Wednesday, April 24, 2019 Last Updated 17 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 01 Jul 2018 02.53 AM

വിപ്ലവകേരളത്തിന്റെ പെണ്‍നക്ഷത്രം നൂറിന്റെ നിറവില്‍

uploads/news/2018/07/229913/bft1.jpg

ചാത്തനാട്ടെ കളത്തില്‍പ്പറമ്പ്‌ വീട്ടില്‍ വിപുലമായ ആഘോഷത്തിനുള്ള ഒരുക്കത്തിലാണ്‌ അണികള്‍. എന്നാല്‍, പതിവ്‌ചര്യകളില്‍ നിന്നു തെല്ലും മാറ്റത്തിനു തയാറല്ല ആതിഥേയ കെ.ആര്‍. ഗൗരിയമ്മ.
വയസ്‌ കൂടുന്നത്‌ ആര്‍ക്കെങ്കിലും ഇഷ്‌ടമുണ്ടോ? ഇഷ്‌ടജനങ്ങളെല്ലാം ഒത്തുകൂടുന്നതില്‍ സന്തോഷമുണ്ട്‌. എന്നാല്‍ പിറന്നാളിന്‌ ആരെയും ക്ഷണിക്കുന്ന പതിവില്ല.- അവര്‍ നയം വ്യക്‌തമാക്കി. വീട്ടില്‍ പഴയ ആളും ആരവവുമൊന്നുമില്ല.
"അത്‌ ആരുടെയും കുറ്റമല്ല. എല്ലാവര്‍ക്കും അവരവരുടേതായ തിരക്കുകളുണ്ട്‌. "- ഗൗരിയമ്മ പറഞ്ഞു. ചങ്ങനാശേരിക്കാരിയായ ഇന്‍ഡസ്‌ ആണു സഹായത്തിനുള്ളത്‌. കാവലിനു പോലീസും. മുമ്പ്‌ വീട്ടില്‍ മോഷണം നടന്നത്‌ കൊണ്ടാണ്‌ ഈ സംരക്ഷണം.
"ഒറ്റയ്‌ക്കാണ്‌ ഉറങ്ങുന്നത്‌. പണ്ട്‌ പെണ്‍കുട്ടികളെ വീട്ടില്‍ നിര്‍ത്തിയിരുന്നു. പതിനെട്ട്‌ പേരെ അങ്ങനെ പഠിപ്പിച്ച്‌ വളര്‍ത്തി വിവാഹം കഴിച്ച്‌ അയച്ചിട്ടുണ്ട്‌. അവരില്‍ പലരും ഇടയ്‌ക്ക്‌ വരാറുണ്ട്‌. വരാത്തവരുമുണ്ട്‌. ആരോടും പരിഭവമില്ല"-ഗൗരിയമ്മ വ്യക്‌തമാക്കി.
ചേര്‍ത്തല താലൂക്കിലെ വിയാത്ര കളത്തില്‍ പറമ്പില്‍ കെ.എ. രാമന്‍ -പാര്‍വതിയമ്മ ദമ്പതികളുടെ മകളായി 1919 ജൂലൈ 14നായിരുന്നു ജനനം.
വിദ്യാര്‍ഥി ഫെഡറേഷനിലൂടെ രാഷ്‌ട്രീയത്തില്‍ പ്രശസ്‌തയായ ഗൗരിയമ്മ ഈഴവ സമുദായത്തില്‍ നിന്നുള്ള ആദ്യ നിയമ ബിരുദ ധാരിയാണ്‌. ചേര്‍ത്തല കോടതിയില്‍ പ്രാക്‌ടീസ്‌ ചെയ്‌തിരുന്നു. ചെറുപ്പകാലത്ത്‌ സാഹിത്യവും ഇഷ്‌ടമായിരുന്നു. എന്നാല്‍ എഴുതാന്‍ മുതിര്‍ന്നില്ല. കോളജില്‍ പഠിക്കുമ്പോള്‍ വില്യം വേര്‍ഡ്‌സ്‌വര്‍ത്തിന്റെ ഡാഫോസില്‍സ്‌ വായിച്ച്‌ അനുഭവിച്ച അനുഭൂതിയെക്കുറിച്ച്‌ ആത്മകഥയില്‍ വിശദീകരിക്കുന്നുണ്ട്‌. ഡാഫോസില്‍സ്‌ അനുഭൂതി ഉള്‍ക്കൊണ്ട്‌ അച്‌ഛന്റെ വിശാലമായ നെല്‍വയലുകളുടെ ചിറയില്‍ പടര്‍ന്നുനിന്നിരുന്ന പയറുവള്ളികളുടെ ഇടയില്‍ അനേകസമയം അസ്‌തമിക്കുന്ന സൂര്യനെ നോക്കിയിരുന്നിട്ടുണ്ടെന്ന്‌ ഗൗരിയമ്മ പറയുന്നു.
1979ല്‍ ദേശാഭിമാനി വാരികയില്‍ ആത്മകഥ എഴുതി തുടങ്ങിയിരുന്നു. എന്നാല്‍ 1980ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകയായതോടെ നിര്‍ത്തി. സഖാക്കള്‍ നിര്‍ബന്ധിച്ചിട്ടും പിന്നീട്‌ എഴുതാന്‍ തയാറായില്ല.
1948 ലെ തിരുവിതാംകൂര്‍ നിയമസഭയിലേക്ക്‌ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി സ്‌ഥാനാര്‍ഥിയായി ആദ്യമായി മത്സരിച്ചു. 52, 54 വര്‍ഷങ്ങളില്‍ തിരു-കൊച്ചി നിയമ സഭാംഗമായി. 57, 60, 65, 67, 70, 80, 82, 91, 96, 2001 വര്‍ഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു. 48, 77, 2006, 2011 വര്‍ഷങ്ങളില്‍ പരാജയപ്പെട്ടു. ആറു മന്ത്രിസഭകളിലായി 15 വര്‍ഷം എട്ടു മാസം വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്‌തു. ആദ്യ കമ്യൂണിസ്‌റ്റ്‌ മന്ത്രിസഭയില്‍ റവന്യൂ മന്ത്രി. പിന്നീട്‌ എക്‌സൈസ്‌, വ്യവസായം, കൃഷി, നിയമം, ആഭ്യന്തരം, വിജിലന്‍സ്‌, കയര്‍, സാമൂഹിക ക്ഷേമം, മൃഗ സംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്‌തു. ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം(85 വയസ്‌), ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങി നിരവധി റെക്കോഡുകള്‍ പേരിലുണ്ട്‌.
കമ്യൂണിസ്‌റ്റ്‌ നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും നയിച്ച യു.ഡി.എഫ്‌ മന്ത്രിസഭകളിലും പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്‌തു.

ടി.വി. എന്ന ജീവിതപങ്കാളി
കോളജ്‌ വിദ്യാഭ്യാസ കാലത്തായിരുന്നു ടി.വി തോമസുമായുള്ള സമാഗമം.
എറണാകുളം സെന്റ്‌ തെരേസാസില്‍വെച്ചാണ്‌ ആദ്യം കണ്ടത്‌. ആദ്യ കാഴ്‌ചയില്‍ നന്നേ ഇഷ്‌ടമായി. പാര്‍ട്ടി ഇടപെട്ട്‌ കല്യാണം. 1957ലായിരുന്നു അന്നത്തെ കമ്യൂണിസ്‌റ്റ്‌ മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന ഇരുവരും വിവാഹിതരായത്‌. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അവര്‍ വ്യത്യസ്‌ത ചേരികളിലായി. ഒടുക്കം വിധിയുടെ ദുര്‍ഗതിപോലെ വേര്‍പിരിയല്‍.
ഇപ്പോള്‍ പിറന്നാള്‍ ആഘോഷവേളയിലും അവരെ നൊമ്പരങ്ങള്‍ അലട്ടുന്നുണ്ട്‌. "ടി.വിയുമായി അകന്നപ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍ സംസാരിക്കാന്‍ പോലും എം.എന്‍ അനുവദിച്ചില്ല"- അവര്‍ പറയുന്നു. സി.പി.എമ്മിന്റെ ഔന്നത്യങ്ങളിലും പദവികളിലും ശോഭിച്ചിരുന്ന കാലത്തേക്കാള്‍ ചാത്തനാട്ടെ വീട്ടില്‍ ആള്‍ബലം പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കിയശേഷമായിരുന്നു. പുറത്താക്കപ്പെട്ടതോടെ ആരവമായി. 1994ല്‍ സി.പി.എമ്മില്‍ നിന്ന്‌ പുറന്തള്ളപ്പെട്ട്‌ വീട്ടിലേക്കു വരുമ്പോള്‍ പ്രവര്‍ത്തകരെ കൊണ്ട്‌ അകത്തേക്ക്‌ കയറാന്‍ പോലുമാകാത്ത അവസ്‌ഥയായിരുന്നു.

പോരാട്ടത്തിന്റെ വഴികള്‍
തിരിച്ചറിവിന്റെ കാലത്തില്‍ ഗൗരിയമ്മക്ക്‌ ചുറ്റുപാടും കാണാനായതെല്ലാം ഉച്‌ഛനീചത്വങ്ങളായിരുന്നു. മര്‍ദിതരും അസംഘടിതരുമായ ഇവരെ ഏകോപിപ്പിച്ച്‌ സാമൂഹിക ബോധമുള്ളവരാക്കി വളര്‍ത്തിക്കൊണ്ടു വരികയെന്ന ഭാരിച്ച ഉത്തരവാദിത്വമായിരുന്നു വിപ്ലവ നേതാക്കന്മാരുടെ പ്രഥമ ദൗത്യം.
ഗൗരിയമ്മയുടെ ജേഷ്‌ഠനായ സുകുമാരന്‍ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷനിലൂടെയാണു ട്രേഡ്‌ യൂണിയനിലേക്ക്‌ കടന്നു വന്ന്‌ കയര്‍തൊഴിലാളികളുടെ നേതാവായത്‌. തുടര്‍ന്ന്‌ അദ്ദേഹം എ.കെ.ജിയും ഇ.എം.എസും നേതൃത്വം നല്‍കുന്ന കമ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനത്തിന്റെ ഭാഗമായി.
അഭിഭാഷകയെന്ന നിലയിലാണു ഗൗരിയമ്മയുടെ പൊതുപ്രവര്‍ത്തനം തുടങ്ങുന്നത്‌. ജോലി സൗകര്യാര്‍ഥം കോടതിക്കു സമീപം ഒരു വീടെടുത്ത്‌ താമസം തുടങ്ങി. ഈ വീട്‌ അനവധി സഖാക്കള്‍ക്ക്‌ ആതിഥേയത്വവും സുരക്ഷിതത്വവും നല്‍കിയിട്ടുണ്ട്‌.
ഒളിവില്‍ കഴിഞ്ഞിരുന്ന പല ആദ്യകാല കമ്യൂണിസ്‌റ്റ്‌ പ്രവര്‍ത്തകര്‍ക്കും അഭയകേന്ദ്രമായി. കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ ആദ്യത്തെ തിരുവിതാംകൂര്‍ സെന്‍ട്രല്‍ കമ്മിറ്റി യോഗം ചേരുന്നതും ഈ വീട്ടില്‍ വച്ചാണ്‌. ഗൗരിയമ്മയെ ചേര്‍ത്തല നിയോജകമണ്ഡലത്തില്‍ നിന്നും കമ്യൂണിസ്‌റ്റ്‌ സ്‌ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിക്കുന്നതും ഇവിടെവച്ചു തന്നെ. ആ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ഗൗരിയമ്മയെ പാര്‍ട്ടിയില്‍ സജീവമാകാന്‍ പ്രേരിപ്പിച്ചു. തൊഴിലാളികളെ സംഘടിപ്പിച്ച്‌ സര്‍ക്കാരിനെതിരെ തിരിച്ചുവിട്ടതിന്‌ ജയില്‍വാസം ലഭിച്ചതോടെ പാര്‍ട്ടിയിലെ ഉരുക്കു വനിതയായി അവര്‍ വളര്‍ന്നു.

അന്യമായ മുഖ്യമന്ത്രിപദം
കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടു നിന്നാല്‍, അവള്‍ ഭദ്രകാളി. ഇതുകേട്ടുകൊണ്ടേ, ചെറുബാല്യമെല്ലാം പതിവായി ഞങ്ങള്‍ ഭയം
മാറ്റിവന്നു- ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ ഗൗരിയമ്മയെക്കുറിച്ചെഴുതിയ കവിതയിങ്ങനെ.
ഒരു വേള മുഖ്യമന്ത്രി സ്‌ഥാനത്തേക്കുവരെ ഉയര്‍ന്ന പേര്‌. കേരളം ആദ്യമായി വനിതാ മുഖ്യമന്ത്രിയെന്ന സ്വപ്‌നം കണ്ടു തുടങ്ങുന്നത്‌. "കേരം തിങ്ങും കേരള നാട്‌ കെ.ആര്‍ ഗൗരി ഭരിച്ചീടും..."എന്ന മുദ്രാവാക്യം 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളമാകെ മുഴങ്ങിക്കേട്ടു. ഇടതുമുന്നണി വന്‍ വിജയം നേടി. പക്ഷേ, മുഖ്യമന്ത്രിക്കസേര ലഭിച്ചത്‌ ഇ.കെ. നായനാര്‍ക്കായിരുന്നു.
അതിന്‌ പിന്നില്‍ കളിച്ചത്‌ പാര്‍ട്ടിയുടെ താത്വികാചാര്യനായിരുന്ന ഇ.എം.എസ്‌ നമ്പൂതിരിപ്പാടാണെന്നാണ്‌ ഗൗരിയമ്മ വിശ്വസിക്കുന്നത്‌.
പിന്നീട്‌ പാര്‍ട്ടിയില്‍നിന്നകന്നു. ഒടുവില്‍ പുറത്താക്കി. ജെ.എസ്‌.എസ്‌. എന്ന പേരില്‍ ഗൗരിയമ്മ പുതിയ പാര്‍ട്ടിയുണ്ടാക്കി യു.ഡി.എഫില്‍ ചേര്‍ന്നു. തുടര്‍ച്ചയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു, ജയിച്ചു, മന്ത്രിയായി. 2011 ല്‍ തോറ്റതോടെ ഗൗരിയമ്മ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍നിന്നു പിന്‍വാങ്ങി.

ഇനി വേണ്ടത്‌ ഒത്തൊരുമിച്ചുള്ള മുന്നേറ്റം

കേരള സമൂഹത്തില്‍ അടിമത്ത മനോഭാവമെല്ലാം മാറിക്കഴിഞ്ഞു. ഞാന്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കാലഘട്ടത്തില്‍ നിന്നും ഒട്ടേറെ മാറ്റങ്ങളുണ്ടായി. ഇനി മനുഷ്യപുരോഗതിക്കായി ഒത്തൊരുമിച്ച്‌ മുന്നേറുകയാണ്‌ ആവശ്യം.
സി.പി.എമ്മിലേക്ക്‌ മടങ്ങണമെന്ന ആഗ്രഹം ഗൗരിയമ്മയ്‌ക്ക്‌ സമീപകാലത്തുണ്ടായി. എന്നാല്‍ കൂടെയുള്ളവരെ ഉള്‍ക്കൊള്ളാന്‍ മാതൃപാര്‍ട്ടിക്ക്‌ താല്‍പര്യം പോരാ. പുനഃസമാഗമം ഇനിയും അകലെയാണ്‌.

ആരോഗ്യ രഹസ്യം

പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും ഗൗരിയമ്മ അതിരാവിലെ ഉണരും. 6.30ന്‌ ചായ കുടിക്കും. പത്ര വായന കഴിഞ്ഞ്‌ ഓട്‌സും ഒരു ഞാലിപൂവന്‍ പഴവും കഴിക്കും.
8.30ന്‌ ഒരു ഇഡ്‌ഡലിയും ചമ്മന്തിയും. 10.30ന്‌ കുളിക്കും. ഉച്ചഭക്ഷണം 12.30 നും ഒരു മണിക്കും മധ്യേ. ഒരു പിടി ചോറും മത്തിക്കറിയും മത്തി വറുത്തതും നിര്‍ബന്ധം.
ഒപ്പം മെഴുക്കുപുരട്ടിയും തൈരും. ഊണ്‌ കഴിഞ്ഞാല്‍ വൈകിട്ട്‌ നാല്‌ വരെ ഉറക്കം. എഴുന്നേറ്റാല്‍ ഉടന്‍ ചായ. 6.30 മുതല്‍ 8.30 വരെ ടി.വി കാണും. ശേഷം ഒരു പിടി ചോറും മീന്‍കറിയും കഴിച്ച്‌ ഉറങ്ങാന്‍ കിടക്കും. ഇപ്പോള്‍ യാത്രകള്‍ തീരെയില്ല. അതുകൊണ്ടുതന്നെ ദിനചര്യകളില്‍ മാറ്റവുമില്ല.

പ്രാബല്യത്തില്‍ വരുത്തിയ പ്രധാന നിയമങ്ങള്‍

1957ലെ കുടിയൊഴിപ്പിക്കല്‍ നടപടിക്രമ നിയമം
1957ലെ തിരുകൊച്ചി ഭൂനികുതി നിയമം
1957ലെ ഭൂസംരക്ഷണനിയമം
1958ലെ കേരളാ കോമ്പന്‍സേഷന്‍ ഫോര്‍ ടെനന്റ്‌സ്‌ ഇംപ്രൂവ്‌മെന്റ്‌ ആക്‌റ്റ്‌
1958ലെ സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം
1958ലെ അളവുതൂക്കങ്ങളെ ക്കുറിച്ചുള്ള ചട്ടം
1959ലെ മുദ്രപത്ര നിയമം
1960ലെ ജന്മിക്കരം പേയ്‌മെന്റ്‌ (അബോളിഷന്‍) ആക്‌റ്റ്‌ (ജന്മിക്കരം ഒഴിവാക്കല്‍ നിയമം)
1960 ലെ പാട്ടക്കുടിയാന്‍ നിയമം
1968ലെ ജപ്‌തി നിയമം
1987ലെ അഴിമതി നിരോധനനിയമം
1991ലെ വനിതാ കമ്മിഷന്‍ ആക്‌റ്റ്‌

ജി. ഹരികൃഷ്‌ണന്‍

Ads by Google
Sunday 01 Jul 2018 02.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW