താനെന്താ എന്നെ കളിയാക്കിയതാണോ? എറങ്ങി പോടോ പുറത്ത്....
മാത്സ് ടീച്ചറുടെ പെട്ടെന്നുള്ള അലര്‍ച്ചയില്‍ പ്ര?ട്രാക്റ്ററുകള്‍ വിറച്ചു, കോമ്പസ്സുകള്‍ കൂട്ടിയിടിച്ചു, കുട്ടികള്‍ മിഴിച്ചിരുന്നു...
മുറ്റത്തേക്ക് വലിച്ചെറിയപ്പെട്ട നോട്ട് ബുക്കിനു പുറകെ താന്‍ ചെയ്ത തെറ്റെന്തെന്ന പരിഭ്രമത്തോടെ കുട്ടിനടന്നു.പുറത്താക്കപ്പെട്ടവന്റെ വേദനയിലേക്ക് പൊരിവെയില് തറഞ്ഞുകയറി. വരാന്തയിലൂടെ പോകുന്നവരുടെ പരിഹാസ ചിരിയില്‍ അവന്റെ കാതുകള്‍ തുളഞ്ഞു. വെയില് വാട്ടിയ കവിളോടെ അപമാനഭാരത്താല്‍ കുനിഞ്ഞ ശിരസ്സ് വിറയ്ക്കുന്ന കാല്‍മുട്ടുകളില്‍ താങ്ങി വിങ്ങിവിങ്ങികരയുന്ന കുട്ടിയെ കണ്ട് വെയിലിന്റെ ഇടനെഞ്ചുകുതിര്ന്നു. അത് കരയണ്ട.. എന്നു സാന്ത്വനിപ്പിച്ചു കൊണ്ട് അവന്റെ ചുമലുകള്‍ തഴുകി.
ടീച്ചറുടെ ഏറില്‍ ചിതറിയ പേജുകളിലൂടെ കാറ്റ് ഒരോട്ട നോട്ടം നടത്തി.... അവന് വരച്ച ദീര്‍ഘ ചതുരത്തിന്റെ ഭംഗി ആസ്വദിച്ചു. ആറു വളവുകള്ക്കപ്പുറമുള്ള ടീച്ചറുടെ വീട്ടിലെ പൊട്ടലും ചീറലുകളുമറിയാവുന്ന കാറ്റ് കരയുന്ന കുഞ്ഞിനെ നോക്കി പരിതപിക്കുന്ന വെയിലിന്റെ കാതില്‍
അങ്ങാടിയില്‍ തോറ്റതിന് കുട്ട്യോളോട്... എന്ന് അടക്കം പറഞ്ഞു.
ബെല്ലടിച്ചു
വാടോ... തന്നെ മര്യാദയാക്കാമോ ന്നു നോക്കട്ടെ...
എന്ന പ്രഖ്യാപനത്തോടെ ടീച്ചര്‍ ചവിട്ടിത്തുള്ളി ഹെഡ് മാസ്റ്ററുടെ റൂമിലേക്ക് നടന്നു. കുട്ടിയുടെ മേല്വിറച്ചു... ചുണ്ടുകള്‍ നീലിച്ചു...
തെറ്റെന്തെന്നു ബോധ്യപ്പെടുത്താതെ ശിക്ഷിക്കുന്നതും ഒരു തെറ്റാണ് ടീച്ചര്‍ ...കാറ്റ് ടീച്ചര്‍ക്ക് കുറുകെ നിന്നു.. കാറ്റിനെ കടന്ന് ടീച്ചര്‍ കുട്ടിയുടെ നോട്ട് ബുക്ക് വിടര്‍ത്തി ഹെഡ് മാസ്റ്ററോട് പരാതിപ്പെട്ടു,
നോക്കണം സര് ഇവന്റെ കുരുത്തക്കേട്...
തന്റെ കണ്ണട പലവട്ടം തുടച്ചും നിഷ്കളങ്കത പൊരുന്നയിരിക്കുന്ന കുട്ടിയുടെ മുഖത്തേക്ക് കടുപ്പിച്ചു നോക്കിയും സാര്‍ അവന്റെ കുരുത്തക്കേട് തിരഞ്ഞു... അവന് വരച്ച റെക്റ്റാംഗിളിലൂടെ പലവട്ടം പല കോണുകളില്‍, പരതിയിട്ടും കുരുത്തക്കേടെന്തെന്ന് കണ്ടുപിടിക്കാനാവാതെ ഒടുവില്‍ സര് ഉറപ്പിച്ചു നല്ല ലക്ഷണമൊത്ത റെക്റ്റാംഗിള്‍! ഇതിനെന്താണൊരു കുറ്റം? പറയൂ ടീച്ചര്‍
തലേന്നു രാത്രിയില്‍ നടന്ന ലോകകപ്പ് മത്സരങ്ങള്‍ ഹോട്ട് സ്റ്റാറില്‍ കാണുകയായിരുന്ന സാറിന്റെ മുഖം കളിക്കാഴ്ച അലോസരപ്പെടുത്തിയ ഭാര്യയോടെന്നോണം... കറുത്തു.
അതല്ല സര് ഇവന് ഇതിനുകൊടുത്ത പേര്.....
ടീച്ചര്‍ വിക്കി... കനത്ത മുഖത്തോടെ സാര്‍ വീണ്ടും കണ്ണട തുടച്ചുവച്ച് പേര് പരതി... റെക്റ്റാംഗിള്‍ മ്പപ്പന്നര്...
തിരച്ചില്‍ തീര്‍ന്നിടത്ത് ഉരുള്‍പൊട്ടി... ചിരിമലകളിടിഞ്ഞു... ആ ചിരിമലകള്ക്കടിയില് പെട്ട് ശ്വാസമെടുക്കാന്‍ തത്രപ്പെടുന്ന ടീച്ചറെക്കണ്ട് കാറ്റ് കൈകൊട്ടിച്ചിരിച്ചു... പിന്നെ തന്റെ തെറ്റെന്തെന്നു തിരയുന്ന കുഞ്ഞിന്റെ കവിളില്‍ ചുംബിച്ചുകൊണ്ട് വെയിലിനോട് പറഞ്ഞു... ഹല്ല... പിന്നെ...
മിനി. പി.സി.