Monday, July 01, 2019 Last Updated 2 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 01 Jul 2018 02.52 AM

അവശേഷിക്കുന്ന നെല്‍വയലുകള്‍ക്കും സര്‍ക്കാരിന്റെ മരണമണി

uploads/news/2018/07/229912/bft2.jpg

ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന പേരിനു കേരളത്തെ അര്‍ഹമാക്കുന്നത്‌ നിറഞ്ഞുനില്‍ക്കുന്ന പച്ചപ്പും ജലസൗഭാഗ്യവുമാണ്‌. ഭൂഗര്‍ഭ ജലനിരപ്പ്‌ കേരളത്തില്‍ വന്‍തോതില്‍ കുറയുന്നു എന്ന വാര്‍ത്ത ചങ്കിടിപ്പോടെയാണ്‌ നാം കേട്ടത്‌. ഭൂഗര്‍ഭ ജലം സംരക്ഷിക്കുന്ന രണ്ട്‌ പ്രധാന സംഭരണികളാണ്‌ നെല്‍വയലും തണ്ണീര്‍ത്തടങ്ങളും. ഇവയുടെ മരണമണിയാണ്‌ തണ്ണീര്‍തടസംരക്ഷണ സംരക്ഷണ നിയമ ഭേദഗതിയിലൂടെ നിയമസഭയില്‍ ഉയര്‍ന്നത്‌.
1970ല്‍ കേരളത്തില്‍ ഉണ്ടായിരുന്ന 8.75 ലക്ഷം ഹെക്‌ടര്‍ നെല്‍പ്പാടങ്ങളില്‍ മുക്കാല്‍ ഭാഗത്തിലധികവും നികത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ്‌ 2008 ല്‍ നെല്‍ത്തട തണ്ണീര്‍ത്തട സംരക്ഷണ നിയമം കൊണ്ടുവന്നത്‌. സംസ്‌ഥാനത്തിന്റെ ഭൂവിസ്‌തൃതിയില്‍ പാടശേഖരങ്ങളും തണ്ണീര്‍തടങ്ങളും അഞ്ച്‌ ശതമാനമായി അവശേഷിക്കുന്ന കാലത്താണു പിണറായി സര്‍ക്കാര്‍ ശവപ്പെട്ടിയില്‍ അവസാന ആണിയും അടിച്ചുകൊണ്ട്‌ ഭേദഗതികള്‍ പാസാക്കി എടുത്തത്‌. ഭൂസ്വാമിമാര്‍ക്ക്‌ വേണ്ടി കേരളത്തിന്റെ പച്ചപ്പ്‌ വിറ്റുതുലക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നത്‌.
നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന രീതിയിലേക്ക്‌ നിയമത്തിന്റെ അലകും പിടിയും മാറ്റിപ്പണിയുകയാണ്‌ സര്‍ക്കാര്‍ ചെയ്‌തത്‌. നെല്‍വയല്‍ നികത്തുമ്പോള്‍ അരിയുല്‍പാദനം ഇടിയുക മാത്രമല്ല ജലസുരക്ഷയും തൊഴില്‍ സുരക്ഷയും ഇല്ലാതാക്കുക കൂടിയാണ്‌.
2008 ലെ നിയമത്തില്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും കൃത്യമായി നിര്‍വചിക്കുകയും അവയെ പരിവര്‍ത്തനം ചെയ്യുന്നത്‌ തടയാനുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ ഭേദഗതിയില്‍ വിജ്‌ഞാപനം ചെയ്യാത്ത ഭൂമി എന്നൊരു പുതിയ വര്‍ഗീകരണം നിര്‍മിക്കുക വഴി വളഞ്ഞ വഴിയിലൂടെ നെല്‍പ്പാടങ്ങള്‍ നികത്തിയെടുക്കാനുള്ള ഒത്താശ ചെയ്‌തു നല്‍കുകയാണ്‌ സര്‍ക്കാര്‍.
വിജ്‌ഞാപനം ചെയ്യപ്പെടാത്ത എന്ന പ്രശ്‌നം ഒഴിവാക്കാനുള്ള ലളിതമായ പോംവഴി വിജ്‌ഞാപനം ചെയ്യുക എന്നത്‌ മാത്രമാണ്‌. അധികാരത്തിലെത്തി ആറുമാസത്തിനുള്ളില്‍ ഡാറ്റ ബാങ്ക്‌ പ്രസിദ്ധീകരിച്ച്‌ ഈ പ്രശ്‌നം എന്നെന്നേക്കുമായി പരിഹരിക്കുമെന്നാണ്‌ ഇടത്‌ മുന്നണി ഉറപ്പ്‌ നല്‍കിയിരുന്നത്‌. പ്രകടനപത്രികയില്‍ അത്‌ രേഖാമൂലം പ്രഖ്യാപിക്കുകയും ചെയ്‌തു. ഡേറ്റ പ്രസിദ്ധീകരണം ഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളിലും തയാറായി എന്നു സര്‍ക്കാര്‍ അറിയിക്കുമ്പോള്‍ തന്നെ നിരവധി തെറ്റുകള്‍ സംഭവിച്ചതിനെക്കുറിച്ച്‌ മൗനം പാലിക്കുന്നു.
പൊതു ആവശ്യത്തിന്‌ പരിവര്‍ത്തനം ചെയ്യാന്‍ അനുവദിക്കുന്നത്‌ സംബന്ധിച്ച്‌ 2008 ലെ നിയമത്തില്‍ നിയന്ത്രണങ്ങളുണ്ട്‌. അതിലൊന്നായിരുന്നു പ്രാദേശിക നിരീക്ഷക സമിതിക്ക്‌ ശിപാര്‍ശ ചെയ്യാനുള്ള അധികാരം. ഇതു കേവലം റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള അധികാരമായി മാത്രം ഭേദഗതിയിലൂടെ പരിമിതപ്പെടുത്തുകയാണ്‌ സര്‍ക്കാര്‍ ചെയ്‌തത്‌. നികത്തിയ ഭൂമി ക്രമപ്പെടുത്തുന്നതിനായുള്ള പ്രാദേശിക ഭരണകൂടത്തിന്റെ അധികാരം എടുത്തുകളയുന്നത്‌ ഭൂമാഫിയയ്‌ക്ക്‌ കടന്നുകയറ്റത്തിനുള്ള ലൈസന്‍സ്‌ നല്‍കലാണ്‌.
പരിവര്‍ത്തനം ചെയ്യുമ്പോള്‍ സംഭവിക്കുന്ന പരിസ്‌ഥിതി പ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്ന വ്യവസ്‌ഥയും ഒഴിവാക്കി. തണ്ണീര്‍ത്തടങ്ങള്‍ പാടെ നികത്തി പണിതുയര്‍ത്തിയ ചെന്നൈ നഗരത്തില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ മറന്നുപോകരുത്‌. ഈ വ്യവസ്‌ഥകളെ ലഘൂകരിച്ചതോടെ നിയമത്തിന്റെ പല്ലും നഖവും തല്ലിക്കൊഴിച്ചു. പൊതു ആവശ്യം എന്തെന്ന്‌ വ്യക്‌തമാക്കാതിരിക്കുന്നതു വഴി പാടം നികത്തിയെടുക്കാന്‍ ഭൂമാഫിയയ്‌ക്ക്‌ വാതില്‍ തുറന്നിടുകയാണ്‌ ചെയ്യുന്നത്‌. പൊതുആവശ്യം എന്നതിനു പകരം സര്‍ക്കാര്‍ പദ്ധതികള്‍ക്കായി നികത്താം എന്നാക്കി ഭേദഗതി സി.പി.ഐ. അംഗങ്ങള്‍ കൊണ്ടുവന്നപ്പോള്‍ കേരളം ഏറെ പ്രതീക്ഷിച്ചു. നിയമം അവതരിപ്പിച്ച മുന്‍ റവന്യു മന്ത്രി കെ.പി. രാജേന്ദ്രനോട്‌ അല്‌പമെങ്കിലും നീതിപുലര്‍ത്താന്‍ ഇ. ചന്ദ്രശേഖരന്‌ കഴിഞ്ഞല്ലോ എന്നോര്‍ത്ത്‌ ആശ്വസിച്ചു. എന്നാല്‍ ഈ ആശ്വാസത്തിന്‌ അധികം ആയുസുണ്ടായിരുന്നില്ല. ഉച്ചിയ്‌ക്ക്‌ വച്ച കൈകൊണ്ട്‌ ഉദക ക്രിയ ചെയ്യുന്ന അപരാധത്തില്‍നിന്നും മുഖം രക്ഷിക്കാന്‍ സി.പി.ഐ. നടത്തിയ നാടകമായിരുന്നു ഇതെന്നു മനസിലാക്കാന്‍ അധിക സമയം വേണ്ടിവന്നില്ല. വോട്ടെടുപ്പ്‌ നടത്തിയപ്പോള്‍ കാലുമാറി അവര്‍ കേരളത്തെ വഞ്ചിച്ചു.ഒരു കുറ്റകൃത്യത്തില്‍ പങ്കില്ലെങ്കില്‍പ്പോലും അറിവുണ്ടായാല്‍ ഇക്കാര്യം അധികൃതരില്‍നിന്നു മറച്ചുവയ്‌ക്കുന്നവര്‍ക്കെതിരേ പോലും നിയമ നടപടിയെടുക്കാവുന്ന രാജ്യമാണു നമ്മുടേത്‌.എന്നാല്‍ വയല്‍ നികത്തുന്നത്‌ വയലിന്റെ കരയില്‍ കണ്ടുനില്‍ക്കാന്‍ മാത്രമേ ഇനി പരിസ്‌ഥിതി പ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും കഴിയൂ. തിരുവനന്തപുരത്ത്‌ താമസിക്കുന്ന കവയത്രി സുഗതകുമാരിയും എറണാകുളം ജില്ലയില്‍ താമസക്കാരനായ സാമൂഹ്യപ്രവര്‍ത്തകന്‍ എം.കെ. പ്രസാദുമൊക്കെയാണ്‌ സൈലന്റ്‌ വാലിയില്‍ അണക്കെട്ട്‌ വരാതിരിക്കാന്‍ സമരം ചെയ്യാന്‍ എത്തിയത്‌. സങ്കടം അനുഭവിക്കുന്നവര്‍ മാത്രം പരാതിയുമായി വന്നാല്‍ മതിയെന്ന പുതിയ വ്യവസ്‌ഥ ഫാസിസമാണ്‌. ഭാവിയില്‍ ഉണ്ടാകാനിടയുള്ള നിയമപോരാട്ടത്തെക്കൂടി ഒരു മുഴം മുന്‍പേ എറിഞ്ഞു ഇല്ലാതാക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നത്‌. ഇരയാകുന്നവര്‍ പരാതി നല്‍കണമെങ്കില്‍ പോലും 500 രൂപ കെട്ടിവയ്‌ക്കേണ്ടി വരുന്നു. പത്തുരൂപ അടച്ചാല്‍ വിവരാവകാശ പ്രകാരം അപേക്ഷ നല്‍കാവുന്ന നാട്ടിലാണ്‌ അമ്പതിരട്ടി തുക അടച്ചു പരാതി നല്‍കേണ്ടി വരുന്നത്‌.
മികച്ച ജലസംഭരണിയായി പ്രവര്‍ത്തിക്കുന്നതാണ്‌ നമ്മുടെ പാടങ്ങങ്ങളും തണ്ണീര്‍ തടങ്ങളും. നെല്‍കൃഷി വര്‍ദ്ധിച്ചതായി പരസ്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും നെല്‍കൃഷി ചെയ്യുന്ന പാടങ്ങളുടെ തോതും ഉല്‍പാദനവും ഉത്‌പാദനക്ഷമതയും കുത്തനെ ഇടിയുന്നു എന്നാണ്‌ സാമ്പത്തിക സര്‍വേ പുറത്തിറക്കിയ കണക്കുകള്‍ വ്യക്‌തമാക്കുന്നത്‌. പരസ്യവും വസ്‌തുതയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നിരിക്കെ ഇതെല്ലാം അവഗണിച്ചു പരിസ്‌ഥിതിയെ മാരകമായി പരിക്കേല്‍പ്പിച്ചു ഭേദഗതി വരുത്തുകയാണ്‌ പിണറായി സര്‍ക്കാര്‍ ചെയ്‌തത്‌.പൊതുആവശ്യം എന്നപേരില്‍ ഒരു ഉത്തരവിറക്കി കേരളത്തിലെ നെല്‍വയലുകള്‍ തലങ്ങും വിലങ്ങും നികത്തിയെടുക്കാന്‍ ഭൂമാഫിയക്ക്‌ സുവര്‍ണാവസരം ഒരുക്കി നല്‍കുകയാണ്‌ സര്‍ക്കാര്‍ ചെയ്‌തത്‌.
ഹരിത കേരളത്തിന്റെ പേര്‌ പറഞ്ഞു അധികാരത്തില്‍ എത്തിയ പിണറായി വിജയന്‍ സര്‍ക്കാര്‍ കേരള ജനതയെ വഞ്ചിച്ച ദിനം എന്നപേരില്‍ ആയിരിക്കും 2018 ജൂണ്‍ 25 ചരിത്രത്തില്‍ അടിയാളപ്പെടുത്തുക.

രമേശ്‌ ചെന്നിത്തല (പ്രതിപക്ഷ നേതാവ്‌)

Ads by Google
Sunday 01 Jul 2018 02.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW