Saturday, November 17, 2018 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 01 Jul 2018 02.52 AM

ജി.എസ്‌.ടി: പ്രതീക്ഷിച്ചതും സംഭവിച്ചതും :ജി.എസ്‌.ടി. നിലവില്‍വന്നിട്ട്‌ ഇന്ന്‌ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു

uploads/news/2018/07/229911/bft3.jpg

രാജ്യത്തെ പരോക്ഷ നികുതി സംവിധാനത്തില്‍ സമൂലമായ മാറ്റം വരുത്തി 122 ഭരണഘടന ഭേദഗതിയിലൂടെ സംസ്‌ഥാനങ്ങളും കേന്ദ്രവും ഒരു സംവിധാനത്തിനു കീഴില്‍ ഒരു വസ്‌തുവിനു രാജ്യത്താകമാനം ഒരേ നികുതി എന്ന നിലയില്‍ ഉപഭോക്‌താവിന്റെ കൈയില്‍നിന്നു നികുതി ഉപഭോക്‌ത സംസഥാനത്തിനും കേന്ദ്രത്തിനും ലഭിക്കത്തക്കവിധം ആണ്‌ ജി.എസ്‌.ടി. വിഭാവനം ചെയ്യുന്നത്‌.
എല്ലാ സംസ്‌ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ഒരൊറ്റ നികുതി ഘടന വരുമ്പോള്‍ അനാരോഗ്യകരമായ മത്സരം ഒഴിവാക്കപ്പെടും. ചെക്‌പോസ്‌റ്റുകള്‍ ഇല്ലാതെ വരുമ്പോള്‍ ചരക്കു നീക്കം സുഗമമാകും. എക്‌സൈസ്‌ ഡ്യൂട്ടിയും വാറ്റും ഒരുമിച്ചു ബില്ലിലൂടെ കൈമാറ്റപ്പെടുന്നതോടെ നികുതിക്കുമേല്‍ നികുതി ഒഴിവാക്കപ്പെടും.
ജി.എസ്‌.ടിക്കു മുന്‍പ്‌ സര്‍വീസ്‌ ടാക്‌സ്‌, വാറ്റ്‌, എക്‌സൈസ്‌ ഡ്യൂട്ടി, ആഡംബരനികുതി എന്നിവ പ്രത്യേകം പ്രത്യേകം സമര്‍പ്പിച്ചിരുന്നു. റിട്ടേണുകള്‍ ഏകീകരിച്ചു ഒറ്റ റിട്ടേണ്‍ സംവിധാനത്തില്‍ വരും എന്നുവേണ്ട അനേകം ഗുണകരമായ മാറ്റം പ്രതീക്ഷിച്ചുകൊണ്ടാണ്‌ കേന്ദ്രവും എല്ലാ സംസ്‌ഥാനങ്ങളും ഒരേ സ്വരത്തില്‍ ജി.എസ്‌.ടിയെ സ്വാഗതം ചെയ്‌തത്‌.

ജി.എസ്‌.ടി. നിലവില്‍വന്നു ഒരു വര്‍ഷം തികയുമ്പോള്‍ പ്രതീക്ഷകള്‍ക്കപ്പുറമുള്ള യാഥാര്‍ഥ്യം പരിശോധിക്കാം.

കേന്ദ്ര സര്‍ക്കാരിനും സംസ്‌ഥാനങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കി സ്വകാര്യ കമ്പനിയായ ആയ ജി.എസ്‌.ടി.എന്‍(ഗുഡ്‌സ്‌ ആന്‍ഡ്‌ സര്‍വ്വീസസ്‌ ടാക്‌സ്‌ നെറ്റവര്‍ക്ക്‌) ആണ്‌ ജി.എസ്‌.ടി. കൗണ്‍സില്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന നടപടിക്രമം പ്രായോഗികതലത്തില്‍ നടപ്പാക്കേണ്ടത്‌. ജി.എസ്‌.ടി. റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട സോഫ്‌റ്റ്‌വേര്‍ സംവിധാനം ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ ജി.എസ്‌.ടി.എന്‍. കമ്പനി മറ്റൊരു സ്വകാര്യ കമ്പനിയായ ഇന്‍ഫോസിസിനെ തുടര്‍ന്ന്‌ ഏല്‍പ്പിക്കുകയും ചെയ്‌തു.

തുടക്കത്തിലേ പിഴച്ചു

ജി.എസ്‌.ടി. റിട്ടേണ്‍ സംവിധാന പ്രകാരം വില്‍പ്പന സംബന്ധിച്ച വിവരങ്ങള്‍ ജി.എസ്‌.ടി.ആര്‍. ഒന്നും വാങ്ങല്‍ സംബന്ധിച്ച വിവരം ജി.എസ്‌.ടി.ആര്‍. രണ്ടും വാങ്ങല്‍ വിവരവും വില്‍പനയും തട്ടിക്കിഴിച്ചു നികുതി അടയ്‌ക്കാന്‍ ജി.എസ്‌.ടി.ആര്‍ 3, ഇങ്ങനെ ഒരു മാസം മൂന്ന്‌ റിട്ടേണുകള്‍ കച്ചവടക്കാരന്‍ സമര്‍പ്പിക്കണം. എന്നാല്‍ രാജ്യത്തെ ജി.എസ്‌.ടി. രജിസ്‌ട്രേഷന്‍ എടുത്ത 70 ലക്ഷം പേരില്‍ പകുതിയോളം ആളുകള്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ലോഗ്‌ ഇന്‍ ചെയ്‌തപ്പോള്‍തന്നെ സൈറ്റ്‌ പ്രവര്‍ത്തനം തകരാറില്‍ ആയി. തുടര്‍ന്ന്‌ സര്‍ക്കാര്‍ തന്നെ ഇടപെട്ടു നികുതി അടയ്‌ക്കാനുള്ള ഒരു താല്‍കാലിക സംവിധാനം ഏര്‍പ്പെടുത്തി. നിലവില്‍ ജി.എസ്‌.ടി. നടപ്പായി ഒരു വര്‍ഷം പിന്നിടുമ്പോഴും ഈ താല്‍കാലിക സംവിധാനത്തിന്‌ കീഴില്‍ രാജ്യത്തെ നികുതിപിരിവ്‌ തുടരുകയാണ്‌.
ഇന്‍ഫോസിസിനെ ഈ ജോലി 1,379 .70 കോടി രൂപയ്‌ക്കു ഏല്‍പ്പിക്കുമ്പോള്‍ അവരില്‍നിന്നു 140 കോടിയോളം പെര്‍ഫോമന്‍സ്‌ ഗ്യാരണ്ടി ആയി വാങ്ങിയിരുന്നു അതു പ്രകാരം ഈ സോഫ്‌റ്റ്‌വേറിനുവന്ന തകരാറിന്‌ സര്‍ക്കാര്‍ നടപടി എടുക്കേണ്ടതിനു പകരം ഇരുട്ട്‌ കൊണ്ട്‌ ഓട്ട അടയ്‌ക്കുന്ന നടപടികളുമായി എത്രനാള്‍ സര്‍ക്കാരിനു മുന്നോട്ടുപോകാന്‍ കഴിയും.

ചെറുകിട കച്ചവടക്കാര്‍ നേരിടുന്ന പ്രശ്‌നം

സാധാരണ നിലയില്‍ ഒരു കച്ചടത്തില്‍നിന്നു അറ്റാദായം 10 ശതമാനം ആണെന്നു കരുതുക. ഒരു വര്‍ഷം 25 ലക്ഷം രൂപയ്‌ക്കു കച്ചവടം നടത്തിയാല്‍ ലഭിക്കുന്ന 2.50 ലക്ഷം അറ്റാദായം.
അതില്‍നിന്നുവേണം ഇത്തരം ജി.എസ്‌.ടി. റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്‌, ജോലിക്കാരന്‍ തുടങ്ങിയ ചെലവുകള്‍, വാടക, യാത്രാ ചെലവ്‌, കയറ്റിറക്കു തുടങ്ങി മറ്റു ചെലവുകള്‍ കണ്ടെത്തണം. ഇതോടെ കച്ചവടക്കാരന്‍ വേറെ ജീവിത മാര്‍ഗം നോക്കാന്‍ നിര്‍ബന്ധിതമാകും.

കയറ്റുമതിക്കാര്‍: ജി.എസ്‌.ടിക്കു മുന്‍പ്‌ കയറ്റുമതിക്കായി വാങ്ങുന്ന സാധനങ്ങള്‍ക്ക്‌ നികുതി ഒഴിവായിരുന്നു എന്നാല്‍ ജി.എസ്‌.ടി. വന്നതോടെ കയറ്റുമതിക്കാര്‍ നികുതി അടച്ചതിനുശേഷം നികുതി റിട്ടേണ്‍ ഫയല്‍ ചെയ്‌തു തിരികെ വാങ്ങുന്ന സംവിധാനം ആണ്‌ നിലവിലുള്ളത്‌. റിട്ടണ്‍ സമര്‍പ്പിക്കാന്‍ സോഫ്‌റ്റ്‌വേര്‍ തകരാര്‍ നേരിട്ടതുമൂലം റിട്ടണ്‍ സമര്‍പ്പണം സുഗമമല്ല. വര്‍ക്കിങ്‌ കാപിറ്റല്‍ ഒഴുക്ക്‌ തടസപ്പെടുകയും നിലനില്‍പ്പിനെതന്നെ ബാധിക്കുന്ന രീതിയിലേക്കും പ്രതിസന്ധി വളര്‍ന്നു.

സാധാരണക്കാര്‍: ജി.എസ്‌.ടി. നടപ്പാക്കിയപ്പോള്‍ എക്‌സൈസ്‌ ഡ്യൂട്ടി വാറ്റില്‍ ലയിച്ചു. ഒറ്റ നികുതി ആകുമ്പോള്‍ സാധനങ്ങളുടെ വില കുറയും എന്നാണു കരുതിയത്‌ എങ്കിലും ഫലത്തില്‍ എക്‌സൈസ്‌ ഡ്യൂട്ടി ഉണ്ടായിരുന്നപ്പോഴുള്ളതില്‍നിന്നു വില കൂടുകയാണ്‌ ഉണ്ടായത്‌. ഉല്‍പാദകര്‍ ജി.എസ്‌.ടി. വന്നപ്പോള്‍ അവരുടെ അഡ്‌മിനിസ്‌ട്രേഷന്‍ ചെലവുകള്‍ കൂടി ന്യായീകരണത്തോടെ വിലക്കുറവിന്റെ ആനുകൂല്യം ഉപയോക്‌താവിനു കൈമാറിയില്ല. ഇതിനെ നേരിടാന്‍ ആന്റി പ്രോഫിറ്ററിങ്‌ സംവിധാനങ്ങള്‍ ജി.എസ്‌.ടി. നിയമത്തില്‍ എഴുതി വച്ചിട്ടുണ്ട്‌ അതുപ്രകാരം അടുത്ത കാലത്തായി ഒരു അതോറിറ്റി നിലവില്‍ വന്നു. എന്നാല്‍, അതിന്റെ പ്രയോജനം എവിടെയും കാണാനായിട്ടില്ല.

ജി.എസ്‌.ടി. പ്രാക്‌ടീഷണര്‍മാര്‍: ജി.എസ്‌.ടി. നിയമത്തില്‍ നിലവിലുള്ള പ്രാക്‌ടീഷണര്‍മാര്‍ സമര്‍പ്പിക്കുന്ന അപേക്ഷ പരിശോധിച്ചു അതാതു ഓഫീസര്‍മാര്‍ക്കു ബോധ്യപ്പെട്ടാല്‍ അവര്‍ക്കു പ്രാക്‌ടീഷണര്‍ ലൈസന്‍സ്‌ കൊടുക്കാം. അതിനുശേഷം അവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ ജി.എസ്‌.ടി. കൗണ്‍സില്‍ നിശ്‌ചയിക്കുന്ന ഏജന്‍സി നടത്തുന്ന പരീക്ഷ പാസാകണം. എന്നാല്‍ രാജ്യത്ത്‌ ആകെ 60,004 അപേക്ഷകള്‍ ലഭിച്ചതില്‍ ആകെ 3,081 എണ്ണം മാത്രമേ അനുവദിച്ചിട്ടുള്ളൂ. 832 എണ്ണം തള്ളി. 56,091 എണ്ണം നടപടി കാത്തിരിക്കുകയാണെന്നാണു വിവരാവകാശ മറുപടി വ്യക്‌തമാക്കുന്നത്‌.
വേണ്ടത്ര തയാറെടുപ്പുകളില്ലാതെയും സുതാര്യമായ നടപടിക്രമം പാലിക്കാതെയുമാണ്‌ ഇത്രയും പ്രാധാന്യമുള്ള ഒരു സംവിധാനം കൊണ്ടുവന്നത്‌ എന്നതാണ്‌ ഇതില്‍നിന്നു വ്യക്‌തമാകുന്നത്‌.
ജി.എസ്‌.ടി. സംവിധാനം അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ ഇപ്പോഴുള്ള പലതട്ടുകളില്‍ നില്‍ക്കുന്ന റേറ്റുകള്‍ ഏകീകരിച്ചു ഒന്നോ രണ്ടോ റേറ്റില്‍ കൊണ്ടുവരിക, റിട്ടേണുകളിലെ പാകപ്പിഴകള്‍ പരിഹരിച്ചു ഈ വേബില്‍ പോലുള്ള സുഗമം ആയ ചരക്കുനീക്ക സംവിധാനം പ്രാവര്‍ത്തികമാക്കി വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഉണ്ടാകും എന്നു പ്രതീക്ഷിക്കാം.

ജേക്കബ്‌ സന്തോഷ്‌

ഓള്‍ കേരള ജി.എസ്‌.ടി. പ്രാക്‌ടീഷണേഴ്‌സ്‌ അസോസിയേഷന്‍ സംസ്‌ഥാന വൈസ്‌ പ്രസിഡന്റാണു ലേഖകന്‍

Ads by Google
Sunday 01 Jul 2018 02.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW