വര്‍ഷങ്ങള്‍ക്കു മുമ്പ് മണി നായകനായി ചെയ്യാനിരുന്ന തീറ്ററപ്പായി എന്ന ചിത്രത്തില്‍ മണിയുടെ മരണശേഷം നായകനായെത്തുമ്പോള്‍ രാമകൃഷ്ണന്റെ മനസ്സ് നിറയെ മണിച്ചേട്ടനാണ്.
ആര്.എല്‍.വി. രാമകൃഷ്ണന് ദൈവമായിരുന്നു മണി. സാക്ഷാല്‍ കലാഭവന്‍ മണി. നര്‍ത്തകനെന്ന നിലയ്ക്ക് തനതായ ശ്രദ്ധ നേടിയ രാമകൃഷ്ണന് സ്വന്തം ഏട്ടന് തന്റെ എല്ലാമെല്ലാമായ മണിയേട്ടന് നടനാഞ്ജലിയൊരുക്കുകയാണ് രാമകൃഷ്ണന്.
വര്‍ഷങ്ങള്‍ക്കു മുമ്പ് മണി നായകനായി ചെയ്യാനിരുന്ന തീറ്ററപ്പായി എന്ന ചിത്രത്തില്‍ മണിയുടെ മരണശേഷം നായകനായെത്തുമ്പോള്‍ രാമകൃഷ്ണന്റെ മനസ്സ് നിറയെ മണിച്ചേട്ടനാണ്.
കലാഭവന്‍ മണിയുടെ രൂപവും ഭാവവും രാമകൃഷ്ണന് സിനിമയില്‍ അനുഗ്രഹമാവുകയാണ്. മോഹിനിയാട്ടത്തിന്റെ ലാവണ്യ ലാസ്യഭാവങ്ങളിലൂടെ സഞ്ചരിക്കുന്ന രാമകൃഷ്ണന് മണിയെപ്പോലെ മിന്നുന്ന വേഗത്തിലാണ് കഥാപാത്രത്തിന്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലുന്നത്.
മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റ് അംഗീകാരം നേടാനിരിക്കുമ്പോള് തീറ്ററപ്പായിയായി ശ്രദ്ധേയമായ അഭിനയം കാഴ്ചവയ്ക്കുന്ന രാമകൃഷ്ണന് ക്യാമറയുടെ മുന്നില്‍ അത്ഭുതം സൃഷ്ടിക്കുന്നു. തൃശൂരില്‍ലെ എരുമപ്പെട്ടിയില്‍ തീറ്ററപ്പായിയുടെ സെറ്റിലെ ഉച്ചഭക്ഷണ ഇടവേളയിലാണ് ആര്.എല്‍.വി. രാമകൃഷ്ണന് സിനിമാമംഗളത്തോട് മനസ്സ് തുറന്നത്.
? തീറ്ററപ്പായിയെപ്പറ്റി...
ഠ സത്യം പറഞ്ഞാല്‍ സിനിമയില്‍ നായകനാവേണ്ടി വരുമെന്ന് വിചാരിച്ചതല്ല. മണിച്ചേട്ടന് ജീവിച്ചിരിക്കുമ്പോള്‍ കഥ കേട്ട് അഭിനയിക്കാന്‍ തീരുമാനിച്ച സിനിമയാണിത്. മണിച്ചേട്ടന്റെ അഭാവത്തില്‍ ഞാന്‍ അഭിനയിക്കണമെന്ന് സംവിധായകനും അണിയറപ്രവര്‍ത്തകരുമൊക്കെ ആവശ്യപ്പെട്ടപ്പോള്‍ വേണ്ടെന്നുവയ്ക്കാന്‍ തോന്നിയില്ല. ചേട്ടനെ മനസില്‍ വിചാരിച്ച് ഞാന്‍ തയാറാവുകയായിരുന്നു.
? ക്യാമറയുടെ മുന്നിലെത്തുമ്പോള്‍ കലാഭവന്‍ മണിയുടെ മാനറിസങ്ങള്‍ ഫീല്‍ ചെയുന്നുണ്ടല്ലോ...
ഠ ശരിയാണ്. ഞാന്‍ ഡയലോഗ് പറഞ്ഞ് ക്യാമറയുടെ മുന്നില്‍ കഥാപാത്രമായി അഭിനയിച്ചു തുടങ്ങിയപ്പോള്‍തന്നെ മണിച്ചേട്ടന്റെ നല്ല സാദൃശ്യമുണ്ടെന്ന് യൂണിറ്റിലുള്ളവര്‍ പറഞ്ഞു. നല്ല വാക്കുകള്‍ അനുഗ്രഹമായാണ് ഞാന്‍ കാണുന്നത്. എന്റെ കൂടപ്പിറപ്പല്ലേ... ഭാവത്തിലും രൂപത്തിലും ചിരിയിലുമൊക്കെ ചെറുതായി ചില സമാനതകള്‍ ഉണ്ടെന്നറിയുന്നതില്‍ ഏറെ സന്തോഷമുണ്ട്.
? കലാഭവന്‍ മണിയുടെ അദൃശ്യമായ സാന്നിധ്യം ഫീല്‍ ചെയ്യുന്നുണ്ടോ...
ഠ തീര്‍ച്ചയായും. ക്യാമറയുടെ മുന്നിലെത്തും മുമ്പ് തന്നെ കഥ ഇഷ്ടപ്പെട്ടതിനൊപ്പം ഞാന്‍ ചെയ്യുന്ന കഥാപാത്രത്തെക്കുറിച്ച് പൂര്‍ണ്ണമായും മനസ്സിലാക്കിയിരുന്നു. ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം രാവിലെ മണിച്ചേട്ടന്റെ സമാധിക്കു മുന്നില്‍ ചെന്ന് മനസ്സറിഞ്ഞ് പ്രാര്‍ത്ഥിച്ചു. അതുകൊണ്ടുതന്നെ ഓരോ സീനും ചെയ്യുമ്പോള്‍ മണിച്ചേട്ടന്റെ ബ്ലെസിംഗ്സ് എനിക്കുണ്ടെന്ന് തോന്നി. അതുകൊണ്ടുതന്നെയാവാം അഭിനയവും നൃത്തവുമൊക്കെ നന്നായി വരുന്നത്.
? കലാഭവന്‍ മണിയുടെ അനിയനെന്ന നിലയില്‍ സിനിമാമോഹം മനസ്സിലുണ്ടായിരുന്നോ...
ഠ പഠിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടെ സിനിമ ആവേശമായിരുന്നില്ല. ചെറുപ്പത്തില്‍ ചേട്ടനൊപ്പം സെറ്റുകളില്‍ പോവുകയും ചെറിയ റോളുകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മനസഗുഡി മന്നാടിയാര്‍, ക്വട്ടേഷന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ചേട്ടന്റെ കൂടെ പോയി അഭിനയിച്ചിരുന്നു.
മണിച്ചേട്ടന് നിര്‍ദ്ദേശിച്ചതനുസരിച്ച് അഭിനയിച്ച ചിത്രമാണ് ബാംബു ബോയ്സ്. ചെറിയ റോളാണെങ്കിലും 15 ദിവസം സെറ്റില്‍ നിന്നു. എന്നെ നന്നായി പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണമെന്നായിരുന്നു ചേട്ടന്റെ ആഗ്രഹം.
? നൃത്തരംഗത്തേക്ക് കടക്കാനുണ്ടായ സാഹചര്യം...
ഠ മണിച്ചേട്ടന് മിമിക്രിയിലും മോണോ ആക്ടിലും ശ്രദ്ധ പതിപ്പിച്ച് മുന്നേറിയപ്പോള്‍ ഞാന്‍ നൃത്തത്തില്‍ മനസ്സര്‍പ്പിച്ചു. ചാലക്കുടി ഈസ്റ്റ് യു.പി. സ്കൂളില്‍ പഠിക്കുമ്പോള്‍ അടച്ചിട്ട ക്ലാസ് മുറിയില്‍ പെണ്‍കുട്ടികള്‍ക്ക് ടീച്ചര്‍ ഡാന്‍സ് പഠിപ്പിച്ചുകൊടുക്കുന്നത് ജനാലയിലൂടെ കണ്ടാണ് ഞാന്‍ സ്റ്റെപ്പുകള്‍ പഠിച്ചത്. അന്നെനിക്ക് പതിനൊന്ന് വയസായിരുന്നു.
ജനലിലൂടെ എത്തിനോക്കുമ്പോള്‍ മണിച്ചേട്ടന് എന്നെ പൊക്കിയെടുത്ത് ഡാന്‍സ് പഠിപ്പിക്കുന്നത് മുഴുവനായി കാണിക്കുമായിരുന്നു. അക്കൊല്ലം യുവജനോത്സവത്തില്‍ പങ്കെടുക്കേണ്ട ഒരു പെണ്‍കുട്ടി വരാതിരുന്നപ്പോള്‍ ഡാന്‍സ് കണ്ടുപഠിച്ച എന്നെ ടീച്ചര്‍ സ്റ്റേജില്‍ കയറ്റുകയായിരുന്നു.
? നൃത്തം പൂര്‍ണമായും മനസ്സിലുള്ളതുകൊണ്ടാണോ തൃപ്പൂണിത്തുറ ആര്.എല്‍.വി. കോളജിലെത്തിയത്...
ഠ അതെ. തൃപ്പൂണിത്തുറ ആര്.എല്‍.വി. കോളജിലെ പഠനമാണ് എന്നെ നൃത്തത്തോട് അടുപ്പിച്ചത്. മോഹിനിയാട്ടത്തിലായിരുന്നു ഞാന്‍ ശ്രദ്ധ പതിപ്പിച്ചത. എം.ജി. യൂണിവേഴ്സിററിയില്‍ മോഹിനിയാട്ടം പി.ജി. ഒന്നാംറാങ്ക് എനിക്കായിരുന്നു.
2002-ല്‍ നടന്ന യൂണിവേഴ്സിറ്റി കലോത്സവത്തില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, പ്രച്ഛന്നവേഷം, ഓട്ടന്തുള്ളല് എന്നിവയിലേകക് തെരഞ്ഞെടുത്തു. പങ്കെടുത്താല്‍ കലാപ്രതിഭാ പട്ടം ഉറപ്പായിരുന്നു. ചേട്ടനോട് പറഞ്ഞപ്പോള്‍ 'കലാപ്രതിഭയല്ല വേണ്ടത്. പഠിച്ച് നല്ലൊരു ജോലി നേടാന്‍ നോക്ക്' എന്നായിരുന്നു മറുപടി.
എന്നാല്‍ ഞാന്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ അല്പം സാമ്പത്തികം വേണമായിരുന്നു. മണിച്ചേട്ടന് എനിക്കു തന്നിരുന്ന കൈ ചെയിന്‍ വിറ്റാണ് ഞാന്‍ ആവശ്യമായ സാധനങ്ങള്‍ വാങ്ങിയത്.
കരുമാടിക്കുട്ടന്റെ ഷൂട്ടിംഗ് സമയമായിരുന്നു യൂണിവേഴ്സിറ്റി കലോത്സവത്തില്‍ മണിയുടെ അനിയന് ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും ഉള്‍പ്പെടെയുള്ള ഇനങ്ങളില്‍ ഒന്നാംസ്ഥാനമെന്ന് പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നു. കോട്ടയം സി.എം.എസ്. കോളജില്‍ നടന്ന കലോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ ചീഫ് ഗസ്റ്റ് നടന് മുരളിച്ചേട്ടനായിരുന്നു.
ഞാന്‍ സമ്മാനം വാങ്ങാന്‍ സ്റ്റേജില്‍ കയറുമ്പോള്‍ സദസിന്റെ പിന്നില്‍നിന്ന് ഒരു ആരവം. മണിച്ചേട്ടന് വേദിയിലേക്ക് വരുകയായിരുന്നു. സ്വന്തം കാലില്‍ നില്ക്കണമെന്നു കരുതി ഇവന് ആവശ്യപ്പെട്ടതൊന്നും താന്‍ വാങ്ങിച്ചു നല്‍കിയില്ലെന്നു പറഞ്ഞ് മണിച്ചേട്ടന് വേദിയില്‍വച്ച് എന്നെ കെട്ടിപ്പിടിച്ചു. പിന്നീട് ചേട്ടന്റെ പ്രോത്സാഹനം എന്നുമുണ്ടായിരുന്നു.
? രാമകൃഷ്ണനെക്കുറിച്ച് ചേട്ടന്റെ സ്വപ്നമെന്തായിരുന്നു
ഠ ഞാനൊരു സര്‍ക്കാര്‍ ജോലിക്കാരനായി മാറണമെന്നായിരുന്നു മണിച്ചേട്ടന്റെ സ്വപ്നം. അതുകൊണ്ടുതന്നെ പഠിത്തം കഴിഞ്ഞതും തൃപ്പൂണിത്തുറ ആര്.എല്‍.വി. കോളജില്‍ നാലുവര്‍ഷം ഗസ്റ്റ് ലക്ചറായിരുന്നു. തുടര്‍ന്ന് കേരള കലാമണ്ഡലത്തില്‍നിന്ന് മോഹിനിയാട്ടത്തില്‍ എം.ഫില്‍ ഒന്നാംറാങ്കോടെ പാസായി. കേരള കലാമണ്ഡലത്തില്‍ ഡാന്‍സ് ഡിപ്പാര്ട്ടുമെന്റില് ലക്ചററായും ജോലി ചെയ്തു.
പിന്നെ മോഹിനിയാട്ടത്തില്‍ പി.എച്ച്.ഇ.ഡി. ചെയ്തു. ആട്ടത്തിലെ ആണ്‍വഴികള്‍ എന്ന വിഷയത്തെക്കുറിച്ചാണ് പി.എച്ച്.ഇ.ഡി. ചെയ്തത്. തീസിസ് സമര്‍പ്പിച്ചുകഴിഞ്ഞു. വരുന്ന മാസം ഡോക്ടറേറ്റ് ലഭിക്കും. യു.ജി.സി. നെറ്റ് പാസായി മണിച്ചേട്ടന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനുള്ള പരിശ്രമമാണ് ഞാന്‍ നടത്തുന്നത്.
? സഹോദരന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടു വന്നതിന്റെ പേരില്‍ രാമകൃഷ്ണന് ഒരുപാട് ആരോപണങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നല്ലോ...
ഠ മണിച്ചേട്ടന് ഇപ്പോഴൊന്നും മരിക്കേണ്ട ആളല്ല. മരിച്ചിട്ട് രണ്ടുവര്‍ഷം പിന്നിട്ടെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എന്റെ കൈയിലുണ്ട്. മണിച്ചേട്ടന്റെ മരണത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണം വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ പലരും എന്നെ മാനസികമായി വല്ലാതെ വേദനിപ്പിച്ചു.
സാമ്പത്തിക നേട്ടമുണ്ടാക്കാനാണെന്നും ഷൈന്‍ ചെയ്യാനാണെന്നും വരെ പറഞ്ഞവരുണ്ട്. പക്ഷേ മണിച്ചേട്ടന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ. ഏറ്റടുത്തതോടെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുമെന്ന പ്രതീക്ഷയുണ്ട്.
? കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായി എന്തെങ്കിലും ചെയ്യുന്നുണ്ടോ...
ഠ മണിച്ചേട്ടന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ നിര്‍മ്മിച്ച അച്ഛന്റെ പേരിലുള്ള രാമന് സ്മാരക കലാമന്ദിരമുണ്ട്. അതിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനുള്ള ശ്രമത്തിലാണ്. മാത്രമല്ല, ഇവിടെ നൃത്തം പഠിക്കാന്‍ ധാരാളം കുട്ടികള്‍ വരുന്നുണ്ട്. പിന്നെ നിര്‍ധനരായ കുട്ടികളെയും പഠിപ്പിക്കുന്നുണ്ട്. മണിച്ചേട്ടന് തുടങ്ങിവച്ച പല കാര്യങ്ങളും നിലനിര്‍ത്തണമെന്നുണ്ട്.
? സിനിമയില്‍ വിജയം കൈവരിക്കാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ...
ഠ മണിച്ചേട്ടനെ സ്നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. ഞാന്‍ സിനിമയിലെത്തിയതിനു പിന്നില്‍ അവരുടെ കൂടി ആത്മാര്‍ത്ഥമായ സ്നേഹവും പിന്തുണയുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അതുകൊണ്ടുതന്നെ കലാഭവന്‍ മണിയുടെ അനിയന്നെ നിലയില്‍ സിനിമയില്‍ നിലനില്ക്കാന് കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. അഭിനയിക്കാനുള്ള കഴിവും താളബോധവും ഉണ്ടെന്നാണ് തീറ്ററപ്പായിയിലെ അണിയറപ്രവര്‍ത്തകരൊക്കെ പറയുന്നത്. പ്രേക്ഷകര്‍ നിറഞ്ഞ മനസോടെ സ്വീകരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
? വിവാഹം അടുത്തുണ്ടാവുമോ....
ഠ വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ടില്ല. സിനിമയില്‍ നിലനില്ക്കണമെന്നും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കണമെന്നുമാണ് ആഗ്രഹം. അതിനുശേഷമായിരിക്കും വിവാഹം.
-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: പ്രഭുലാല്‍