Friday, July 19, 2019 Last Updated 13 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 28 Jun 2018 11.58 PM

മുഖ്യമന്ത്രിയുടെ താക്കീത്‌ ഫലിക്കുമോ?

uploads/news/2018/06/229176/1.jpg

കഴിഞ്ഞ കുറേ നാളായി കേരള സര്‍ക്കാരിനു തലവേദന സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന പോലീസിനെ നേര്‍വഴിക്കു കൊണ്ടുവരാന്‍ ഒടുവില്‍ മുഖ്യമന്ത്രി തന്നെ രംഗത്തു വന്നു. ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ വാക്കുകള്‍ പോലീസ്‌ സേനയുടെ ഇന്നത്തെ അവസ്‌ഥയുടെ നേര്‍ചിത്രം തന്നെയായിരുന്നു. നിയമപാലനത്തിന്‌ ബാധ്യസ്‌ഥരായ ഒരു സേനയില്‍ കടന്നു വന്നുകൊണ്ടിരിക്കുന്ന അനലഭിണീയമായ കാര്യങ്ങളെ തുറന്നുകാട്ടി അത്‌ ഇനി ആവര്‍ത്തിക്കരുത്‌ എന്നു മുന്നറിയിപ്പ്‌ നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
ഒന്നിലധികം കേസുകളിലെ വീഴ്‌ചയുടെ പേരില്‍ പോലീസ്‌ തലകുനിച്ചു നില്‍ക്കവെയായിരുന്നു പോലീസിന്റെ പിടിച്ചു കുലുക്കിക്കൊണ്ട്‌ ദാസ്യപ്പണി വിവാദമുണ്ടായത്‌. ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ വീട്ടുജോലിക്കായി പോലീസ്‌ സേനയിലെ അംഗങ്ങളെ ഉപയോഗിക്കുന്നതു സംബന്ധിച്ച വെളിപ്പെടുത്തല്‍ ഉണ്ടാക്കിവിട്ട കോലാഹലം ചില്ലറയല്ല. എ.ഡി.ജി.പി. സുദേഷ്‌ കുമാറിന്റെ മകള്‍ പോലീസ്‌ ൈഡ്രവറെ മര്‍ദിച്ച്‌ ആശുപത്രിയിലാക്കിയ സംഭവമായിരുന്നു വീണ്ടും ദാസ്യപ്പണിയെ ചര്‍ച്ചയിലെത്തിച്ചത്‌. പോലീസില്‍ ദാസ്യപ്പണി അനുവദിക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി വര്‍ക്കിങ്‌ അറേഞ്ച്‌മെന്റിന്റെ പേരില്‍ നടത്തുന്ന ഈ ഇടപാട്‌ ഉടന്‍ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടു. വേണമെങ്കില്‍ ഉന്നത ഉദ്യോഗസ്‌ഥരുടെ സുരക്ഷയ്‌ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്കും പോലീസുകാരെ ഉപയോഗിക്കുന്നതിനു പ്രത്യേക ബറ്റാലിയന്‍ രൂപീകരിക്കാമെന്ന്‌ അദ്ദേഹം പറഞ്ഞു. പോലീസിലെ ദാസ്യപ്പണി പുതിയ കാര്യമല്ല. മുന്‍പും ഇതുസംബന്ധിച്ച ധാരാളം വാര്‍ത്തകള്‍ വന്നിട്ടുണ്ട്‌. അന്നൊന്നും പക്ഷേ, ഒരു നടപടിയുമുണ്ടായിട്ടില്ല. എല്ലാം പഴയപടി തുടര്‍ന്നു. എന്നാല്‍, ഇത്തവണ ഗുരുതരമായ ഒരു ആരോപണം ഉണ്ടായതോടെ മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങി അത്‌ നിര്‍ത്താന്‍ താക്കീത്‌ നല്‍കിയത്‌ പ്രതീക്ഷയുണര്‍ത്തുന്ന കാര്യമാണ്‌. പുതിയ ബറ്റാലിയന്‍ രൂപീകരിച്ചാല്‍ അതില്‍ ഉള്‍പെടുന്നവര്‍ ഔദ്യോഗിക കാര്യങ്ങള്‍ മാത്രമേ ചെയ്യുന്നുള്ളു എന്ന്‌ സര്‍ക്കാര്‍ ഉറപ്പുവരുത്തണം.
താന്‍ എന്താണു ചെയ്യുന്നതെന്ന്‌ പോലീസിലെ ഓരോ ഉദ്യോഗസ്‌ഥനും ആത്മപരിശോധന നടത്തണമെന്നു മുഖ്യമന്ത്രി പറഞ്ഞത്‌ ശ്രദ്ധേയമാണ്‌. തന്റെയൊപ്പം ഇതേ സേനയില്‍ പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യാ സര്‍വീസുകാരനെ കള്ളക്കേസില്‍ കുടുക്കി കുഴപ്പത്തിലാക്കാന്‍ ശ്രമിച്ച ഉദ്യോഗസ്‌ഥരുണ്ട്‌ കേരളാ പോലീസില്‍. ക്രിമിനല്‍ മനഃസ്‌ഥിതി വച്ചു പുലര്‍ത്തുന്ന അനേകരുണ്ട്‌. കേസില്‍ കുടുങ്ങിയവരും ജയിലില്‍ കഴിയുന്നവരുമുണ്ട്‌. കവര്‍ച്ച നടത്തിയ മകനെ അമ്മ നേരിട്ട്‌ പോലീസില്‍ ഹാജരാക്കിയപ്പോള്‍ അയാളെ തങ്ങള്‍ തന്നെ ബുദ്ധിപരമായി അറസ്‌റ്റ്‌ ചെയ്‌തതാണെന്നു പറഞ്ഞ്‌ പത്രസമ്മേളനം നടത്തിയ ഉദ്യോഗസ്‌ഥന്‍ ഇന്നു കേരളത്തില്‍ ഉന്നത സ്‌ഥാനത്തുണ്ട്‌. ഇത്തരക്കാരൊക്കെ നന്നാകുമെന്ന്‌ ഉറപ്പു വരുത്തണം. ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നവര്‍ക്കും മുഖ്യമന്ത്രി മുന്നറിയിപ്പ്‌ നല്‍കി. ഇവരും പണി ചെയ്യുന്നുവെന്ന്‌ ഉറപ്പാക്കേണ്ടതുണ്ട്‌. എന്നാല്‍, എ.ഡി.ജി.പിയുടെ മകള്‍ പോലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഇനിയും നടപടിയെടുക്കാത്തത്‌ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നാണക്കേടു തന്നെയാണ്‌. ഡ്യൂട്ടിയിലുള്ള പോലീസുകാരനു ഗുരുതരമായി മര്‍ദ്ദനമേറ്റിട്ട്‌ പ്രതിക്കെതിരേ നടപടിയെടുക്കാതെ കൈയുംകെട്ടിയിരിക്കുന്ന പോലീസുകാരും അവരുടെ മേലധികാരികളും ആത്മപരിശോധന നടത്തണം.

Ads by Google
Thursday 28 Jun 2018 11.58 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW