Tuesday, November 13, 2018 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 02.14 AM

ആ ഫ്ലക്‌സ്‌ ബോര്‍ഡുകള്‍ ഇനി നീക്കം ചെയ്യപ്പെടട്ടെ

uploads/news/2018/06/229620/editorial.jpg

"ആ ഫ്ലക്‌സുകള്‍ നീക്കുമെന്ന്‌ കരുതുന്നു" ജര്‍മനി ഫുട്‌ബോള്‍ ലോകകപ്പ്‌ ടൂര്‍ണമെന്റില്‍ നിന്ന്‌ പുറത്തായപ്പോള്‍ കണ്ണൂര്‍ കലക്‌ടര്‍ മീര്‍ മുഹമ്മദ്‌ അലി ഫെയ്‌സ്‌ബുക്കിലൂടെ ജര്‍മനിയുടെ ആരാധകരോട്‌ അഭ്യര്‍ഥിച്ചത്‌ സൈബര്‍ലോകത്തില്‍ വലിയ ചര്‍ച്ചാവിഷയമായതാണ്‌. ലോകകപ്പ്‌ തുടങ്ങുന്നതിനു മുന്‍പുതന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളം വിവിധ ടീമുകളെ പിന്തുണച്ചുകൊണ്ട്‌ ഫ്ലക്‌സ്‌ ബോര്‍ഡുകള്‍ നിരന്നിരുന്നു. ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കു പിന്തുണ നല്‍കുന്നവയായിരുന്നു ഫ്ലക്‌സ്‌ ബോര്‍ഡുകള്‍. ഇതില്‍ ജര്‍മനി തോറ്റ്‌ പുറത്തായതോടെ അവരെ പിന്തുണയ്‌ക്കുന്ന ബോര്‍ഡുകള്‍ നീക്കിക്കൂടേ എന്നായിരുന്നു കലക്‌ടറുടെ ചോദ്യം. ലോകകപ്പ്‌ തുടങ്ങും മുന്‍പ്‌ തന്നെ കേരളത്തില്‍ ആഘോഷവും തുടങ്ങിയിരുന്നു. ലോകമെമ്പാടും ആഘോഷമുണ്ടെങ്കിലും കേരളത്തില്‍ കണ്ടതുമാതിരി നിലവിട്ട ആഘോഷം ഒരിടത്തുമുണ്ടായിരിക്കാനിടയില്ല. ഇതേക്കുറിച്ച്‌ മംഗളം പ്രസിദ്ധീകരിച്ച വാര്‍ത്താപരമ്പരയില്‍ വിശദീകരിച്ചിരുന്നു. താരങ്ങളോടും ടീമുകളോടുമുള്ള ആരാധനമൂലം നിരുപദ്രവകരമായ തമാശകളും ആഘോഷങ്ങളും ഉണ്ടായിരുന്നെങ്കിലും പരസ്‌പര വിദ്വേഷത്തിലൂന്നിയ ആരോപണങ്ങളും പരിഹാസങ്ങളും നാടുമുഴുവന്‍ നിരന്ന ഫ്ലക്‌സുകളില്‍ നിരന്നത്‌ ആരോഗ്യകരമായ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റിനെയല്ല കാണിക്കുന്നത്‌.

ഫുട്‌ബോള്‍ ആരാധകര്‍ അന്യോന്യം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതും സാമൂഹ്യമാധ്യമങ്ങളിലടക്കം വിദ്വേഷം വിളമ്പി സംഘര്‍ഷമുണ്ടാക്കുന്നതും ലോകകപ്പിന്റെ ഭാഗമായി കേരളത്തില്‍ കണ്ടു. താരങ്ങളുടെയും ടീമുകളുടെയും ആരാധകര്‍ തങ്ങളുടെ ആരാധനാപാത്രങ്ങളെ പ്രകീര്‍ത്തിക്കുക മാത്രമല്ല, മറ്റ്‌ താരങ്ങളെയും ടീമുകളെയും അപഹസിക്കുകയും ചെയ്‌തു. വംശീയവിദ്വേഷത്തിനെതിരേ സന്ദേശം പ്രചരിപ്പിക്കുന്ന ഫിഫയുടെ ടൂര്‍ണമെന്റിന്റെ പേരില്‍ കേരളത്തില്‍ ഫുട്‌ബോള്‍ ആസ്വാദകരുടെ ഇടയില്‍ ചേരിതിരിവുണ്ടായി. ചിലയിടങ്ങളില്‍ ഇതു സംഘര്‍ഷത്തിലേക്കും സംഘട്ടനത്തിലേക്കും വഴുതിവീണു.

പരിസ്‌ഥിതിക്ക്‌ വലിയ ഭീഷണിയൊരുക്കുന്ന ഫ്ലക്‌സ്‌ബോര്‍ഡുകള്‍ കേരളത്തിലേതു പോലെ മറ്റൊരിടത്തും ആരാധകര്‍ ഉയര്‍ത്തിയിട്ടുണ്ടാവില്ല. കൊച്ചു കൊച്ചുകൊച്ചു കവലകള്‍ തോറും ഒരേ ടീമിനു വേണ്ടി പോലും ഒന്നിലധികം ഫ്ലക്‌സുകള്‍ നിരന്നു. റെക്കോഡ്‌ ബുക്കില്‍ ഇടം നേടുന്നതരം കൂറ്റന്‍ ഫ്ലക്‌സുകളുമായി ആരാധകര്‍ നടന്നുപോകുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടിയിരുന്നു. ഇത്തരം ഫ്ലക്‌സ്‌ബോര്‍ഡുകള്‍ സ്‌ഥാപിച്ചവര്‍ക്കുള്ള ഉചിതമായ സന്ദേശമായിരുന്നു കണ്ണൂര്‍ കലക്‌ടറുടെ ഭാഗത്തുനിന്നുണ്ടായത്‌, ആവശ്യം കഴിയുമ്പോള്‍ അവ നീക്കം ചെയ്യുക. ജര്‍മനി പുറത്തായശേഷവും ജര്‍മന്‍ ആരാധകര്‍ ഉയര്‍ത്തിയ ഫ്ലക്‌സ്‌ബോര്‍ഡുകള്‍ ഇപ്പോഴും കേരളത്തില്‍ പലയിടത്തുമുണ്ട്‌. അവ കൊണ്ടുവച്ച ആരാധകര്‍ അതു നീക്കുന്നതാണ്‌ മാതൃകാപരം. ഇന്ന്‌ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുകയാണ്‌. ഇന്നുമുതല്‍ ഓരോ ടീമുകള്‍ പുറത്താകും. ഫ്ലക്‌സ്‌ ബോര്‍ഡുകളാല്‍ ആരാധിക്കപ്പെട്ട ടീമുകള്‍ പുറത്തായാല്‍ അവയ്‌ക്കുവേണ്ടി വച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ആരാധകര്‍ മുന്നോട്ടുവരുമെന്നാണ്‌ പ്രകൃതിയെ സ്‌നേഹിക്കുന്ന ഓരോരുത്തരുടെയും ആഗ്രഹം.

Ads by Google
Saturday 30 Jun 2018 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW