Sunday, July 21, 2019 Last Updated 34 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 01 Jul 2018 12.03 AM

തെന്നലയ്‌ക്ക് ഹരിതാഭ നല്‍കിയ പെണ്‍കരുത്ത്‌

uploads/news/2018/06/229736/sun2.jpg

''നോക്ക്‌, നിങ്ങളെയൊക്കെ ഈ ചതുപ്പു പാടത്ത്‌ ചവിട്ടി താഴ്‌ത്തിയാല്‍ പോലും ആരും അറിയില്ല. കൃഷിക്കാണെന്നും പറഞ്ഞ്‌ ഇനി മേലാല്‍ ഈ പാടത്തേക്ക്‌ വന്നേക്കരുത്‌. ഇവിടെ നിന്നും ഒരു മണി നെല്ലു പോലും നിങ്ങള്‍ക്ക്‌ കിട്ടാന്‍ പോകുന്നില്ല''
ചെളി നിറഞ്ഞ പാടത്തു നിന്നും പായലും പുല്ലും നീക്കം ചെയ്‌തു കൊണ്ടിരുന്ന ആ പാവപ്പെട്ട സ്‌ത്രീകള്‍ക്കു നേരേ ചൂണ്ടു വിരല്‍ നീട്ടി അയാള്‍ ശബ്‌ദമുയര്‍ത്തി. പകച്ചു പോയ ആ സ്‌ത്രീകളല്ലാവരും അത്‌ കേട്ട്‌ പരസ്‌പരം പേടിച്ചു നോക്കി നിന്നു. ഇനിയെന്തു ചെയ്യും എന്ന ഭാവത്തില്‍. അവര്‍ പതുക്കെ പാടത്തു നിന്നും കരയ്‌ക്കു കയറി. വരമ്പിന്റെ അപ്പുറത്ത്‌ ഒരു ചെറിയ ചായക്കടയുണ്ട്‌. തൊഴിലുറപ്പിനു പോകുന്ന പെണ്ണുങ്ങളൊക്കെ സ്‌ഥിരം ചായകുടിക്കുന്നത്‌ അവിടന്നാണ്‌. കടയുടെ മുന്നിലെത്തിയ അവര്‍ കാലിലെ ചെളി കഴുകിയ നേരത്താണ്‌ എല്ലാവരുടേയും കാലില്‍ ചോരകുടിച്ചുകൊണ്ട്‌ അട്ട പറ്റിയിരിക്കുന്നത്‌ കണ്ടത്‌. പേടിച്ചു പോയ അവര്‍ ചായ പോലും കുടിക്കാതെ അട്ടയെ പറിച്ചെറിഞ്ഞ്‌ വീട്ടിലേക്കോടി. ഒരാള്‍ ഒഴികെ. യാസ്‌മിന്‍ അരിമ്പ്ര.
പിറ്റേന്നും കൃത്യസമയത്ത്‌ യാസ്‌മിന്‍ പതിവു പോലെ പാടത്തു വന്നു. കൂടെ പണിയെടുക്കുന്നവരാരും അന്നു വന്നില്ല. അന്നു മാത്രമല്ല, കുറേ നാളത്തേക്ക്‌ അവരെയൊന്നും വരമ്പത്തേക്കു പോലും കണ്ടില്ല. ചെളിപ്പാടത്തു ചവിട്ടിത്താഴ്‌ത്തുമെന്ന ഭീഷണിയും കുളയട്ടയുടെ കടിയും ആ പാവം സ്‌ത്രീകളുടെ ആത്മവിശ്വാസം ചോര്‍ത്തിക്കളഞ്ഞിരുന്നു. തങ്ങളെല്ലാവരും ചേര്‍ന്ന്‌ ഏറ്റെടുത്ത ദൗത്യത്തില്‍ താന്‍ ഒറ്റയ്‌ക്കായി എന്നറിഞ്ഞിട്ടും യാസ്‌മിന്‍ പിന്‍മാറിയില്ല. ധൈര്യമായി തൂമ്പയെടുത്തു പാടം വൃത്തിയാക്കി. പലപ്പോഴും മുട്ടറ്റം ചെളിയില്‍ താഴ്‌ന്നു. അട്ടയുടെ കടിയേറ്റ്‌ കാലില്‍ നിന്നും ചോരയൊഴുകി. അതിന്റെ നീറ്റലും വേദനയും സഹിച്ചു കൊണ്ടു തന്നെ തൂമ്പയെടുത്തു ചാലു കീറി.
യാസ്‌മിന്റെ ഈ ഒറ്റയാള്‍ പോരാട്ടം ഭീഷണിപ്പെടുത്തിയ ആള്‍ ഉള്‍പ്പെടെ പലരും വന്നു നോക്കി നിന്നു. ചിലര്‍ പരിഹസിച്ചു. ചിലരാകട്ടെ ഈ പെണ്ണിന്‌ വേറെ പണിയൊന്നുമില്ലേ എന്ന ഭാവത്തില്‍ നോക്കി. യാസ്‌മിന്‍ ആരോടും പരാതി പറഞ്ഞില്ല. തന്നെ ഒറ്റക്കാക്കി പോയ കൂട്ടുകാര്‍ ആരെയും പാടത്തേക്കു തിരികെ വിളിച്ചതുമില്ല. പക്ഷേ യാസ്‌മിന്റെ ഈ നിശബ്‌ദ പോരാട്ടം കണ്ട്‌ അവര്‍ എല്ലാവരും പതുക്കെ തങ്ങളുടെ പഞ്ചായത്തില്‍ കൃഷി വീണ്ടെടുക്കുക എന്ന ദൗത്യത്തിനായി പിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്നു.
മലപ്പുറം ജില്ലയിലെ തെന്നല ഗ്രാമപഞ്ചായത്തില്‍ ചെന്നാല്‍ യാസ്‌മിന്‍ അരിമ്പ്ര എന്ന സ്‌ത്രീയെ അറിയാത്തവര്‍ ചുരുക്കം. കാരണം, കഠിനാധ്വാനവും നിശ്‌ചയദാര്‍ഢ്യവും കൊണ്ട്‌ തെന്നലയെന്ന ഗ്രാമത്തെ പച്ച പുതപ്പിച്ച അതിശക്‌തമായ കരങ്ങളുടെ ഉടമയാണ്‌ യാസ്‌മിന്‍. ആറു വര്‍ഷം കുടുംബശ്രീ സി.ഡി.എസ്‌ ചെയര്‍പേഴ്‌സണായി തെന്നലയില്‍ കാര്‍ഷിക രംഗത്ത്‌ വന്‍ മുന്നേറ്റം കൈവരിക്കുന്നതില്‍ നിര്‍ണായമായ പങ്കു വഹിച്ചത്‌ ഈ യുവതിയായിരുന്നു.
തെന്നലിലെ ഒന്നാം വാര്‍ഡില്‍ അരിമ്പ്ര അലവിയുടെയും ഖദീജയുടെയും നാലു മക്കളില്‍ ഇളയ ആളായിരുന്നു യാസ്‌മിന്‍. തികഞ്ഞ യാഥാസ്‌ഥിതിക മുസ്ലിം കുടുംബം. വലിയ സാമ്പത്തിക ശേഷിയൊന്നുമില്ല. ഒരു വിധം ഞെങ്ങിഞെരുങ്ങി കഴിഞ്ഞു പോകും. അത്രമാത്രം. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ദാരിദ്ര്യം.
''ഞങ്ങളുടെ പെണ്ണുങ്ങളെയൊന്നും അധികം പഠിപ്പിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കില്ലായിരുന്നു. അതുകൊണ്ട്‌ എനിക്കു പഠിക്കാന്‍ കഴിഞ്ഞില്ല. പെണ്ണുങ്ങള്‍ക്ക്‌ അടുക്കള ജോലികള്‍ എന്നതായിരുന്നു സമൂഹത്തിന്റെ കാഴ്‌ചപ്പാട്‌. അതു മാറ്റിയെടുക്കാനുള്ള കഴിവൊന്നും ആ പ്രായത്തില്‍ എനിക്കുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ പഠിക്കാന്‍ കഴിയാതിരുന്നത്‌ അന്നൊന്നും വലിയ കുറവായി തോന്നിയില്ല''
യാസ്‌മിന്‍ തന്റെ ചെറുപ്പകാലത്തെ ഓര്‍മകള്‍ പങ്കു വയ്‌ക്കുന്നു.
2011ലാണ്‌ യാസ്‌മിന്‍ കുടുംബശ്രീയിലേക്ക്‌ വരുന്നത്‌. യാദൃശ്‌ചികമായാണ്‌ അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറിയാകുന്നത്‌. പിന്നീട്‌ ആ പ്രവര്‍ത്തനങ്ങള്‍ തെന്നല കുടുംബശ്രീ സി.ഡി.എസ്‌ ചെയര്‍പേഴ്‌സണായി ഭാരവാഹിത്വമേല്‍ക്കുന്നതിലേക്ക്‌ യാസ്‌മിനെ നയിച്ചു. പുതിയ ഭാരവാഹിത്വമേറ്റ ഉടനേ യാദൃശ്‌ചികമായി ഒരു യോഗത്തില്‍ യാസ്‌മിനു പങ്കെടുക്കേണ്ടി വന്നു. കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതികളോ അതിന്റെ ആനുകൂല്യങ്ങളെ കുറിച്ചോ ഒന്നും അറിയാതെയെയാണ്‌ അന്ന്‌ മീറ്റിങ്ങിനെത്തിയത്‌. അധികൃതരുടെ പല ചോദ്യങ്ങള്‍ക്കും മുന്നില്‍ യാസ്‌മിന്‌ നിശബ്‌ദയായി നില്‍ക്കേണ്ടി വന്നു. ഒന്നും അറിയില്ലെങ്കില്‍ ചട്ടിയും കഴുകി വീട്ടില്‍ ഇരുന്നുകൂടെ എന്ന ഒരാളുടെ പരിഹാസവും ദേഷ്യവും കലര്‍ന്ന ചോദ്യം ചെന്നു തറച്ചത്‌ യാസ്‌മിന്റെ ഹൃദയത്തിലായിരുന്നു. വിദ്യാഭ്യാസമില്ല, ദാരിദ്ര്യവുമുണ്ട്‌. എങ്കിലും ഒരുപാട്‌ പേര്‍ പങ്കെടുത്ത ആ മീറ്റിങ്ങില്‍ അവരുടെയെല്ലാം മുന്നില്‍ വച്ച്‌ കേള്‍ക്കേണ്ടി വന്ന പരിഹാസം വല്ലാതെ വേദനിപ്പിച്ചു. പക്ഷേ ആ വേദനയ്‌ക്ക് തന്റെ നെഞ്ചില്‍ അധികം ഇടം കൊടുക്കാന്‍ യാസ്‌മിന്‍ ഒരുക്കമായിരുന്നില്ല. തന്റെ ഗ്രാമത്തിന്റെ നന്‍മയ്‌ക്കും വികസനത്തിനുമായി എന്തെങ്കിലും ചെയ്യണം എന്ന്‌ മനസില്‍ ഉറപ്പിച്ചു. എല്ലാ കാര്യത്തിലും പിന്നിലായിരുന്ന തെന്നലയെ എങ്ങനെയും ഒന്നാംസ്‌ഥാനത്ത്‌ എത്തിക്കണം എന്ന ആഗ്രഹം തീവ്രമായി. അങ്ങനെയാണ്‌ തെന്നലയുടെ കാര്‍ഷിക പ്രതാപത്തിനു വിത്തുവിതയ്‌ക്കാന്‍ യാസ്‌മിന്‍ മുന്നിട്ടിറങ്ങിയത്‌.
''പഞ്ചായത്തില്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട്‌ നിശ്‌ചലമായി കിടന്നിരുന്ന കാലം. പേരിനു മാത്രം രണ്ടു സംഘക്കൃഷി ഗ്രൂപ്പുകള്‍. അതിലും ആളില്ലാത്ത അവസ്‌ഥ. പക്ഷേ തോറ്റു കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറായില്ല. പഞ്ചായത്തുമായും കൃഷി ഭവനുമായും സംസാരിച്ച്‌ കൃഷിയുള്ള സ്‌ഥലത്തിന്റെയും തരിശു കിടക്കുന്ന സ്‌ഥലത്തിന്റെയും വിവരങ്ങള്‍ ശേഖരിച്ച്‌ ഒരു ഡേറ്റാ ബാങ്ക്‌ തയ്യാറാക്കി. അതിനു ശേഷമാണ്‌ കൃഷിയുമായി മുന്നോട്ടു പോയത്‌''
യാസ്‌മിന്‍ തന്റെ ആദ്യകൃഷി അനുഭവങ്ങള്‍ പങ്കു വയ്‌ക്കുന്നു.
തരിശുനിലം പാട്ടത്തിനെടുത്തു കൃഷിയിറക്കാമെന്നാണ്‌ ആദ്യം തീരുമാനിച്ചത്‌. പക്ഷേ നിലം പാട്ടത്തിനു കൊടുക്കാന്‍ പലരും തയ്യാറായില്ല. ഒടുവില്‍ ഒരു വിധത്തില്‍ 13 ഏക്കര്‍ സ്‌ഥലം പാട്ടത്തിനെടുത്തു കൃഷിയിറക്കി. അഞ്ചു സ്‌ത്രീകള്‍ കൂട്ടിനെത്തി. നിലമൊരുക്കലും വിത്തുവിതയ്‌ക്കലും കളപറിയ്‌ക്കലുമെല്ലാം അവര്‍ തനിയെ ചെയ്‌തു. ഒടുവില്‍ പാടത്ത്‌ കതിര്‍മണികള്‍ വിരിഞ്ഞു. ഗംഭീരമായ കൊയ്‌ത്തുത്സവം നടത്തി ആ വര്‍ഷം 400 ക്വിന്റല്‍ നെല്ലാണ്‌ യാസ്‌മിനും കൂട്ടുകാരും ചേര്‍ന്ന്‌ കൊയ്‌തെടുത്തത്‌.
പിന്നീട്‌ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏഴു വര്‍ഷം മുമ്പ്‌ 13 ഏക്കറില്‍ തുടങ്ങിയ ജൈവ കൃഷി ഇപ്പോള്‍ 1300 ഏക്കറിലേക്കു വ്യാപിച്ചു. പുതുമണ്ണില്‍ വീണ വിത്തു മുളയ്‌ക്കുന്നതു പോലെ പഞ്ചായത്തിലുടനീളം 136 സംഘക്കൃഷി ഗ്രൂപ്പുകളാണ്‌ ഈ യുവതിയുടെ നേതൃത്വത്തില്‍ രൂപീകരിച്ചത്‌. അതില്‍ 700 ഓളം സ്‌ത്രീകള്‍ കൃഷിപ്പണി ചെയ്‌ത് ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനോടൊപ്പം തങ്ങളുടെ വീട്ടിലേക്കാവശ്യമായ അരിയും പച്ചക്കറികളും പഴങ്ങളും സ്വയം ഉല്‍പാദിപ്പിക്കുന്നു.
തരിശുനിലം കൃഷിയ്‌ക്ക് ഉപയുക്‌തമാക്കി മാറ്റിക്കൊണ്ട്‌ അവിടെ കൃഷി ചെയ്‌ത് നെല്ലും പച്ചക്കറികളും പഴങ്ങളും ഉല്‍പാദിക്കുന്ന ഒരു വലിയ സാമൂഹിക ഉത്തരവാദിത്വം കൂടി ഇവര്‍ നിറവേറ്റുന്നുണ്ട്‌. ഹരിതകേരളം വീണ്ടെടുക്കുന്ന പ്രയത്നം. നെല്ലിനൊപ്പം, വാഴ, പയര്‍, വെണ്ട, ചീര, പാവയ്‌ക്ക, തണ്ണിമത്തന്‍, തക്കാളി, മത്തന്‍, കുമ്പളങ്ങ, വെള്ളരിക്ക, വഴുതനങ്ങ, ചേന, ചേമ്പ്‌, കാച്ചില്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ട്‌. തീര്‍ത്തും ജൈവവളം മാത്രം ഉപയോഗിച്ചാണ്‌ കൃഷി.
പഠനം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്ന യാസ്‌മിന്‍ ആ സങ്കടം തീര്‍ത്തത്‌ പത്താംതരം തുല്യതാ പരീക്ഷയെഴുതി 90 ശതമാനം മാര്‍ക്കു വാങ്ങി ജയിച്ചുകൊണ്ടായിരുന്നു. ഇപ്പോള്‍ പ്‌ളസ്‌ ടു പരീക്ഷയും ജയിച്ചു. ഇനി സോഷ്യോളജിയില്‍ ഡിഗ്രിയും പി.ജിയും ചെയ്യണം. പിന്നെ ഒരു ഡോക്‌ടറേറ്റും.
ഇന്ന്‌ അഞ്ഞൂറോളം വനിതാ കര്‍ഷകര്‍ അംഗങ്ങളായിട്ടുള്ള തെന്നല അഗ്രോ പ്ര?ഡ്യൂസര്‍ കമ്പനിയുടെ മാനേജിങ്ങ്‌ ഡയറക്‌ടറാണ്‌ യാസ്‌മിന്‍. 1300 ഏക്കറിലെ നെല്ല്‌ കമ്പനി മുഖേന ആവശ്യത്തിനു സംഭരിക്കും. കര്‍ഷകര്‍ക്ക്‌ ഉടന്‍ തന്നെ അതിന്റെ പണവും നല്‍കും. ബാക്കി സപ്‌ളൈക്കോ, വിവിധ മില്ലുകള്‍ക്കും നല്‍കും. സിഡി.എസ്‌ ചെയര്‍പേഴ്‌സണ്‍ സ്‌ഥാനത്തു നിന്നു മാറിയെങ്കിലും പഞ്ചായത്തില്‍ കുടുംബശ്രീയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും ഊര്‍ജം പകര്‍ന്നു കൊണ്ട്‌ എല്ലാവര്‍ക്കുമൊപ്പം യാസ്‌മിനുണ്ട്‌.

Ads by Google
Sunday 01 Jul 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW