Friday, June 29, 2018 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 29 Jun 2018 04.12 PM

മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാം

''മക്കളുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ സംഭവിക്കുമ്പോള്‍ ഇവരെ മാനസികമായി തളര്‍ത്തുന്നു. ഇത് മാനസിക പ്രശ്‌നങ്ങള്‍ക്ക് വഴി ഒരുക്കുന്നു മറ്റുള്ളവരുടെ സ്‌നേഹവും പരിഗണനയും ആഗ്രഹിക്കുന്ന ഈ കാലത്ത് അവ ലഭിക്കാതെ വരുമ്പോള്‍ വാര്‍ധക്യമെത്തിയവരുടെ മാനസിക നില തെറ്റുന്നു''
uploads/news/2018/06/229398/oldagemainprblm290618.jpg

മുന്‍കാലങ്ങളെ അപേക്ഷിച്ച് വാര്‍ധക്യകാലമെത്തിയവരുടെ മാനസിക പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരികയാണ്. സമൂഹത്തില്‍ ഉന്നത പദവികള്‍ വഹിച്ചവര്‍ പോലും വാര്‍ധക്യത്തില്‍ നിരാശരാകുന്നു.

വീടിനുള്ളില്‍ ശ്വാസംമുട്ടി കഴിയുന്ന അവസ്ഥ. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളെ തരണം ചെയ്യാന്‍ കഴിയാതെ ഇവര്‍ വീടുകളില്‍ നിന്ന് ഇറങ്ങിപ്പോയെന്നും വരാം. വാര്‍ധക്യകാലത്തുണ്ടാവുന്ന മാനസിക പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ പലതാണ്.

ബന്ധങ്ങളില്‍ വിള്ളല്‍


'കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല'. മാതാപിതാക്കളുടെ വില എന്തെന്ന് മനസിലാക്കാന്‍ ശ്രമിക്കാത്ത തലമുറയിലാണ് നാം ജീവിക്കുന്നത്. ചെറുപ്പം മുതല്‍ മക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സാധിച്ചു കൊടുക്കുന്ന മാതാപിതാക്കള്‍. എന്നാല്‍ ഇവര്‍ വാര്‍ധക്യത്തില്‍ എത്തുമ്പോള്‍ മക്കളുടെ പെരുമാറ്റത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു.

മക്കള്‍ മാതാപിതാക്കളെ ബഹുമാനിക്കാതെയും അവര്‍ക്ക് വേണ്ട പരിഗണന നല്‍കാതെയും വരുമ്പോള്‍ 'ഞാന്‍ മക്കള്‍ക്കു ഭാരമായി തുടങ്ങി' എന്ന ചിന്ത ഇവരില്‍ ഉണ്ടാവാം. മക്കളുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ സംഭവിക്കുമ്പോള്‍ ഇവരെ മാനസികമായി തളര്‍ത്തുന്നു.

ഇത് മാനസിക പ്രശ്‌നങ്ങള്‍ക്ക് വഴി ഒരുക്കുന്നു. മറ്റുള്ളവരുടെ സ്‌നേഹവും പരിഗണനയും ആഗ്രഹിക്കുന്ന ഈ കാലത്ത് അവ ലഭിക്കാതെ വരുമ്പോള്‍ വാര്‍ധക്യമെത്തിയവരുടെ മാനസിക നില തെറ്റുന്നു.

മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായ ജീവിത രീതിയിലാണ് ഇപ്പോഴത്തെ തലമുറ കടന്നുപോകുന്നത്. ഒരുപക്ഷേ ഈ വ്യത്യാസമാവാം മക്കള്‍ക്ക് മാതാപിതാക്കളോടുള്ള പെരുമാറ്റത്തിലും ഉണ്ടാവുന്ന മാറ്റത്തിനു പിന്നിലെ കാരണം. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെ ദൂര സ്ഥലങ്ങളില്‍ വിട്ട് പഠിപ്പിക്കുന്നു.

അവധിക്കാലം മാത്രം മാതാപിതാക്കളുമൊത്ത് ചെലവഴിക്കുന്ന കുട്ടികള്‍. ഇവര്‍ക്കിടയില്‍ പരസ്പരം മനസിലാക്കാനും സന്തോഷം പങ്കുവയ്ക്കാനും വളരെ ചുരുങ്ങിയ സമയം മാത്രമേ ലഭിക്കുന്നുള്ളു. വാര്‍ധക്യത്തിലെത്തുമ്പോള്‍ മക്കള്‍ തങ്ങള്‍ക്ക് അരികില്‍ വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അവരോടൊപ്പം സമയം ചെലവഴിക്കാന്‍ മക്കള്‍ തയാറായെന്നു വരില്ല. മക്കളുടെ ഈ മാറ്റം പ്രായമായവരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു.

ജീവിത ശൈലിയില്‍ വരുന്ന മാറ്റങ്ങള്‍


അറുപതു വയസു മുതലാണ് വാര്‍ധക്യകാലം ആരംഭിക്കുന്നത്. വിശ്രമിക്കാന്‍ വിധിക്കപ്പെട്ടവര്‍ എന്നും ഇവരെ വിശേഷിപ്പിക്കാം. എന്നാല്‍ ആധുനികയുഗത്തില്‍ വിദ്യാഭ്യാസത്തിനും ജോലിക്കും വളരെ പ്രാധ്യാനം നല്‍കുന്നു. അതുകൊണ്ട് ഒരു ദിവസം 24 മണിക്കൂറില്‍ കൂടുതല്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത മനുഷ്യര്‍ വളരെ ചുരുക്കം.
uploads/news/2018/06/229398/oldagemainprblm290618a.jpg

ധാരാളം ജോലികള്‍ ചെയ്തുനടന്ന ആ നല്ല കാലത്തില്‍ നിന്ന് വാര്‍ധക്യത്തില്‍ എത്തുമ്പോള്‍ ഉണ്ടാവുന്ന ഏകാന്തത മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ശാരീരികാരോഗ്യം കുറഞ്ഞു വരുന്നതിനാല്‍ ചെയ്യുന്ന ജോലിയുടെ അളവ് കുറയുന്നു, ഓര്‍മ്മശക്തിക്കും കുറവുകള്‍ സംഭവിക്കുന്നു.

ഈ മാറ്റങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞെന്നു വരില്ല. മാത്രവുമല്ല ''എന്നെ ഇനിയൊന്നിനും കൊള്ളില്ല'' എന്ന തെറ്റായ ധാരണകളും ഇവരില്‍ കടന്നു കൂടുന്നു. ഇതും പലവിധത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നു. ഈ അവസ്ഥ വിഷാദരോഗത്തിന് കാരണമാവാം

ഉറക്കക്കുറവ്


തലച്ചോറിനുവേണ്ടി തലച്ചോറു നടത്തുന്ന തലച്ചോറിന്റെ പ്രവര്‍ത്തനമാണ് ഉറക്കം. വാര്‍ധക്യത്തില്‍ ഉറക്കക്കുറവ് ഒരു പ്രശ്‌നംതന്നെയാണ്. താമസിച്ച് ഉറങ്ങുന്നത്, നേരത്തെ ഉറക്കമുണരുന്നത്, ഉറക്കത്തില്‍ കൂടെക്കൂടെ ഞെട്ടിയുണരുന്നത് എന്നിവ ഉറക്കക്കുറവിന്റെ അവസ്ഥകളാണ്. മാനസികവിഷമങ്ങള്‍, മാനസിക രോഗങ്ങള്‍, മറ്റു ശാരീരിക പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉറക്കക്കുറവിന്റെ കാരണങ്ങളാണ്.

ഉറക്കക്കുറവിന്റെ കാരണം കണ്ടെത്തി അത് പരിഹരിക്കുക എന്നതാണ് ഏക പോംവഴി. വാര്‍ധക്യമെത്തിയവരുടെ മനസ് ശാന്തമായിരിക്കാന്‍ കുടുംബത്തിലെ മറ്റു വ്യക്തികളും ശ്രദ്ധിക്കണം. നന്നായി ഉറങ്ങുന്നതു വഴി ഇവര്‍ക്ക് മാനസിക ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കും. കാരണം ഉള്ളിലുണ്ടാവുന്ന അനാവശ്യ ചിന്തകള്‍ അകറ്റാന്‍ ഉറക്കം സഹായിക്കുന്നു.

രോഗങ്ങള്‍ പിടികൂടുമ്പോള്‍


വാര്‍ധക്യമെത്തിയവര്‍ക്ക് രോഗങ്ങള്‍ കാണപ്പെടുന്നത് സ്വാഭാവികം. ചിലരില്‍ അസുഖങ്ങള്‍ ഒന്നുമില്ലെങ്കിലും 'എനിക്ക് വലിയ അസുഖമാണെന്ന തോന്നല്‍ ഉണ്ടാവാം' ഇതൊരു മാനസിക പ്രശ്‌നമാണ്.

അറിഞ്ഞുകൊണ്ടാവില്ല ഇങ്ങനെ പറയുന്നത്, അവരുടെ ഉള്ളിലെ പേടി പ്രകടമാക്കുന്ന വഴിയാണിത്. രോഗമുള്ളവരോട് രോഗത്തെക്കുറിച്ച് പറയുമ്പോള്‍ സൂക്ഷിക്കണം. കാരണം രോഗിയാണെന്ന് അറിഞ്ഞു കഴിയുമ്പോള്‍ മനസ് പല തലങ്ങളില്‍ കൂടി കടന്നു പോകുന്നു.

1. രോഗിയാണെന്ന് അംഗീകരിക്കാന്‍ കഴിയാത്ത അവസ്ഥ.
2. ഞാന്‍ എന്തു തെറ്റു ചെയ്തിട്ടാണ് എനിക്ക് രോഗം വന്നത് എന്ന ചിന്ത.
3. വിലപേശലുകള്‍ നടത്തുന്നു. അതായത് രോഗം മാറ്റി തരാന്‍ നേര്‍ച്ചകള്‍ നേരുന്നു.
4. ആവശ്യമില്ലാതെ മറ്റുള്ളവരോട് ദേഷ്യപ്പെടുന്നു.
5. രോഗത്തെ അംഗീകരിക്കുന്നു. അതോടൊപ്പം മരിക്കാറായി എന്ന തോന്നലും ഉണ്ടാവുന്നു.
എല്ലാ രോഗികളും ഈ അഞ്ചു ഘട്ടങ്ങളിലൂടെയും കടന്നു പോകണമെന്നില്ല. മരിക്കാറായി എന്ന തോന്നല്‍ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ ഇവര്‍ക്ക് മാനസിക ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കും.

ഒരേ പ്രായക്കാരുമൊത്ത് സമയം ചെലവഴിക്കുക, കൊച്ചു മക്കളുടെ സ്‌നേഹപൂര്‍വമായ ഇടപെടല്‍, വായന, എഴുത്ത്, ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക തുടങ്ങിയവയിലൂടെ മാനസിക പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സാധിക്കും.

കടപ്പാട്:
എയ്ഞ്ചല്‍ തോമസ്
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്

Ads by Google
Ads by Google
Loading...
TRENDING NOW