Monday, February 18, 2019 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 01.56 AM

മെസി - ടീം ഫ്രാന്‍സ്‌

uploads/news/2018/06/229597/s1.jpg

കസാന്‍: ലോകം കാത്തിരിക്കുന്ന നിമിഷം. ലയണല്‍ മെസിയുടെ അര്‍ജന്റീനയും അന്റോയിന്‍ ഗ്രീസ്‌മാന്റെ ഫ്രാന്‍സും ഇന്നു രാത്രി 7:30ന്‌ കസാനില്‍ ഏറ്റുമുട്ടുന്നതോടെ 2018 ഫുട്‌ബോള്‍ ലോകകപ്പിന്റെ നോക്കൗട്ട്‌ റൗണ്ടിനു തുടക്കമാകും.
ആരാധകരുടെ നെഞ്ചിടിപ്പ്‌ കൂട്ടി അവസാന ഗ്രൂപ്പ്‌ മത്സരം വരെ അനിശ്‌ചിതത്വം നിലനിര്‍ത്തിയ ശേഷമാണ്‌ അര്‍ജന്റീന പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത്‌ ഉറപ്പാക്കിയത്‌. നൈജീരിയയ്‌ക്കെതിരായ അവസാന ഗ്രൂപ്പ്‌ മത്സരത്തില്‍ മെസിയുടെയും മാര്‍ക്കോസ്‌ റോഹോയുടെയും ഗോളുകളാണ്‌ അവരെ പ്രീക്വാര്‍ട്ടറിലേക്കു കടത്തിവിട്ടത്‌.
ഒന്നുവീതം വിജയവും സമനിലയും തോല്‍വിയുമായി ഗ്രൂപ്പ്‌ ഡിയില്‍ നിന്ന്‌ രണ്ടാമന്‍മാരായാണ്‌ അവര്‍ അവസാന 16-ല്‍ ഇടംനേടിയത്‌.
മറുവശത്ത്‌ ഇതുവരെ ആധികാരികമായിട്ടായിരുന്നു ഫ്രാന്‍സിന്റെ മുന്നേറ്റം. രണ്ടു ജയങ്ങളുമായി നേരത്തെ തന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച അവര്‍ അവസാന മത്സരം സമനിലയിലാക്കി ഏഴു പോയിന്റോടെ ഗ്രൂപ്പ്‌ ചാമ്പ്യന്മാരായാണ്‌ വരുന്നത്‌.
ഈ ലോകകപ്പിലെ ഫേവറൈറ്റുകളാണ്‌ ഇരുടീമുകളും. അതിനാല്‍ത്തന്നെ പോരാട്ടം തീപാറും. സമീപകാല ഫോം കണക്കിലെടുത്താല്‍ ഫ്രാന്‍സിനാണ്‌ അല്‍പം മുന്‍തൂക്കം; പക്ഷേ മറുവശത്ത്‌ അര്‍ജന്റീനയായതിനാല്‍ ഫ്രഞ്ച്‌ പടയ്‌ക്ക് അവസാന നിമിഷം വരെ പൊരുതിയേ കഴിയൂ.
ഗ്രൂപ്പ്‌ ബിയില്‍ ആധികാരിക മുന്നേറ്റമായിരുന്നു ഫ്രാന്‍സിന്റേത്‌. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ച അവര്‍ രണ്ടാം മത്സരത്തില്‍ പെറുവിനെ 1-0നും കീഴടക്കി പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കി.
ഇതോടെ മത്സരഫലത്തിനു പ്രസക്‌തിയില്ലാതായ മൂന്നാം മത്സരത്തില്‍ പ്രധാനതാരങ്ങള്‍ ഇല്ലാതെ ഇറങ്ങി ഡെന്‍മാര്‍ക്കിനെതിരേ ഗോള്‍രഹിത സമനില വഴങ്ങിയാണ്‌ പ്രീക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്‌.
മറുവശത്ത്‌ പുറത്താകലിന്റെ വക്കില്‍ നിന്ന്‌ ഫീനിക്‌സ് പക്ഷിയെപ്പോലെ കുതിച്ചുയര്‍ന്നാണ്‌ അര്‍ജന്റീനയുടെ വരവ്‌. ആദ്യ മത്സരത്തില്‍ കന്നിക്കാരയ ഐസ്‌ ലന്‍ഡിനോടു സമനില വഴങ്ങിയ അവര്‍ രണ്ടാം മത്സരത്തില്‍ ക്ര?യേഷ്യയോട്‌ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തോറ്റു.
ഇതോടെ പുറത്തേക്കുള്ള വാതില്‍പ്പടിയില്‍ എത്തിയ ആല്‍ബി സെലസ്‌റ്റുകള്‍ അവസാന ഗ്രൂപ്പ്‌ മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ചാണ്‌ കടന്നുകൂടിയത്‌.
ആദ്യ രണ്ട്‌ മത്സരങ്ങളിലും ദയനീയ പ്രകടനമായിരുന്നു മെസിയുടെയും സംഘത്തിന്റെയും എന്നാല്‍ മൂന്നാം മത്സരത്തില്‍ ഫോര്‍മേഷനും ലൈനപ്പും മാറ്റി അവസരത്തിനൊത്തുയര്‍ന്ന അര്‍ജന്റീന ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സൂചനയാണ്‌ നല്‍കിയത്‌.
ടീം ഗെയിമും പ്രായവുമാണ്‌ ഫ്രാന്‍സിന്റെ കരുത്ത്‌. ഫിനിഷിങ്ങില്‍ പിഴവുകള്‍ ഉണ്ടെങ്കിലും മികച്ച താരങ്ങളുടെ സാന്നിധ്യവും പ്രതിസന്ധികളില്‍ പതറാതെ പൊരുതുന്ന യുവനിരയും അവരുടെ പ്ലസ്‌ പോയിന്റുകളാണ്‌. ഗ്രീസ്‌മാന്‍, പോള്‍ പോഗ്‌ബ, കിലിയന്‍ എംബാപ്പെ, ഒളിവര്‍ ഗിറൗഡ്‌, എന്‍ കോളോ കാന്റെ എന്നിവരെല്ലാം ഫോമില്‍ തന്നെയാണ്‌.
ലയണല്‍ മെസി... ഈയൊരു സാന്നിദ്ധ്യമാണ്‌ അര്‍ജന്റീനയെ വ്യത്യസ്‌തമാക്കുന്നത്‌. നൈജീരിയയ്‌ക്കെതിരേ ഉജ്‌ജ്വല ഗോള്‍ നേടി മെസി ഫോം കണ്ടെത്തിയെന്ന സൂചന നല്‍കുകയും ചെയ്‌തു. മെസിക്കൊപ്പം എവര്‍ ബനേഗ, മാര്‍ക്കോസ്‌ റോഹോ, ഗോള്‍ കീപ്പര്‍ അര്‍മാനി, ഹാവിയര്‍ മഷറാനോ എന്നിവരും ഫോമിലേക്ക്‌ ഉയര്‍ന്നത്‌ അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
കരുത്ത്‌ തന്നെയാണ്‌ ഇരുടീമുകളുടെയും ദൗര്‍ബല്യവും. യുവത്വത്തിന്റെ പ്രസരിപ്പ്‌ കരുത്തിനൊപ്പം ഫ്രാന്‍സിന്‌ ആശങ്കയും സമ്മാനിക്കുന്നു. നോക്കൗട്ട്‌ റൗണ്ടിന്റെ സമ്മര്‍ദ്ദം യുവനിരയ്‌ക്ക് എത്രത്തോളം താങ്ങാനാകുമെന്നതിനെ ആശ്രയിച്ചിരിക്കും അവരുടെ മുന്നേറ്റം.
മറുവശത്ത്‌ ലയണല്‍ മെസിയെ കൂടുതല്‍ ആശ്രയിക്കുന്നതാണ്‌ അര്‍ജന്റീനയുടെ ദൗര്‍ബല്യം. മെസിയില്‍ നിന്നോ മെസിയിലേക്കായുള്ള പന്തിന്റെ ഗതി എതിരാളികള്‍ തടസപ്പെടുത്തിയാല്‍ ടീം ഒന്നടങ്കം പതറുന്നു. മെസിയെ പൂട്ടിയാല്‍ പകരമൊരാള്‍ കളിയുടെ നിയന്ത്രണമേറ്റെടുത്തില്ലെങ്കില്‍ അത്‌ അര്‍ജന്റീനയ്‌ക്ക് തിരിച്ചടിയാകും.
ഇതുവരെ 12 മത്സരങ്ങളില്‍ അര്‍ജന്റീനയും ഫ്രാന്‍സും മുഖാമുഖം വന്നിട്ടുണ്ട്‌. ഇതില്‍ ആറ്‌ തവണയും അര്‍ജന്റീനയ്‌ക്കായിരുന്നു ജയം. മൂന്നു മത്സരം സമനിലയായപ്പോള്‍ മൂന്നെണ്ണത്തില്‍ മാത്രമാണ്‌ ഫ്രാന്‍സിന്‌ ജയിക്കാനായത്‌.
ലോകകപ്പില്‍ ഇതുവരെ രണ്ടു തവണയാണ്‌ ഇരുകൂട്ടരും നേര്‍ക്കുനേര്‍ വന്നത്‌. 1930-ലും 1978-ലും. രണ്ടുതവണയും അര്‍ജന്റീനയ്‌ക്കായിരുന്നു ജയം. ഈ രണ്ട്‌ തവണയും അര്‍ജന്റീന ഫൈനലില്‍ എത്തിയിരുന്നു. 1978-ല്‍ അര്‍ജന്റീനയോട്‌ തോറ്റ ശേഷം ഫ്രാന്‍സ്‌ ലോകകപ്പില്‍ ഒരു തെക്കേ അമേരിക്കന്‍ ടീമിനോട്‌ തോറ്റിട്ടുമില്ല.
സാമുവല്‍ ഉംറ്റിറ്റിയുടെ പരുക്ക്‌ ഫ്രാന്‍സിനു തലവേദനയാണ്‌. സ്‌ഥിതി ഗുരുതരമല്ലെന്നും താരം ഇന്ന്‌ കളിച്ചേക്കുമെന്നും ടീം അധികൃതര്‍ പറയുന്നുണ്ടെങ്കിലും കോച്ച്‌ ദിദിയര്‍ ദെഷാംപ്‌സ് മനസുതുറന്നിട്ടില്ല. അതേസമയം പരുക്കിനെ തുടര്‍ന്ന്‌ പുറത്താതയിരുന്ന പ്രതിരോധ താരം ബെഞ്ചമിന്‍ മെന്‍ഡി ഇലവനില്‍ തിരിച്ചെത്തും.
മറുവശത്ത്‌ അര്‍ജന്റീന അവസാന ഗ്രൂപ്പ്‌ മത്സരത്തില്‍ നൈജീരിയയ്‌ക്ക് എതിരേ ഇറക്കിയ ഇലവനെ തന്നെ നിലനിര്‍ത്താനാണ്‌ സാധ്യത. ടീമില്‍ ആര്‍ക്കും പരുക്കില്ലെന്നതും കോച്ച്‌ ഹോര്‍ഗെ സാംപോളിക്ക്‌ ആശ്വാസം പകരുന്നു.
ഫ്രാന്‍സ്‌: (4-2-3-1), സാധ്യതാ ഇലവന്‍: ലോറിസ്‌, പവര്‍ദ്‌, വരാനെ, കിംപെംബെ, മെന്‍ഡി, പോഗ്‌ബ, കാന്റെ, എംബാപ്പെ, ഗ്രിസ്‌മാന്‍, ലെമര്‍, ഗിറൗഡ്‌.
അര്‍ജന്റീന: (4-3-3): സാധ്യതാ ഇലവന്‍: അര്‍മാനി, മെര്‍ക്കാഡോ, ഓട്ടാമെന്‍ഡി, റോഹോ, തഗ്ലിയാഫിക്കോ, ബനേഗ, മഷരാനോ, മെസ, മെസി, ഹിഗ്വയിന്‍, ഡി മരിയ.

Ads by Google
Saturday 30 Jun 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW