Wednesday, April 17, 2019 Last Updated 2 Min 21 Sec ago English Edition
Todays E paper
Ads by Google
എം. ആര്‍. കൃഷ്ണന്‍
Friday 29 Jun 2018 12.21 PM

ദിലീപിന്റെ കത്തിന് പിന്നില്‍ സി.പി.എം. ഇടപെടല്‍; പ്രശ്‌നം സി.പി.എം ഹൈജാക്ക് ചെയ്തപ്പോള്‍ അക്കിടിപറ്റിയത് കോണ്‍ഗ്രസിന്

uploads/news/2018/06/229368/dileepp.jpg

തിരുവനന്തപുരം: കുറ്റവിമുക്തനാകുന്നതുവരെ താന്‍ അമ്മയിലേക്കില്ലെന്ന ചലച്ചിത്രതാരം ദിലീപിന്റെ നിലപാടിന് പിന്നില്‍ സി.പി.എം. ഇടപെടല്‍. നടിയെ ആക്രമിച്ച കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയ നടപടി പിന്‍വലിച്ച തീരുമാനം കൈവിട്ടകളിയാകുന്നുവെന്ന് ബോദ്ധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ നീക്കമുണ്ടായതെന്നാണ് സൂചന.

ദിലീപ് കത്ത് നല്‍കിയതോടെ തീരുമാനം പിന്‍വലിക്കല്‍ അമ്മയ്ക്ക് എളുപ്പമായിട്ടുണ്ട്. വിഷയം തങ്ങള്‍ക്ക് പ്രതികൂലമാകാതിരിക്കാനാണ് ഒരു മുഴം മുമ്പേ നീട്ടി മന്ത്രിമാരും സി.പി.എം നേതാക്കളും രംഗത്ത് എത്തിയത്. എന്നാല്‍ ഇതിന്റെ രാഷ്ട്രീയം മനസിലാക്കാന്‍ കോണ്‍ഗ്രസിന് ബിന്ദുകൃഷ്ണയുടെ ഇടപെടല്‍ വേണ്ടിവരികയും ചെയ്തു.

ഇടതുപക്ഷത്തിന്റെ മൂന്ന് ജനപ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് ഇത്തരമൊരു തീരുമാനമുണ്ടായതെന്നത് മുന്നണിയെ പ്രതിക്കൂട്ടിലാക്കുമെന്ന സ്ഥിതിവന്നതോടെയാണ് രഹസ്യമായി സി.പി.എമ്മിന്റെ ഇടപെടല്‍ ഉണ്ടായത്. തീരുമാനത്തിന്റെ ഭാഗമായിരുന്ന ജനപ്രതിനിധികളെക്കൊണ്ടുതന്നെ സമ്മര്‍ദ്ദം ചെലുത്തിയാണ് ദിലീപിനെക്കൊണ്ട് കത്ത് കൊടുപ്പിച്ചത്. ഇതോടെ വലിയൊരു പ്രതിസന്ധി സര്‍ക്കാരിന് ഒഴിവാകുകയും ചെയ്തു.

മുകേഷ്, ഗണേഷ്‌കുമാര്‍, ഇന്നസെന്റ് എന്നീ ഇടതുപക്ഷ പ്രതിനിധികള്‍ കൂടി സംബന്ധിച്ച യോഗം കൈക്കൊണ്ട തീരുമാനം തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ആദ്യദിവസത്തെ സൂചനകളില്‍ നിന്ന് സി.പി.എം മനസിലാക്കിയിരുന്നു. ഇത് പ്രതിരോധിക്കാനാണ് ഇന്നലെ സി.പി.എമ്മിന്റെ മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ എം.സി. ജോസഫൈന്‍ അമ്മയ്‌ക്കെതിരെ ആഞ്ഞടിക്കുകയും ഇതിന്റെ പേരില്‍ രാജിവച്ച നടിമാര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ വിഷയത്തിന്റെ തലം മാറി. തൊട്ടുപുറകെ കടുത്തവിമര്‍ശനവുമായി ജി. സുധാകരനും, മേഴ്‌സികുട്ടി അമ്മയും കെ.കെ. ശൈലജയുമൊക്കെ രംഗത്തുവന്നു. ഇതോടെ ഇടതുപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തത് ഉണ്ടാക്കാമായിരുന്ന പ്രതിസന്ധി ഇല്ലാതായി. ഇടതുമുന്നണിയുടെ പ്രഖ്യാപിതനയത്തിന് വിരുദ്ധമായിരുന്നു അവരുടെ നിലപാട് എന്ന് വരുത്താനും ഇത് ഇടതുമുന്നണിയുമായി ബന്ധപ്പെട്ട വിഷയമല്ലെന്ന് സ്ഥാപിക്കാനും സി.പി.എമ്മിന് കഴിഞ്ഞു. അതിനുശേഷമാണ് ഈ ഇടതുപക്ഷ ജനപ്രതിനിധികളെക്കൊണ്ടുതന്നെ ദിലീപിനെ വരുതിക്ക് കൊണ്ടുവന്നത്.

എന്നാല്‍ ഈ വിഷയത്തിന്റെ ഗൗരവം മനസിലാക്കാന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും കഴിഞ്ഞില്ലെന്നതാണ് വസ്തുത. വിഷയം വലിയ വിവാദമായിട്ടും പ്രതികരിക്കാന്‍ പി.ടി. തോമസ് ഒഴികെ ഒരു നേതാവും പ്രാരംഭഘട്ടത്തില്‍ രംഗത്തുവന്നില്ല. ഈ വിഷയത്തില്‍ ആദ്യം പ്രതികരിച്ചത് പി.ടി. തോമസ് ആയിരുന്നെങ്കിലും അതിന്റെ നേട്ടം അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന് എടുക്കാനും കഴിഞ്ഞില്ല. പിന്നെ വിഷയത്തിന്റെ രാഷ്ട്രീയനേട്ടം ഇടതുമുന്നണി കൊണ്ടുപോകുന്നത് കണ്ട് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും ഇന്നലെ പതിനൊന്നുമണിയോടെ രംഗത്തുവന്നിരുന്നു. എന്നിട്ടും നേതൃത്വത്തിന് ഇക്കാര്യം കത്തിയില്ല. ഇന്നലെ നടന്ന കെ.പി.സി.സി ഭാരവാഹിയോഗത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടികൊണ്ട് കൊല്ലം ഡി.സി.സി പ്രസിഡന്റായ ബിന്ദുകൃഷ്ണ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയപ്പോഴാണ് അവര്‍ക്ക് കാര്യം ബോദ്ധ്യപ്പെട്ടത്. സ്ത്രീപ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാട് ഒട്ടും ഗുണകരമല്ലെന്ന് ചൂണ്ടിക്കാട്ടി ബിന്ദുകൃഷ്ണ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി. അതിന് ശേഷം പ്രതിപക്ഷനേതാവ് പ്രതികരണവുമായി രംഗത്തുവന്നു. വൈകിട്ട് പത്രസമ്മേളനത്തില്‍ കെ.പി.സി.സി പ്രസിഡന്റ എം.എം. ഹസ്സനും പ്രതികരിച്ചു. എന്നാല്‍ അപ്പോഴേക്കും ഈ പ്രശ്‌നം പൂര്‍ണ്ണമായും സി.പി.എം ഹൈജാക്ക് ചെയ്തിരുന്നു.

Ads by Google
എം. ആര്‍. കൃഷ്ണന്‍
Friday 29 Jun 2018 12.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW