Friday, April 26, 2019 Last Updated 5 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 02 Jul 2018 02.07 AM

എന്നു പിറക്കും നമ്മുടെ മെസി?

uploads/news/2018/07/230124/bft2.jpg

ലോകകപ്പിനു പന്തുരുണ്ടു തുടങ്ങും മുമ്പ്‌ റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമിര്‍ പുടിന്‍ റഷ്യന്‍ കളിക്കാരോടു പറഞ്ഞു-'ആരാധകര്‍ക്ക്‌ ഇഷ്‌ടമാവുന്ന രീതിയില്‍ ഫുട്‌ബോള്‍ കളിക്കണം. പന്തില്‍ കാറ്റിനോടൊപ്പം സ്‌നേഹവും നിറയ്‌ക്കണം.' ഈ സ്‌നേഹ വലയത്തില്‍ എല്ലാം ഒന്നാവുന്നു. അതാണ്‌ ലോകമെവിടെയും ഇരുപത്തൊന്നാം ലോകകപ്പിനൊപ്പം നിറഞ്ഞു തുളുമ്പുന്ന വികാരം.
കളി തുടങ്ങിയപ്പോള്‍ത്തന്നെ അദ്‌ഭുതങ്ങളും പിറക്കുന്നു. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ബ്രസീല്‍ ആദ്യകളി ജയിക്കാതെപോയി. 3.31 ലക്ഷം മാത്രം ജനസംഖ്യയുള്ള ഐസ്‌ലാന്‍ഡ്‌, അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി. 1982 നു ശേഷം ജര്‍മനി ആദ്യകളിയില്‍ പരാജയപ്പെടുന്നു. പോളണ്ടും കൊളംബിയയും ചെറു ടീമുകളോട്‌ പരാജയം രുചിക്കുന്നു. ഈ നിലയില്‍ ലോകകപ്പ്‌ ആര്‍ക്കെന്ന്‌ പ്രവചനാതീതം.
ഫിഫ റാങ്കിങ്ങില്‍ 8 ഗ്രൂപ്പുകളിലായി ലോകകപ്പില്‍ പങ്കെടുക്കുന്ന 32 ടീമുകള്‍ക്കും പിന്നിലാണ്‌ റഷ്യ. ആതിഥേയരെന്ന നിലയ്‌ക്കാണ്‌ റഷ്യ കളിക്കുന്നത്‌. കളിച്ചു ജയിക്കുകയല്ല, മികച്ച ആതിഥേയരായി ലോകത്തിനു മുന്നില്‍ നിവര്‍ന്നു നില്‍ക്കാനാണ്‌ റഷ്യയുടെ ശ്രമം.
ലോകകപ്പ്‌ ഒരുക്കങ്ങള്‍ക്കായി 8,755 കോടി രൂപയാണ്‌ അവര്‍ ചെലവിട്ടത്‌. ആറു നഗരങ്ങളിലെ വിമാനത്താവളങ്ങള്‍ നവീകരിച്ചു. അവിടങ്ങളിലെല്ലാം പുതിയ ടെര്‍മിനലുകള്‍ നിര്‍മിച്ചു. പുതുതായി 21 ഹോട്ടലുകള്‍ പണിതുയര്‍ത്തി. കൂടുതല്‍ കിടക്കകളും സംവിധാനങ്ങളുമായി 14 ആശുപത്രികള്‍ നവീകരിച്ചു. അടുത്ത 20 വര്‍ഷം മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള വികസനമാണ്‌ റഷ്യയുടേതെന്നാണു സംഘാടകരുടെ അവകാശ വാദം. 2014-ലെ ശീതകാല ഒളിമ്പിക്‌സ്‌ റഷ്യയിലായിരുന്നു. അതിന്റെ തയാറെടുപ്പുകള്‍ തന്നെ 2018 ലെ ലോകകപ്പുകൂടി മുന്നില്‍ക്കണ്ടായിരുന്നു. 12 സ്‌േറ്റഡിയങ്ങളിലായിട്ടാണു മത്സരം നടക്കുന്നത്‌. ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ സ്‌േറ്റഡിയങ്ങളുള്ള ലോകകപ്പ്‌. സജ്‌ജീകരണത്തില്‍ പ്രകടിപ്പിക്കുന്ന മികവ്‌ അവരുടെ ഇച്‌ഛാശക്‌തിയുടെയും സമര്‍പ്പണത്തിന്റെയും മകുടോദാഹരണം തന്നെ.
ഇവിടെയാണു നമ്മള്‍ സ്വയം വിലയിരുത്തലിനു തയാറാകേണ്ടത്‌. 2010 ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഡല്‍ഹിയില്‍ നടന്നപ്പോള്‍ നിര്‍മാണത്തിലേയും സജ്‌ജീകരണങ്ങളിലേയും പാകപ്പിഴകളെക്കുറിച്ചുയര്‍ന്ന വിവാദങ്ങള്‍ ഏറെ. ഗെയിംസ്‌ കഴിഞ്ഞപ്പോള്‍ ചുമതലക്കാരില്‍ ചിലര്‍ അഴിമതിക്ക്‌ അഴിക്കുള്ളിലായതാണ്‌ ബാക്കിപത്രം. മികവും സമര്‍പ്പണവുമെല്ലാം സാമ്പത്തിക നേട്ടത്തിന്‌ വഴിമാറുന്ന ദയനീയ ചിത്രം. നടത്തിപ്പിലെ സൂക്ഷ്‌മതയും നിലവാരവും ലക്ഷ്യബോധവുമൊത്തുചേരാന്‍ നാം എത്രനാള്‍ കാത്തിരിക്കണം. നാഷണല്‍ ഗെയിംസിനുവേണ്ടി ലോകോത്തര നിലവാരത്തില്‍ നിര്‍മിച്ച ഷൂട്ടിങ്‌ റേഞ്ച്‌ കാടുപിടിച്ചു കിടക്കുന്നു. അത്രയ്‌ക്കുണ്ട്‌ നമ്മുടെ സൂക്ഷ്‌മത.
ഇന്ത്യയില്‍ ഫിഫയുടെ അംഗീകാരമുള്ള ആറു സ്‌േറ്റഡിയങ്ങളിലൊന്നാണു കലൂരിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌േറ്റഡിയം. കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ്‌ സ്‌േറ്റഡിയമാകട്ടെ ക്രിക്കറ്റിനു യോജിച്ചതും. (ആദ്യമായി നിര്‍മിച്ചെടുക്കുന്ന മൈതാനമെന്നതാണ്‌ ഗ്രീന്‍ഫീല്‍ഡിന്റെ അര്‍ഥം. അത്‌ വിമാനത്താവളമായാലും മൈതാനമായാലും. ചിലര്‍ പരിസ്‌ഥിതി സൗഹൃദമെന്ന്‌ വിശേഷിപ്പിച്ചു കണ്ടതുകൊണ്ടാണ്‌ ഈ വിശദീകരണം.)
ഇന്ത്യ-ന്യൂസിലന്‍ഡ്‌ ക്രിക്കറ്റ്‌ മത്സരം നടക്കുമ്പോള്‍ മഴ പെയ്‌തിട്ടും ഡ്രെയിനേജ്‌ സംവിധാനത്തിന്റെ മികവു കാരണം കളിതടസപ്പെടാത്തതിന്‌ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ അഭിനന്ദനം ലഭിച്ച സ്‌േറ്റഡിയം. ഫിഫയുടെ അംഗീകാരമുള്ള സ്‌റ്റേഡിയത്തിന്‌ മാറ്റങ്ങള്‍ വരുത്തി അവിടെ മാച്ച്‌ നടത്തണോ എന്ന്‌ എന്തു ന്യായത്തിന്റെ പേരിലാണെങ്കിലും നമ്മള്‍ രണ്ടു തവണ ആലോചിക്കേണ്ടതില്ലേ?. ചുരുങ്ങിയത്‌ 10 വര്‍ഷമെങ്കിലും മുന്നില്‍കണ്ട്‌ പ്ലാനും പദ്ധതിയുമൊക്കെ ഉണ്ടായാല്‍ മാത്രമേ ഈ രംഗത്ത്‌ നമുക്ക്‌ ചുവടുവയ്‌ക്കാനാവൂ. ലോകകപ്പിലെ റഷ്യയുടെ മികച്ച പ്രകടനം 1966 ലാണ്‌. നാലാം സ്‌ഥാനം. പിന്നീടങ്ങോട്ട്‌ ആ ഭാഗത്തേക്ക്‌ എത്തിനോക്കാനായിട്ടില്ലെങ്കിലും കൈമോശം വരാത്ത നിശ്‌ചയദാര്‍ഢ്യമാണ്‌ അവരെ മുന്നോട്ടു നയിക്കുന്നതും മികച്ച ആതിഥേയ കുപ്പായമണിയിക്കുന്നതും. ഫുട്‌ബോളില്‍ വന്‍ ശക്‌തിയാവാന്‍ വേണ്ടത്‌ സാമ്പത്തിക നിലയല്ലേ എന്നാണ്‌ നമ്മുടെ ന്യായവാദം. കളിക്കുന്ന ടീമുകളിലേറെയും വികസിത രാജ്യങ്ങളല്‍നിന്നെന്ന്‌ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്യുന്നു.
എന്നാല്‍ വസ്‌തുത അതു മാത്രമോ? സാമ്പത്തികമായി ഒന്നുമവകാശപ്പെടാനില്ലാത്ത ആഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ നേട്ടങ്ങള്‍ കൊയ്യുന്നത്‌ നമുക്കു കാണാതിരിക്കാനാകുമോ? വെറും 34 ലക്ഷം ജനസംഖ്യ മാത്രമുള്ള യുറുഗ്വോയ്‌ക്കാകാമെങ്കില്‍ പിന്നെ എന്തുകൊണ്ട്‌ നമുക്കായിക്കൂടാ? ലൂയി സുവാരസും കവാനിയുമടക്കം ഉള്ള അവരുടെ താരങ്ങള്‍ തെരുവുകളില്‍ കളിച്ചു തെളിഞ്ഞവരാണ്‌.
ഇവിടെയാണ്‌ ബെല്‍ജിയം ടീമിലെ ജനപ്രിയതാരമായ റൊമേലു ലുക്കാകുവിന്റെ വാക്കുകള്‍ അനശ്വരമാവുന്നത്‌. ഏഴാം വയസില്‍ തന്റെ കൈയില്‍നിന്ന്‌ പന്തു വാങ്ങിയ അധ്യാപകനോട്‌ 'ആ പന്ത്‌ തിരികെത്തരണം. ഞങ്ങള്‍ ദരിദ്രരാണ്‌. ഫുട്‌ബോള്‍ കളിച്ച്‌ പണമുണ്ടാക്കിയിട്ടു വേണം അത്‌ അമ്മയ്‌ക്കു കൊടുക്കാന്‍' എന്നു പറഞ്ഞു. ആ നിശ്‌ചയദാര്‍ഢ്യമാണ്‌ ലുക്കാകുവിനെ ദാരിദ്ര്യം മറികടന്ന്‌ ലോകാത്തര താരമാക്കുന്നത്‌.
ലോകകപ്പ്‌ കളിക്കാന്‍ അര്‍ഹത നേടാന്‍ പോലും കഴിഞ്ഞില്ലെന്നോര്‍ത്ത്‌ നാം നിരാശപ്പെടേണ്ട. നമ്മളേക്കാള്‍ വളര്‍ന്ന ചൈന നോക്കിയിട്ടും അതു നടന്നിട്ടില്ല. എന്നു മാത്രമല്ല നമുക്ക്‌ അഭിമാനിക്കാന്‍ കഴിയുന്ന വ്യക്‌തിഗത നേട്ടങ്ങളുമുണ്ട്‌. സുന്ദരവും നൈസര്‍ഗികവുമായ ഫുട്‌ബോളിന്റെ മറുപേരെന്ന്‌ ലോകം വാഴ്‌ത്തിപ്പാടുന്ന മെസിയുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്‌റ്റന്‍ സുനില്‍ ഛേത്രി ഒരു റെേക്കാഡ്‌ പങ്കിടുന്നു. രാജ്യാന്തര ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒരു രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമന്‍ എന്ന പദവിയാണ്‌ പങ്കിടുന്നത്‌. ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ഒന്നാമന്‍.
2050-ല്‍ ഫുട്‌ബോള്‍ സൂപ്പര്‍ പവര്‍ ആവണമെന്ന്‌ ചൈനീസ്‌ പ്രസിഡന്റ്‌ തീരുമാനിച്ചിരിക്കയാണ്‌. അതിനായി 2025 ആകുമ്പോഴേക്ക്‌ അര ലക്ഷം ചൈനീസ്‌ സ്‌കൂളുകളില്‍ ഫുട്‌ബോള്‍ പരിശീലനം. എത്ര കോടി വേണമെങ്കിലും എന്തു വേണമെങ്കിലുമാകാം. ഗോളടിക്കണം, കപ്പ്‌ നേടണം. അതാണു നിര്‍ദേശം. ഈ നിശ്‌ചയദാര്‍ഢ്യം നമ്മെ ഉണര്‍ത്തുമോ? ദീര്‍ഘകാലാടിസ്‌ഥാനത്തില്‍ ഒരു പദ്ധതി ഉണ്ടാകുമോ? അതിനുള്ള ഉത്തരമാണ്‌ നമ്മുടെ ഭാവി നിശ്‌ചയിക്കുക.

ജോസഫ്‌ എം. പുതുശേരി

Ads by Google
Monday 02 Jul 2018 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW