Monday, April 22, 2019 Last Updated 22 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 01 Jul 2018 12.03 AM

ഡോക്‌ടറെ സേവനം പഠിപ്പിച്ച ഓമനത്തം

uploads/news/2018/06/229739/sun1.jpg

കൊച്ചിയിലെ കാന്‍സര്‍ രോഗചികിത്സാ വിദഗ്‌ധനായ ഡോ. മോഹനന്‍ നായര്‍ക്ക്‌ ഒരു രോഗിയില്‍ നിന്നും ലഭിച്ച കത്ത്‌ താഴെ ചേര്‍ക്കുന്നു

ഡോ. മോഹനന്‍ നായര്‍,
കണ്‍സള്‍ട്ടന്റ്‌ ഓങ്കോളജിസ്‌റ്റ്,
ലക്ഷ്‌മി ഹോസ്‌പിറ്റല്‍,
എറണാകുളം

പ്രിയപ്പെട്ട ഡോക്‌ടര്‍,
ഇനിയും കടം വാങ്ങാന്‍ എന്റെ ചുറ്റുവട്ടത്ത്‌ ആരുമില്ല. ഭര്‍ത്താവിന്റെ ചികില്‍സ എന്റെ മുന്നില്‍ വലിയൊരു ചോദ്യചിഹ്നമാണ്‌. എന്റെ പക്കല്‍ വില്‍ക്കാന്‍ ഇനി രണ്ട്‌ ഗ്രാമിന്റെ കമ്മല്‍ മാത്രമേയുള്ളൂ. ഭര്‍ത്താവിന്‌ എഴുന്നേറ്റ്‌ നടക്കാന്‍ കഴിഞ്ഞതിനുശേഷം, ഞാന്‍ ഡോക്‌ടറെ കാണാന്‍ വരും. അന്നെനിക്ക്‌ ചികില്‍സ തരണം. എന്നെ പിടികൂടിയ കാന്‍സറിനെ പൂര്‍ണമായും മാറ്റിത്തരണം. കാരണം എനിക്കു ഭര്‍ത്താവിന്റെകൂടെ ജീവിച്ച്‌ കൊതിതീര്‍ന്നിട്ടില്ല.

സ്‌നേഹത്തോടെ ഓമന ബാബു

കത്ത്‌ വായിച്ച്‌ ഡോ. മോഹനന്‍നായര്‍ അതിലെ അക്ഷരങ്ങളിലേക്കുതന്നെ അല്‍പ്പനേരം നോക്കിയിരുന്നു. പലയിടത്തും കണ്ണീര്‍വീണ്‌ അക്ഷരങ്ങള്‍ നനഞ്ഞ്‌ പടര്‍ന്നിരുന്നു. ആ നിമിഷം ഡോക്‌ടറുടെ മനസ്സില്‍ വലിയൊരു തീരുമാനത്തിന്റെ സ്വരുക്കൂട്ടല്‍ നടന്നു. തൊട്ടടുത്ത ദിവസം തന്നെ നിസ്സഹായതയുടെ പര്യായമായ ഓമന ബാബു എന്ന സ്‌ത്രീയെത്തേടി ഡോക്‌ടര്‍ മോഹനന്‍ നായര്‍ അയച്ച പോസ്‌റ്റ് കാര്‍ഡ്‌ എത്തിച്ചേര്‍ന്നു. പണത്തെക്കുറിച്ച്‌ ആശങ്കപ്പെടാതെ ഉടന്‍ അഡ്‌മിറ്റാകാനുള്ള നിര്‍ദ്ദേശമായിരുന്നു ആ എഴുത്തില്‍.
ഓമനയുടെ എഴുത്തുകിട്ടിയപ്പോള്‍ത്തന്നെ ഡോ. മോഹനന്‍നായര്‍ ലക്ഷ്‌മി ഹോസ്‌പിറ്റല്‍ ഉടമ ഡോ. വാര്യരെ ചെന്നുകണ്ടു വിഷയം അവതരിപ്പിച്ചു. ഡോ. വാര്യര്‍ സൗജന്യ ചികില്‍സ വാഗ്‌ദാനം നല്‍കി. ലക്ഷ്‌മി ഹോസ്‌പിറ്റലില്‍ ചികില്‍സയ്‌ക്കായി വരുന്ന സമ്പന്നരായ പല കാന്‍സര്‍ രോഗികളോടും മോഹനന്‍നായര്‍ ഓമനയുടെ കാര്യം പറഞ്ഞു. സഹായിക്കാമെന്നു അവരും വാക്കുകൊടുത്തു. ഫീസില്ലാതെ ചികില്‍സിക്കാന്‍ മോഹനന്‍ നായരും തയ്യാറായി. നിരവധിയാളുകള്‍ ഓമനയുടെ മുന്‍പില്‍ ദൈവദൂതരായി. കര്‍മനിരതരായ ഒരുപിടിയാളുകളുടെ പ്രാര്‍ത്ഥനപോലെ ഓമനയെ കാര്‍ന്നു തിന്ന കാന്‍സര്‍ പതുക്കെ ആ ശരീരത്തില്‍നിന്നും ഒഴിഞ്ഞു പോകാന്‍ തുടങ്ങി.
പരിപൂര്‍ണമായും രോഗം ഭേദമായതിനുശേഷമാണ്‌ ഓമന ലക്ഷ്‌മി ഹോസ്‌പിറ്റലില്‍നിന്നും വീട്ടിലേക്കുപോകുന്നത്‌. മനുഷ്യരുടെ രൂപത്തില്‍ ദൈവം പ്രത്യക്ഷപ്പെട്ടത്‌ ഓമനയ്‌ക്ക് അനുഭവിച്ചറിയാന്‍ കഴിഞ്ഞു. ഹോസ്‌പിറ്റലില്‍ നിന്നും പുറത്തിറങ്ങിയ ഓമന പുതിയൊരാളായി പുതിയൊരു ലോകത്തേക്കാണ്‌ കാല്‍വച്ചത്‌. ഒരു രോഗിയുടെ വാക്കുകളിലൂടെ ജീവിതത്തിന്‌ സേവനം എന്നൊരു മഹത്തായ കടമ കൂടിയുണ്ടെന്നു മനസ്സിലാക്കിയ മോഹനന്‍നായരുടെ ജീവിതദര്‍ശനവും പുതിയൊരു ലോകത്തേക്ക്‌ പ്രവേശിക്കുകയായിരുന്നു.

ഓമനയുടെ ജീവിതം ഒരു ഫ്‌ളാഷ്‌ ബാക്ക്‌

എറണാകുളം കച്ചേരിപ്പടിക്കു സമീപം വീക്ഷണം റോഡിനോടു ചേര്‍ന്നു കുടികിടപ്പു കിട്ടിയ ഓലപ്പുരയില്‍ താമസിക്കുന്ന അഗസ്‌റ്റിന്‍-ത്രേസ്യ ദമ്പതികളുടെ നാലു മക്കളില്‍ ഒരാളാണ്‌ ഓമന. മൂന്നു സഹോദരങ്ങളുടെ ഏകസഹോദരി. കുട്ടിക്കാലം മുതലേ കൂട്ടിനുണ്ടായിരുന്നത്‌ പട്ടിണിയും പരിവട്ടവും. ചുമരുകള്‍ക്ക്‌ വെള്ളപൂശുന്ന ജോലിയായിരുന്നു അച്‌ഛന്‌. അതാവട്ടെ വല്ലപ്പോഴും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മ ത്രേസ്യ അയല്‍വീടുകളില്‍ വീട്ടുവേല ചെയ്‌തായിരുന്നു കുടുംബം പോറ്റിയിരുന്നത്‌. വീട്ടുവേല ചെയ്‌തുകഴിഞ്ഞ്‌ അമ്മ വന്നെത്തിയാലേ എന്തെങ്കിലും കഴിക്കാന്‍ പറ്റുമായിരുന്നുള്ളു. വിശന്നുതളര്‍ന്ന എട്ടു കണ്ണുകള്‍ അമ്മയെ കാത്തിരിക്കുന്നത്‌ പതിവു കാഴ്‌ചയായിരുന്നു.
ഒന്നുമുതല്‍ ഏഴുവരെ ഓമന എറണാകുളം സെന്റ്‌ ആന്റണീസ്‌ സ്‌കൂളിലാണ്‌ പഠിച്ചത്‌. ഉച്ചയ്‌ക്ക് സ്‌കൂളില്‍നിന്നു കിട്ടിയിരുന്ന ഉപ്പുമാവ്‌ അവിടെനിന്നു കഴിക്കാതെ വീട്ടില്‍ക്കൊണ്ടുവന്നു ആങ്ങളമാര്‍ക്കുകൂടി പങ്കുവെച്ചു. എട്ടാംക്ലാസിലായപ്പോള്‍ സെന്റ്‌ മേരീസ്‌ സ്‌കൂളിലേക്കു മാറി. ഹൈസ്‌കൂള്‍ കുട്ടികള്‍ക്കു ഉച്ചഭക്ഷണം കൊടുത്തിരുന്നില്ല. ഉച്ചയ്‌ക്കു വിശപ്പുമാറ്റാന്‍ പച്ചവെള്ളമായി ശരണം.
ഉച്ചഭക്ഷണത്തിനു ബെല്ലടിക്കുമ്പോള്‍ താന്‍ ഭക്ഷണം കഴിക്കാതിരിക്കുന്നത്‌ കൂട്ടുകാരികള്‍ അറിയാതിരിക്കാന്‍ ഓമന എല്‍.പി. സ്‌കൂള്‍ ബ്ലോക്കില്‍ വന്നിരിക്കും. ബെല്ലടിക്കാന്‍നേരം ക്ലാസില്‍ കയറും. കുറേനാള്‍ ഈ ഒളിച്ചുകളി തുടര്‍ന്നു. ഒരിക്കല്‍ ഒന്‍പതാംക്ലാസില്‍ പഠിപ്പിക്കുന്ന സിസ്‌റ്റര്‍ മര്‍സ്ലീന ഓമനയെ കയ്യോടെ പിടികൂടി. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കഴിക്കാന്‍ ഭക്ഷണം നല്‍കുക മാത്രമല്ല സിസ്‌റ്റര്‍ മര്‍സ്ലീന ചെയ്‌തത്‌. ഓമനയുടെ ക്ലാസിലെ അധ്യാപികയെക്കണ്ട്‌ മറ്റുകുട്ടികള്‍ അറിയാതെ ഓമനയ്‌ക്ക് നിത്യവും ഉച്ചഭക്ഷണം നല്‍കാന്‍ ഏര്‍പ്പാടുചെയ്‌തു. ഒരു ജോഡി വസ്‌ത്രം മാത്രമുണ്ടായിരുന്ന ഓമനയുടെ അവസ്‌ഥ മനസ്സിലാക്കി സിസ്‌റ്റര്‍ വസ്‌ത്രങ്ങളും നല്‍കി. ദാരിദ്ര്യദുഃഖത്തെ സിസ്‌റ്റര്‍മാര്‍ ഇല്ലായ്‌മചെയ്‌തപ്പോള്‍ ഓമനയിലെ കലാകാരിയും വിദ്യര്‍ത്ഥിമനസ്സും ഉണര്‍ന്നു. സ്‌കൂളിലെ സജീവസാന്നിധ്യമായി ഓമന മാറി. കഥകളും നാടകങ്ങളും എഴുതി. നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടി. പത്താംക്ലാസില്‍ വിജയിച്ച ഓമന എറണാകുളം മഹാരാജാസില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നു.

കറുപ്പും വെളുപ്പും നിഴലുകള്‍

മുന്നില്‍ വെട്ടിപ്പിടിക്കാന്‍ വലിയൊരു ലോകമുണ്ടെന്നു മഹാരാജാസ്‌ കോളജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്ന ഓമനയ്‌ക്ക് മനസ്സിലായി. അവള്‍ വാശിയോടെ പഠിച്ചു. എന്നാല്‍ ജീവിതത്തിന്റെ വിധിനിയോഗങ്ങള്‍ ആരറിയുന്നു? ഒരിക്കല്‍ ഓമനയും കുടുംബവും ഒരു ബന്ധുവിന്റെ കല്യാണം കൂടി തിരിച്ചുവന്നപ്പോള്‍ കണ്ടത്‌ കത്തിയമര്‍ന്ന്‌ വെണ്ണീറായിക്കിടക്കുന്ന കിടപ്പാടത്തിന്റെ കാഴ്‌ചയാണ്‌. സ്വപ്‌നങ്ങളുടെ ചാമ്പലുകള്‍ അവളെ നോക്കി പരിഹസിച്ചു. കിടപ്പാടമില്ലാതെ കോളജില്‍ പോകുന്നതെങ്ങനെ? ഓമനയുടെ പഠനം അതോടെ അവസാനിച്ചു. ജീവിതത്തിന്റെ കറുത്തനിഴലുകള്‍ ഓമനയെ വേട്ടയാടിക്കൊണ്ടിരുന്നെങ്കിലും അവള്‍ പ്രതീക്ഷ കൈവിട്ടില്ല. അക്കാലത്ത്‌ ഓമന എഴുതിയ ദുഃഖബിന്ദുക്കള്‍ എന്ന കഥ, ഫാ. ജോര്‍ജ്‌ വെളിപ്പറമ്പന്‍ എഡിറ്ററായുള്ള കേരളാടൈംസില്‍ അച്ചടിച്ചുവന്നു. എറണാകുളം കത്തീഡ്രല്‍ പള്ളി ക്വയറില്‍ പാടിയും എഴുതിയും ദിവസങ്ങള്‍ നീക്കിയ ഓമനയ്‌ക്ക് കല്യാണാലോചനകള്‍ വന്നുതുടങ്ങി. അപ്പോള്‍ ഓമനയ്‌ക്ക് ഇരുപത്തിനാല്‌ വയസ്സായിരുന്നു. കെട്ടിട തൊഴിലാളിയായ കണ്ണമാലി സ്വദേശി ബാബു ജോസഫ്‌ 1988 ജനുവരി 17ന്‌ ഓമനയെ മിന്നുകെട്ടി സഹയാത്രികയായി കൂടെക്കൂട്ടി.
സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു അത്‌. ഭര്‍തൃവീട്ടില്‍വച്ചാണ്‌ ഓമന മൂന്നുനേരം ഭക്ഷണം കഴിക്കുന്നത്‌! എങ്കിലും സ്വന്തം വീട്ടുകാരെയോര്‍ക്കുമ്പോള്‍ ഭക്ഷണം തൊണ്ടയില്‍ക്കുടുങ്ങി നില്‍ക്കും. ഭര്‍ത്താവ്‌ ബാബു ജോസഫ്‌ ഓമനയുടെ നിസ്സാഹയത മനസ്സിലാക്കി ആഴ്‌ചയിലൊരിക്കല്‍ പച്ചക്കറികളും പലവ്യഞ്‌ജനങ്ങളും അവളുടെ വീട്ടിലും എത്തിച്ചു. ഓമനയുടെ സഹോദരങ്ങള്‍ക്ക്‌ ക്രമേണ ചെറുതെങ്കിലും ജോലി ലഭിച്ചു. ജീവിതം ശാന്തമായി ഒഴുകിത്തുടങ്ങി. അതിനിടയിലാണ്‌ ഓമനയുടെ ജീവിതത്തില്‍ ആ ദുരന്തം സംഭവിച്ചത്‌.

അടിപതറുന്ന ജീവിതം

അന്നും പതിവുപോലെ ബാബു ജോസഫ്‌ ഓമനയുടെ കവിളിലൊരുമ്മകൊടുത്ത്‌ ജോലിക്കിറങ്ങിയതാണ്‌. എന്നാല്‍ പിന്നീട്‌ കേട്ട വാര്‍ത്ത സകലപ്രതീക്ഷകളും തകിടം മറിക്കുന്നതായിരുന്നു. പണിക്കിടയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ബാബു താഴേക്കു പതിച്ചു. വാരിയെല്ലുകള്‍ നുറുങ്ങിപ്പോയി. മാസങ്ങളോളം എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സ. പരസഹായമില്ലാതെ അനങ്ങാന്‍പോലും പറ്റാത്ത അവസ്‌ഥ. ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ്‌ ചെയ്‌ത് ഭര്‍ത്താവിനെ വീട്ടിലെത്തിച്ചു. അപ്പോഴേക്കും വിവാഹജീവിതത്തില്‍ എട്ടുവര്‍ഷം പിന്നിട്ടിരുന്നു. ഒരു കുഞ്ഞിക്കാല്‌ കാണാനുള്ള ആഗ്രഹം തീവ്രമായിരുന്നു. അതിനും ചികില്‍സകള്‍ നടന്നു.
ശയ്യാവലംബിയായ ഭര്‍ത്താവിനെ ശുശ്രൂഷിച്ച്‌ ദിവസങ്ങള്‍ തള്ളിനീക്കുമ്പോഴാണ്‌ ഓമനയുടെ അടിവയറ്റില്‍ കലശലായ വേദനയനുഭവപ്പെടുന്നത്‌. സഹിക്കാവുന്നതിനപ്പുറമായപ്പോള്‍ ഓമന സഹോദരനോടൊപ്പം മട്ടാഞ്ചേരിയിലെ ഒരു ഡോക്‌ടറെ കണ്ടു പരിശോധന നടത്തി. സ്‌കാനിംഗില്‍ ഗര്‍ഭപാത്രത്തില്‍ മുഴയുള്ളതായി കണ്ടെത്തി. ശസ്‌ത്രക്രിയവഴി മുഴ നീക്കം ചെയ്യണം. ആശുപത്രിയില്‍ അഡ്‌മിറ്റായി. ശസ്‌ത്രക്രിയ കഴിഞ്ഞ്‌ ഓമനയെ ഡിസ്‌ചാര്‍ജ്‌ ചെയ്യുന്ന സമയത്ത്‌ ഡോക്‌ടര്‍ ഒരു കവര്‍ ഓമനയുടെ സഹോദരനെ ഏല്‍പ്പിച്ച്‌, എറണാകുളത്തെ ലക്ഷ്‌മി ഹോസ്‌പിറ്റലിലെ ഡോ. സി.എന്‍. മോഹനന്‍നായരെ കാണുവാന്‍ നിര്‍ദ്ദേശിച്ചു.
അടുത്ത ദിവസംതന്നെ ഓമനയും സഹോദരനും ലക്ഷ്‌മി ഹോസ്‌പിറ്റലിലെ ഡോ. മോഹനന്‍ നായരുടെ മുറിയ്‌ക്കു പുറത്ത്‌ തങ്ങളുടെ ഊഴം കാത്തിരുന്നു. കാത്തിരിപ്പിന്റെ ആലസ്യത്തിനിടയില്‍ ഓമന ഡോക്‌ടറുടെ പേരുവായിച്ചു. ഡോ. സി.എന്‍. മോഹനന്‍ നായര്‍, അര്‍ബുദരോഗ വിദഗ്‌ധന്‍! ബോര്‍ഡ്‌ വായിച്ച ഓമനയുടെ സപ്‌തനാഡികളും തളര്‍ന്നുപോയി. താനൊരു കാന്‍സര്‍ വിദഗ്‌ധനെയാണ്‌ കാണാന്‍ വന്നിരിക്കുന്നത്‌. തനിക്കു കാന്‍സറാണെന്ന ചിന്തയില്‍ ഓമന പരിസരം മറന്ന്‌ പൊട്ടിക്കരഞ്ഞു. വാവിട്ടു കരയുന്ന പെങ്ങളെ ആശ്വസിപ്പിക്കാന്‍ സഹോദരന്‍ വിഷമിച്ചു. അമ്മയാകുക എന്ന തന്റെ മോഹം എന്നെന്നേക്കുമായി അവസാനിക്കുകയാണെന്ന സത്യം ക്രമേണ ഓമന മനസ്സിലാക്കി. ഭര്‍ത്താവ്‌ തളര്‍ന്നുകിടക്കുന്നു. താനിതാ കാന്‍സര്‍ എന്ന രോഗത്തിന്റെ പിടിയിലും. ജീവിതം അവസാനിപ്പിച്ചാലോ എന്നുവരെ ഓമനയ്‌ക്കു തോന്നിത്തുടങ്ങി. പ്രാഥമിക പരിശോധനകള്‍ക്കും ചികില്‍സക്കും ശേഷം കീമോതെറാപ്പി ചെയ്യാനുള്ള തീയതി നല്‍കി ഓമനയെ മോഹനന്‍ ഡോക്‌ടര്‍ പറഞ്ഞയച്ചു. അന്നത്തെ ആശുപത്രി ബില്ലില്‍ 750 രൂപയുടെ കുറവുണ്ടായിരുന്നു. എന്നാല്‍ ഡോക്‌ടര്‍ ആ തുക ഇളവു ചെയ്‌തുകൊടുത്താണ്‌ ഓമനയെ പറഞ്ഞയച്ചത്‌.
തുടര്‍ചികില്‍സയുടെ കാര്യമോര്‍ത്ത്‌ ഓമനയുടെ ഉള്ളം നുറുങ്ങി. ശയ്യാവലംബിയായ ഭര്‍ത്താവിന്റെ ചികില്‍സക്കുതന്നെ പണം കണ്ടെത്തുക എന്നത്‌ ദുഷ്‌കരമായിരുന്നു. അതിനിടയിലാണ്‌ തന്റെ ചികില്‍സ. ഏറെ നേരത്തെ ആലോചനയ്‌ക്കുശേഷമാണ്‌ ഓമന ഡോക്‌ടര്‍ക്കു കത്തെഴുതുന്നത്‌. ആ കത്താണ്‌ ഓമനയുടേയും ഡോ. മോഹനന്‍ നായരുടേയും ജീവിതത്തില്‍ മാറ്റങ്ങള്‍ക്കു തുടക്കമാകുന്നത്‌. ഓമനയ്‌ക്ക് സൗജന്യചികില്‍സ ചെയ്യാന്‍ ആശുപത്രി അധികാരികള്‍ തീരുമാനിച്ചു.
ലക്ഷ്‌മി ഹോസ്‌പിറ്റലില്‍ ആദ്യമായി സൗജന്യ കാന്‍സര്‍ ചികില്‍സ ലഭിച്ചത്‌ ഓമനയ്‌ക്കായിരുന്നു. കാന്‍സര്‍ രോഗികളുടെ സൗജന്യ ചികില്‍സയ്‌ക്കും പരിചരണത്തിനുമായി ഡോക്‌ടര്‍ മോഹനന്‍ നായര്‍ തന്റെ ജീവിതത്തിന്റെ ഒരു ഭാഗം നീക്കിവെക്കുന്നത്‌ ഈ സംഭവത്തോടെയായിരുന്നു.

പ്രതീക്ഷകളുടെ ലോകം

ഡോ. മോഹനന്‍ നായരുടെ ചികില്‍സകൊണ്ടും മറ്റുള്ളവരുടെ കാരുണ്യം കൊണ്ടും ഓമനയുടെ രോഗം പൂര്‍ണമായും ഭേദമായി. അപ്പോഴേക്കും ഭര്‍ത്താവ്‌ ബാബുവിന്‌ എഴുന്നേറ്റ്‌ നടക്കാമെന്നായി. രോഗം മാറിയ ഓമന വെറുതെയിരിക്കാന്‍ തയ്യാറായിരുന്നില്ല. അര്‍ബുദരോഗികളെ ആശ്വസിപ്പിക്കുക എന്നതായിരുന്നു ഓമനയുടെ ആദ്യ പ്രവര്‍ത്തി. ചികില്‍സിച്ചാല്‍ രോഗവിമുക്‌തിയുണ്ടാകുമെന്നു തന്റെ തന്നെ ഉദാഹരണത്തില്‍ ഓമന അവരെ ബോധ്യപ്പെടുത്തി. രോഗികള്‍ക്ക്‌ ധൈര്യം നല്‍കി. പിന്നീട്‌ പാവപ്പെട്ട രോഗികളെ കണ്ടെത്താനായി ശ്രമം. ഇതിന്‌ മോഹനന്‍ നായരുടെ പരിപൂര്‍ണപിന്തുണയുണ്ടായിരുന്നു. പന്ത്രണ്ടോളം പാവപ്പെട്ട രോഗികളെ മോഹനന്‍ നായരുടെ ചികില്‍സക്കായി ഓമന പറഞ്ഞയച്ചു.

രോഗിയുടെ പ്രചോദനം; ഡോക്‌ടറുടെ സേവനം

ഓമനയുടെ ജീവിതകഥയില്‍നിന്നു പ്രചോദനം നേടിയാണ്‌ ഡോ. മോഹനന്‍ നായര്‍ ജോലിക്കപ്പുറം സേവനത്തിന്റെ മഹത്തായ പാതയിലേക്കു ചുവടുവെക്കുന്നത്‌. രോഗികളെ അവരുടെ വീട്ടില്‍ചെന്നു സൗജന്യമായി ചികില്‍സിക്കുന്ന സ്‌നേഹത്തണല്‍ എന്നൊരാശയത്തിന്‌ അദ്ദേഹം രൂപംകൊടുത്തു. കാന്‍സറിന്റെ പിടിയില്‍പ്പെട്ട ഒട്ടേറെ രോഗികളെ മോഹനന്‍ നായര്‍ ജീവിതത്തിലേക്കു കൈപിടിച്ചുനടത്തി. സ്‌നേഹത്തണലിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ എട്ടുവര്‍ഷം പിന്നിട്ടിരിക്കുന്നു. ഇതുകൂടാതെ മഹാകവി ജി. കാന്‍സര്‍ ഫൗണ്ടേഷന്‍ എന്നൊരു പ്രസ്‌ഥാനം ആരംഭിക്കുകയും ഏതാണ്ട്‌ ഇരുനൂറോളം രോഗികള്‍ക്ക്‌ സൗജന്യ ചികില്‍സ ലഭ്യമാക്കുകയും ചെയ്‌ത ഡോ. മോഹനന്‍ നായര്‍ തന്റെ ശമ്പളത്തിലെ ഒരു ഭാഗം ഇതിനായി മാറ്റി വയ്‌ക്കുന്നു. തന്റെ സേവനത്തിന്റെ പ്രചോദനം ആരാണെന്നു ചോദിച്ചാല്‍ മോഹനന്‍ നായര്‍ പറയും. ഓമന ബാബു

ഓമനയുടെ ഓമനത്തം

ഓമന ഇന്ന്‌ പൂര്‍ണ ആരോഗ്യവതിയാണ്‌. തന്റെ ജീവിതം സമൂഹത്തിന്‌ ഉപയോഗപ്പെടണം എന്നൊരു ചിന്തയിലാണ്‌ ഈ ധീരവനിത. കൊച്ചി രൂപതയുടെ കാട്ടിപ്പറമ്പ്‌ പള്ളി ഇടവക വികാരി ഫാ. മാക്‌സണ്‍ അത്തിപ്പൊഴിയുടെ കീഴില്‍ സേവനനിരതരായ ആളുകളുടെ കൂട്ടായ്‌മയുണ്ടാക്കി പാവപ്പെട്ട രോഗികളെ സഹായിക്കുന്ന പ്രവൃത്തിയില്‍ വ്യാപൃതയാണ്‌ അതിന്റെ സെക്രട്ടറി കൂടിയായ ഓമന. പാവപ്പെട്ട രോഗികള്‍ക്ക്‌ ധനസഹായവും നല്‍കുന്നു. ആദ്യം എഴുന്നൂറ്റന്‍പതോളം വീടുകളില്‍ ഒരു കുടുക്ക നല്‍കി അതില്‍ ആ വീട്ടുകാര്‍ തങ്ങളെക്കൊണ്ടാകുന്ന രീതിയില്‍ പണം നിക്ഷേപിക്കുന്നു. ഇത്‌ മൂന്നു മാസത്തിലൊരിക്കല്‍ ശേഖരിച്ച്‌ പാവപ്പെട്ടവര്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കിപ്പോന്നു.
കാരിത്താസ്‌ ഇന്ത്യയുടെ ആശാകിരണം പദ്ധതിയില്‍ ഏറ്റവും മികച്ച വോളണ്ടിയറായി തെരഞ്ഞെടുത്തത്‌ ഓമനയെയായിരുന്നു. നിസ്വാര്‍ത്ഥസേവനത്തിന്‌ ലഭിച്ച അംഗീകാരം. ഈ ആദരം 2017 നവംബറില്‍ ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ ഓമന ഏറ്റുവാങ്ങി. ഓമനയുടെ പ്രവൃത്തികള്‍ക്ക്‌ ഭര്‍ത്താവ്‌ ബാബു താങ്ങും തണലുമാകുന്നു. പ്രതീക്ഷകള്‍ ഇരുണ്ടു പോകുമ്പോള്‍ പ്രത്യാശയുടെ പ്രകാശം പരത്തുന്ന സഫലജീവിതമാണ്‌ ഓമന എന്ന ഓമനത്തം. അമ്മയാവുക എന്ന സ്വപ്‌നം ബാക്കിനില്‍ക്കുമ്പോഴും!

ഉമ ആനന്ദ്‌

Ads by Google
Sunday 01 Jul 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW