Thursday, November 15, 2018 Last Updated 31 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 01.56 AM

ക്രിസ്‌റ്റ്യാനോ - യുറുഗ്വേ

uploads/news/2018/06/229598/s2.jpg

സോചി: ലോകകപ്പ്‌ ഫുട്‌ബോളില്‍ ഇന്നു നടക്കുന്ന രണ്ടാം പ്രീക്വാര്‍ട്ടറില്‍ ലോക ഫുട്‌ബോളര്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയും സംഘവും ലൂയിസ്‌ സുവാരസിന്റെ യുറുഗ്വേയെ നേരിടും.
കഴിഞ്ഞ യൂറോ കപ്പില്‍ കിരീടത്തിലേക്കു കുതിച്ച അതേ പ്രകടനം പുറത്തെടുക്കാനാണ്‌ പോര്‍ചുഗല്‍ ലക്ഷ്യമിടുന്നത്‌. അതേസമയം ലോകകപ്പിലെ നഷ്‌ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്‌ യുറുഗ്വേ.
റൊണാള്‍ഡോയുടെ ഒറ്റയാന്‍ പ്രകടനത്തിന്റെ ബലത്തില്‍ ബി ഗ്രൂപ്പില്‍ നിന്ന്‌ രണ്ടാം സ്‌ഥാനക്കാരായാണ്‌ പോര്‍ചുഗല്‍ വരുന്നത്‌. അതേസമയം ഗ്രൂപ്പ്‌ എയില്‍ എല്ലാ മത്സരങ്ങളും ജയിച്ച്‌ ഗ്രൂപ്പ്‌ ജേതാക്കളായാണ്‌ യുറുഗ്വേയുടെ മുന്നേറ്റം.
ഈ ലോകകപ്പിലെ ആദ്യ ത്രില്ലറില്‍ കരുത്തുറ്റ സ്‌പാനിഷ്‌ നിരയെ 3-3 എന്ന സ്‌കോറില്‍ സമനിലയില്‍ കുരുക്കിയാണ്‌ പോര്‍ചുഗല്‍ തുടങ്ങിയത്‌. രണ്ടാം മത്സരത്തില്‍ മൊറോക്കോയെ 1-0നും അവസാന മത്സരത്തില്‍ ഇറാനെ 1-1ന്‌ സമനിലയില്‍ തളയ്‌ക്കുകയും ചെയ്‌ത അവര്‍ മൂന്നു മത്സരങ്ങളില്‍ നിന്ന്‌ അഞ്ചു പോയിന്റാണ്‌ നേടിയത്‌.
അതേ സമയം യുറുഗ്വേ കളിച്ച മൂന്ന്‌ മത്സരവും ജയിച്ചാണ്‌ പ്രീക്വാര്‍ട്ടറില്‍ എത്തിയത്‌. ആദ്യ മത്സരത്തില്‍ മുഹമ്മദ്‌ സലയുടെ ഈജിപ്‌റ്റിനെ ഏകപക്ഷീയമായ ഒരുഗോളിന്‌ കീഴടക്കിയ അവര്‍ അടുത്ത മത്സരത്തില്‍ സൗദി അറേബ്യയേയും ഇതേ സ്‌കോറിന്‌ വീഴ്‌ത്തി. അവസാന മത്സരത്തില്‍ അതുവരെ മികച്ച പ്രകടനം കാഴ്‌ചവച്ച ആതിഥേയരായ റഷ്യയെ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ വീഴ്‌ത്തിയാണ്‌ സുവാരസും സംഘവും പോര്‍ചുഗലിനു മുന്നറിയിപ്പ്‌ നല്‍കിയത്‌.
ടീമിനെ മുന്നില്‍ നിന്ന്‌ നയിക്കുന്ന റൊണാള്‍ഡോയാണ്‌ പോര്‍ചുഗല്‍ ടീമിന്റെ കരുത്ത്‌. ഗ്രൂപ്പ്‌ ഘട്ടത്തില്‍ ടീം നേടിയ അഞ്ചു ഗോളുകളിലും നാലും സ്‌കോര്‍ ചെയ്‌തത്‌ റൊണാള്‍ഡോയായിരുന്നു. നിര്‍ണായക സമയത്ത്‌ ഗോള്‍കണ്ടെത്തുന്ന ക്വുറേസ്‌മയും ബാറിനു കീഴില്‍ റൂയി പട്രീഷ്യോയുടെ മിന്നുന്ന പ്രകടനവും അവര്‍ക്ക്‌ കരുത്തുപകരുന്നു.
ടീം ഗെയിമാണ്‌ യുറുഗ്വേയുടെ ശക്‌തി. ലൂയിസ്‌ സുവാരേസ്‌ , എഡിസണ്‍ കവാനി എന്നീ ലോകോത്തര സ്‌െ്രെടക്കര്‍മാരുടെ സാന്നിധ്യം ആണ്‌ അവരുടെ വജ്രായുധം. അദ്ധ്വാനിച്ച്‌ കളിക്കുന്ന നായകന്‍ ഡിഗോ ഗോഡിന്‍, പരിചയ സമ്പന്നനായ ക്രിസ്‌റ്റ്യന്‍ റോഡ്രിഗസ്‌, സൂപ്പര്‍ ഗോള്‍കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്‌ലേര എന്നിങ്ങനെ ഒരുപിടി മികച്ച താരങ്ങളുമുണ്ട്‌.
അര്‍ജന്റീന ലയണല്‍ മെസിയെയെന്ന പോലെ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയെ ഏറെ ആശ്രയിക്കുന്നതാണ്‌ പോര്‍ചുഗലിനെ വലയ്‌ക്കുന്നത്‌. റൊണാള്‍ഡോയ്‌ക്ക് പകരം വയ്‌ക്കാന്‍ മറ്റൊരു മികച്ച സ്‌ട്രൈക്കര്‍ ഇല്ലാത്തതും തിരിച്ചടിയാണ്‌.
നിര്‍ണായക അവസരങ്ങളില്‍ കളി മറക്കുന്നതും കളിക്കളത്തില്‍ മോശം പെരുമാറ്റം വഴി കാര്‍ഡ്‌ വാങ്ങിക്കൂട്ടുന്നതുമാണ്‌ യുറുഗ്വേയ്‌ക്കു പലപ്പോഴും തിരിച്ചടിയാകുന്നത്‌.
ഇതുവരെ രണ്ടു തവണയാണ്‌ ഇരുടീമും മുഖാമുഖം വന്നത്‌. ഒരെണ്ണത്തില്‍ പോര്‍ച്ചുഗല്‍ ജയിച്ചു. ഒരെണ്ണം സമനിലയായി. 1966ലും(3-0), 1972ലും(1-1) ആയിരുന്നു മത്സരങ്ങള്‍.

യുറുഗ്വേ താരങ്ങള്‍ക്ക്‌ ആര്‍ക്കും പരുക്കില്ല. ഗ്രൂപ്പ്‌ മത്സരങ്ങളിലെ അതേ ഇലവനെ തന്നെ നിലനിര്‍ത്താനാണ്‌ സാധ്യത.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ യുറുഗ്വേ താരമാകാന്‍ ലൂയിസ്‌ സുവാരേസിന്‌ ഇനി ഒരു ഗോള്‍ കൂടി മതി.
പോര്‍ച്ചുഗല്‍: താരങ്ങളാരും പരുക്കിന്റെ പിടിയിലല്ലെങ്കിലും ഗ്രൂപ്പ്‌ സ്‌റ്റേജില്‍ റൊണാള്‍ഡോ ഉള്‍പ്പെടെ ആറു താരങ്ങള്‍ മഞ്ഞക്കാര്‍ഡ്‌ കണ്ടത്‌ തലവേദനയാണ്‌.
ക്വുറേസ്‌മ ആദ്യ ഇലവനില്‍ തുടരും. അസുഖംമാറി മൗട്ടീഞ്ഞോയും ആദ്യ ഇലവനില്‍ എത്തിയേക്കും.

യുറുഗ്വേ: 4-4-2. സാധ്യതാ ഇലവന്‍: മുസ്‌ലിയേര, വരേല, ഗിമെനസ്‌, ഗോഡിന്‍, കസേറെസ്‌,നാന്‍ഡസ്‌, വെസിനോ, ബെന്റാന്‍കര്‍, റോഡ്രിഗസ്‌, സുവാരേസ്‌, കവാനി.

പോര്‍ചുഗല്‍: 4-4-2. സാധ്യതാ ഇലവന്‍: പട്രീഷാ്യേ,സെഡ്രിക്‌, പെപെ, ഫോണ്ടെ, ഗുരേരയ്രോ, ക്വുറേസ്‌മ, കര്‍വാലോ, മൗട്ടീഞ്ഞോ, മരിയോ, റൊണാള്‍ഡോ, ഗുയിഡസ്‌.

ഇനി പ്രീ ക്വാര്‍ട്ടര്‍

ലൈനപ്പ്‌ ഇങ്ങനെ:-

ഇന്ന്‌
ഫ്രാന്‍സ്‌ - അര്‍ജന്റീന
വൈകിട്ട്‌ 7.30 മുതല്‍
യുറുഗ്വേ - പോര്‍ചുഗല്‍
രാത്രി 11.30 മുതല്‍
നാളെ
സ്‌പെയിന്‍ - റഷ്യ
വൈകിട്ട്‌ 7.30 മുതല്‍
ക്ര?യേഷ്യ - ഡെന്‍മാര്‍ക്ക്‌
രാത്രി 11.30 മുതല്‍
തിങ്കളാഴ്‌ച
ബ്രസീല്‍ - മെക്‌സിക്കോ
വൈകിട്ട്‌ 7.30 മുതല്‍
ബെല്‍ജിയം - ജപ്പാന്‍
രാത്രി 11.30 മുതല്‍
ചൊവ്വാഴ്‌ച
സ്വീഡന്‍ - സ്വിറ്റ്‌സര്‍ലന്‍ഡ്‌
വൈകിട്ട്‌ 7.30 മുതല്‍
കൊളംബിയ - ഇംഗ്ലണ്ട്‌
രാത്രി 11.30 മുതല്‍

Ads by Google
Saturday 30 Jun 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW