Sunday, February 17, 2019 Last Updated 58 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 29 Jun 2018 12.18 AM

പുഴയില്‍ മുങ്ങുമ്പോള്‍ കെവിനു ജീവനുണ്ടായിരുന്നു​വെന്നു, രക്‌തത്തില്‍ മദ്യത്തിന്റെ അംശം: ഫോറന്‍സിക്‌ പരിശോധനാ ഫലം പുറത്ത്; കെവിന്‍ എങ്ങനെ വെള്ളത്തില്‍ വീണു? പോലീസിന് പുതിയ വെല്ലുവിളി

uploads/news/2018/06/229240/3.jpg

കോട്ടയം: ജാത്യഭിമാനത്തിന്റെ പേരില്‍ പ്രണയിനിയുടെ സഹോദരനും കൂട്ടരും തട്ടിക്കൊണ്ടുപോയ കെവിന്‌ ചാലിയക്കരയിലെ പുഴയില്‍ മുങ്ങുമ്പോള്‍ ജീവനുണ്ടായിരുന്നു എന്നു ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌. തിരുവനന്തപുരം ചീഫ്‌ എക്‌സാമിനേഷന്‍ ലബോറട്ടറിയിലേതാണു റിപ്പോര്‍ട്ട്‌. മുങ്ങിമരണം എന്ന സൂചനയാണു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഉണ്ടായിരുന്നത്‌.

ഇതോടെ, കൊലപ്പെടുത്തി മൃതദേഹം പുഴയില്‍ തള്ളിയതാകാമെന്ന സാധ്യത ഏറെക്കുറെ ഇല്ലാതായി. പോസ്‌റ്റ്‌മോര്‍ട്ടം പരിശോധനയിലെ നിഗമനം ശരിവയ്‌ക്കുന്ന രീതിയില്‍ ഫോറന്‍സിക്‌ പരിശോധനാ റിപ്പോര്‍ട്ട്‌ വന്നെങ്കിലും മുങ്ങിമരിച്ചതോ മുക്കിക്കൊന്നതോ എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല. മര്‍ദിച്ച്‌ അവശനാക്കി പുഴയില്‍ തള്ളിയ കെവിന്‍ മുങ്ങിമരിച്ചു എന്നാണു പോലീസിന്റെ ഏകദേശ നിഗമനം.

കെവിനെ വിവാഹം കഴിക്കാനായി ഒപ്പം പോന്ന നീനുവിന്റെ സഹോദരന്‍ ഷാനുവിന്റെ നേതൃത്വത്തിലുള്ള സംഘം മേയ്‌ 27 പുലര്‍ച്ചെയാണ്‌ കെവിനെ മാന്നാനത്തെ ബന്ധുവിന്റെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയത്‌. പരാതികള്‍ പോലീസ്‌ അവഗണിച്ച പകലിനും രാത്രിക്കും ശേഷം പിറ്റേന്നു രാവിലെ പുനലൂര്‍ ചാലിയക്കരയിലെ പുഴയില്‍ മൃതദേഹം കണ്ടെത്തി. തങ്ങളുടെ പിടിയില്‍നിന്നു രക്ഷപ്പെട്ടോടിയ കെവിന്‍ വെള്ളത്തില്‍ വീണതാകാമെന്നാണു പ്രതികളുടെ വാദം.

കെവിന്റെ മജ്‌ജയും മൃതദേഹം കണ്ടെത്തിയ ഭാഗത്തുനിന്നു ശേഖരിച്ച വെള്ളവുമാണ്‌ ഫോറന്‍സിക്‌ പരിശോധനയ്‌ക്കു വിധേയമാക്കിയത്‌. രണ്ടിലും ഒരേ തരത്തിലുള്ള സൂക്ഷ്‌മാണുക്കളാണുള്ളതെന്നു പരിശോധനയില്‍ കണ്ടെത്തി. വെള്ളത്തില്‍ മുങ്ങുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്നതിന്റെ തെളിവാണിതെന്നു വിദഗ്‌ധര്‍ സൂചിപ്പിക്കുന്നു. ജീവനോടെയിരിക്കെ മുങ്ങിയാല്‍ മാത്രമേ വെള്ളം ഹൃദയത്തിലും രക്‌തത്തിലൂടെ മജ്‌ജയിലും എത്തുകയുള്ളൂ. കെവിന്‍ വെള്ളത്തില്‍ മുങ്ങുമ്പോള്‍ ഹൃദയം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു എന്നു വ്യക്‌തം. കെവിന്റെ രക്‌തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കെവിന്‍ വെള്ളത്തില്‍ വീണത്‌ എങ്ങനെ എന്നു കണ്ടുപിടിക്കുകയാണ്‌ ഇനി പോലീസിനു മുന്നിലുള്ള വെല്ലുവിളി. രക്ഷപ്പെടാനായി ഓടിയപ്പോള്‍ പുഴയില്‍ വീണതാണെങ്കില്‍ വെപ്രാളം കാണിക്കേണ്ടതുണ്ട്‌. അതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹത്തില്‍ കാണാന്‍ കഴിയാതിരുന്ന നിലയ്‌ക്കാണ്‌ മര്‍ദിച്ച്‌ അവശനാക്കിയ ശേഷം വെള്ളത്തിലിട്ടാകാമെന്നു പോലീസ്‌ കരുതുന്നത്‌. വിശദമായ അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളജുകളിലെ ഫോറന്‍സിക്‌ വിദഗ്‌ധരുടെ സംഘം ഇന്നു കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയക്കര പുഴയില്‍ പരിശോധന നടത്തും.

Ads by Google
Friday 29 Jun 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW