Thursday, June 13, 2019 Last Updated 2 Min 51 Sec ago English Edition
Todays E paper
Ads by Google
വ്യത്യസ്തരല്ല; ഇവര്‍ വ്യക്തിത്വമുള്ളവര്‍ / വി.പി. നിസാര്‍
Saturday 30 Jun 2018 02.13 AM

രണ്ടേ രണ്ടു മതം മാത്രം: അവന്‍ അഥവാ അവള്‍

നിര്‍ബന്ധിച്ചും അല്ലാതെയുമൊക്കെയുള്ള മതംമാറ്റങ്ങള്‍ വിവാദമാകുന്ന കാലമാണിത്‌. എന്നാല്‍, പരപ്രേരണ കൂടാതെ സ്വന്തം സ്വത്വവും വഴിയും തെരഞ്ഞെടുക്കുന്നവരാണു ട്രാന്‍സ്‌ജെന്‍ഡറുകള്‍. ഏതു മതത്തില്‍ ജനിച്ചാലും, ഉള്ളിലുള്ള ആണിനെ/പെണ്ണിനെ തിരിച്ചറിഞ്ഞ്‌ ജീവിതവിജയം കൈവരിച്ചവരില്‍ ശീതള്‍ ശ്യാമെന്ന സാമൂഹികപ്രവര്‍ത്തകയും സാറ ഷേഖ്‌ എന്ന മള്‍ട്ടി നാഷണല്‍ കമ്പനി ഉദ്യോഗസ്‌ഥയും മുന്‍പന്തിയിലാണ്‌.
uploads/news/2018/06/229619/opinion300618a.jpg

സമൂഹത്തിന്റെ മുഖ്യധാരയില്‍, വേറിട്ട വ്യക്‌തിത്വം പടുത്തുയര്‍ത്തിയവരാണു കേരളത്തിലെ അറിയപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍. മതത്തെച്ചൊല്ലി ആശങ്കയോ അസഹിഷ്‌ണുതയോ തെല്ലുമില്ലാതെ, യഥാര്‍ത്ഥ മതേതരായി ജീവിതം ആസ്വദിക്കുന്നവര്‍. അങ്ങനെ ജീവിതവിജയം കൈയെത്തിപ്പിടിച്ചവരില്‍ മുന്‍പന്തിയിലാണു ശീതള്‍ ശ്യാമും സാറ ഷേഖും.

വിശപ്പടക്കാന്‍ 150 രൂപ ദിവസക്കൂലിക്കു കെട്ടിടനിര്‍മാണത്തൊഴിലിനു പോയിരുന്ന ഭൂതകാലമുണ്ട്‌ ശീതള്‍ ശ്യാമെന്ന സാമൂഹികപ്രവര്‍ത്തകയ്‌ക്ക്‌. ആത്മഹത്യയുടെ വക്കില്‍നിന്നാണു ശീതള്‍ ജീവിതവിജയത്തിലേക്കു തനിയേ നടന്നുകയറിയത്‌. സാമ്പത്തികമായി പിന്നാക്കമുള്ള റോമന്‍ കത്തോലിക്കാ കുടുംബത്തിലാണു ശ്യാമായി ശീതളിന്റെ ജനനം. മാതാപിതാക്കളെക്കൂടാതെ മുതിര്‍ന്ന സഹോദരനുമടങ്ങിയ കുടുംബം.

ജനിച്ചതു കോഴിക്കോടാണെങ്കിലും തൃശൂര്‍ നെടുമ്പുഴയിലാണു കുടുംബവേരുകള്‍. മാതാപിതാക്കള്‍ എന്നും സഹോദരനുമായാണു ശ്യാമിനെ താരതമ്യം ചെയ്‌തിരുന്നത്‌. "ഞാന്‍ ജ്യേഷ്‌ഠനെപ്പോലെയല്ല, പെണ്‍കുട്ടികളെപ്പോലെയാണു പെരുമാറുന്നതെന്നു പറഞ്ഞ്‌ മാനസികമായും ശാരീരികമായും ഉപദ്രവിക്കുമായിരുന്നു. എന്നെ പുറത്തുകൊണ്ടുപോകാന്‍ മടിയായിരുന്നു. അഥവാ കൊണ്ടുപോയാലും നൂറു വിലക്കുകള്‍.

പെണ്‍കുട്ടികളെപ്പോലെ പെരുമാറരുത്‌, അധികസമയം കണ്ണാടിയില്‍ നോക്കരുത്‌...അങ്ങനെയങ്ങനെ. പള്ളിയില്‍പോലും കൊണ്ടുപോകാന്‍ മടിയായിരുന്നു. ഓര്‍ക്കാന്‍ ഒട്ടും സുന്ദരമല്ലാത്ത കുട്ടിക്കാലം. വീട്ടിലെ അവസ്‌ഥതന്നെയായിരുന്നു സ്‌കൂളിലും. അധ്യാപകരും വിദ്യാര്‍ഥികളുമെല്ലാം ഒറ്റപ്പെടുത്തി, പരിഹസിച്ചു. പലരും ഭ്രാന്താണെന്നുവരെ പറഞ്ഞു. ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളോടായിരുന്നു അടുപ്പം. ഇടയ്‌ക്ക്‌ എന്നെപ്പോലെ മറ്റൊരാള്‍ ക്ലാസിലേക്കു വന്നു. അയാളും സമാനദുഃഖിതനായിരുന്നു.

പെട്ടന്നുതന്നെ ഞങ്ങള്‍ സുഹൃത്തുക്കളായി. മറ്റുള്ളവര്‍ പരിഹസിച്ചപ്പോഴും സ്വന്തമായ ലോകത്തു ഞങ്ങള്‍ സന്തോഷം കണ്ടെത്തി. ട്യൂഷന്‍ ക്ലാസിലെ അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്‌. ഒരുമിച്ചു മരിക്കാന്‍വരെ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. അങ്ങനെ പഠനമെന്ന സ്വപ്‌നം ഒമ്പതാം ക്ലാസില്‍ അവസാനിപ്പിച്ചു. തൊഴിലന്വേഷിച്ച്‌ സുഹൃത്തിനൊപ്പം നഗരത്തിലെത്തിയപ്പോഴാണു ഞങ്ങളെപ്പോലെ കൂടുതല്‍പേരെ കാണാന്‍ സാധിച്ചത്‌".

തൊഴിലന്വേഷിച്ച്‌ എത്തിയിടത്തെല്ലാം പരിഹാസവും ഉപദ്രവങ്ങളുമായിരുന്നു. കെട്ടിടനിര്‍മാണത്തൊഴിലിനു പുറമേ അലുമിനിയം കമ്പനിയിലും സ്‌റ്റുഡിയോയിലും ജോലിചെയ്‌തു. ഇന്നു സമസ്‌തമേഖലയിലും ട്രാന്‍സ്‌ജെന്‍ഡറുകള്‍ കൈവരിച്ച അഭൂതപൂര്‍വമായ നേട്ടങ്ങള്‍ക്കു പിന്നില്‍ ശീതളിന്റെ കണ്ണീരും വിയര്‍പ്പുമുണ്ട്‌.

ജോലി നല്‍കാന്‍ തയാറായവരുടെയെല്ലാം ലക്ഷ്യം ചൂഷണമാണെന്നു മനസിലാക്കിതോടെ ബംഗളുരുവിലേക്കു കുടിയേറി. അവിടെ ഒരു ബന്ധുവിന്റെ കമ്പനിയില്‍ ജോലി ചെയ്യവേയാണു ലൈംഗികന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പൊരുതുന്ന സംഗമ എന്ന സംഘടനയിലെ പ്രവര്‍ത്തകരെ പരിചയപ്പെട്ടത്‌.

