Saturday, April 20, 2019 Last Updated 1 Min 42 Sec ago English Edition
Todays E paper
വ്യത്യസ്തരല്ല; ഇവര്‍ വ്യക്തിത്വമുള്ളവര്‍ / വി.പി. നിസാര്‍
Thursday 28 Jun 2018 11.59 PM

ആണുടലിന്റെ തടവുചാടിയ കവയത്രി

uploads/news/2018/06/229178/trnsgermakup.jpg

"ഞാന്‍ പെണ്ണായ്‌ പിറന്നവളല്ല,
പെണ്ണായവളാണ്‌.
പെണ്ണായ്‌ തീര്‍ന്നവളല്ല,
പെണ്ണായ്‌ തുടങ്ങിയവളാണ്‌"
-വിജയരാജ മല്ലിക

വിജയരാജ മല്ലിക എന്ന കവയത്രിയുടെ ജീവിതം സിനിമാക്കഥകളെ വെല്ലുന്നതാണ്‌. "ഞാന്‍ മേരിക്കുട്ടി" എന്ന സിനിമയുടെ രണ്ടാംപാതിയിലെന്നപോലെ ജീവിതത്തിന്റെ രണ്ടാംപാതിയില്‍ സിവില്‍ സര്‍വീസ്‌ നേടിയെടുക്കാന്‍ പരിശ്രമിക്കുന്നവള്‍, പെണ്‍സ്വത്വം തിരിച്ചറിഞ്ഞിട്ടും 30 വയസുവരെ ആണ്‍ശരീരത്തിന്റെ തടവില്‍ കഴിയേണ്ടിവന്നവള്‍.

കല്യാണം കഴിച്ച പെണ്ണിനെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി വേര്‍പിരിയുംവരെ വിജയരാജ മല്ലിക, മനു ജയകൃഷ്‌ണനായിരുന്നു. ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തി വ്യക്‌തിത്വം വീണ്ടെടുക്കുന്നതുവരെയുള്ള ജീവിതപാതയില്‍ ഉപജീവനത്തിനായി കെട്ടിയാടിയ വേഷങ്ങളെത്രയോ. എം.കോം. രണ്ടാം റാങ്കുകാരിയായിട്ടും ചീര വില്‍ക്കാനും ഷൂ പോളീഷ്‌ ചെയ്യാനും പോകേണ്ടിവന്നു. മലയാളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കവയത്രി എന്ന വിശേഷണവും വിജയരാജ മല്ലിക ആഗ്രഹിക്കുന്നില്ല.

ഈ കവയത്രിക്കു മുന്നില്‍ ആ വിശേഷണം ആവശ്യമില്ലെന്നതിന്‌ "ദൈവത്തിന്റെ മകള്‍" എന്ന ആദ്യകവിതാസമാഹാരം തെളിവാണ്‌. 12-ാം വയസ്‌ മുതല്‍ "മനു ജയകൃഷ്‌ണന്‍" എഴുതിയ കവിതകളാണു വിജയരാജ മല്ലികയുടെ പുസ്‌തകത്തിലുള്ളത്‌. കവയത്രി എന്നതിലുപരി, സാമൂഹികപ്രവര്‍ത്തകയുമാണ്‌ അവരിപ്പോള്‍.

കഴിഞ്ഞ ഫെബ്രുവരി 11-ന്‌, കേരള സാഹിത്യ അക്കാഡമി അധ്യക്ഷന്‍ വൈശാഖന്‍ പ്രകാശനം ചെയ്‌ത പുസ്‌തകത്തില്‍ മനു, മല്ലികയായി മാറുന്നതിനിടെ അനുഭവിക്കേണ്ടിവന്ന വേദനകളാണു വിഷയം. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി, 29-ാം വയസിലായിരുന്നു മനുവിന്റെ വിവാഹം. 11 മാസത്തെ ദാമ്പത്യത്തിനിടെ ഒരിക്കല്‍പോലും ഒരു ഭര്‍ത്താവാകാന്‍ അവനായില്ല. 31-ാം വയസിലാണു തന്റേതു പെണ്‍വ്യക്‌തിത്വമാണെന്നു മനു തിരിച്ചറിഞ്ഞത്‌. അതുവരെ തനിക്കെന്തോ രോഗമാണെന്ന ചിന്തയായിരുന്നു.

16-ാം വയസില്‍ നടത്തിയ പരിശോധനയില്‍ മകന്റെ പെണ്ണത്തം സംബന്ധിച്ചു വീട്ടുകാര്‍ക്കു ചില സൂചനകള്‍ ലഭിച്ചിരുന്നെങ്കിലും "ആണത്തം" വീണ്ടെടുക്കാനുള്ള ഹോര്‍മോണ്‍ ചികിത്സയാണ്‌ ആരംഭിച്ചത്‌. അഞ്ചുവര്‍ഷത്തോളം ചികിത്സനീണ്ടു. ഇക്കാലയളവില്‍ രാത്രി ഉറങ്ങാന്‍പോലും കഴിയാതായി. ഇതോടെ മാനസികപ്രശ്‌നമാണെന്നായി വീട്ടുകാര്‍. ചികിത്സയ്‌ക്കിടെ ആര്‍ത്രൈറ്റിസും പ്രമേഹവുമെല്ലാം പിടിപെട്ടു. തുടര്‍ന്ന്‌ ആയുര്‍വേദത്തിലെ രാസ്യവന്ധ്യംകരണചികിത്സ പരീക്ഷിച്ചു. കടുക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം ഒന്നരവര്‍ഷത്തോളം കുടിച്ചു.

രണ്ടാംറാങ്കോടെ ബിരുദം കരസ്‌ഥമാക്കിയശേഷം എം.എസ്‌.ഡബ്ല്യു. കോഴ്‌സിനു ചേര്‍ന്നു. വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ സേവനമനുഷ്‌ഠിച്ചു. ഇതിനിടെയാണു വീട്ടുകാര്‍ക്കുവേണ്ടി വിവാഹം കഴിച്ചത്‌. ഇതോടെ താന്‍ പുരുഷനല്ലെന്ന സത്യം കൂടുതല്‍ വ്യക്‌തമായി. 2017 ഓഗസ്‌റ്റ്‌ 18-നു ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ മനു ജയകൃഷ്‌ണന്‍, വിജയരാജമല്ലികയായി. സ്വന്തം തീരുമാനപ്രകാരം, തനിയെ പോയാണു ശസ്‌ത്രക്രിയയ്‌ക്കു വിധേയനായത്‌. ദ്വന്ദവ്യക്‌തിത്വത്തിന്റെ ആദ്യനാളുകളില്‍ വീട്ടുകാരോടുപോലും ദേഷ്യമായിരുന്നു. പെണ്ണെന്ന അസ്‌തിത്വം തിരിച്ചുപിടിച്ചതോടെ വ്യക്‌തിത്വപൂര്‍ണത കൈവരിച്ചു; ഇപ്പോള്‍ ആരോടും വിദ്വേഷമില്ല.

പെണ്ണായശേഷവും വീട്ടുകാര്‍ സാമ്പത്തികമായി സഹായിച്ചിരുന്നു. എന്നാല്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരായ അശ്ലീലപ്രചാരണങ്ങള്‍ അമ്മയടക്കമുള്ളവര്‍ക്കു തന്നോടു വെറുപ്പുതോന്നാന്‍ കാരണമായെന്നു മല്ലിക പറയുന്നു. ഒരുദിവസം വീട്ടില്‍ അമ്മ ഭക്ഷണം വിളമ്പിത്തരുന്നതിനിടെയാണു ടി.വിയില്‍, ലൈംഗികത്തൊഴിലാളികളായ ചില ട്രാന്‍സ്‌ജെന്‍ഡറുകളെക്കുറിച്ചു വാര്‍ത്ത വന്നത്‌. ഇതോടെ അമ്മ ഭക്ഷണം വലിച്ചെറിഞ്ഞ്‌ ദേഷ്യപ്പെട്ടത്‌ ഇന്നും മനസിലൊരു വിങ്ങലാണ്‌. എല്ലാ സമൂഹങ്ങളിലും ഇത്തരക്കാരുണ്ടെങ്കിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ കാര്യത്തില്‍ സാമാന്യവത്‌കരിക്കുന്നത്‌ എന്തു നീതിയാണെന്നു മല്ലിക ചോദിക്കുന്നു.

ട്രാന്‍സ്‌ജെന്‍ഡറുകളോടു മലയാളികള്‍ വച്ചുപുലര്‍ത്തുന്ന മനോഭാവം കവിതകളിലൂടെയും സാമൂഹികപ്രവര്‍ത്തനത്തിലൂടെയും തുറന്നുകാട്ടി, അവരെ മുഖ്യധാരയിലേക്കു കൈപിടിച്ചു നടത്താനുള്ള പരിശ്രമത്തിലാണു വിജയരാജ മല്ലിക. ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖര്‍ മല്ലികയുടെ പുസ്‌തകപ്രകാശനച്ചടങ്ങില്‍ പങ്കെടുത്തു. എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്താണ്‌ ആദ്യപ്രതി ഏറ്റുവാങ്ങിയത്‌. എം.എസ്‌.ഡബ്ല്യുവില്‍ ഉന്നതവിജയം നേടിയ മല്ലിക ഇപ്പോള്‍ സിവില്‍ സര്‍വീസ്‌ പരീക്ഷയ്‌ക്കു തയാറെടുക്കുകയാണ്‌. സ്വന്തം അസ്‌തിത്വം തിരിച്ചറിഞ്ഞ്‌, അപകര്‍ഷതാബോധം വലിച്ചെറിയണമെന്നാണു ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു മല്ലിക നല്‍കുന്ന ഉപദേശം. തന്റെ ജീവിതംതന്നെയാണു വിജയദൃഷ്‌ടാന്തമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്‌.

വിവാഹം കഴിച്ച പെണ്‍കുട്ടിയുമായി സംസാരിച്ച്‌ വേര്‍പിരിഞ്ഞതോടെ വീട്ടുകാര്‍ കൈവിട്ടു. ഉന്നതവിദ്യാഭ്യാസമുണ്ടെങ്കിലും വയറ്റിപ്പിഴപ്പിനായി കൊച്ചിയില്‍ ചീര വില്‍ക്കാനും ഷൂ പോളിഷ്‌ ചെയ്ാനുമൊക്കയെ പോകേണ്ടിവന്നു. എന്നാല്‍, വിദ്യാധനം മുതല്‍മുടക്കി പോരാടാന്‍തന്നെയായിരുന്നു തീരുമാനം. ട്രാന്‍സ്‌ജെന്‍ഡറുകളുടെയും ദ്വന്ദവ്യക്‌തിത്വമുള്ളവരുടെയും ഉന്നമനത്തിനായി സഹജ്‌ ഇന്റര്‍നാഷണല്‍ എന്ന പ്രസ്‌ഥാനമാരംഭിച്ചു. അടുത്ത കവിതാസമാഹാരം പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്‌ ഇപ്പോള്‍.
..................................................................

*** ശേഷം സ്‌ക്രീനില്‍ തെളിഞ്ഞു; ചമയം: രഞ്‌ജു രഞ്‌ജിമാര്‍...

സിനിമയില്‍ ഇന്ന്‌ ഏറെ തിരക്കുള്ള ചമയകലാകാരിയാണു രഞ്‌ജു രഞ്‌ജിമാര്‍. താനൊരു ട്രാന്‍സ്‌വുമണാണ്‌ എന്നതില്‍ ഈ യുവതി അഭിമാനിക്കുന്നു. കൊല്ലത്തെ പുന്തലത്താഴം ഗ്രാമത്തില്‍ കൂലിപ്പണിക്കാരനായ പിതാവിന്റെയും കശുവണ്ടിത്തൊഴിലാളിയായ മാതാവിന്റെയും നാലാമത്തെ മകനായി ജനിച്ചെങ്കിലും സ്‌ത്രീസ്വത്വം പേറിയാണു രഞ്‌ജു വളര്‍ന്നത്‌. മനക്കരുത്തും ആത്മവിശ്വാസവും സ്‌ഥിരോത്സാഹവും കൊണ്ട്‌ ഇന്നു ജീവിതത്തിന്റെ ഔന്നത്യങ്ങള്‍ കീഴടക്കുന്നു.

ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍നിന്നാണു മലയാള സിനിമയിലെ വിലപിടിപ്പുള്ള ചമയകലാകാരിയായി മാറിയത്‌. പുന്തലത്താഴത്തെ മീനാക്ഷി വിലാസം സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. കുട്ടിക്കാലത്തുതന്നെ പെണ്‍മനസിനൊത്ത പെരുമാറ്റരീതികളായിരുന്നു. തന്റേതു പുരുഷസ്വത്വമല്ലെന്നു മെല്ലെ തിരിച്ചറിഞ്ഞെങ്കിലും അത്‌ ഒളിച്ചുവയ്‌ക്കാനായിരുന്നു ശ്രമം. ഇതിനിടെ അമ്മയുടെ സാരിയും ചേച്ചിയുടെ ബ്ലൗസുമൊക്കെ അണിഞ്ഞ്‌ "അവന്‍" തന്റേതായ ലോകത്തു പെണ്ണായിമാറി. സ്‌കൂളിലും പുറത്തും ഏറെ പരിഹാസങ്ങള്‍ കേട്ടു. എന്നിട്ടും സ്‌കൂളില്‍ നടന്ന കലാപരിപാടികളിലെല്ലാം ഭാഗഭാക്കായി. സഹപാഠികളുടെ മുഖത്തു ചായംതേച്ചായിരുന്നു ഇന്നത്തെ മേക്കപ്പ്‌ ആര്‍ട്ടിസ്‌റ്റിലേക്കുള്ള പ്രയാണത്തിന്റെ തുടക്കം.

വീട്ടിലെ ദാരിദ്ര്യത്തേത്തുടര്‍ന്ന്‌ പത്താം ക്ലാസ്‌ പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേന്നു മുതല്‍ ഇഷ്‌ടികക്കളത്തില്‍ ജോലിക്കുപോയി. വക്കീലാകാനായിരുന്നു അന്നത്തെ മോഹം. പ്രീഡിഗ്രിക്കു ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല. ഒരു വക്കീലിന്റെ വീട്ടില്‍ ജോലിചെയ്യവേ പരിചയപ്പെട്ട സുഹൃത്ത്‌ സിനിമയിലേക്കു ക്ഷണിച്ചെങ്കിലും പോകാനായില്ല. പിന്നീടു പ്രഭാത്‌ ബുക്‌ സ്‌റ്റാളില്‍നിന്നു പുസ്‌തകങ്ങളെടുത്ത്‌ വീടുകള്‍ തോറും വിറ്റു. രാത്രി തട്ടുകടയില്‍ വിളമ്പുകാരനായി.

അവിടെ ജോലി തുടരാന്‍ കഴിയാതെവന്നതോടെ ഇടയാറിലെത്തിയതു ജീവിതത്തില്‍ വഴിത്തിരിവായി. ആര്‍.എല്‍.വി. ഉണ്ണിക്കൃഷ്‌ണനെന്ന വലിയ കലാകാരന്റെ സഹായത്തോടെ നൃത്തപരിപാടികളില്‍ ചമയക്കാരനായി. നടി ജ്യോതിര്‍മയിയെ ഒരുക്കാന്‍ അവസരം ലഭിച്ചശേഷം തിരിഞ്ഞുനോക്കേണ്ടിവന്നില്ല. വാണി വിശ്വനാഥ്‌, മുക്‌ത, രംഭ, നഗ്മ, റിമി ടോമി എന്നിവരെല്ലാം രഞ്‌ജുവിന്റെ കരവിരുതില്‍ കൂടുതല്‍ സുന്ദരികളായി. താരസംഘടനയായ അമ്മയുടെ സ്‌റ്റേജ്‌ പരിപാടികളില്‍ സ്‌ഥിരം മേക്കപ്പ്‌ ആര്‍ട്ടിസ്‌റ്റായി.

അക്കാഡമി സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലമില്ലാതെ, രഞ്‌ജു പടുത്തുയര്‍ത്തിയ സ്വതസിദ്ധശൈലി സിനിമയിലും പുറത്തും ട്രെന്‍ഡായി. ചമയകലയില്‍ രഞ്‌ജു ഗുരുവായി കാണുന്നത്‌ ഐശ്വര്യ റായിയുടെ മേക്കപ്പ്‌ വുമണായ അംബികാ പിള്ളയേയാണ്‌. ഐശ്വര്യ റായിയെ അണിയിച്ചൊരുക്കാന്‍ ആഗ്രഹമുണ്ടെന്ന്‌ ഒരു പരിചയക്കാരനോടു പറഞ്ഞതാണ്‌ ആ സമാഗമത്തിനു നിമിത്തമായത്‌.

മിസ്‌ ഇന്ത്യ മത്സരം നടക്കുന്നതിനിടെ അംബിക കൊച്ചിയിലെത്തി. അവരുടെ 10 സഹായികളില്‍ ഒരാളായി ചേര്‍ന്നു. കരിയറില്‍ വലിയൊരു മാറ്റമായിരുന്നു അത്‌. രാജ്യത്തെ പ്രശസ്‌ത മോഡലുകള്‍ക്കെല്ലാമൊപ്പം ജോലിചെയ്യാനായി. നിലവില്‍ സംസ്‌ഥാനത്തുടനീളം സൗന്ദര്യകലയുടെ ശില്‍പശാലകളും സെമിനാറുകളുമൊക്കെ നയിക്കുന്നു. കെ.എസ്‌.ആര്‍. ട്രെന്‍ഡി ഫാഷന്‍ കമ്പനിയുടെ എം.ഡിയും ഗ്ലോഫില്‍ കമ്പനിയുടെ ബ്രാന്‍ഡ്‌ അംബാസഡറുമാണ്‌. എല്ലാ മനുഷ്യരിലും എതിര്‍ലിംഗക്കാരുടെ ചില അംശങ്ങളുണ്ടാകും.

ചിലരില്‍ അതല്‍പ്പം കൂടുതലായിരിക്കുമെന്നു മാത്രം. അത്തരക്കാരെ അവഹേളിക്കുന്നതു പരിഷ്‌കൃതസമൂഹത്തിനു ചേര്‍ന്നതാണോയെന്ന്‌ ഈ കലാകാരി ചോദിക്കുന്നു. കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഉന്നമനത്തിനായി രൂപീകരിച്ച ധ്വയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്‌ ആര്‍ട്‌സ്‌ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സ്‌ഥാപക സെക്രട്ടറിയുമാണ്‌ രഞ്‌ജു രഞ്‌ജിമാര്‍.

(തുടരും...)

Loading...
TRENDING NOW