കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന് ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനു പിന്നാലെ ഉയര്‍ന്ന വിവാദത്തില്‍ പ്രതികരണവുമായി നടന് ലാല്‍. ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതുമായുള്ള തീരുമാനങ്ങള്‍ തിടുക്കത്തിലായിപ്പോയെന്ന് ലാല്‍ തുറന്നടിച്ചു.
അതേസമയം ദിലീപിനെ തിരിച്ചെടുത്തതിനു പിന്നാലെ അക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ രാജിവെയ്ക്കാനുള്ള തീരുമാനം തികച്ചും വ്യക്തിപരമാണെന്നും ലാല്‍ പറഞ്ഞു. എന്നാല്‍ വിവാദത്തില്‍ പ്രതികരിക്കാനില്ലെന്ന് യുവനടന് ജയസൂര്യ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പ്രതിചേര്‍ത്തതിനു പിന്നാലെയാണ് സംഘടനയില്‍ നിന്നു ദിലീപിനെ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് പുറത്താക്കിയത്. അന്നത്തെ സാഹചര്യത്തില്‍ നിന്നും ഒരു മാറ്റം പോലും ഇല്ലാത്ത സാഹചര്യത്തില്‍ ദിലീപിനെ കഴിഞ്ഞ ദിവസത്തെ ജനറല്‍ ബോഡി യോഗത്തിലാണ് തിരിച്ചെടുക്കാന്‍ തീരുമാനമായത്. ഇതു വന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയതിനു പിന്നാലെ ശക്തമായ പ്രതിഷേധവുമായി വനിതാ കൂട്ടായ്മ രംഗത്തെത്തുകയായിരുന്നു. പിന്നാലെ അക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലു പേര് സംഘടനയില്‍ നിന്ന് രാജിവെയ്ക്കുകയും ചെയ്തിരുന്നു.