ഇടയ്‌ക്കൊന്നു നാട്ടിലെത്തിയെങ്കിലും ബംഗളുരുവിലേക്കുതന്നെ മടങ്ങി. ഭിക്ഷാടനവും ലൈംഗികത്തൊഴിലുമായിരുന്നു ട്രാന്‍സ്‌ജെന്‍ഡറുകളില്‍ ഏറെപ്പേരുടെയും വരുമാനമാര്‍ഗം. എന്നാല്‍, സ്വന്തം സ്വത്വബോധം തിരിച്ചറിയാനും അവകാശങ്ങളെക്കുറിച്ചു സംസാരിക്കാനും ബംഗളുരു ജീവിതം ശീതളിനെ പ്രാപ്‌തയാക്കി. ഇടയ്‌ക്കു ജ്വാല എന്ന സംഘടനയില്‍ ചേര്‍ന്ന്‌ ലൈംഗികന്യൂനപക്ഷങ്ങള്‍ക്കും എയ്‌ഡ്‌സ്‌ ബാധിതര്‍ക്കുമായി പ്രവര്‍ത്തിച്ചു. പല പദ്ധതികളുടെയും ഭാഗമായി.

കേരളത്തില്‍ മുമ്പത്തെക്കാള്‍ ട്രാന്‍സ്‌ജെന്‍ഡറുകളുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നു ശീതള്‍ പറയുന്നു. ഗ്രാമങ്ങളെക്കാള്‍, നഗരങ്ങളിലാണ്‌ ഈ സാമൂഹികാവബോധം കൂടുതലുള്ളത്‌. ലൈംഗികവിദ്യാഭ്യാസവും പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.എങ്കിലേ പരസ്‌പരബഹുമാനത്തില്‍ അധിഷ്‌ഠിതമായ സ്‌ത്രീ-പുരുഷബന്ധങ്ങളും ട്രാന്‍സ്‌ജെന്‍ഡറുകള്‍ ആരാണെന്ന അവബോധവും പുതുതലമുറയ്‌ക്കുണ്ടാകൂവെന്നു ശീതള്‍ ചൂണ്ടിക്കാട്ടി.

കേരളസര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നയം രൂപീകരിച്ചപ്പോള്‍ അതിനാവശ്യമായ പഠനം നടത്തിയതും നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതും ശീതളായിരുന്നു. 18 വര്‍ഷമായി സാമൂഹികപ്രവര്‍ത്തനത്തില്‍ സജീവമാണ്‌. വേള്‍ഡ്‌ സോഷ്യല്‍ ഫോറം (2004, 2006), ഇന്ത്യന്‍ സോഷ്യല്‍ ഫോറം (2007), ഇന്റര്‍നാഷണല്‍ ജെന്‍ഡര്‍ കോണ്‍ഫറന്‍സ്‌ (2016) എന്നിവയില്‍ വിഷയാവതരണം നടത്തി.

ട്രാന്‍സ്‌ സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ദേശ്‌, സംഗമ, ഫോംജ്വാല എന്നീ എന്‍.ജി.ഒകളില്‍ പ്രവര്‍ത്തിച്ചു. വോയ്‌സ്‌ സി.ബി.ഒ, ക്യൂര്‍ പ്രൈഡ്‌ കേരളം, എസ്‌.എം.എഫ്‌.കെ. സംഘടനകള്‍ സ്‌ഥാപിച്ചു. കേരളത്തിലെ ആദ്യ ട്രാന്‍സ്‌ ആധാര്‍ കാര്‍ഡ്‌, ആദ്യത്തെ ഐ.എഫ്‌.എഫ്‌.കെ. എന്‍ട്രി പാസ്‌ എന്നിവയെല്ലാം ശീതളിന്റെ പേരിലാണ്‌.

കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകളില്‍നിന്നുള്ള ആദ്യത്തെ മുഖ്യധാരാ പംക്‌തിയെഴുത്തുകാരിയും മറ്റാരുമല്ല. സംസ്‌ഥാന സാമൂഹികനീതിവകുപ്പിന്റെ 2016-ലെ ട്രാന്‍സ്‌ അച്ചീവര്‍ പുരസ്‌കാരം നേടി. നിലവില്‍ കേരള ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്‌റ്റിസ്‌ ബോര്‍ഡ്‌ അംഗം, പ്ലാനിങ്‌ ബോര്‍ഡ്‌ ഡ്രാഫ്‌റ്റ്‌ കമ്മിറ്റി അംഗം, ദ്വയ ട്രാന്‍സ്‌ജെന്‍ഡര്‍ കള്‍ച്ചറല്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ്‌, സംഗമയുടെ വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. കാബോഡി സ്‌കേപ്പ്‌, ആഭാസം എന്നീ മലയാളചലച്ചിത്രങ്ങളിലും നാലു ഹ്വസ്വചിത്രങ്ങളിലും അഭിനയിച്ചു.

തിരുവനന്തപുരത്തെ മാനവീയത്തില്‍ സംഘടിപ്പിച്ച, തെരുവുചലച്ചിത്രോത്സവം "നിഴലാട്ട"ത്തില്‍ ശീതള്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. കുക്കു ബാബു സംവിധാനം ചെയ്‌ത "അവളോടൊപ്പം" എന്ന ചിത്രത്തിലെ അഭിനയമികവിനായിരുന്നു അംഗീകാരം. നൃത്തം, അഭിനയം, മോഡലിങ്‌, എഴുത്ത്‌, സാമൂഹികസേവനം എന്നിവയാണു പ്രവര്‍ത്തനമേഖലകള്‍. 12 വര്‍ഷമായി, പങ്കാളിയായ സ്‌മിന്റേജിനൊപ്പം വിവാഹം കഴിക്കാതെ ജീവിക്കുന്നു.

**** സാറ കൈവരിച്ചത്‌ രാജ്യാന്തരവിജയം

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍നിന്നുള്ള കേരളത്തിലെ ആദ്യ ഐ.ടി. പ്രഫഷണലും ബഹുരാഷ്‌ട്രസ്‌ഥാപനത്തില്‍ ജോലി ലഭിച്ച രാജ്യത്തെ ആദ്യ ട്രാന്‍സ്‌ വുമണുമാണ്‌ കൊല്ലം സ്വദേശി സാറ ഷേഖ്‌. കൊല്ലത്തെ മുസ്ലിം യാഥാസ്‌ഥിതിക കുടുംബത്തില്‍ ആണ്‍കുട്ടിയായി ജനിച്ച സാറയ്‌ക്ക്‌ 10 വയസുള്ളപ്പോള്‍ പിതാവ്‌ മരിച്ചു. മാതാവ്‌ കൂലിപ്പണിയെടുത്താണു സാറയേയും മൂത്തസഹോദരിയേയും വളര്‍ത്തിയത്‌.

വീട്ടുകാര്‍ ആണ്‍കുട്ടിയായി വളര്‍ത്തിയപ്പോഴും ഉള്ളിലെ പെണ്‍മയെ സാറ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞു. എന്നാല്‍, ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും കഴിഞ്ഞില്ല. സമൂഹത്തില്‍ നേരിടുന്ന അപമാനമാണു വീട്ടുകാരുടെ പ്രശ്‌നമെന്നു ബോധ്യപ്പെട്ടതോടെ 23-ാംവയസില്‍ വീടുവിട്ടിറങ്ങി. ഇതോടെ ഫെയ്‌സ്‌ബുക്‌ സുഹൃത്തുക്കള്‍പോലും 800-ല്‍നിന്ന്‌ 80-ലേക്കു ചുരുങ്ങി. ഇപ്പോള്‍ 27 വയസുള്ള സാറ ഇതിനിടെ ബിരുദധാരിയായി. ആറുമാസം മുമ്പ്‌ ശസ്‌ത്രക്രിയ നടത്തി സ്‌ത്രീയായി.

നിലവില്‍ യു.എസ്‌.ടി. ഇന്റര്‍നാഷണല്‍ സോഫ്‌റ്റ്‌വേര്‍ കമ്പനിയിലെ സീനിയര്‍ എച്ച്‌.ആര്‍. അസോസിയേറ്റാണ്‌. വിദൂരവിദ്യാഭ്യാസ കോഴ്‌സില്‍ ചേര്‍ന്ന്‌ എല്‍എല്‍.ബിക്കു പഠിക്കുന്നു. ശസ്‌ത്രക്രിയ നടത്തിയശേഷം മാതാവ്‌ ഫോണില്‍ വിളിച്ചു. ഇപ്പോള്‍ സാറയ്‌ക്കൊപ്പം തിരുവനന്തപുരത്താണു താമസം. ശസ്‌ത്രക്രിയാവേളയില്‍ സഹായിച്ച മായ, ഗൗരി എന്നിവരോടും വീടുവിട്ടപ്പോള്‍ മാതൃസ്‌നേഹം പകര്‍ന്നുതന്ന സൂര്യമ്മ(സൂര്യ)യോടുമുള്ള കടപ്പാട്‌ വാക്കുകള്‍ക്കതീതമാണെന്നു സാറ പറയുന്നു.

ഏറെ ഇഷ്‌ടപ്പെടുന്ന മോഡലിങ്ങിലും കഴിവു തെളിക്കാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണു സാറ. നിലവില്‍ അഞ്ചക്കശമ്പളം വാങ്ങുന്നുണ്ടെങ്കിലും ഇനിയും ഏറെ മുന്നേറാനുണ്ട്‌. തന്നെ മനസിലാക്കാന്‍ കഴിയുന്ന ഒരാളെ ഭര്‍ത്താവായി ലഭിക്കുമെന്ന്‌ ഏതൊരു യുവതിയേയും പോലെ സാറയും പ്രതീക്ഷിക്കുന്നു. അതിനു ജാതിയും മതവുമൊന്നും പ്രശ്‌നമല്ല.

*** പഠനത്തില്‍ മുന്നേറുന്നത്‌ 145 ട്രാന്‍സ്‌ജെന്‍ഡറുകള്‍

സാക്ഷരതാ മിഷന്റെ നാല്‌, ഏഴ്‌, 10, ഹയര്‍ സെക്കന്‍ഡറി തുല്യതാവിഭാഗങ്ങളില്‍ സംസ്‌ഥാനത്താകെ 145 ട്രാന്‍സ്‌ജെന്‍ഡറുകളാണു പഠിക്കുന്നത്‌. (നാലാംതരം-15, ഏഴാംതരം-25, പത്താംതരം-61, ഹയര്‍ സെക്കന്‍ഡറി-44). സാക്ഷരതാ മിഷന്‍ തുടക്കം കുറിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ തുടര്‍വിദ്യാഭ്യാസപദ്ധതിയായ "സമന്വയ"യുമായി ചേര്‍ന്നാണു കോഴ്‌സുകള്‍.

അധ്യാപകര്‍ക്കുള്ള കൈപ്പുസ്‌തകത്തിന്റെ പ്രകാശനം കഴിഞ്ഞ ഫെബ്രുവരി 21-നു മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. ട്രാന്‍സ്‌ജെന്‍ഡറുകള്‍ പൊതുസമൂഹത്തിന്റെ ഭാഗമാണെന്നും സ്‌ത്രീക്കും പുരുഷനുമുള്ള തുല്യനീതിയും സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുവരുത്തുന്ന മറ്റവകാശങ്ങളും ലഭിക്കേണ്ടവരാണെന്നുമുള്ള അവബോധം അധ്യാപകര്‍ക്കുണ്ടാക്കാനാണു കൈപ്പുസ്‌തകമെന്നു സാക്ഷരതാ മിഷന്‍ ഡയറക്‌ടര്‍ ഡോ. പി.എസ്‌. ശ്രീകല പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികളോടു തുല്യതയോടെ പെരുമാറണം. വാക്കാലോ ആംഗികമായോ പ്രവൃത്തിയാലോ അധിക്ഷേപിക്കരുത്‌. വസ്‌ത്രധാരണം, ശാരീരികപ്രത്യേകതകള്‍, ഭാഷ, സംസാരരീതി തുടങ്ങിയ വ്യത്യസ്‌തതകള്‍ അംഗീകരിച്ചാകണം പഠിതാക്കളോട്‌ ഇടപെടേണ്ടത്‌. മുന്‍വിധി പാടില്ല. മറ്റു പഠിതാക്കളുമായി താരതമ്യപ്പെടുത്തരുത്‌.

മാനസികപിന്തുണയും അവശ്യസന്ദര്‍ഭങ്ങളില്‍ കൗണ്‍സലിങ്‌ പോലുള്ള സഹായവും നല്‍കണം തുടങ്ങിയ കാര്യങ്ങളാണ്‌ അധ്യാപകര്‍ക്കുള്ള കൈപ്പുസ്‌തകത്തിലുള്ളത്‌.

( തുടരും... )

Ads by Google
Ads by Google
Loading...
TRENDING NOW