററില്‍' ഒരു മേശ മാത്രമാണുണ്ടായിരുന്നത്‌. സുബോധത്തോടെതന്നെയാണു ശസ്‌ത്രക്രിയയ്‌ക്കു വിധേയനായതും തുന്നിക്കെട്ടിയതുമെല്ലാം. അങ്ങനെ കിരണ്‍, തൃപ്‌തിയായി മാറി. 40 ദിവസത്തെ വിശ്രമവും 41-ാം ദിവസം ആഘോഷപൂര്‍വം ജല്‍സയും കഴിഞ്ഞെങ്കിലും 42-ാം ദിവസം മൂത്രതടസമുണ്ടായി. ചികിത്സയ്‌ക്കുശേഷം, ഭിക്ഷാടനവും ലൈംഗികവൃത്തിയുമല്ല തന്റെ വഴികളെന്നു തിരിച്ചറിഞ്ഞ്‌, സിനിമയെന്ന വലിയ സ്വപ്‌നവുമായി 2016-ല്‍ കൊച്ചിയിലെത്തി. ഇവിടെയും ദുരനുഭവങ്ങളായിരുന്നു.

ഓട്ടോറിക്ഷയിലെത്തിയ രണ്ടുപേര്‍ കമ്പികൊണ്ട്‌ അടിച്ചുവീഴ്‌ത്തി. അവര്‍ ആരാണെന്നോ ആക്രമിച്ചത്‌ എന്തിനാണെന്നോ ഇന്നുമറിയില്ല. എന്നാല്‍, അതോടെ ഒരു ഉറച്ചതീരുമാനമെടുത്തു. ഇനി നാടുവിട്ടു പോകില്ല. കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ പൂര്‍ണപിന്തുണയും ലഭിച്ചു. തൃപ്‌തിയെ ചികിത്സിച്ച ഡോ. ആനിയാണു കരകൗശലവിദ്യ പഠിപ്പിച്ചത്‌. ഇതിനിടെ 'കള്ളന്മാരുടെ രാജാവ്‌' എന്ന സിനിമയില്‍ അഭിനയിച്ചെങ്കിലും ചിത്രം പുറത്തിറങ്ങിയിട്ടില്ല.

ഫാഷന്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന, ആലുവയിലെ ദയ സൊസൈറ്റിയില്‍ അംഗമാണു തൃപ്‌തി. കഴിഞ്ഞവര്‍ഷം ക്യൂന്‍ ഓഫ്‌ ദയ മത്സരത്തില്‍ പങ്കെടുത്ത 300 പേരില്‍ 15-ാം സ്‌ഥാനക്കാരിയായി ഫൈനല്‍ റൗണ്ടിലെത്തി. കേരള ലളിതകലാ അക്കാഡമി അംഗത്വം, കൊച്ചി മെട്രോയില്‍ ജോലിപരിശീലനം എന്നിങ്ങനെ തൃപ്‌തിയുടെ കിരീടത്തില്‍ തൂവലുകള്‍ ഏറെയുണ്ട്‌.

(തുടരും)

Ads by Google
Ads by Google
Loading...
TRENDING NOW