തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത താരസംഘടന അമ്മയുടെ നിലപാട് തെറ്റാണെന്നും എന്നാല്‍ അതിന്റെ പേരില്‍ സംഘടനയില്‍ അംഗങ്ങളായ ഇടത് ജനപ്രതിനിധികളെ ഒറ്റതിരിച്ച് ആക്രമിക്കുന്നത് അംഗീകരിക്കില്ലെന്നും സി.പി.എം. ഇന്നലെ ചേര്‍ന്ന സി.പി.എം. സെക്രട്ടേറിയറ്റ് യോഗമാണ് അമ്മയിലെ വിവാദങ്ങള്‍ ചര്‍ച്ചചെയ്തത്.
അമ്മയിലെ അംഗങ്ങളും ഇടത് ജനപ്രതിനിധികളുമായ മുകേഷ്, ഇന്നസെന്റ്, ഗണേഷ്കുമാര് എന്നിവര്‍ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ സ്വീകരിച്ച നിലപാടിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് സി.പി.എം. പിന്തുണയുമായെത്തിയിട്ടുളളളത്. ദിലീപ് പ്രതിയായ കേസിലെ സാഹചര്യത്തില്‍ ഒരു മാറ്റവും വരാതെ അമ്മയിലേക്കു തിരിച്ചെടുത്ത നടപടി തെറ്റാണ്. ഒരു സംഘം നടികള്‍ അമ്മയില്‍നിന്ന് രാജിവെയ്ക്കാനും പൊതുസമൂഹം അമ്മയെ രൂക്ഷമായി വിമര്‍ശിക്കാനും ഇടയാക്കിയത് ഈ നടപടിയാണ്.
സ്ത്രീസുരക്ഷയില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട ഒരു സംഘടന അതിന് കളങ്കം ചാര്‍ത്തിയെന്ന ആക്ഷേപത്തിന് ഇടയാവുന്നതാണ്തീരുമാനം. അമ്മ സ്ത്രീവിരുദ്ധ പക്ഷത്ത് നില്‍ക്കുന്നുവെന്ന ആക്ഷേപത്തിനിടയായ സംഭവം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഏതാനും ദിവസങ്ങളിലായി ഉയര്‍ന്നുവന്ന വിവാദങ്ങളും അതിലേക്കുനയിച്ച സംഭവങ്ങളും ദൗര്‍ഭാഗ്യകരമായിപ്പോയി. ഈ യാഥാര്‍ഥ്യം അമ്മ' ഭാരവാഹികള്‍ തിരിച്ചറിയണം.
സമൂഹമനഃസാക്ഷിയുടെ വിമര്‍ശനം ഉള്‍ക്കൊണ്ട് ഉചിതമായ തീരുമാനം െകെക്കൊള്ളുമെന്ന് പ്രതീക്ഷിയ്ക്കുന്നു. ഹീനമായ ആക്രമണത്തിന് ഇരയായ സ്ത്രീയുടെ വികാരം മാനിക്കാന്‍ എല്ലാവര്ക്കും ബാധ്യതയുണ്ട്. ഈ സാമൂഹികബോധം അമ്മ ഉള്‍ക്കൊള്ളാന്‍ തയാറാകുമെന്ന് കരുതുന്നുവെന്നും സെക്രട്ടേറിയറ്റ് യോഗം വ്യക്തമാക്കി.