Thursday, September 20, 2018 Last Updated 22 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 01.47 AM

ബി.ജെ.പിയിലെ ഗ്രൂപ്പുപോര്‌ : ഫെയ്‌സ്ബുക്കില്‍ പരാതിപ്രളയം, ആകെ അഴിച്ചുപണിയും

uploads/news/2018/06/229540/d2.jpg

ന്യൂഡല്‍ഹി: ബി.ജെ.പി. കേരള ഘടകത്തിലെ ഗ്രൂപ്പ്‌ പോരിനെപ്പറ്റി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായുടെ ഫെയ്‌സ്‌ബുക്ക്‌ പേജിലേക്കു പരാതിപ്രളയം. ചേരിപ്പോര്‌ അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന താക്കീതോടെ അദ്ദേഹം കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവിനോട്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു. ഇതു വിലയിരുത്തിക്കൊണ്ടാകും അമിത്‌ ഷാ ജൂലൈ മൂന്നിനു കേരളത്തിലെത്തുക.
സംസ്‌ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ച്‌ ഒരു മാസം കഴിഞ്ഞിട്ടും ഒഴിവ്‌ നികത്താന്‍ കഴിഞ്ഞിട്ടില്ല. പ്രചാരകനായ കുമ്മനത്തെ തങ്ങളോടാലോചിക്കാതെ മാറ്റിയതില്‍ അതൃപ്‌തി അറിയിച്ച ആര്‍.എസ്‌.എസ്‌. സംസ്‌ഥാന നേതൃത്വം ഗ്രൂപ്പുപോരിനെച്ചൊല്ലി പ്രതിഷേവധും വ്യക്‌തമാക്കി. ഈ സാഹചര്യത്തില്‍ അവരുമായി കൂടിയാലോചിച്ച്‌ ജില്ലാതലം മുതല്‍ സമഗ്രമായ അഴിച്ചുപണിക്കാണ്‌ അമിത്‌ ഷായുടെ നീക്കം.
സിനിമാ സംഘടനയില്‍നിന്നു രാജിവച്ച നടിമാര്‍ക്കു പിന്തുണയറിയിച്ച്‌ മുന്‍ സംസ്‌ഥാന അധ്യക്ഷന്‍ കൂടിയായ വി. മുരളീധരന്‍ എം.പി. ഫെയ്‌സ്‌ബുക്കില്‍ എഴുതിയതോടെ പോര്‌ കനത്തു. ഒരു നടന്‍ ഫെയ്‌സ്‌ബുക്കിലൂടെ അവഹേളിച്ചതിനു പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നു യുവമോര്‍ച്ചാ വനിതാ നേതാവ്‌ ലസിത പാലയ്‌ക്കല്‍ പറയുന്നതിനോടു പ്രതികരിക്കാതിരുന്ന മുരളീധരന്‍ സിനിമാ പ്രശ്‌നത്തില്‍ പങ്കുചേര്‍ന്നതാണ്‌ ആക്ഷേപം വിളിച്ചുവരുത്തിയത്‌. മുരളീധരവിരുദ്ധ ചേരിക്കാര്‍ വനിതാ നേതാവിനു പിന്തുണയുമായി ഫെയ്‌സ്‌ബുക്കില്‍ നിറഞ്ഞതോടെ ചേരിപ്പോര്‌ കൊഴുത്തു.
ഈ പശ്‌ചാത്തലത്തിലാണ്‌ ഒട്ടേറെപ്പേര്‍ അമിത്‌ ഷായുടെ ഫെയ്‌സ്‌ബുക്ക്‌ പേജ്‌ പരാതിപ്പെട്ടിയാക്കിയത്‌. ഫെയ്‌സ്‌ബുക്ക്‌ പേജിലെ മലയാളം പരാതികള്‍ അമിത്‌ ഷാ പാര്‍ട്ടിയുടെ ഐടി സെല്ലില്‍നിന്നു പരിഭാഷപ്പെടുത്തിവാങ്ങി. തുടര്‍ന്നാണ്‌ മുരളീധര്‍ റാവുവിനോട്‌ വിശദമായ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടത്‌. വേലയും കൂലിയുമില്ലാത്തവരാണ്‌ ഫെയ്‌സ്‌ബുക്കിലൂടെ പ്രതികരിക്കുന്നതെന്ന ബി.ജെ.പി. സംസ്‌ഥാന വക്‌താവ്‌ ജെ.ആര്‍. പത്മകുമാറിന്റെ പ്രതികരണം ഇതിനിടെ വിവാദമായി. ടിവി ചാനല്‍ ചര്‍ച്ചകളില്‍ പത്മകുമാര്‍ നേരത്തേ വരുത്തിയ പിഴവുകള്‍ വീണ്ടും ചര്‍ച്ചയായി. ഈ സാഹചര്യത്തിലാണ്‌ സംസ്‌ഥാന ഘടകത്തില്‍ സമഗ്ര അഴിച്ചുപണിക്ക്‌ അമിത്‌ ഷാ ഒരുങ്ങുന്നത്‌.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Saturday 30 Jun 2018 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW