Sunday, July 07, 2019 Last Updated 5 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 28 Jun 2018 11.59 PM

ഫുട്‌ബോള്‍: ചിത്രം, പുസ്‌തകം

uploads/news/2018/06/229177/2.jpg

ലോകകപ്പ്‌ മത്സരത്തോടനുബന്ധിച്ചു പെലെ മോസ്‌കോയിലെത്തിയപ്പോഴെടുത്ത ചിത്രം; സ്വന്തം നാടിനെക്കുറിച്ചു കൂടുതല്‍ ഓര്‍ക്കാന്‍ ഇടം നല്‍കുന്നു. പെലെയ്‌ക്കു പിന്നില്‍ ആദരവോടെ റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാദിമര്‍ പുടിന്‍ നില്‍ക്കുന്നു. മറഡോണ, പെലെയെ ചുംബിക്കുന്നു. നമ്മുടെ നാട്ടിലെ ഒരു ഭരണാധികാരി പ്രസിദ്ധനായ ഒരു കായികതാരത്തിന്റെയോ കലാകാരന്റെയോ പിന്നില്‍ ആദരവോടെ നില്‍ക്കുന്നതു സങ്കല്‍പ്പിക്കാന്‍ കഴിയുമോ? രാഷ്‌ട്രപതി മുതല്‍ സംസ്‌ഥാന മുഖ്യമന്ത്രിമാര്‍ വരെയുള്ളവര്‍ക്കു മുന്നില്‍, നമ്മുടെ രാജ്യത്ത്‌ ഒരാളിനു ധൈര്യപൂര്‍വം കസേരയിട്ടിരിക്കാന്‍ കഴിയുമോ? ഇരുന്നാല്‍ അവരുടെ ജീവിതഗതി എന്താകും? പോലീസ്‌ ഗവാസ്‌കറുടെ ഗതിതന്നെ.
എന്തിനു ഭരണകര്‍ത്താക്കളെമാത്രം പറയണം? ഏതെങ്കിലും മത-സമുദായ നേതാക്കള്‍ ഒരു കലാ-കായിക താരത്തിനു പിന്നില്‍ മര്യാദയ്‌ക്കു നില്‍ക്കുന്നതു കാണാന്‍ ഈ ജന്മത്തു പറ്റുമോ? അതിനു കേരളം എരിഞ്ഞടങ്ങി മറ്റൊരു യുഗത്തില്‍ പുതിയൊരു കേരളം വരണം. സ്വന്തം നാട്ടുകാരായ കുടിയാന്മാരെ, അടക്കിവാഴുന്ന രാഷ്‌ട്രീയ ജന്മികള്‍ക്കു മുന്നില്‍ ഈ പെലെ-മറഡോണ-പുടിന്‍ ചിത്രം സമര്‍പ്പിക്കുന്നു.
കോട്ടയത്തെ ഒരു ഫുട്‌ബോള്‍ പ്രേമി അര്‍ജന്റീനയ്‌ക്കുവേണ്ടി ആത്മാഹൂതി ചെയ്‌ത വാര്‍ത്ത ലോകകപ്പ്‌ തീരുന്നതോടെ ആ വീട്ടുകാരൊഴിച്ചു ബാക്കിയെല്ലാവരും മറക്കും. കളിക്കളത്തില്‍ മെസിയുടെ മോശം പ്രകടനമാണ്‌ യുവാവിന്റെ ആത്മഹത്യയ്‌ക്കു പ്രേരണയായത്‌. എങ്കില്‍, മെസിക്കെതിരേ പ്രേരണാക്കുറ്റത്തിനു കേസെടുക്കാന്‍ പോലീസ്‌ എന്തിനു മടിക്കുന്നു? മെസിയെ കേസില്‍നിന്നൊഴിവാക്കാന്‍ അദ്ദേഹം എന്താ കേരളത്തില്‍ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥനാണോ?

കാറ്റു നിറച്ച
പന്തിനു പിന്നില്‍...

ലോകം കാറ്റുനിറച്ച പന്തിനു പിന്നാലെ പായുമ്പോള്‍ കേരളവും കൂടെയുണ്ട്‌. ഈ കൂട്ടയോട്ടത്തില്‍ മുന്നിലുണ്ട്‌ സി.പി.ഐ. നേതാവും മുന്‍ ഫുട്‌ബോള്‍ താരവുമായ പന്ന്യന്‍ രവീന്ദ്രന്‍. രാഷ്‌ട്രീയത്തിലെ സര്‍ഗാത്മക മുഖമാണ്‌ കണ്ണൂരുകാരന്‍ രവിയേട്ടന്‍; ക്ലബ്ബ്‌ കളിക്കാരനായും റഫറിയായും നീണ്ട ജീവിതവുമുണ്ട്‌. ഫുട്‌ബോള്‍ ലോകകപ്പിന്റെ ചരിത്രവും സംസ്‌കാരവും വിവരിക്കുന്ന ലോകം കാറ്റുനിറച്ച പന്തിന്റെ കൂടെ... എന്ന പുസ്‌തകമാണ്‌ ഇത്തവണ പന്ന്യന്‍ പുറത്തിറക്കിയത്‌; ലോകകപ്പ്‌ സംബന്ധിച്ച പന്ന്യന്റെ മൂന്നാം പുസ്‌തകം. പ്രഭാത്‌ ബുക്‌സാണ്‌ പ്രസാധകര്‍. തിരുവനന്തപുരത്തു വഞ്ചിയൂരില്‍ ഫുട്‌ബോള്‍ പ്രേമികള്‍ ബിഗ്‌ സ്‌ക്രീനുയര്‍ത്തി കളി കണ്ടിരിക്കുന്ന തെരുവോര വേദിയില്‍ സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗം എം.എ. ബേബി പുസ്‌തകം പ്രകാശനം ചെയ്‌തു. ബേബി, മെസിയുടെ കടുത്ത ആരാധകന്‍; അര്‍ജന്റീന-നൈജീരിയ മത്സരത്തില്‍ മെസി ഒരു ഗോള്‍ അടിച്ചില്ലായിരുന്നെങ്കില്‍ ദുഃഖം താങ്ങാനാവാതെ പ്രകാശനച്ചടങ്ങിനെത്താന്‍ കഴിയാതെ പോകുമായിരുന്നുവെന്ന്‌ ബേബിയുടെ തുറന്നുപറച്ചില്‍.
രാഷ്‌ട്രീയത്തിലില്ലായിരുന്നുവെങ്കില്‍ പന്ന്യന്‍ ഒന്നാന്തരം ഫുട്‌ബോളറാകുമായിരുന്നുവെന്ന്‌ എഴുതിക്കൊടുത്തയച്ച വി.എസ്‌. അച്യുതാനന്ദന്റെ സന്ദേശം.
ഫുട്‌ബോള്‍ മതമാണെങ്കില്‍ പന്ന്യന്‍ രവീന്ദ്രന്‍ കടുത്ത ഫുട്‌ബോള്‍ മതവിശ്വാസി; ഫുട്‌ബോള്‍ കഴിഞ്ഞാല്‍ സിനിമ, പിന്നെ വഴിയോര നടത്തം, അതിവിപുല സൗഹൃദം, രവിയേട്ടാ എന്ന്‌ സ്‌നേഹിതര്‍; കടക്കു അകത്തേക്ക്‌ എന്ന്‌ പന്ന്യന്‍.

Ads by Google
Thursday 28 Jun 2018 11.59 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW