Monday, February 18, 2019 Last Updated 21 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 29 Jun 2018 12.03 AM

കോടീശ്വരിയുടെ തിരോധാനം: മുഖ്യപ്രതിയുടെ സുഹൃത്ത്‌ ജീവനൊടുക്കി, സംഭവം പോലീസിനുമുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെ; ചോദ്യംചെയ്തശേഷം മുഖ്യപ്രതിയെ വിട്ടയച്ച് അബദ്ധംപറ്റി പോലീസ്

uploads/news/2018/06/229190/bindu-manoj.jpg

ചേര്‍ത്തല: യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയുടെ സുഹൃത്ത്‌ ജീവനൊടുക്കി. പള്ളിപ്പുറം പഞ്ചായത്ത്‌ 14-ാം വാര്‍ഡില്‍ തൈക്കൂട്ടത്തില്‍ എസ്‌. മനോജ്‌ (46) ആണ്‌ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്‌. കേസുമായി ബന്ധപ്പെട്ട്‌ ചോദ്യം ചെയ്യുന്നതിന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക്‌ മുന്നില്‍ ഇന്നലെ രാവിലെ ഹാജരാകാന്‍ മനോജിനോടു നിര്‍ദ്ദേശിച്ചിരുന്നു.

മുഖ്യപ്രതി പള്ളിപ്പുറം സ്വദേശി സെബാസ്‌റ്റ്യനും കാണാതായ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭനും പതിവായി യാത്ര ചെയ്‌തിരുന്നതു മനോജിന്റെ ഓട്ടോറിക്ഷയിലായിരുന്നു. കഴിഞ്ഞ ദിവസം ബാഗില്‍ നോട്ടുകളുമായി സഞ്ചരിച്ചതായി വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാണു വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നു പോലീസ്‌ പറഞ്ഞു.

ഭാര്യ ജ്യോതിയെ ജോലി സ്‌ഥലത്തും മകള്‍ മീനാക്ഷിയെ സ്‌കൂളിലും എത്തിച്ചശേഷമാണ്‌ മനോജ്‌ ജീവനൊടുക്കിയത്‌. സംശയം തോന്നിയ അയല്‍വാസി ജനല്‍ തുറന്നപ്പോഴാണ്‌ സംഭവം പുറംലോകമറിയുന്നത്‌. ചേര്‍ത്തല ഗവ. താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അസ്വഭാവിക മരണത്തിനു കേസെടുത്തു.

ഇതോടെ ബിന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹത ഏറി. യുവതിയുടെ സഹോദരന്‍ പ്രവീണ്‍കുമാറിന്റെ പരാതിയുടെ അടിസ്‌ഥാനത്തില്‍ മനോജിനെ കഴിഞ്ഞ മാസവും കുത്തിയതോട്‌ സി.ഐ. ചോദ്യം ചെയ്‌തിരുന്നു. ജില്ലാ പോലീസ്‌ മേധാവിയുടെ പ്രത്യേക സംഘം ഉള്‍പ്പെടെ മൂന്നു ടീമുകളാണ്‌ കേസ്‌ അനേ്വഷിക്കുന്നത്‌. ബിന്ദുവിന്റെ കോടികള്‍ വിലമതിക്കുന്ന ഇടപ്പള്ളിയിലെ വസ്‌തു വില്‍പന നടത്തിയത്‌ വ്യാജ മുക്‌ത്യാര്‍ തയാറാക്കിയാണെന്നു കണ്ടെത്തിയതോടെ ഇവരുടെ മറ്റ്‌ വസ്‌തുക്കള്‍ കൈമാറ്റം നടത്തിയതിനെകുറിച്ച്‌ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ചേര്‍ത്തലയിലേയും സമീപ പ്രദേശങ്ങളിലെയും ആറ്‌ സബ്‌ രജിസ്‌ട്രാര്‍ ഓഫീസുകളില്‍ പോലീസ്‌ നോട്ടീസ്‌ നല്‍കിയിരുന്നു.
വ്യാജമുക്‌ത്യാറില്‍ ആള്‍മാറാട്ടം നടത്തി ഒപ്പിട്ട കുറുപ്പംകുളങ്ങര സ്വദേശിനി ടി. മിനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആലപ്പുഴ ജില്ലാ കോടതി വിധി പറയുന്നതു തിങ്കളാഴ്‌ചത്തേക്ക്‌ മാറ്റി. പോലീസിന്റെ നേതൃത്വത്തില്‍ ഇവരുടെ വാടക വീട്‌ തുറന്നു തെളിവുകള്‍ ശേഖരിച്ചു. കേസിലെ മൂന്നും നാലും പ്രതികള്‍ക്ക്‌ കഴിഞ്ഞ ദിവസം ചേര്‍ത്തല കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

വിട്ടയച്ച പ്രതിയെ തപ്പി പോലീസ്‌

ചേര്‍ത്തല: കോടീശ്വരിയായ യുവതിയുടെ തിരോധാനത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന പ്രതിയെ വിട്ടയച്ചത്‌ അബദ്ധമായെന്നു പോലീസ്‌ നേതൃത്വം വിലയിരുത്തുന്നു. കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭനെ കാണാതായ കേസിലെ മുഖ്യപ്രതി പള്ളിപ്പുറം സ്വദേശി സെബാസ്‌റ്റ്യനെ പലവട്ടം ചോദ്യം ചെയ്‌തതിനുശേഷം വിട്ടയച്ചതാണ്‌ അവര്‍ക്കു തലവേദനയായിരിക്കുന്നത്‌. ഇയാളെ രാപ്പകലില്ലാതെ തപ്പുന്നുണ്ടെങ്കിലും സൂചനയില്ല.
ബിന്ദുവിനെ കാണാനില്ലെന്നു കാട്ടി സഹോദരന്‍ പ്രവീണ്‍ നല്‍കിയ പരാതിയില്‍ മൊഴിയെടുക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്‌ഥനായ കുത്തിയതോട്‌ സി.ഐ പല തവണ സെബാസ്‌റ്റ്യനെ സ്‌റ്റേഷനില്‍ വിളിപ്പിച്ചിരുന്നു.

ചോദ്യം ചെയ്യല്‍ മുറുകിയതോടെ കേസില്‍ കുടുങ്ങുമെന്നും ബാങ്ക്‌ അക്കൗണ്ടുകള്‍ പോലീസ്‌ നിരീക്ഷണത്തിലാകുമെന്നും മനസിലാക്കിയ ഇയാള്‍ ചെലവിനുള്ള പണവുമായി രക്ഷപ്പെട്ടിരിക്കാമെന്നാണു പോലീസിന്റെ നിഗമനം. അന്വേഷണസംഘം ഇയാളുടെയും ഭാര്യയുടെയും വീടുകളില്‍ തെരച്ചില്‍ നടത്തി. സുഹൃത്തുക്കളെ വിശദമായി ചോദ്യം ചെയ്‌തെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. ഇയാള്‍ വിദേശത്തേക്ക്‌ കടക്കാതിരിക്കാന്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ സഹായം തേടിയിട്ടുണ്ട്‌.

പോലീസിന്‌ ഇയാള്‍ നല്‍കിയ മൊഴി വ്യാജമാണെന്നാണ്‌ അന്വേഷണസംഘം സംശയിക്കുന്നത്‌. ബിന്ദു ബംഗളരുവില്‍ എം.ബി.എയ്‌ക്ക്‌ പഠിച്ചതായും താന്‍ ചെന്നൈയില്‍ ജോലി ചെയ്‌തെന്നുമാണു മൊഴി നല്‍കിയിരുന്നത്‌. സെബാസ്‌റ്റ്യനെ കണ്ടെത്തിയാലേ ബിന്ദു ജീവിച്ചിരിപ്പുണ്ടോയെന്നന്നു സ്‌ഥിരീകരിക്കാനാകൂ. കേസ്‌ വിവാദമായതോടെ മേലുദ്യോഗസ്‌ഥരുടെ നിരീക്ഷണത്തിലാണ്‌ അന്വേഷണ സംഘം.

Ads by Google
Friday 29 Jun 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW