Thursday, November 15, 2018 Last Updated 11 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 01 Jul 2018 10.46 AM

മലയാള സിനിമയില്‍ ‘മീ ടൂ ക്യാംപയിന്‍’ ഉണ്ടാകുമെന്ന് സജിതാ മഠത്തില്‍; സഹിക്കുന്നതിന് പരിധിയുണ്ട്, കൂടുതല്‍ നടിമാര്‍ മൗനം വെടിയാന്‍ പോകുന്നു

uploads/news/2018/07/229936/sajitha-madthil.jpg

കൊച്ചി : മലയാള സിനിമ സംഘടനയായ അമ്മയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് കൂടുതല്‍ പേര്‍ രംഗത്തേക്ക്. നടിമാര്‍ തങ്ങള്‍ക്ക് നേരിടുന്ന അനുഭവങ്ങള്‍ പരസ്യപ്പെടുത്തുകയാണ്. സിനിമാലോകത്ത് ആദ്യമായി വനിതാ കൂട്ടായ്മ രൂപപ്പെടാന്‍ കാരണമായത് നടി ആക്രമിക്കപ്പെട്ട സംഭവമായിരുന്നു. ദിലീപിനെ വീണ്ടും അമ്മ തിരിച്ചെടുത്തപ്പോള്‍ സംഘടനയില്‍ വിള്ളലുണ്ടായെന്നാണ് പ്രചാരണം. എന്നാല്‍ അങ്ങനൊന്നില്ലെന്ന് തുറന്നുപറയുകയാണ് സജിതാ മഠത്തില്‍. ഇനി തുറന്നുപറച്ചിലിന്റെ കാലമാണെന്നും അവര്‍ സൂചിപ്പിക്കുന്നു.

മലയാള സിനിമയില്‍ മീ ടൂ ക്യാംപയിന്‍ ഉണ്ടാകുമെന്ന് സജിതാ മഠത്തില്‍ പറയുന്നു. ആഗോള തലത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടന്ന സോഷ്യല്‍ മീഡിയയിലെ പ്രചാരണമായിരുന്നു മീടു ക്യാംപയിന്‍. പ്രമുഖ നടിമാര്‍ വരെ തങ്ങള്‍ നേരിട്ട ലൈംഗിക പീഡനങ്ങള്‍ പരസ്യമാക്കുകയായിരുന്നു ക്യാംപയിനിലൂടെ. കൂടുതല്‍ നടിമാര്‍ മൗനം വെടിയാന്‍ പോകുകയാണ്. സഹിക്കുന്നതിന് പരിധിയുണ്ട്. ഈ പരിധിയൊക്കെ കടന്നിരിക്കുകയാണ്. ഇനി തുറന്നുപറച്ചിലിന്റെ കാലമാണ്. കൂടുതല്‍ താരങ്ങള്‍ മൗനം വെടിയാന്‍ പോകുകയാണെന്നും നടിയും ഡബ്യുസിസി മുന്‍നിര പ്രവര്‍ത്തകയുമായ സജിതാ മഠത്തില്‍ വിശദമാക്കി. ഡബ്ല്യുസിസിയില്‍ ഭിന്നതയുണ്ടോ എന്ന കാര്യത്തിലും അവര്‍ പ്രതികരിച്ചു. വനിതാ കൂട്ടായ്മയില്‍ യാതൊരു ഭിന്നതയുമില്ലെന്ന് സജിതാ മഠത്തില്‍ പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയാണ് ആദ്യം രാജിവയ്ക്കാന്‍ തീരുമാനിച്ചത്. പിന്തുണ പ്രഖ്യാപിച്ച് മൂന്ന് നടിമാര്‍കൂടി രംഗത്തുവരികയായിരുന്നുവെന്നും സജിതാ മഠത്തില്‍ വിശദമാക്കി. മൂന്ന് നടിമാര്‍ രാജിവയ്ക്കാതെ അമ്മയുടെ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതും വനിതാ കൂട്ടായ്മയില്‍ ചര്‍ച്ച ചെയ്തെടുത്ത തീരുമാനമാണെന്ന് സജിതാ മഠത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ ഡബ്ല്യുസിസിയില്‍ ഭിന്നതയുണ്ടെന്ന പ്രചാരണം തെറ്റാണ്. യാതൊരു ഭിന്നതയും തങ്ങള്‍ക്കിടയിലില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മഞ്ജുവാര്യര്‍ ഡബ്ല്യുസിസിക്ക് ഒപ്പമാണ്. അവരിപ്പോള്‍ സ്ഥലത്തില്ല. സ്ഥലത്തില്ലാത്തതിനാലാണ് അഭിപ്രായം പറയാത്തത്. മഞ്ജുവിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് വിഷയത്തില്‍ നേതൃത്വപരമായ പങ്കുവഹിക്കാത്തതെന്നും സജിതാ മഠത്തില്‍ പറഞ്ഞു.

എല്ലാം തുറന്നുപറയുന്ന സാഹചര്യത്തിലേക്ക് വന്നിട്ടുണ്ട്. തുറന്നുപറയുമ്പോള്‍ അവര്‍ക്ക് അവസരങ്ങള്‍ ഇല്ലാതാകുന്നു. പെണ്‍കുട്ടികളെ പേടിപ്പിക്കുകയാണ്. കൂടുതല്‍ കാലം ഈ അടക്കി നിര്‍ത്തലുണ്ടാകില്ല. ഇപ്പോള്‍ പലരും രംഗത്തുവന്ന പോലെ ഇനിയുമുണ്ടാകുമെന്നും സജിതാ മഠത്തില്‍ പറഞ്ഞു.

Ads by Google
Sunday 01 Jul 2018 10.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW