Sunday, June 23, 2019 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
ധനേഷ് കൃഷ്ണ
Thursday 28 Jun 2018 09.30 AM

ദിലീപിന്‌ ലോഹിയോട്‌ അത്‌ പറയാന്‍ ഭയമായിരുന്നു: ലോഹി ഇല്ലാത്ത 9 വര്‍ഷങ്ങളെക്കുറിച്ച് സുന്ദര്‍ദാസിന്റെ ഒാര്‍മ്മക്കുറിപ്പ്

ലോഹി എഴുതുന്നു, ദിലീപ്‌ അഭിനയിക്കുന്നു, മഞ്‌ജു നിര്‍മിക്കുന്നു, ഞാന്‍ സംവിധാനംചെയ്യുന്നു. എന്നാല്‍ ദിലീപിന്‌ ലോഹിയോട്‌ അത്‌ പറയാന്‍ ഭയമായിരുന്നു. അങ്ങനെ ഞാന്‍ ലോഹിയെ അറിയിച്ചു. എന്നാല്‍ ലോഹി പറഞ്ഞു. 'ഭ്രാന്തുണ്ടോ' ? സല്ലാപത്തിന്റെ രണ്ടാംഭാഗോ ? സല്ലാപത്തിനു മുകളിലൊരു സിനിമ ? വീര്‍പ്പുമുട്ടി ചത്തുപോകും.
Dileep, lohithadas, manju warrier

'കാനകോരിക്കും കലക്‌ടര്‍ക്കും ഒരുപോലെ മനസിലാകുന്നതായിരിക്കണം സിനിമ'. സിനിമ എന്ന മാധ്യമത്തിന്‌ ഇത്ര ലളിതമായി ലോഹിതദാസിനെപ്പോലെ ഒരു നിര്‍വചനം നല്‍കിയ മറ്റൊരു മലയാളി പ്രതിഭയില്ല. ജീവിതത്തിന്റെ പരിഛേദങ്ങളായിരുന്ന ഒരുപിടി സിനിമകള്‍ക്ക്‌ തൂലിക ചലിപ്പിച്ച ലോഹിതദാസ്‌ മറഞ്ഞിട്ട്‌ ഒമ്പതുവര്‍ഷം. 2009 ജൂണ്‍ 28ന്‌ മറഞ്ഞപ്പോള്‍ പിന്നെയും സ്വപ്‌ന തിരക്കഥകള്‍ ബാക്കി. തനിയാവര്‍ത്തനം, കിരീടം, എഴുതാപ്പുറങ്ങള്‍, മഹായാനം, രാധാമാധവം, അമരം, മൃഗയ, ഭരതം, ഹിസ്‌ ഹൈനസ്‌ അബ്‌ദുള്ള, കമലദളം, ധനം, ആധാരം, സല്ലാപം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തുടങ്ങിയ 35 സിനിമകള്‍ക്ക്‌ തിരക്കഥകളെഴുതി. ദേശീയ പുരസ്‌കാരം നേടിയ ഭൂതക്കണ്ണാടി ഉള്‍പ്പെടെ 12 സിനിമകള്‍ തിരക്കഥകളെഴുതി സംവിധാനംചെയ്‌തു. കൗമാരത്തിലും യൗവനത്തിലും സിനിമ എന്ന ഒരേ വികാരമായിരുന്നു ലോഹിതദാസിനും സംവിധായകന്‍ സുന്ദര്‍ദാസിനും. ആത്മസുഹൃത്തുകൂടിയായ ലോഹിതദാസിനെ സുന്ദര്‍ദാസ്‌ ഓര്‍ക്കുന്നു.

ആദ്യ തിരക്കഥ

'വൈകിവന്ന വണ്ടി', എനിക്കു തോന്നുന്നു ലോഹിയുടെ ആദ്യതിരക്കഥ ഈ ചെറുസിനിമയുടേതാകും. ലോഹിക്കും എനിക്കും ചിന്തയിലും സ്വപ്‌നത്തിലും ഏറെ സമാനതകളുണ്ടായിരുന്നു. വായനയിലും കാഴ്‌ചപ്പാടിലും നിലപാട്‌, ഒരേ ലക്ഷ്യം, ഒരേ ആശയം. സിനിമയില്‍ കേറിപറ്റാന്‍ ഉന്നം വച്ചിരിക്കുന്ന രണ്ടാളുകള്‍. അങ്ങനെ ഞങ്ങള്‍ ഒരു ഷോര്‍ട്ട്‌ഫിലിം നിര്‍മിക്കാന്‍ തീരുമാനിച്ചു. ലോഹി എഴുതിയ ഒരു കഥ. ലോഹിതന്നെയാണ്‌ അതില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്‌. ഞാന്‍ സംവിധാനം. ആകാശം തുളച്ചുകയറുന്ന ഗോപുരം എന്നൊക്കെ പറഞ്ഞാണ്‌ അന്ന്‌ ലോഹി തിരക്കഥ എഴുതിയത്‌. ക്യാമറ വേഗത്തില്‍ താഴയേ്‌ക്ക് ചലിപ്പിക്കുമ്പോള്‍ ആകാശം തുളച്ചു കയറുന്നതുപോലെ തോന്നും. വൈകിവന്ന വണ്ടി, അഞ്ചരയ്‌ക്കുള്ള വണ്ടി എന്നൊക്കെയാണ്‌ അതിനിടാനിരുന്ന പേര്‌. സിനിമയുടെ സാങ്കേതികതയെക്കുറിച്ച്‌ ഒരു ധാരണയുമില്ലായിരുന്നു. പക്ഷേ ലോഹിയുടെ ദൃശ്യബോധം അപാരമായിരുന്നു. അത്‌ എനിക്കും പെട്ടെന്ന്‌ മനസിലാക്കാനായി. ക്യാമറയ്‌ക്കുവേണ്ടി ഞങ്ങള്‍ തൃശൂരൊക്കെ അന്വേഷിച്ചുനടന്നു. വ്യക്‌തമായ ഒരു ഗൈഡന്‍സ്‌ കിട്ടാതെ ആ മോഹം അവിടെ അവസാനിച്ചു.

ലോഹി മാത്രം വിശ്വസിച്ചു

ബിരുദം കഴിഞ്ഞ്‌ ടെക്‌നിക്കല്‍ കോഴ്‌സു പഠിക്കാനാണ്‌ ചെന്നൈയിലേക്കു പോയത്‌. ബഹദൂര്‍ക്ക ഞങ്ങളുടെ ഫാമിലി സുഹൃത്താണ്‌. നാട്ടില്‍വരുമ്പോള്‍ വീട്ടില്‍ വരാറുണ്ട്‌. നസീര്‍ക്ക, ശാരദ, ഷീല, ജയഭാരതി ഇവരൊക്കെ ബഹദൂര്‍ക്കയുടെ വീട്ടില്‍ വരുമായിരുന്നു. അതുകൊണ്ടുതന്നെ ഇവരെ കാണാനും അടുത്തറിയാനും സാധിച്ചു. സ്വാഭാവികമായും എന്റെ മനസിലെ സിനിമാമോഹം വീണ്ടും ഉണര്‍ന്നു. മമ്മൂക്ക ചെറിയവേഷങ്ങളില്‍ അഭിനയിച്ചുവരുന്നകാലം. ഞാന്‍ ഇവരെയൊക്കെ കണ്ട കാര്യങ്ങള്‍ നാട്ടിലെ ആരും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ലോഹിയോട്‌ ഞാന്‍ പറഞ്ഞു. ബഹുദൂര്‍ക്ക ഫാമിലി സുഹൃത്താണെന്ന്‌ ലോഹിക്ക്‌ അറിയാം. ഞാന്‍ ബഹുദൂര്‍ക്കയോട്‌ എന്റെ സിനിമാമോഹം അറിയിച്ചു. എന്നാല്‍ അച്‌ഛനും അമ്മയും സമ്മതിച്ചില്ല.

തനിയാവര്‍ത്തനം

സാരഥി എന്ന പേരില്‍ ചാലക്കുടിയില്‍ ഒരു നാടകസമിതി ഉണ്ടായിരുന്നു. ലോഹി അതില്‍ അംഗമായിരുന്നു. ജോസ്‌ പെല്ലിശേരിയൊക്കെ സമിതിയില്‍ സജീവമായിരുന്നു. ആ സമിതിയുടെ ഒന്നുരണ്ടു നാടകങ്ങള്‍ തിലകന്‍ചേട്ടന്‍ സംവിധാനംചെയ്‌തിട്ടുണ്ട്‌. സാരഥിയിലായിരിക്കുമ്പോള്‍ തിലകന്‍ചേട്ടന്‍ മുഖേനെയാണ്‌ ലോഹി സിബിസാറിനെ പരിചയപ്പെടുന്നത്‌. അങ്ങനെയാണ്‌ ലോഹിയുടെ തൂലികയില്‍നിന്ന്‌ തനിയാവര്‍ത്തനം ഉണ്ടാകുന്നത്‌. ഇതിനിടയില്‍ കിരീടം, ദശരഥം, ഹിസ്‌ഹൈനസ്‌ അബ്‌ദുള്ള തുടങ്ങിയ ചിത്രങ്ങള്‍ക്ക്‌ തിരക്കഥ എഴുതി ലോഹി മലയാളസിനിമയില്‍ നമ്പര്‍വണ്‍ തിരക്കഥാകൃത്തായി. ഇതിനിടയില്‍ എന്റെ വിവാഹം കഴിഞ്ഞു. സിനിമയില്‍നിന്ന്‌ അകന്ന്‌ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധിച്ചു. അന്ന്‌ എനിക്കും ചേട്ടനും ബ്ലേഡ്‌ കമ്പനി ഉണ്ടായിരുന്നു. കേരളത്തിലെ എല്ലാ ബ്ലേഡ്‌കമ്പനികളും ആ സമയത്ത്‌ തകര്‍ന്നു. സാമ്പത്തികമായി ആകെ ഇടിവ്‌ സംഭവിച്ചു.

ലോഹി എന്നില്‍ വീണ്ടും സിനിമ നിറച്ചു

ലോഹിയുടെകൂടെ ഹിസ്‌ഹൈനസ്‌ അബ്‌ദുള്ളയുടെ ലൊക്കേഷന്‍തേടി ഷൊര്‍ണൂരുള്ള കവളപ്പാറ ഗ്രാമ വഴികളിലൂടെ കാഴ്‌ചകള്‍ കണ്ടുനടന്നു. ഇതിനിടയില്‍ ലോഹി എന്നോട്‌ ചോദിച്ചു. 'എന്താണ്‌ അടുത്ത പ്ലാന്‍. നിനക്കു പഴയ സിനിമാമോഹം ഉണ്ടോ'. സിനിമയൊന്നും ഇനി ശരിയാവില്ലെന്ന്‌ ഞാന്‍ പറഞ്ഞു. എന്നാല്‍ ലോഹി പറഞ്ഞു ഒന്നുകില്‍ എന്തെങ്കിലും ബിസിനസ്‌ നോക്കൂ. പണംമുടക്കാമെന്നും അല്ലെങ്കില്‍ സിബിയുടെകൂടെ അസിസ്‌റ്റന്റ്‌ ആയി നില്‍ക്കുവെന്നും പറഞ്ഞു. അങ്ങനെയാണ്‌ സിബിസാറിന്റെ കൂടെ മാലയോഗം എന്ന സിനിമയിലൂടെ ഞാന്‍ അസി. ഡയറക്‌ടര്‍ ആകുന്നത്‌. പിന്നീട്‌ സിബി സാറിന്റെ കൂടെ പതിനാറോളം സിനിമകളില്‍ സംവിധാനസഹായിയായി. ലോഹി തന്നെയാണ്‌ പിന്നീട്‌ എന്നോട്‌ പറഞ്ഞത്‌, ഇങ്ങനെ നടന്നാല്‍ മതിയോ. നിനക്ക്‌ ഒരു സിനിമ ചെയേ്ണ്ടെ. ഇപ്പോേള്‍ ഞാന്‍ കത്തി നില്‍ക്കുന്ന സമയമാണ്‌. കുറച്ചു കഴിഞ്ഞാല്‍ എന്റെ കഥകള്‍ പ്രേക്ഷകര്‍ക്ക്‌ ഇഷ്‌ടമാകാതെയാകും. ഞാന്‍ ഔട്ടാകുന്നതിന്‌ മുമ്പ്‌ നീയൊരു സിനിമ ചെയ്യണം. അങ്ങനെ ലോഹി എന്നില്‍ വീണ്ടും സിനിമ നിറച്ചു.

സല്ലാപം

മഞ്ചക്കാട്‌ വാടകവീട്ടില്‍ ആദ്യസിനിമയുടെ കഥയെക്കുറിച്ച്‌ ഞാനും ലോഹിയും ആലോചന തുടങ്ങി. ലോഹിയുടെകൂടെ ഷൊര്‍ണൂരിലെ ഗ്രാമപ്രദേശങ്ങളിലൂടെ നടന്നു. കൊച്ചുകൊച്ചു ഗ്രാമങ്ങള്‍ നിറഞ്ഞതും ഗ്രാമങ്ങളില്‍ എണ്ണിയാല്‍ തീരാത്ത ഇടവഴികളുമുള്ള പ്രദേശം. പാമ്പുകള്‍ ഇഴപിരിഞ്ഞ്‌ കിടക്കുന്നതുപോലുള്ള വെട്ടുവഴികള്‍. മമ്മൂട്ടിക്ക്‌ പറ്റിയ കഥയാണ്‌ ലോഹി ആദ്യം പറഞ്ഞത്‌. എന്നാല്‍ ഞാന്‍ പറഞ്ഞു. 'നമുക്കൊരു ചെറിയകഥ മതി. ഞാനൊരു കഥ പറഞ്ഞു. 'പത്രം ഇടുന്ന ഒരു ന്യൂസ്‌പേപ്പര്‍ ബോയ്‌, അവന്‍ പത്രമിടുന്ന വീട്ടില്‍ മുറ്റമടിക്കുന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നു. ലാളിത്യമുള്ള പ്രണയം'. അപ്പോഴേക്കും ലോഹിയുടെ മനസില്‍ മറ്റൊരു കഥയുടെ ത്രെഡ്‌ രൂപപ്പെട്ടിരുന്നു. ഞങ്ങള്‍ക്കുനേരേ വരുന്ന മധ്യവയസ്‌കനെ ചൂണ്ടി ലോഹി പറഞ്ഞു:'ആ വരുന്ന ആളെ കണ്ടോ'. ഞാന്‍ ശ്രദ്ധിച്ചു. ഞാന്‍ അയാളെ അടിമുടി ശ്രദ്ധിച്ചു. അതിനിടയില്‍ ലോഹി അയാളില്‍നിന്ന്‌ ബീഡി വാങ്ങി വലിച്ചു. ലോഹി പറഞ്ഞു: 'അയാളുടെ വീട്‌ ഇവിടെ എവിടെയോ ആണ്‌. അയാള്‍ക്ക്‌ ഒരു മുറപ്പെണ്ണുണ്ട്‌. അവള്‍ മറ്റൊരു വീട്ടില്‍ വേലയ്‌ക്ക് നില്‍ക്കുകയാണ്‌. എന്നാല്‍ അവള്‍ ആ വീട്ടില്‍ വേലക്കാരിയല്ല'. പിന്നെ ഗാനമേളയ്‌ക്ക് പാടാന്‍ പോകുന്ന ഒരു പയ്യന്‍. കഥയുടെ ഏകദേശം രൂപംകിട്ടി. അങ്ങനെയാണ്‌ സല്ലാപത്തിന്റെ കഥ ജനിക്കുന്നത്‌. ചിത്രീകരണം തുടങ്ങുമ്പോള്‍ 11 സീന്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഒരാഴ്‌ചക്കുള്ളില്‍ ലോഹി മുഴുവനും എഴുതിത്തീര്‍ത്തു.

ലോഹി മുഖേന വന്ന സമ്മാനം

സല്ലാപത്തിന്റെ വമ്പന്‍ ഹിറ്റിനുശേഷം രണ്ടാമത്തെ സിനിമ കുടമാറ്റം കഴിഞ്ഞപ്പോള്‍ വ്യത്യസ്‌തമായ കഥ പറയാന്‍ ആഗ്രഹിച്ചു. അങ്ങനെയാണ്‌ പത്മരാജന്റെ മകന്‍ അനന്തപത്മനാഭനെ തേടിപ്പോകുന്നത്‌. എന്നാല്‍, അച്‌ഛന്റെ സുഹൃത്തായ ഭരതന്‍ അങ്കിളിനുവേണ്ടി ആയിരിക്കണം ആദ്യതിരക്കഥ, അത്‌ തന്റെ മോഹമാണെന്നും അനന്തപത്മനാഭന്‍ പറഞ്ഞു. രണ്ടാമത്തെ തിരക്കഥ എഴുതിത്തരാമെന്നും പറഞ്ഞ്‌ ഞങ്ങള്‍ പിരിഞ്ഞു. പിന്നെ ലോഹി തന്നെ പറഞ്ഞു. 'സി.വി. ബാലകൃഷ്‌ണനെ ഒന്നുകാണാന്‍, സി.വിയുടെ കൈയില്‍ നല്ല കഥകളുണ്ടാകുമെന്നും'. ആനയുടെ കഥ വേണമെന്നു നിര്‍മാതാവ്‌ ഉണ്ണി പറഞ്ഞു. സി.വി. ആദ്യം പറഞ്ഞ കഥ വേറെ ആയിരുന്നു. അങ്ങനെ സി.വി. എഴുതിതന്ന മറ്റൊരു തിരക്കഥയാണ്‌ സമ്മാനം. അത്‌ സി.വിയുടെ കാഴ്‌ചപ്പാടിലുള്ള കഥയല്ലായിരുന്നു.

അപ്പൂപ്പന്‍താടിപോലെ

ഭീഷ്‌മരും ചെമ്പട്ടും നടക്കാതെ പോയ രണ്ടു ലോഹിസ്വപ്‌നങ്ങളാണ്‌. ചെമ്പട്ട്‌ എന്ന പേരില്‍ കൊടുങ്ങല്ലൂരിന്റെ സംസ്‌കാരവും ഭരണിയുമായും ബന്ധപ്പെട്ട്‌ ഒരു സിനിമചെയ്യാന്‍ ലോഹി തീരുമാനിച്ചു. അങ്ങനെയെങ്കില്‍ ഭരണി വരാന്‍പോകുകയാണ്‌. സീനുകള്‍ ഷൂട്ടുചെയ്യാമല്ലോ എന്ന്‌ ഞാന്‍ പറഞ്ഞു. അങ്ങനെ ലോഹി മീരയുമായി കുറേ ഭാഗങ്ങള്‍ ഭരണിനാളില്‍ ക്യാമറയില്‍ പകര്‍ത്തി. പിന്നെ അതു നടന്നില്ല. അതുപോലെ ഭീഷ്‌മര്‍ എന്ന പേരില്‍ ഒരു സിനിമചെയ്യാനും ലോഹി തീരുമാനിച്ചിരുന്നു. തൃശൂര്‍ കുട്ടനെല്ലൂരില്‍ ഇരുന്ന്‌ തിരക്കഥ എഴുതുമ്പോള്‍ എന്നെ വിളിച്ചു. ഞാന്‍ ചെന്നു. 25 സീനുകളുടെ തിരക്കഥ എനിക്ക്‌ നേരെ നീട്ടി. മോഹന്‍ലാലാണ്‌ നായകന്‍. പിന്നീട്‌ കുറച്ചു നാള്‍ കഴിഞ്ഞ്‌ ലോഹി ആശുപത്രിയിലാകുകയായിരുന്നു. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ തന്നെ ലോഹി വിട്ടുപോയി.


സല്ലാപത്തിന്റെ രണ്ടാംഭാഗം ചെയ്യാന്‍ ദിലീപിന്‌ വളരെ ആഗ്രഹമായിരുന്നു. ലോഹി എഴുതുന്നു, ദിലീപ്‌ അഭിനയിക്കുന്നു, മഞ്‌ജു നിര്‍മിക്കുന്നു, ഞാന്‍ സംവിധാനംചെയ്യുന്നു. എന്നാല്‍ ദിലീപിന്‌ ലോഹിയോട്‌ അത്‌ പറയാന്‍ ഭയമായിരുന്നു. അങ്ങനെ ഞാന്‍ ലോഹിയെ അറിയിച്ചു. എന്നാല്‍ ലോഹി പറഞ്ഞു. 'ഭ്രാന്തുണ്ടോ' ? സല്ലാപത്തിന്റെ രണ്ടാംഭാഗോ ? സല്ലാപത്തിനു മുകളിലൊരു സിനിമ ? വീര്‍പ്പുമുട്ടി ചത്തുപോകും. മറ്റൊരു ഫ്രഷ്‌ കഥ എഴുതാം'. ദിലീപ്‌ എന്നെ വിളിച്ച്‌ ഓര്‍മപ്പെടുത്തും. പക്ഷേ ഭരതന്‍ സാര്‍ പറഞ്ഞപോലെ ലോഹി ഒരു അപ്പൂപ്പന്‍താടിപോലെയാണ്‌. ഒരു കാറ്റുവന്നാല്‍ പറക്കും. പിന്നെ ഒരു വേലിയിലിരിക്കും. മറ്റൊരു കാറ്റ്‌ വന്നാല്‍ പിന്നെയും പറക്കും. ഇതാണ്‌ ലോഹിയുടെ സ്വഭാവം.

Ads by Google
ധനേഷ് കൃഷ്ണ
Thursday 28 Jun 2018 09.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW