Wednesday, November 14, 2018 Last Updated 24 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 01.51 AM

പഞ്ചായത്ത്‌ വകുപ്പില്‍ കുത്തിത്തിരുകല്‍ , മണ്ണുംചാരി നിന്നവര്‍ക്ക്‌ ഗുഡ്‌ സര്‍വീസ്‌ എന്‍ട്രി

uploads/news/2018/06/229584/k2.jpg

തിരുവനന്തപുരം : പഞ്ചായത്ത്‌ വകുപ്പില്‍ സ്‌ഥലംമാറ്റത്തിനു പുറമേ ഗുഡ്‌ സര്‍വീസ്‌ എന്‍ട്രിയിലും അഴിമതി. മികച്ച പ്രവര്‍ത്തനം നടത്തിയ പഞ്ചായത്തുകളെ തഴഞ്ഞു. വേണ്ടപ്പെട്ടവരെ കുത്തിനിറച്ച്‌ കഴിഞ്ഞദിവസം രാത്രി ഇറങ്ങിയ ഗുഡ്‌ സര്‍വീസ്‌ എന്‍ട്രി പട്ടികയ്‌ക്കെതിരേ മറ്റു ജീവനക്കാര്‍ വിജിലന്‍സിനെ സമീപിക്കാനൊരുങ്ങുന്നു.
100% നികുതി പിരിച്ച പഞ്ചായത്തുകള്‍ക്കെല്ലാം ഗുഡ്‌ സര്‍വീസ്‌ എന്‍ട്രി നല്‍കുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും പാഴായി. പഞ്ചായത്ത്‌ ഡയറക്‌ടര്‍ പി. മേരിക്കുട്ടി ഇന്നു വിരമിക്കാനിരിക്കേയാണു പുതിയ വിവാദം. ഗ്രാമപഞ്ചായത്തുകളിലെ സ്‌ഥലംമാറ്റം നേരത്തേ വന്‍വിവാദമായിരുന്നു. രാപകലന്യേ അധ്വാനിക്കുന്ന സെക്രട്ടറിമാരെയും അക്കൗണ്ടന്റുമാരെയും ഒഴിവാക്കി, ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫീസില്‍ തപാല്‍പണി ചെയ്യുന്നയാള്‍ക്ക്‌ ഗുഡ്‌ സര്‍വീസ്‌ എന്‍ട്രി നല്‍കി. സംസ്‌ഥാനത്തെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട കോട്ടയം ജില്ലയിലെ അയ്‌മനവും പട്ടികയ്‌ക്കു പുറത്തായി. അയ്‌മനം ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിയും മറ്റു ജീവനക്കാരും "ഗുഡ്‌ ബുക്കി"ല്‍ ഇടംനേടിയില്ല. 100% നികുതി പിരിച്ച പഞ്ചായത്തിലെ ജീവനക്കാരും പുറത്തായി.
ആകെ 26 പേര്‍ക്കാണു ഗുഡ്‌ സര്‍വീസ്‌ എന്‍ട്രി ലഭിച്ചത്‌. ഇതില്‍ ഏറെയും മലപ്പുറം ജില്ലയ്‌ക്കാണ്‌-10 എണ്ണം. കാസര്‍ഗോഡ്‌-ഏഴ്‌, കോഴിക്കോട്‌, കൊല്ലം-മൂന്നുവീതം, കണ്ണൂര്‍, ഇടുക്കി, കോട്ടയം-ഓരോന്ന്‌. ഈ ജില്ലകളില്‍ത്തന്നെ ഏറ്റവും മികച്ച പ്രകടനം നടത്തിയ പഞ്ചായത്തുകള്‍ ഒഴിവാക്കപ്പെട്ടു.
ഓരോ ജില്ലയിലെയും പ്രകടനം വിലയിരുത്തി, പെര്‍ഫോമന്‍സ്‌ ഓഡിറ്റര്‍ റിപ്പോര്‍ട്ടര്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫീസുകളില്‍ നല്‍കിയശേഷം അവിടെനിന്നു ഡയറക്‌ടറേറ്റില്‍ അയച്ചാണു ഗുഡ്‌ സര്‍വീസ്‌ എന്‍ട്രി പട്ടികയുണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നത്‌. എന്നാല്‍ പല ജില്ലകളില്‍നിന്നും അയച്ച പട്ടികകള്‍ പഞ്ചായത്ത്‌ ഡയറക്‌ടറേറ്റില്‍ എത്തിയപ്പോള്‍ മാറിമറിഞ്ഞു. ചില ജില്ലകളില്‍ മികച്ച പ്രകടനം നടത്തിയ പഞ്ചായത്തുകളെ ഒഴിവാക്കിയ സൂപ്രണ്ടുമാര്‍ സ്വന്തം പേരാണു ഗുഡ്‌ സര്‍വീസ്‌ എന്‍ട്രിക്കായി ശിപാര്‍ശ ചെയ്‌തത്‌.
കഴിഞ്ഞ 23-ന്‌ അയ്‌മനം ഗ്രാമപഞ്ചായത്ത്‌ സന്ദര്‍ശിച്ച ഡയറക്‌ടര്‍ പി. മേരിക്കുട്ടി ജീവനക്കാരുടെ പ്രവര്‍ത്തനത്തെ മുക്‌തകണ്‌ഠം പ്രശംസിച്ചിരുന്നു. "ഒരു പഞ്ചായത്തിന്‌ എങ്ങനെ പ്രവര്‍ത്തിക്കാനാകുമെന്നു മനസിലാക്കാന്‍ കഴിഞ്ഞു. ഇത്‌ എല്ലാ പഞ്ചായത്തിലും നടപ്പാക്കിയാല്‍ നമ്മുടെ കേരളം സ്വര്‍ഗമാകും" എന്നിങ്ങനെയാണ്‌ അവര്‍ റഫറന്‍സ്‌ ബുക്കില്‍ കുറിച്ചത്‌. എന്നിട്ടും ഗുഡ്‌ സര്‍വീസ്‌ പട്ടികയില്‍ അയ്‌മനം പുറത്തായി. പകരം, റിപ്പോര്‍ട്ട്‌ നല്‍കേണ്ട ജില്ലാപഞ്ചായത്ത്‌ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടാണു ഗുഡ്‌ സര്‍വീസ്‌ എന്‍ട്രിക്ക്‌ അര്‍ഹനായത്‌. മലപ്പുറത്തു നടന്ന പഞ്ചായത്ത്‌ ദിനാഘോഷവേളയിലും സ്വയം ഉയര്‍ത്തിക്കാട്ടി ഇദ്ദേഹം മന്ത്രിയുടെയും മറ്റും പ്രശംസ പിടിച്ചുപറ്റിയിരുന്നു. അയ്‌മനം പഞ്ചായത്ത്‌ നിര്‍ദേശിച്ച പേരുകളൊന്നും ഡയറക്‌ടറേറ്റിലേക്ക്‌ അയച്ചില്ലെന്ന്‌ ആരോപണമുണ്ട്‌. ഇടുക്കി ജില്ലയിലും അര്‍ഹതയുള്ള സെക്രട്ടറിയെ ഒഴിവാക്കി.
ഏറ്റവും കൂടുതല്‍ ഗുഡ്‌ സര്‍വീസ്‌ എന്‍ട്രി ലഭിച്ച മലപ്പുറം, കോഴിക്കോട്‌ ജില്ലകളില്‍, ജില്ലാപഞ്ചായത്തുകള്‍ നല്‍കിയ പട്ടിക ഡയറക്‌ടറേറ്റില്‍ മുക്കുകയാണു ചെയ്‌തത്‌.
സംസ്‌ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍ക്കായി 66 പെര്‍ഫോമന്‍സ്‌ ഓഡിറ്റിങ്‌ യൂണിറ്റുകളാണുള്ളത്‌. ഓരോന്നിനും കീഴില്‍ പതിനഞ്ചിലേറെ പഞ്ചായത്തുകള്‍ ഉള്‍പ്പെടും. ഇവ ഒറ്റ യൂണിറ്റായാണു പരിഗണിക്കപ്പെടുന്നത്‌.
മാര്‍ച്ച്‌ 31-നു മുമ്പ്‌ 100% നികുതി പിരിക്കണമെന്ന നിര്‍ദേശമാണു പഞ്ചായത്തുകള്‍ക്കു നല്‍കിയിരുന്നത്‌. എട്ടു പഞ്ചായത്തുകള്‍ കാലാവധിക്കുള്ളില്‍ ലക്ഷ്യം നേടി. ഈ പഞ്ചായത്തുകള്‍ക്കു ഗുഡ്‌ സര്‍വീസ്‌ എന്‍ട്രി നല്‍കുമെന്നാണു മലപ്പുറത്തെ പഞ്ചായത്ത്‌ ദിനാഘോഷത്തില്‍ മന്ത്രി പ്രഖ്യാപിച്ചത്‌. കഴിഞ്ഞമാസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത്‌ സെക്രട്ടറിമാരെയും പ്രസിഡന്റുമാരെയും ആദരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്‌ടറും ഇതാവര്‍ത്തിച്ചു. എന്നാല്‍, പട്ടിക വന്നപ്പോള്‍ അതെല്ലാം ജലരേഖയായി. 2013-ല്‍, മാര്‍ച്ച്‌ 30-നകം പദ്ധതി അംഗീകാരം നേടുകയായിരുന്നു ഗുഡ്‌ സര്‍വീസ്‌ എന്‍ട്രിക്കുള്ള മാനദണ്ഡം. ഇക്കുറി പ്രത്യേക മാനദണ്ഡങ്ങള്‍ മുന്നോട്ടുവച്ചില്ലെങ്കിലും 100% നികുതിപിരിവ്‌ നടത്തിയ പഞ്ചായത്തുകള്‍ക്ക്‌ അംഗീകാരം നല്‍കുമെന്നാണു മന്ത്രി പ്രഖ്യാപിച്ചത്‌. ഇതാണു മാനദണ്ഡമെന്ന ധാരണയില്‍ പല ജില്ലകള്‍ക്കും റിപ്പോര്‍ട്ട്‌ അയയ്‌ക്കാനായില്ല.

ആര്‍. സുരേഷ്‌

Ads by Google
Saturday 30 Jun 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW