നാം എല്ലാവരും ജീവിതത്തില്‍ നേരിടുന്ന ഒരു പ്രശ്നമാണ് തെറ്റിദ്ധാരണ. നമ്മെ ആളുകള്‍ തെറ്റിദ്ധരിക്കുന്നു; നാം മറ്റുള്ളവരെ തെറ്റിദ്ധരിക്കുന്നു. അങ്ങനെ സംഭവിക്കുമ്പോള്‍ ഒന്നാമതായി നാം ഓര്‍ക്കേണ്ടത് ഇത് ജീവിതത്തിന്റെ ഭാഗമാണെന്നാണ്. നാം ഈ ലോകത്തില്‍ ജീവിക്കുന്ന കാലത്തോളം തെറ്റിദ്ധാരണ ഒഴിഞ്ഞു ജീവിക്കാന്‍ സാധ്യമല്ല.
ഈ കാരണത്താല്‍ നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുമ്പോള്‍ അതിനു വലിയ പ്രാധാന്യം കൊടുക്കരുത്. നാം തെറ്റിദ്ധരിക്കപ്പെടുമ്പോള്‍ നമുക്ക് ദുഃഖവും പ്രയാസവും ഒക്കെ ഉണ്ടാകുന്നു എന്നുള്ളത് ശരി തന്നെ. പക്ഷേ, ഇത് എല്ലാവരുടെയും ജീവിതത്തില്‍ അനുഭവപ്പെടുന്നു. യേശുക്രിസ്തു തന്റെ ജീവിതകാലം മുഴുവനും തെറ്റിദ്ധരിക്കപ്പെട്ടു. ഒരു പ്രാവശ്യം യേശുക്രിസ്തു പറഞ്ഞു: യോഹന്നാന് സ്നാപകന് തിന്നാതെയും കുടിക്കാതെയും വന്നു. അപ്പോള്‍ ആളുകള്‍ പറഞ്ഞു അവന് ഭൂതമുണ്ടെന്ന്. എന്നാല്‍ മനുഷ്യപുത്രനോ തിന്നും കുടിച്ചുംകൊണ്ടുവന്നു. ഇതാ കുടിയനും തിന്നുന്നവനും പാപികളുടെ കൂട്ടുകാരനും എന്ന് ദൈവപുത്രനെപ്പറ്റി അവര്‍ പറഞ്ഞു.
നിങ്ങള്‍ മറ്റുള്ളവരെ തെറ്റിദ്ധരിച്ച് ജീവിക്കുന്നു എങ്കില്‍, യാഥാര്‍ത്ഥ്യം അവരോടു തന്നെ ചോദിക്കുക. നിങ്ങളുടെ ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ധാരണകള്‍ നൂറുശതമാനം ശരിയോയെന്ന് പരിശോധിക്കുക. ഇത് നിങ്ങള്‍ക്കാണ് സംഭവിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് എത്രമാത്രം മുറിവ് സംഭവിക്കും എന്നു ചിന്തിച്ച് ആ കരുതലോടെ മറ്റുള്ളവരുമായി ഇടപെടുക.
തെറ്റിദ്ധാരണയെപ്പറ്റി അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ പറയാം.
ഒന്ന്: കണ്ണുകളും ചെവികളും ഹൃദയവുംകൊണ്ട് മറ്റുള്ളവര്‍ പറയുന്നതു നിങ്ങള്‍ ശ്രദ്ധിക്കുക. വാക്കുകളുടെ പുറകിലുള്ള വികാരത്തെ ആരായുക. വേറെ ഒരാളോടു നിങ്ങള്‍ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ വാസ്തവത്തില്‍ അവര്‍ നിങ്ങള്‍ പറയുന്നത് മനസ്സിലാക്കുന്നുണ്ടോ എന്നറിയാന്‍ വേണ്ടി ചോദ്യങ്ങള്‍ ചോദിക്കുക. അവര്‍ക്കു മനസിലാകും വരെ അതു പറയുക; നിങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് അവസരം കൊടുക്കാതിരിക്കുക.
രണ്ട്: നിങ്ങള്‍ പറയുന്ന അല്ലെങ്കില്‍ കേള്‍ക്കുന്ന കാര്യങ്ങളുടെ പശ്ചാത്തലം മനസിലാക്കി വേണ്ടിവന്നാല്‍ അതു വിവരിച്ചു പറയുകയോ കേള്‍ക്കുകയോ ചെയ്യണം.
മൂന്ന്: മുന്വിധിമാറ്റി ആളുകള്‍ പറയുന്നതു കേള്‍ക്കുക. ആളുകള്‍ എന്തെങ്കിലും പറയുമ്പോള്‍ ഓ- അതു വേലയിറക്കായിരിക്കും എനിക്കറിയാം അവന്റെ പരിപാടി എന്നു മനസ്സില്‍ ചിന്തിച്ചുകൊണ്ടു പ്രവര്‍ത്തിക്കാതെ മുന്‍വിധി മാറ്റി ഹൃദയം തുറന്ന് ആളുകളെ ശ്രദ്ധിക്കുക.
നാല്: കാര്യങ്ങള്‍ മുഴുവന്‍ അന്വേഷിക്കാതെ നിങ്ങള്‍ അഭിപ്രായം പറയാതിരിക്കുക. കാരണം, നിങ്ങള്‍ പറയുന്നത് ഒരു തെറ്റിദ്ധാരണയും മുന്‍വിധിയും ആയിരിക്കാം. കേള്‍ക്കുന്ന കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചതിനുശേഷം മാത്രമേ വിധി എഴുതാവൂ.
അഞ്ച്: നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളും വിധിക്കപ്പെടും എന്നു ദൈവത്തിന്റെ വചനമായ വിശുദ്ധ ബൈബിള്‍ പറയുന്നത് ഓര്‍ക്കുക. മറ്റുള്ളവര്‍ പറയുന്നത് നിങ്ങള്‍ നിരൂപിച്ചു പറയുമ്പോള്‍, ഇതേ രീതിയില്‍ തന്നെ ആളുകള്‍ നിങ്ങളെയും തെറ്റിദ്ധരിക്കും.
ആറ്: നിങ്ങളുടെ ന്യായത്തിനായി മല്ലിടരുത്. ആളുകള്‍ തെറ്റിദ്ധരിക്കുന്നു. പക്ഷേ,നിങ്ങള്‍ ജഡപ്രകാരം പോരാടരുത്. ഈശ്വരന് നിങ്ങളെ സഹായിക്കുവാന്‍ അവസരം വിട്ടുകൊടുക്കുക.
ഏഴ്: സാവധാനത്തില്‍ നിങ്ങളുടെ ഭാഗം പറഞ്ഞു മനസിലാക്കുവാന്‍ നോക്കുക. കോപത്തിലോ വൈരാഗ്യത്തിലോ ഇടപെടരുത്. സമാധനത്തോടു കൂടെ ശാന്തമായി നിങ്ങളുടെ ന്യായം പറഞ്ഞ് ആളുകളെ മനസ്സിലാക്കുക.
എട്ട്: നിങ്ങളെ ആളുകള്‍ തെറ്റിദ്ധരിക്കാതിരിക്കാന്‍ ചെയ്യേണ്ട മറ്റൊരു കാര്യം നിങ്ങള്‍ പറയുന്ന വാക്കുകള്‍ ചിന്തിച്ച് ഉപയോഗിക്കണമെന്നതാണ്.
ഒമ്പത്: നിങ്ങള്‍ പറയുന്നത് ആരെക്കുറിച്ചു പറയുന്നുവോ അത് അവരുടെ ചെവിയില്‍ എത്തും എന്ന ചിന്തയോടെ മറ്റുളളവരെപ്പറ്റി സംസാരിക്കുക. അവര്‍ അതു കേള്‍ക്കുമ്പോള്‍ നിങ്ങളെ തെറ്റിദ്ധരിക്കുന്ന രീതിയിലും തെറ്റായി കരുതുന്ന രീതിയിലും പറയരുത്.
പത്ത്: നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുമ്പോള്‍ നിങ്ങളുടെ തെറ്റുകളും അതില്‍ ഉണ്ടെങ്കില്‍ തിരുത്തുവാന്‍ സന്നദ്ധനാകുക.
ചിലപ്പോഴൊക്കെ ഞാനും നിങ്ങളും നമ്മളെ തെറ്റിദ്ധരിക്കുന്നു എന്നു പറഞ്ഞ് നിലവിളിക്കുകയും പരാതി പറയുകയും ചെയ്യും. വാസ്തവത്തില്‍ എന്നിലും നിങ്ങളിലും തെറ്റുകള്‍ കണ്ടേക്കാം. ആ തെറ്റ് ഉപേക്ഷിക്കുക.
സമയം നിങ്ങളെ സൗഖ്യമാക്കും. തെറ്റിദ്ധാരണയും ദുഃഖവും ജീവിതത്തിന്റെ അവസാനമല്ല. അതിനാല്‍ ജീവിതത്തെ നിസാരമായി തള്ളിക്കളയരുത്.